/indian-express-malayalam/media/media_files/uploads/2021/04/kseb-has-signed-a-contract-with-adani-says-ramesh-chennithala-477176-FI.jpeg)
ഇടുക്കി: കെഎസ്ഇബി-അദാനി കരാര്‍ ആരോപണത്തിന് മറുപടിയുമായി വൈദ്യുതി മന്ത്രി എംഎം മണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച കാര്യങ്ങളെ മന്ത്രി പൂര്‍ണമായും തള്ളി. ചെന്നിത്തല കഥയറിയാതെ ആട്ടം കാണുകയാണെന്നും എംഎം മണി പ്രതികരിച്ചു.
"പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ഒരു രൂപക്ക് ജലവൈദ്യുതി കിട്ടാനില്ല. 35 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്, ബാക്കിയുള്ളതെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ്. അദാനിയുടെ കമ്പനിയുമായി സര്‍ക്കാരിന് കരാറുകളില്ല. ഇത് സമ്പന്ധിച്ചുള്ള വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റിലുണ്ട്," മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഊര്‍ജ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ടെന്നും അതാണ് നിജസ്ഥിതിയെന്നും എംഎം മണി വ്യക്തമാക്കി. "ചെന്നിത്തല വെറുതെ തെറ്റിദ്ധാരണ പരത്താന്‍ ഓരോന്ന് പറയുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് നിയമവിരുദ്ധമായി കരാര്‍ ഒപ്പിട്ടത്. പത്ത് വര്‍ഷത്തേക്ക് അവര്‍ ഒപ്പിട്ട കരാര്‍ ഇപ്പം നഷ്ടം ഉണ്ടാക്കുന്നു. കാരാര്‍ റദ്ദാക്കാത്തത് നിയമപരമായി നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്നതിനാല്‍," മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമെതിരെ ഗുരുതര അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ആലപ്പുഴയില്‍ ഉന്നയിച്ചത്. സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ വാദം. 300 മെഗാവാട്ട് അദാനിയില്‍ നിന്ന് കൂടിയ വിലയില്‍ വാങ്ങാനുള്ള കരാറാണ് ഒപ്പു വച്ചിരിക്കുന്നത്. 25 വര്‍ഷം ഇത്തരത്തില്‍ വൈദ്യുതി വാങ്ങുന്നതുകൊണ്ട് അദാനിക്ക് ഉണ്ടാകുന്നത് 1000 കോടി രൂപയുടെ ലാഭമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"ആഗോളതലത്തില്‍ തന്നെ വൈദ്യുതി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആപ്പോഴാണ് ഇത്രയും കൂടിയ വിലക്ക് അദാനിയുടെ കയ്യില്‍ നിന്നും വൈദ്യുതി വാങ്ങുന്നത്. നിലവില്‍ രണ്ട് രൂപക്ക് സോളാര്‍ വൈദ്യുതി ലഭിക്കും. എന്നാല്‍ 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത്. കരാര്‍ ജനങ്ങളുടെ തലയിലേക്ക് വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണിത്. ഇരുകൂട്ടര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്," ചെന്നിത്തല പറഞ്ഞു.
Read More: കേന്ദ്ര ഏജൻസി കേരള സർക്കാർ തർക്കവും തിരഞ്ഞെടുപ്പും
"കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് അദാനി മാത്രമാണ്, കരാർ അദാനിക്ക് ലഭിക്കാൻ കെഎസ്ഇബിയും സംസ്ഥാന സർക്കാരും ചേർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി തിരഞ്ഞെടുത്തത്. അദാനിയും സംസ്ഥാന സർക്കാരും തമ്മിൽ നടന്ന കള്ള കച്ചവടമാണിത്. പിണറായി വിജയനും അദാനിയും തമ്മിൽ കൂട്ടുകെട്ടുണ്ട്," പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.