/indian-express-malayalam/media/media_files/uploads/2020/10/kodiyeri-balakrishnan-cpim-cpm-pressmeet.jpg)
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കോടിയേരി.
"വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുത്. ദയനീയമായി തോല്‍പ്പിക്കണം. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബിജെപി കടന്നുകൂടിയത്. നേമത്തും ഇത്തവണ ബിജെപി തോല്‍ക്കും. ബിജെപിയില്ലാത്ത ഒരു നിയമസഭയാണ് കേരളം വിഭാവനം ചെയ്യുന്നത്," കോടിയേരി പറഞ്ഞു.
ഇടതുപക്ഷത്തിനു ഇത്തവണ മൂന്നക്ക നമ്പർ സീറ്റ് വേണമെന്ന് കോടിയേരി പറഞ്ഞു. "കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ കടന്നു വരുന്നത് പോലെ ബിജെപി കടന്നു വരാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കണം. ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ് ഈ സർക്കാർ തകരാതിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണം. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ജയസാധ്യതയുണ്ട്," കോടിയേരി പറഞ്ഞു. നേമത്ത് ബിജെപി ജയിക്കാതിരിക്കാൻ പാർട്ടി ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് കോടിയേരി സൂചന നൽകി.
അതേസമയം, നേമം തങ്ങളുടെ ഉരുക്കുകോട്ടയാണെന്നാണ് ബിജെപി പറയുന്നത്. എത്ര ശക്തനായ സ്ഥാനാർഥിയെ നിർത്തിയാലും നേമത്ത് ജയിക്കുമെന്നും ബിജെപി പറയുന്നു. കുമ്മനം രാജശേഖരൻ ആയിരിക്കും നേമത്ത് ബിജെപി സ്ഥാനാർഥിയാകുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.