/indian-express-malayalam/media/media_files/uploads/2020/12/cm-web-rally-screen-grab.jpg)
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയും യുഡിഎഫും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരായ അവിശുദ്ധ കൂട്ടുകെട്ടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കേന്ദ്ര ഏജൻസികളുടെ സംസ്ഥാനത്തെ ഇടപെടലിനെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. കേരളത്തിൽ എംഎൽഎമാരെ വിലയ്ക്കെടുത്ത് സർക്കാരിനെ അട്ടിമറിക്കാനാകുന്ന ജീർണ്ണസംസ്കാരമില്ലെന്നും അതിനാലാണ് ബിജെപി രാഷ്ട്രീയവേട്ടയ്ക്ക് അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കേരളത്തിൽ എങ്ങനെയെങ്കിലും കാലുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയും നിരാശ ബാധിച്ച യുഡിഎഫും ഇതിനൊപ്പം ഇടതുപക്ഷത്തെ തകർക്കാൻ ആഗ്രഹിക്കുന്ന മാധ്യമങ്ങളുമെല്ലാം കൂടിച്ചേരുന്ന പ്രതിഭാസമാണ് കേരളത്തിൽ കാണുന്നത്. കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയും ഈ അവിശുദ്ധ സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നിലയുമുണ്ടായി. വിവിധ ഏജൻസികളും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അപഹാസ്യമായ തരത്തിൽ ഇടപെടുന്ന നിലയുമുണ്ടായി," മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെതിരെ കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങൾ, വഴിവിട്ട് നീങ്ങുന്ന കേന്ദ്ര ഏജൻസികളെ ന്യായീകരിക്കൽ എന്നതിനെല്ലാം യുഡിഎഫിനും ബിജെപിക്കും ഒരേ സ്വരമാണെന്നും ഇക്കാര്യത്തിൽ അവർക്ക് ഒരു ഭിന്നതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.