തിരുവനന്തപുരം: ആക്കുളത്തുള്ള രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) പുതിയ ക്യാംപസിന് എം.എസ്. ഗോള്‍വാള്‍ക്കറുടെ പേരു നൽകുനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്രമന്ത്രി ഹർഷ് വർധന് മുഖ്യമന്ത്രി കത്തയച്ചു.

തുടക്കത്തിൽ സംസ്ഥാന സർക്കാർ നടത്തിയിരുന്ന സ്ഥാപനം രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം വിഖ്യാതനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേര് നൽകണമെന്നാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

ഗവേഷണ കേന്ദ്രത്തിന്റെ പേര് മാറ്റുന്ന കാര്യം പരിഗണിക്കപ്പെടുന്നുവെന്നത് മാദ്ധ്യമങ്ങളിൽ നിന്നുമാണ് താൻ അറിഞ്ഞതെന്നും രാജ്യത്തെ പരമപ്രധാനമായ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രാഷ്ട്രീയപരമായ ഭിന്നതകൾക്ക് അതീതമാണെന്നും അദ്ദേഹം തന്റെ കത്തിലൂടെ ചൂണ്ടിക്കാട്ടി.

നേരത്തെ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ തീരുമാനം വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. നടപടി അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് ശശി തരൂര്‍ എംപി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.