/indian-express-malayalam/media/media_files/uploads/2020/12/cpm.jpg)
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 83 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടികയാണ് ഇക്കുറി സിപിഎമ്മിന്റേത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു മത്സരിക്കും.
കഴിഞ്ഞ തവണത്തേതു പോല പന്ത്രണ്ട് വനിതകളാണ് ഇക്കുറിയും മത്സര രംഗത്തുള്ളത്. മന്ത്രിമാരായ കെ.കെ.ശൈലജയേയും, ജെ.മേഴ്സിക്കുട്ടിയമ്മയേയും കൂടാതെ വീണ ജോർജ് എംഎൽഎ, യു.പ്രതിഭ എന്നിവരും ഇക്കുറി മത്സരിക്കുന്നു. മറ്റ് എട്ടുപേർ പുതുമുഖങ്ങളാണ്.
സിപിഎമ്മിന് വേണ്ടി ജനവിധി തേടുന്ന വനിത സ്ഥാനാർഥികൾ
ആറ്റിങ്ങൽ- ഒ.എസ്.അംബിക
കുണ്ടറ-ജെ.മേഴ്സിക്കുട്ടിയമ്മ
ആറന്മുള-വീണ ജോർജ്
കായംകുളം-യു.പ്രതിഭ
അരൂർ-ദലീമ ജോജോ
ആലുവ-ഷെൽന നിഷാദ്
ഇരിങ്ങാലക്കുട-ആർ.ബിന്ദു
കൊയിലാണ്ടി- കാനത്തിൽ ജമീല
വണ്ടൂർ- പി.മിഥുന
കോങ്ങാട്-കെ.ശാന്തകുമാരി
മട്ടന്നൂർ-കെ.കെ.ശൈലജ
വേങ്ങര-പി.ജിജി
വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിൽ 4 പേർ 30 വയസിന് താഴെയുള്ളവരാണ്. ജെയ്‌ക് സി.തോമസ് (പുതുപ്പള്ളി), സച്ചിൻ ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി.മിഥുന (വണ്ടൂർ) എന്നിവർ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള എട്ടു പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളിൽ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്. 42 പേർ ബിരുദധാരികളാണ്. 28 പേർ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദം നേടി ഡോക്‌ടർമാരായി പ്രാക്‌ടീസ് ചെയ്യുന്ന 2 പേരും സ്‌ഥാനാർഥികളായുണ്ട്.
Read More: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സമ്പൂർണ പട്ടിക അറിയാം
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എംഎൽഎമാരും അഞ്ച് മന്ത്രിമാരും മത്സരിക്കുന്നില്ല. ഇ.പി.ജയരാജൻ, ഡോ. തോമസ് ഐസക്, എ.കെ.ബാലൻ, ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവരാണ് വീണ്ടും മത്സരിക്കാതിരിക്കാതിരിക്കുന്ന മന്ത്രിമാർ.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എം.എം.മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും.
നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മികച്ച രീതിയിൽ സഹകരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കിയെന്നും സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വ്യക്തമാക്കി. അവർക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാൽ മറ്റ് ഘടകകക്ഷികൾക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിങ് സീറ്റുകൾ ഉൾപ്പടെ ഏഴ് സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്കായി സിപിഎം വിട്ടു നൽകി. പൊതുവിൽ സീറ്റ് വിഭജനം നല്ല രീതിയിലാണ് എൽഡിഎഫ് പൂർത്തിയാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു.
സ്വതന്ത്രർ ഉൾപ്പടെ 85 പേരെയാണ് ഇത്തവണ സിപിഎം മത്സരിപ്പിക്കുന്നത്. ഇതിൽ 83 പേരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 74 പേർ പാർട്ടി സ്ഥാനാർഥികളും ഒൻപതു പേർ സ്വതന്ത്രരുമാണ്. കഴിഞ്ഞ തവണ 92 സീറ്റുകളിലാണ് സ്വതന്ത്രർ ഉൾപ്പടെ സിപിഎം സ്ഥാനാർഥികൾ മത്സരിച്ചത്.
സിപിഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികള്‍
കുന്നമംഗലം - പി.ടി.എ.റഹീം
കൊടുവള്ളി- കാരാട്ട് റസാഖ്
കൊണ്ടോട്ടി- സുലൈമാന്‍ ഹാജി
താനൂര്‍- വി.അബ്ദുള്‍ റഹ്മാന്‍
നിലമ്പൂര്‍- പി.വി.അന്‍വര്‍
പെരിന്തല്‍മണ്ണ- കെ.പി.മുസ്തഫ
തവനൂര്‍- കെ.ടി.ജലീല്‍
എറണാകുളം- ഷാജി ജോര്‍ജ്
ചവറ- ഡോ. സുജിത് വിജയന്‍
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ സഹായകമാകുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് തയാറാക്കിയിരിക്കുന്നതെന്ന് വിജയരാഘവൻ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഇല്ലാതാക്കാന്‍ ധനിക രാഷ്ട്രീയ ശക്തികളും വര്‍ഗീയ ശക്തികളും നടത്തുന്ന പരിശ്രമം കേരളത്തില്‍ വിജയിക്കില്ല. എല്‍ഡിഎഫിന്റെ തുടര്‍ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വര്‍ഷവും മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തി നാട്ടിൽ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനും സാധിച്ചു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ നയമാണ് ഇതുവരെ നടപ്പിലാക്കിയത്. പൊതു വിദ്യാലയങ്ങളും ആശുപത്രികളും ഉന്നത നിലയിലാക്കി. വിലക്കയറ്റം തടഞ്ഞു. റേഷന്‍ കടകള്‍ വഴി മുടക്കമില്ലാതെ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് കേരളം അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയത്. അഴിമതി രഹിതമായ ഭരണമാണ് ഇടതുസർക്കാർ കാഴ്ചവച്ചതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.