scorecardresearch
Latest News

കേന്ദ്ര ഏജൻസി – കേരള സർക്കാർ തർക്കവും തിരഞ്ഞെടുപ്പും

സംസ്ഥാന സർക്കാരുകളെ തങ്ങളുടെ വരുതിക്ക് നിർത്താൻ കേന്ദ്ര സർക്കാരുകൾ നടപ്പാക്കുന്ന തന്ത്രമാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇടപെടൽ. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഇത് വളരെയധികം വർധിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിന് പിന്നാലെ കേരളവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾക്കെതിരെ പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവുമായി രംഗത്ത് വരുകയാണ്. കേന്ദ്രസംസ്ഥാന ബന്ധങ്ങളെ ഇതെല്ലാം എങ്ങനെ ബാധിക്കും

Enforcement Directorate, NIA , kerala government, Election , sabloo thomas , iemalayalam

ജനാധിപത്യവും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയെ ഭരണകൂടത്തിന്റെ നീരാളികൈകളും ഉപയോഗിച്ച് അട്ടിമറിക്കുകയെന്നത് ഇന്ന് സർവസാധാരണമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരം അട്ടിമറികൾ പലതരത്തിൽ കണ്ടിരുന്നു. എന്നാൽ അന്നൊക്കെ അതിനെതിരെ ശക്തമായ എതിർപ്പും ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി പലവിധത്തിൽ കേന്ദ്രാധികാരം ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ ജനാധിപത്യഅട്ടിമറിക്കുന്ന ശൈലിക്കു മുന്നിൽ നിശബ്ദമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. എന്തെങ്കിലും എതിർപ്പ് ഉയർന്നുകണ്ടത് ബംഗാളിൽ മമത ബാനർജിയുടെ സർക്കാരിൽനിന്നുമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുക, ഭൂരിപക്ഷമുള്ളവരെ തരാതരം തഴഞ്ഞ് തങ്ങൾക്ക് ഇഷ്ടമുള്ളവരെ മന്ത്രിസഭയുണ്ടാക്കാൻ വിളിക്കുക തുടങ്ങിയ കലാപരിപാടികൾ ഗോവ, കർണാടക, മഹാരാഷ്ട്രയൊക്കെ സാക്ഷ്യം വഹിച്ചതാണ്. ഇവിടെയെല്ലാം ഇതിനു മുമ്പോ ഇടയിലോ ശേഷമോ ഒക്കെ കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആദായനികുതി വകുപ്പ് എന്നിങ്ങനെ പലരൂപത്തിൽ അവരെത്തിയിരുന്നു.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള മോദി സർക്കാർ നടത്തുന്ന ഇടപെടലുകളെ ചെറുത്തുനിൽക്കാൻ മമത ബാനർജി ശ്രമം ആരംഭിച്ചിട്ട് നാളുകളേറെയായി. കേരളവുമായി ബന്ധപ്പെട്ടും അന്വേഷണ ഏജൻസികൾ നടത്തിയ ഇടപെടലുകൾ വിവാദമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കേരളത്തിൽ നടത്തിയ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം മുതൽ ജുഡീഷ്യൽ അന്വേഷണം വരെയുള്ള നടപടികളുമായി സംസ്ഥാന സർക്കാരും തിരിച്ചടി തുടങ്ങി. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുതിയൊരു പോർമുഖമാണ് അന്വേഷണ ഏജൻസികളെ മുൻനിർത്തി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തുറന്നത്.

കേരളത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കം ഒരു പുതിയ കാര്യമല്ല. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റമായാണ് പലപ്പോഴും കേന്ദ്ര ഇടപെടലുകളെ സംസ്ഥാന സർക്കാരുകൾ അഥവാ സംസ്ഥാന ഭരണമുന്നണിയിലെ പാർട്ടികൾ കാണുന്നത്, 1957 ലെ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ നടപടിയിൽനിന്നാണ് ഇത്തരം നീക്കങ്ങൾ ആരംഭിക്കുന്നത്.

