/indian-express-malayalam/media/media_files/uploads/2020/12/twenty20.jpg)
കൊച്ചി: നാല് പഞ്ചായത്തുകളിലാണ് ട്വന്റി 20 ഇത്തവണ വിജയിച്ചത്. കിഴക്കമ്പലത്തിനു പുറത്തേക്കും തങ്ങളുടെ ശക്തി തെളിയിക്കുകയാണ് ട്വന്റി 20. കിഴക്കമ്പലത്ത് 19 സീറ്റിൽ 18 ലും ട്വന്റി 20 ജയിച്ചു. കഴിഞ്ഞ തവണ 17 സീറ്റ് ലഭിച്ചിടത്താണ് ഇത്തവണ ഒരു സീറ്റ് കൂടി പിടിച്ചെടുത്തത്. കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂ൪ എന്നീ പഞ്ചായത്തുകളും ട്വന്റി 20 പിടിച്ചടക്കി. ഐക്കരനാട് പഞ്ചായത്തിൽ 14 ൽ 14 ലും ട്വന്റി 20 ജയിച്ചു. രണ്ടു വാർഡുകളിൽ ലീഡ് തുടരുകയാണ്.
തങ്ങൾ നേടിയ വിജയം ഐതിഹാസികമാണെന്ന് ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജോൺ പറഞ്ഞു. "കിഴക്കമ്പലത്ത് യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ് ട്വന്റി 20 ക്കെതിരെ രംഗത്തെത്തിയത്. സർക്കാർ മെഷിനറികളെ പോലും ഉപയോഗിച്ചു. ഞങ്ങളുടെ ആയിരത്തോളം പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. ആക്രമണത്തിൽ ട്വന്റി 20 യുടെ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. ഇതിനിടയിലും ജയിക്കാൻ സാധിച്ചു," സാബു എം.ജോൺ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിലും തങ്ങൾ മത്സരിക്കുമെന്ന് സാബു എം.ജോൺ വ്യക്തമാക്കി. "കേരളത്തിൽ ട്വന്റി 20 യെ അറിയാത്തവരായി ആരുമില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് അടക്കം വരുംദിവസങ്ങളിൽ തീരുമാനിക്കും. ഈ രാഷ്ട്രീയ സ്ഥിയിൽ നിന്ന് ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. സ്വാധീനമുള്ള മറ്റ് ജില്ലകളിലെ മണ്ഡലങ്ങളിലും മത്സരിക്കും," സാബു എം.ജോൺ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വെന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.