/indian-express-malayalam/media/media_files/uploads/2017/01/k-muraleedharan.jpg)
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. സ്ഥാനാര്‍ഥി നിര്‍ണയം നീട്ടിക്കൊണ്ടു പോകേണ്ട കാര്യമൊന്നുമില്ല. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നു മാത്രമേ തനിക്ക് പാര്‍ട്ടി നേതൃത്വത്തോട് അപേക്ഷിക്കാനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി നേതൃത്വം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അല്ലെങ്കില്‍ മാറിനില്‍ക്കുമെന്നും മുരളീധരന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വത്തിന് പ്രതിഫലം വാങ്ങുന്നുവെന്ന ചില വിമര്‍ശനങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം. കരുണാകരനോ അദ്ദേഹത്തിന്റെ മകനോ പൈസ വാങ്ങിച്ച് സ്ഥാനാര്‍ഥികളാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Read More: 'ഞങ്ങളെ കുഞ്ഞൂഞ്ഞാ, വിട്ടുതരില്ല'; ഉമ്മൻചാണ്ടിക്കു വേണ്ടി പുതുപ്പള്ളിയിൽ പ്രതിഷേധം
മതമേലധ്യക്ഷന്മാരോ സാമൂഹ്യപരിഷകര്‍ത്താക്കളോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. നേമത്ത് സ്ഥാനാര്‍ഥിയെ നിര്‍ണ്ണണയിക്കാന്‍ ഇത്രയും ആലോചനയുടെ ആവശ്യമില്ല. നേമത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവ് വേണ്ട. എന്തുവന്നാലും അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ ജയിക്കും.
"സ്ഥാനാര്‍ഥി നിര്‍ണയം നീട്ടിക്കൊണ്ടു പോകേണ്ട കാര്യമൊന്നുമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കുമ്പോള്‍ ആദ്യം കുറച്ച് ഒച്ചയും ബഹളവും ഒക്കെയുണ്ടാകും. അത് മുന്‍പും ഉണ്ടായിട്ടുണ്ട്. പ്രകടനവും പോസ്റ്റര്‍ ഒട്ടിക്കലും എന്നുമുണ്ടാകുന്നതാണ്. ഞാന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോള്‍ എനിക്കെതിരെ പന്തംകൊളുത്തി പ്രകടനം ഉണ്ടായിരുന്നു. എന്നിട്ടെന്തുണ്ടായി? ഞാന്‍ 16,000 വോട്ടിനു ജയിച്ചു. പ്രതിഫലം ചോദിച്ച് കെ കരുണാകനോ അദ്ദേഹത്തിന്റെ മകനോ സ്ഥാനാര്‍ഥിയായിട്ടില്ല. അങ്ങനെ ചില പ്രചരണങ്ങളൊക്കെ കണ്ടതുകൊണ്ടാണ് ഇതു പറയേണ്ടി വന്നത്. ദേശീയ നേതൃത്വം എന്താവശ്യപ്പെട്ടാലും അനുസരിക്കും. മത്സരിക്കേണ്ടെന്ന് പറഞ്ഞാലും അനുസരിക്കും. നേമത്ത് ഇത്രയും ആളുകള്‍ പോകേണ്ട കാര്യമൊന്നുമില്ല. ആര് നിന്നാലും നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ജയിക്കും. പോസ്റ്റര്‍ ഒട്ടിക്കുന്നതും പന്തംകൊളുത്തി പ്രകടനം നടത്തുന്നത് ഇരുട്ടിന്റെ സന്തതികളാണ്. അതിനെ ആ നിലയ്ക്ക് കണ്ടാല്‍ മതി. പാര്‍ട്ടി നേതൃത്വത്തോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുത്," മുരളീധരൻ പറഞ്ഞു.
ബിജെപിയെ ഭയമില്ലെന്നും ഇൻകം ടാക്സ് റെയ്ഡ് നടത്തി തന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർബലരായ ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്തതാണ് കഴിഞ്ഞ തവണ തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.