/indian-express-malayalam/media/media_files/uploads/2021/03/sreedharan-sanju-chithra.jpg)
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഐക്കൺ സ്ഥാനത്തുനിന്ന് ഇ.ശ്രീധരനെ നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് പോസ്റ്ററുകളില്‍ നിന്ന് ഇ.ശ്രീധരന്റെ ചിത്രം നീക്കം ചെയ്തത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണ്‍ ആയിരുന്നു ഇ.ശ്രീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇ.ശ്രീധരനെ പദവിയില്‍നിന്ന് ഒഴിവാക്കിയത്. ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ നൽകിയ നിർദേശം. ശ്രീധരന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുണ്ടായ സ്വാഭാവിക നടപടിയാണിതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്.
Read More: ബജറ്റ് സമ്മേളനം രണ്ടാംഘട്ടം: സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും
ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്കൺ. കെ.എസ്.ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ചിത്രയുടെ സമ്മതം തേടി.
അതേസമയം, സംസ്ഥാനത്തിന്റെ പുതിയ തിരഞ്ഞെടുപ്പ് ഐക്കണായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ഐക്കണെ നിയമിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കൺ ആയി തിരഞ്ഞെടുക്കുന്നത്.
ദിവസങ്ങൾക്ക് മുൻപാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും ശ്രീധരൻ പങ്കെടുത്തു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതുവരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണെന്നും ഇ.ശ്രീധരൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.