കോട്ടയം: ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്നാവശ്യപ്പെട്ട് അണികളുടെ പ്രകടനം. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി എത്തി. നേമത്തേയ്ക്ക് ഉമ്മൻചാണ്ടിയെ വിട്ടുതരില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ എത്തിയത്. പ്രവർത്തകരിൽ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചു.
സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. “ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ,” എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങൾ.
വീട്ടിൽ നിന്ന് ഉമ്മൻചാണ്ടി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോൾ പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ കാർ തടഞ്ഞു. അരമണിക്കൂറോളം കാർ തടഞ്ഞ് ചുറ്റും നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ, ഉമ്മൻചാണ്ടി പതുക്കെ പുറത്തേയ്ക്ക് ഇറങ്ങി. തിരികെ വീട്ടിലേക്ക് കയറി.
Read More: ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതം: രാഹുല്‍ ഗാന്ധി
ഡൽഹിയിൽ നിന്നും പുതുപ്പള്ളിയിലെത്തിയ ഉമ്മൻചാണ്ടിക്കായി വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെ നേമത്ത് സസ്പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി കഴിഞ്ഞു. പുതുപ്പള്ളിയിൽ മത്സരിക്കാനാണ് താത്പര്യമെന്ന് ഉമ്മൻചാണ്ടിയും ഹരിപ്പാടാണ് തന്റെ തട്ടകമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്, വി എം സുധീരന് എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും.
നേമം മണ്ഡലത്തിൽ ജനസമ്മിതിയുളള പ്രശസ്തനായ സ്ഥാനാർഥി വരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേമത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങളുടെ ഗുജറാത്താണ് നേമമെന്നാണ് ബിജെപി പറഞ്ഞത്. ഗുജറാത്ത് ആണോ അല്ലയോയെന്ന് നമുക്ക് കാണാം. അതിനാലാണ് ഏറ്റവും മികച്ച സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കാൻ പോകുന്നത്. ഏറ്റവും മികച്ച, ജനസമ്മിതിയുളള, സ്വീകാര്യനായ, പ്രശസ്തനായ സ്ഥാനാർഥിയെയാണ് നിർത്താൻ ആഗ്രഹിക്കുന്നതെന്ന് മുല്ലപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാകും. കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. നേമത്ത് കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കുമെന്ന് അറിയാനാണ് കോൺഗ്രസ് പ്രവർത്തകരും അണികളും കാത്തിരിക്കുന്നത്.