/indian-express-malayalam/media/media_files/uploads/2019/11/O-Rajagopal.jpg)
തിരുവനന്തപുരം: ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരായ പരാമർശങ്ങൾ ആവർത്തിച്ച് ഒ.രാജഗോപാൽ എംഎൽഎ. നേമത്ത് ഒരു തവണ എംഎല്‍എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു രാജഗോപാൽ. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് കെ.മുരളീധരന്റെ വാഹനത്തിനു നേരെ കല്ലെറിഞ്ഞത് ശരിയായ ഏർപ്പാടല്ലെന്നും രാജഗോപാൽ പറഞ്ഞു. ബിജെപിയാണ് ഈ ആക്രമണത്തിനു പിന്നിലെന്നും പരാജയഭീതികൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിനു അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.
Read Also: ‘ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു’; എൽഡിഎഫിനെ തള്ളി ജി.സുകുമാരൻ നായർ
ഇത്തവണ നേമത്ത് കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാർഥി. 2016 ൽ ഒ.രാജഗോപാൽ ജയിച്ച മണ്ഡലത്തിൽ ഇത്തവണ പോരാട്ടം തീപാറും. തനിക്ക് കിട്ടിയ അത്ര വോട്ടുകൾ കുമ്മനത്തിനു കിട്ടുമോയെന്ന കാര്യം സംശയമാണെന്ന് രാജഗോപാൽ നേരത്തെ പറഞ്ഞതും വിവാദമായിരുന്നു. പിണറായി സർക്കാർ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും നല്ല കാര്യങ്ങളെ വിമർശിക്കുന്ന സ്വഭാവം തനിക്കില്ലെന്നും രാജഗോപാൽ പറഞ്ഞിരുന്നു. രാജഗോപാൽ നടത്തിയ പല പ്രസ്‌താവനകളും ബിജെപിക്ക് തന്നെ തലവേദനയായിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.