/indian-express-malayalam/media/media_files/uploads/2021/03/mullappally-ramachandran.jpg)
ന്യൂഡൽഹി: നേമം മണ്ഡലത്തിൽ ജനസമ്മിതിയുളള പ്രശസ്തനായ സ്ഥാനാർഥി വരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. നേമത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങളുടെ ഗുജറാത്താണ് നേമമെന്നാണ് ബിജെപി പറഞ്ഞത്. ഗുജറാത്ത് ആണോ അല്ലയോയെന്ന് നമുക്ക് കാണാം. അതിനാലാണ് ഏറ്റവും മികച്ച സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കാൻ പോകുന്നത്. ഏറ്റവും മികച്ച, ജനസമ്മിതിയുളള, സ്വീകാര്യനായ, പ്രശസ്തനായ സ്ഥാനാർഥിയെയാണ് നിർത്താൻ ആഗ്രഹിക്കുന്നതെന്ന് മുല്ലപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഉണ്ടാകും. കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. നേമത്ത് കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കുമെന്ന് അറിയാനാണ് കോൺഗ്രസ് പ്രവർത്തകരും അണികളും കാത്തിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കണമെങ്കിൽ ഉമ്മൻ ചാണ്ടി ചില ഉപാധികൾ മുന്നോട്ടുവച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടി തിരഞ്ഞടുപ്പിനെ നേരിട്ടാൽ മികച്ച നേട്ടമുണ്ടാകുമെന്നാണ് പൊതു വിലയിരുത്തൽ. എ ഗ്രൂപ്പ് നേതാക്കളും ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം, വാർത്തകളോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം മറിച്ചാണ്. പുതുപ്പള്ളി വിടുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി ആവർത്തിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.