scorecardresearch
Latest News

ബജറ്റ് സമ്മേളനം രണ്ടാംഘട്ടം: സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കർഷക പ്രതിഷേത്തിനും കുതിച്ചുയരുന്ന ഇന്ധനവില സംബന്ധിച്ച വിമർശനങ്ങൾക്കും ഇടയിലാണ് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ ആരംഭിച്ചിരിക്കുന്നത്

ബജറ്റ് സമ്മേളനം രണ്ടാംഘട്ടം: സർക്കാരിന് വെല്ലുവിളിയായി ഇന്ധന വിലയും കർഷക സമരവും

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ ആരംഭിച്ചു. കോവിഡ് മുൻകരുതലുകൾ പൂർണമായും പാലിച്ചാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. രാജ്യസഭ രാവിലെ ഒൻപതു മുതൽ 12 വരെയും ലോക്‌സഭ വൈകിട്ടു നാലു മുതൽ 10 വരെയുമാണ് ചേരുന്നതെന്ന് സ്പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ അറിയിച്ച പ്രകാരം ഏപ്രിൽ എട്ടു വരെയാണ് രണ്ടാംഘട്ട സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കർഷക പ്രതിഷേത്തിനും കുതിച്ചുയരുന്ന ഇന്ധനവില സംബന്ധിച്ച വിമർശനങ്ങൾക്കും ഇടയിലാണ് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പെട്രോൾ, ഡീസൽ നിരക്കുകളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, നിരവധി ആഴ്ചകളായി അവ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി നേതാക്കളും അവരുടെ പാർട്ടികളും ഇതിനെതിരെ പ്രതിഷേധം നടത്തുന്നുണ്ട്. പലരും സൈക്കിൾ, കാളവണ്ടി, ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതിഷേധിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഓയിൽ റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസാനമായി ഫെബ്രുവരി 27 ന് വില ഉയർത്തിയത് പ്രകാരം ദേശീയ തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 91.17 രൂപയായി. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. അതിനുശേഷം, നാല് മെട്രോ നഗരങ്ങളിലും നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു.

Read More: നൂറ് ദിവസമല്ല, നൂറ് മാസമായാലും ഈ പോരാട്ടത്തിൽ കർഷകർക്കൊപ്പം: പ്രിയങ്ക ഗാന്ധി

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സെഷൻ ആരംഭിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാർച്ച് 27 നും ഏപ്രിൽ 29 നും ഇടയിൽ നടക്കും. ഫലം മേയ് രണ്ടിന് പ്രഖ്യാപിക്കും.

പാർലമെന്റ് സെഷൻ മാറ്റിവയ്ക്കാൻ തൃണമൂൽ എംപിമാരായ സുദീപ് ബന്ദോപാധ്യായയും ഡെറക് ഓബ്രിയനും യഥാക്രമം ലോക്‌സഭാ, രാജ്യസഭാ അധികൃതർക്ക് കത്ത് നൽകിയിരുന്നു.

“സംസ്ഥാനത്ത് (പശ്ചിമ ബംഗാൾ) നടന്നുകൊണ്ടിരിക്കുന്ന തിരക്കേറിയ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ കാരണം, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിലെ പാർലമെന്റ് അംഗങ്ങൾക്ക് 2021 മാർച്ച് എട്ട് മുതൽ ആരംഭിക്കുന്ന ബജറ്റ് സെഷന്റെ രണ്ടാം സെഷനിൽ പങ്കെടുക്കാൻ പ്രയാസമാണ്,” ഓബ്രിയൻ രാജ്യസഭാ ചെയർമാന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം നവംബർ അവസാനം മുതൽ ആരംഭിച്ച കർഷക പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന തലവേദനയും സർക്കാരിനുണ്ട്. പ്രതിഷേധത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും മുന്നോട്ടുവച്ച ആവശ്യങ്ങളിൽനിന്ന് പിന്മാറാൻ കർഷകർ ഇപ്പോഴും തയ്യാറായിട്ടില്ല.

ഏപ്രിൽ എട്ടിനാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ അവസാനിക്കുന്നത്. ജനുവരി 29 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 29 നാണ് അവസാനിച്ചത്. ധനകാര്യ ബില്ലും 2021-22 വർഷത്തേക്കുള്ള ഗ്രാന്റുകൾക്കായുള്ള വിവിധ സഭാ നടപടികൾ പൂർത്തീകരിക്കാനുമാണ് രണ്ടാം സെഷനിൽ സർക്കാർ ലക്ഷ്യമിടുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Government braces for fuel price attack as budget session resumes