/indian-express-malayalam/media/media_files/uploads/2019/04/RSS-BJP-Thrissur-11.jpg)
തൃശൂര്‍: നഗരത്തില്‍ ഇടത് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ് വിതരണം ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമവും അശ്ലീല അധിക്ഷേപവും. പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാര്‍ക്കും ഇടത് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുള്ള നോട്ടീസ് വിതരണം ചെയ്യുകയായിരുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപവുമായി എത്തിയത്.
Read More: ‘ഇടതുമാറി വലതുമാറി താമരക്കുമ്പിളില്‍’; തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന് പ്രവചനം
സംഘടിച്ചെത്തിയ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ നോട്ടീസ് നല്‍കുന്നതില്‍ നിന്ന് ബലമായി തടഞ്ഞു. അതിനു ശേഷം അവര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി. ശബരിമലയുടെ പേരും പറഞ്ഞായിരുന്നു അശ്ലീല അധിക്ഷേപം. ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് പെണ്‍കുട്ടികളോട് ഇവര്‍ തട്ടികയറി. നോട്ടീസ് വിതരണം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറയുന്നു. നോട്ടീസ് നല്‍കാന്‍ എന്തുകൊണ്ട് സാധിക്കില്ലെന്ന് പെണ്‍കുട്ടികള്‍ ചോദിച്ചതോടെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റത്തിനു ശ്രമിച്ചതായും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.
സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളുടെ ഫോട്ടോസ് മൊബൈലില്‍ പകര്‍ത്തിയതും പൊലീസിന് കൈമാറി. തൃശൂർ വെസ്റ്റ് പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.