/indian-express-malayalam/media/media_files/uploads/2021/03/Pinarayi-Vijayan-CM.jpg)
കണ്ണൂർ: ബജറ്റ് പദ്ധതികൾക്കപ്പുറം കേരളത്തിൽ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാൽ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധര്‍മ്മടത്ത് മത്സരിക്കുന്ന പിണറായി വോട്ടര്‍മാരെ കാണാനുള്ള മണ്ഡലപര്യടനത്തിൽ സംസാരിക്കുകയായിരുന്നു. ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്.
Read More: വനിതകളുടേയും യുവാക്കളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎം സ്ഥാനാർഥി പട്ടിക
കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോൺഗ്രസിനുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനവും ക്ഷേമവും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. നാടിന്റെ നന്മയാഗ്രഹിക്കുന്നവർക്കൊന്നും ഇത്തരം നിലപാട് സ്വീകരിക്കാനാവില്ല. ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ് എല്ലാ കാര്യത്തിലും കോൺഗ്രസും യുഡിഎഫും വച്ചു പുലർത്തിയത്. കേരളം നേരിട്ട ദുരന്തങ്ങൾക്ക് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തെ അപമാനിക്കാനുള്ള ബിജെപി പ്രചാരണത്തെ പ്രതിപക്ഷം അനുകൂലിച്ചു.
കേരളം കൊലക്കളം എന്ന് വരുത്തിത്തീർക്കാൻ 2017 ൽ ബിജെപി ശ്രമിച്ചു. കേരളത്തിന്റെ വികസനം തകർക്കാൻ ബിജെപി കണ്ട മാർഗ്ഗമാണ് കിഫ്ബിക്ക് എതിരായ നീക്കം. കേന്ദ്ര ഏജൻസികളെ കിഫ്ബിക്ക് എതിരെ തിരിച്ചുവിട്ടത് ബിജെപിയാണെങ്കിൽ കോൺഗ്രസും ആ നീക്കത്തിന് പിന്തുണ നൽകി കള്ള പ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു. പ്രവാസികളെ ഒരുമിപ്പിക്കാനായി തുടങ്ങിയ ലോക കേരള സഭയ്ക്കും ഇവർ എതിരായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More: 5 മന്ത്രിമാരും 33 എംഎല്‍എമാരുമില്ല, സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഓഖി ദുരന്തം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരെയും പാര വയ്ക്കാനാണ് ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. പ്രസംഗത്തിനൊടുവിൽ ജനങ്ങളോട് മുഖ്യമന്ത്രി വോട്ട് തേടുകയും ചെയ്തു. സിപിഎമ്മിനായി ധർമ്മടത്ത് ഞാൻ തന്നെ മത്സരിക്കണമെന്നാണ് പാർട്ടി തീരുമാനിച്ചത്. നാടിന്റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല. തുടർന്നും പിന്തുണ വേണമെന്നും പിണറായി വോട്ടർമാരോട് അഭ്യര്‍ത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.