scorecardresearch

Kerala SSLC, Plus Two Exam 2022: പരീക്ഷയെഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Kerala SSLC, Plus Two Exam 2022: പരീക്ഷാക്കാലമാണിത്. അതുകൊണ്ട് തന്നെ രക്ഷിതാക്കൾ പല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തണം. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് ചൈൽഡ് സൈക്കോളജിസ്റ്റും ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ.എ.നിർമ്മല സംസാരിക്കുന്നു.

Kerala SSLC, Plus Two Exam 2022: പരീക്ഷാക്കാലമാണിത്. അതുകൊണ്ട് തന്നെ രക്ഷിതാക്കൾ പല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തണം. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് ചൈൽഡ് സൈക്കോളജിസ്റ്റും ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ.എ.നിർമ്മല സംസാരിക്കുന്നു.

author-image
Seena Sathya
New Update
sslc, sslc exam, ie malayalam

Kerala SSLC, Plus Two Exam 2022: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകൾ തുടങ്ങാറായി. പരീക്ഷയ്ക്കായി കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും തയ്യാറെടുക്കണം. നല്ല രീതിയിൽ പഠിച്ച് പരീക്ഷ എഴുതുകയാണ് കുട്ടികൾ ഈ സമയത്ത് ചെയ്യേണ്ടത്, അവർക്ക് വേണ്ട ആത്മവിശ്വാസവും പിന്തുണയും നൽകേണ്ടത് രക്ഷിതാക്കളാണ്. പരീക്ഷാ കാലത്ത് കുട്ടികളുടെ നെടുംതൂണായി നിൽക്കേണ്ടവരാണ് മാതാപിതാക്കൾ. അവർ കൊടുക്കുന്ന ആത്മവിശ്വാസം പരീക്ഷ കാലത്ത് കുട്ടികളെ നല്ലവണ്ണം സഹായിക്കും.

Advertisment

പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞാൽ, അല്ലെങ്കിൽ ഒരു വിഷയത്തിന് തോറ്റാൽ തന്റെ കുട്ടിയുടെ ജീവിതം തീർന്നുവെന്ന തോന്നലാണ് മാതാപിതാക്കൾക്ക്. ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. പരീക്ഷയ്ക്കായി അവരെ തയ്യാറാക്കുന്നതിൽ രക്ഷിതാക്കളുടെ സമീപനത്തിന് വലിയ പങ്കുണ്ട്.

  1. ലഘു ഭക്ഷണം നൽകുക

പരീക്ഷാ ദിവസം രാവിലെ ദോശ, ഇഡ്ഡലി പോലെ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കാൻ കൊടുക്കുക. കുട്ടിക്ക് ജങ്ക് ഫുഡ് ഇഷ്ടമാണെന്ന് കരുതി അത് കൊടുക്കരുത്. കേക്ക് പോലുള്ള മധുരപലഹാരങ്ങളും വേണ്ട. ഇത് ശരീരത്തിന് മന്ദത വരുത്തും. ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. പഴങ്ങളും ജ്യൂസും നൽകാം.

Read More: SSLC, Plus Two Exam 2022: പരീക്ഷ: പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

  1. വഴക്ക് പറയരുത്
Advertisment

ആവശ്യമില്ലാതെ കുട്ടിയെ വഴക്ക് പറയരുത്. പരീക്ഷ സമയത്ത് ടെൻഷൻ വേണ്ട അറിയാവുന്ന ചോദ്യങ്ങളുടെ ഉത്തരം എഴുതുക, അറിയാത്ത ചോദ്യങ്ങൾ വന്നാൽ വിഷമിക്കണ്ട എന്നിങ്ങനെ കുട്ടിക്കