കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് ആഗതമായ സാഹചര്യത്തിൽ സിപിഎമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി. എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും.

കഴിഞ്ഞ തവണ കൊല്ലത്ത് നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. എന്നാൽ ഇത്തവണ ചവറ ഉൾപ്പെടെ അഞ്ച് സീറ്റിൽ മത്സരിക്കാനാണ് തീരുമാനം. അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ ചവറയിൽ മത്സരിപ്പിക്കും. പാർട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതിൽ സിപിഎം തീരുമാനമെടുക്കും.

Read More: മട്ടന്നൂരിൽ കെ.കെ.ശൈലജ, മത്സരിക്കാനില്ലെന്ന് ഇ.പി.ജയരാജൻ; ചർച്ചകൾ ഇന്നും തുടരും

കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിൽ ചവറ വിജയൻപിള്ളയാണ് മത്സരിച്ചത്. എന്നാൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം പൂർണമായും സിപിഎമ്മിൽ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഎം മത്സരിക്കുന്നത്.

അതേസമയം, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കിൽ എസ്.എൽ.സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലിനെ മൽസരിപ്പിക്കണമെന്നാണ് ആവശ്യം. എംഎൽഎ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്. മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും.

എന്നാൽ കുന്നത്തൂർ സിപിഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടി അംഗമായ കോവൂർ കുഞ്ഞുമോനെ തന്നെ കുന്നത്തൂരിൽ പിന്തുണയ്ക്കും. ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.