/indian-express-malayalam/media/media_files/uploads/2021/03/suresh-gopi-1.jpg)
കൊച്ചി: തൃശൂരിൽ വിജയ സാധ്യതയേക്കാൾ മത്സര സാധ്യതയാണുള്ളതെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. നാല് മണ്ഡലങ്ങളാണ് പാർട്ടി മുന്നോട്ട് വച്ചതെന്നും എന്നാൽ താൻ തൃശൂരിൽ നിന്നു തന്നെ മത്സരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അനാരോഗ്യത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് ഗോപി ഇന്നാണ് ആശുപത്രി വിട്ടത്. താരം പൂർണ്ണ ആരോഗ്യവാനാണെങ്കിലും പത്തു ദിവസം കൂടി വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കോവിഡ് വാക്സിൻ എടുത്ത ശേഷമായിരിക്കും പ്രചാരണ രംഗത്ത് സജീവമാകുക.
Read More: എല്ലാവരേയും സ്ഥാനാർഥിയാക്കാൻ പറ്റില്ല; ലതിക സുഭാഷിന്റെ നടപടി ശരിയായില്ലെന്ന് ചെന്നിത്തല
സീറ്റ് നിഷേധത്തേത്തുടർന്നുളള മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ പ്രതിഷേധം വേദനയുണ്ടാക്കി. വനിതാ സംവരണത്തേക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ ഇനി കോൺഗ്രസിന് എങ്ങനെ കഴിയുമെന്നും താരം ചോദിച്ചു.
മത്സരിക്കാൻ താൽപര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയായത്. മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. ഒടുവിൽ തൃശൂരിൽ തന്നെ സ്ഥാനാർഥിയാകുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ത്യശൂരിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ടിരുന്നു.
പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന് ന്യൂമോണിയ ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് ഇന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. പത്ത് ദിവസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിലാവും ഇനി താരം പത്തുനാൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.