കോൺഗ്രസിന്റെ പ്രതാപ കാലത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസേതര സർക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനെതിരെ തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങൾ മുൻപും പ്രതികരിച്ചിട്ടുണ്ട്. കോൺഗ്രസ് തുടങ്ങിവച്ച നടപടി പിന്നീട് കേന്ദ്രം ഭരിച്ച എല്ലാ പാർട്ടികളും പിന്തുടർന്നിട്ടുണ്ട്. ഇപ്പോഴത്തെ ബി ജെ പി സർക്കാർ മുൻകാലങ്ങളേക്കാൾ കുശാഗ്രബുദ്ധിയോടെയും പ്രതികാരബുദ്ധിയോടെയും പിന്തുടരുന്നത് അതേ കോൺഗ്രസ് നയം തന്നെയാണ്.

തങ്ങൾക്ക് ഇഷ്‌ടമില്ലാത്ത സർക്കാരുകളെ പ്രതിരോധത്തിലാക്കാൻ കേന്ദ്ര എജൻസികളെ ഉപയോഗിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടകളിൽ ഒന്നായി കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും തമ്മിലുള്ള അസ്വാരസ്യം വരുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

ഇ ഡി, ആദായ നികുതി വകുപ്പ് എന്നിങ്ങനെ ഏതെങ്കിലും ഒരു ഏജൻസി ഒറ്റയ്ക്കാണ് ഇത്തരം ഇടപെടലുകൾ മുൻപ് നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇതിൽ നിന്നലെല്ലാം വിഭിന്നമായി ആദായ നികുതി വകുപ്പ്, ഇ ഡി, എൻ ഐ എ, കസ്റ്റംസ് തുടങ്ങി വിവിധ ഏജൻസികൾ ഒരുമിച്ചാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരായ അന്വേഷണങ്ങൾ നടത്തുന്നത് എന്ന വ്യത്യാസവുമുണ്ട്.

Also Read: തിരഞ്ഞെടുപ്പുകാലത്തെ പ്രതീതി യാഥാർഥ്യങ്ങൾ

സ്വർണക്കടത്ത് സത്യസന്ധമായി അന്വേഷിച്ച്‌ യഥാർഥ പ്രതികളെ കണ്ടെത്താനല്ല കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നാണ് സംസ്‌ഥാന സർക്കാർ വാദിക്കുന്നത്. സ്വർണം അയച്ചവരെയും സ്വീകരിച്ചവരെയും കണ്ടെത്താനോ, ചോദ്യംചെയ്യാനോ അന്വേഷണസംഘം മുതിർന്നിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്‌. സ്വർണക്കടത്ത് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് സ്ഥലം മാറ്റിയത് ഉൾപ്പടെയുള്ള കാര്യങ്ങൾ അവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കിഫ്‌ബിയെ തകർക്കാനുള്ളനീക്കത്തിന്റെ ഭാഗമായാണ് അതിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും നടപടി സ്വീകരിക്കാനും ഇഡി ശ്രമിക്കുന്നത് എന്നും അവർ വാദിക്കുന്നു. എൻഐഎ അന്വേഷിച്ച് സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കാത്ത കാര്യങ്ങൾ,‌ ഇപ്പോൾ പ്രതികളുടെ മൊഴിയെന്ന പേരിൽ പുറത്തുവരുന്നതിലും പ്രതികളിൽനിന്ന്‌ ലഭിച്ചിട്ടുള്ള എട്ട്‌ മൊഴികളിൽ ഒന്നും പറയാത്ത കാര്യങ്ങൾ ഒമ്പതാമത്തെ മൊഴിയിലുള്ളതായി പറയുന്നതുമൊക്കെ കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നതായി സംസ്ഥാന സർക്കാർ വാദിക്കുന്നു‌.

ഇഡിക്കെതിരെയുള്ള അവകാശലംഘന നോട്ടീസ് നിയമസഭാ സമിതിയുടെ പരിശോധനയ്‌ക്ക്‌ വിട്ടതോടെയാണ്‌ വാസ്തവത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ തുടങ്ങുന്നത്. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട ആക്ഷേപം വന്നപ്പോൾ അതിന്റെ അന്വേഷണത്തിന്റെ പേരിൽ കേരളത്തിലെ ലൈഫ് ഭവന പദ്ധതികളുടെ മുഴുവൻ വിശദാംശവും മണിക്കൂറുകൾക്കകം ഹാജരാക്കണമെന്ന ഇഡിയുടെ നോട്ടീസിനെതിരെയാണ് അവകാശലംഘന നോട്ടീസ് സ്‌പീക്കർക്ക് ലഭിക്കുന്നത്. ‌ സ്പീക്കർ നോട്ടീസ് പ്രിവിലേജ് കമ്മിറ്റിക്ക്‌ വിട്ടു.

