/indian-express-malayalam/media/media_files/uploads/2020/03/sslc-exam-students.jpg)
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മേയ് 26, 27, 28 തീയതികളിലായി നടക്കും. 26 ന് കണക്ക്, 27 ന് ഫിസിക്സ്, 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷാ ക്രമം. ഉച്ച കഴിഞ്ഞാണ് പരീക്ഷകൾ.
ഹയർ സെക്കൻഡറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെ നടക്കും. രാവിലെയാണ് പരീക്ഷകൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന പരീക്ഷകളാണ് മേയ് 26 മുതൽ നടത്തുന്നത്. സാമൂഹിക അകലം പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.
അതിനിടെ, ഫെബ്രുവരിയിൽ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം തുടങ്ങിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. ഈ നടപടിക്ക് ഇന്നാണ് തുടക്കമായത്. സിബിഎസ്ഇയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്.
Read Also: കേരള സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍
ഓരോ പ്രദേശത്തെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഉത്തരക്കടലാസുകൾ എത്തിക്കും. ഇതിനായി രാജ്യത്ത് 300 കേന്ദ്രങ്ങൾ എച്ച്ആർഡി മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ നിന്നായിരിക്കും ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലേക്കും മൂല്യനിർണയം നടത്തിയശേഷം തിരിച്ചും എത്തിക്കുക. ഏകദേശം 1.5 കോടി ഉത്തരക്കടലാസുകളുടെ മൂല്യ നിർണയമാണ് നടക്കുക. മൂല്യനിർണയം സംബന്ധിച്ച് അധ്യാപകർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തുവരുമെന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.