/indian-express-malayalam/media/media_files/uploads/2021/03/Dharmajan.jpg)
കോഴിക്കോട്: നടൻ ധർമജൻ ബോൾഗാട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും. കോഴിക്കോട് ബാലുശേരി നിയോജക മണ്ഡലത്തിൽ ധർമജനെ യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് തീരുമാനം. ഡിസിസിയുടെ സാധ്യതാ പട്ടികയിൽ ധർമജൻ ഇടംപിടിച്ചു. ബാലുശേരിയിലേക്ക് മറ്റ് നേതാക്കളുടെ പേരൊന്നും ഡിസിസിയുടെ പരിഗണനയിലില്ല.
നിലവിൽ ഇടതുപക്ഷത്തിന്റെ സീറ്റാണ് ബാലുശേരി. ധർമജനിലൂടെ സീറ്റ് പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. നേരത്തെ ലീഗിന്റെ സീറ്റായിരുന്നു ബാലുശേരി. ഇത്തവണ ബാലുശേരിയിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ബാലുശേരിക്ക് പകരം കോൺഗ്രസ് മത്സരിച്ച കുന്നമംഗലം ലീഗിന് വിട്ടുകൊടുക്കും.
Read Also: മുകേഷിന് രണ്ടാമൂഴം, മേഴ്‌സിക്കുട്ടിയമ്മ പരിഗണനയിൽ; കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി
അതേസമയം, കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് രഞ്ജിത്തും അറിയിച്ചു. കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് നോർത്തിൽ രഞ്ജിത്തിനെതിരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനെ കളത്തിലിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.