അടുത്ത ഘട്ടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ കോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്. ഈ കേസിൽ രണ്ട് സുപ്രധാന ഇടപെടലുകളാണ് കോടതിയുടെ ഭാഗത്ത് നിന്നും ബുധനാഴ്ച ഉണ്ടായത്.

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു അതിൽ സർക്കാരിന് അനുകൂലമായ വിധിയാണ് സെഷൻസ് കോടതി നൽകിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാന്‍ പ്രതിയെ ചോദ്യം ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.Swapna Suresh and Sarith

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചതിന് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച്‌ രജിസ്റ്റർ ചെയ്‌ത കേസ് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞതാണ് ബുധനാഴ്ച്ച ഉണ്ടായ രണ്ടാമത്തെ കോടതി ഇടപെടൽ. ക്രൈംബ്രാഞ്ച് അന്വേഷണം തടയണമെന്ന എൻഫോഴ്മെൻറിന്റെ ആവശ്യം മൂന്നാം വട്ടവും ഹൈക്കോടതി നിരസിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്സ്മെൻറ് ജോയിൻറ് ഡയറക്ടർ പി രാധകൃഷ്ണൻെ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുൺ ഈ വിധി പുറപ്പെടുവിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണം അപഹാസ്യവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നും അന്വേഷത്തിന്റെ മറവിൽ ക്രൈം ബ്രാഞ്ച് തെളിവുകൾ കെട്ടിച്ചമക്കുകയാണന്നും എൻഫോഴ്‌സ്മെൻറ് കോടതിയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ നിർബന്ധിച്ചുവെന്ന സന്ദീപ് നായരുടെ കത്ത് സാമ്പത്തിക കോടതി പരിശോധിക്കും മുൻപേ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണന്നും ഇ.ഡി ആരോപിച്ചു. സ്വപ്‌നയോടൊപ്പം സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്. സ്വപ്‌നയുടെ ശബ്‌ദസന്ദേശം പുറത്ത് വന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഇ.ഡി തന്നെയാണ് സംസ്ഥാന പൊലീസ് മേധാവിയോട് ആദ്യം ആവശ്യപ്പെട്ടത് എന്നും ഓർക്കാം

ഈ സന്ദർഭത്തിൽ ഓർക്കേണ്ട മറ്റൊരു കാര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ തീരുമാനമാണ്. റിട്ട. ജഡ്ജി വി കെ മോഹനനെ കമ്മീഷനാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇ ഡി  ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്. പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാന്‍ പ്രതികൾക്കുമേലുള്ള സമ്മർദം, എന്നീ കാര്യങ്ങൾ ഒക്കെ ജുഡീഷ്യൽ കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ തീരുമാനം.

എന്നാൽ കേന്ദ്ര ഏജൻസികൾക്കെതിരെ ഇത്തരം ഒരു ജുഡീഷ്യൽ അന്വേഷണത്തിനു നിയമ സാധുതയുണ്ടോ എന്ന ചോദ്യവും ഉണ്ട് ഇനി നിയമസാധുതയുണ്ടെങ്കിൽ തന്നെ തിരഞ്ഞെടുപ്പ് സമയമായതിനാൽ ഇത്തരം ഒരു അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം.

Also Read: തുടർഭരണം എന്ന യക്ഷപ്രശ്നം

നേരത്തെ സ്വർണ്ണക്കടത്ത് വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നത് എന്നും ഓർക്കാം. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമുയ‍ർന്നത്. മൊഴിമാറ്റിപ്പയറയാൻ കേന്ദ്ര ഏജൻസികൾ സമ്മ‍ർദ്ദം ചെലുത്തിയെന്നതടക്കം പ്രതികളുടെ വെളിപ്പെടുത്തലുകളാണ് ഇത്തരം ഒരു ആരോപണത്തിന് അടിസ്ഥാനമായി വന്നത്. എന്നാൽ സ്വർണ്ണ കടത്തു കേസിലെ അന്വേഷണം തടയാനാണ് ഇത്തരം ഒരു ആരോപണവുമായി സംസ്‌ഥാന സർക്കാർ വരുന്നത് എന്ന് കേന്ദ്ര ഏജൻസികൾ വാദിക്കുന്നു.

ഈ അന്വേഷണം ആരംഭിച്ച് ഏജൻസികൾ അന്വേഷണം ഇടയ്ക്ക് വച്ച് മന്ദീഭവിപ്പിച്ചുവെന്നാണ് സംസ്ഥാന സർക്കാർ അനുകൂലികൾ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. തദ്ദേശ തിരഞ്ഞെടുപ്പ് വരെ സ്വർണക്കടത്ത്, ഈന്തപ്പഴം, ഡോളർ, ലൈഫ് മിഷൻ എന്നെല്ലാം പറഞ്ഞ് ഉണ്ടാക്കിയ കോലാഹലമൊക്കെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മന്ദീഭവിച്ചു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ഇവരൊക്കെ രംഗത്ത് എത്തിയത്. കേന്ദ്ര സർക്കാർ തന്നെ കിഫ്ബിയുമായി ബന്ധപ്പെട്ട് ആർ ബി ഐ നൽകിയ അനുമതികളെ കുറിച്ച് വ്യക്തമാക്കിയിട്ടും ഇ ഡിയും ആദായനികുതി വകുപ്പുമൊക്കെ സ്വീകരിച്ച നടപടികൾ എന്തിനാണ് എന്ന് അവർ ചോദിക്കുന്നു. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സർക്കാരിനെ മോശമാക്കി ചിത്രീകരിക്കാനുള്ള കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കുതന്ത്രം എന്നാണ് അവരുടെ ആരോപണം.

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്നും വിവാദ വിഷയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര – സംസ്ഥാന ബന്ധത്തില്‍ പെരുമാറ്റ ച്ചട്ടം ആവിഷ്‌കരിക്കാനായി 1983ല്‍ നിയമിച്ച സര്‍ക്കാരിയാ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോർട്ട് സമർപ്പിച്ചു രണ്ട് പതിറ്റാണ്ടിലേറെയായി. സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന 356-ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന നിര്‍ദേശം. അതാത് സംസ്ഥാന മുഖ്യമന്ത്രിമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരില്‍ ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്നാണ് മറ്റൊന്ന്. രണ്ടും അവഗണിക്കപ്പെട്ടു.

നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പ് നിശ്ചിത ദിവസത്തിനകം ലഭ്യമാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള ഉരസലിന്റെ പ്രധാന കാരണം ഇതായിരുന്നല്ലോ.

Also Read: തിരഞ്ഞെടുപ്പിൽ വിടർന്നും വാടിയും മലയാള സിനിമയും സാഹിത്യവും

എന്നാൽ സർക്കാരിയാ കമ്മീഷന്റെ കാലത്ത് സംസ്‌ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ ഇത്ര അധികം വലിയ ഒരു പ്രശ്നമായിരുന്നില്ലാത്തത് കൊണ്ട് അവരെ കുറിച്ച് കമ്മീഷന്റെ റിപ്പോർട്ടിൽ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല.

ഈ നിയമ സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന ഏജൻസികൾ തമ്മിലുള്ള തർക്കം ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇതാണ്. സംസ്ഥാനങ്ങളിലെ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങൾ വസ്തുനിഷ്ഠമായിരിക്കേണ്ടതല്ലേ? അതിനായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കണ്ടേത്. കേന്ദ്ര ഏജൻസികളെ ശത്രു പക്ഷത്തു നിർത്തുന്നതിലേക്ക് സംസ്ഥാന സർക്കാരുകളെത്തുന്നത് എങ്ങനെ. അങ്ങനെ ഏകപക്ഷീയമായ സമീപനം സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിൽ അത് മാറ്റേണ്ടതല്ലേ?

ഫെഡറൽ സംവിധാനത്തോട് ബഹുമാനം പുലർത്താത്ത നിരവധി നടപടികളാണ് എക്കാലത്തും കേന്ദ്ര സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പ്രത്യേകിച്ചുംകേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എക്കാലത്തും ഇത്തരം നടപടികൾക്ക് ഇരയാകേണ്ടി വരും. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങൾ ഉയരുന്നത്. അതിന് വ്യക്തമായ ഉത്തരം ലഭിക്കാൻ ജനാധിപത്യപരമായ ചർച്ച അനിവാര്യമാണ്. എന്നാൽ, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അത്തരമൊരു ചർച്ച സാധ്യമാകുമോ എന്നതാണ് ചോദ്യം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala probe against central agencies changing dynamics of centre state relations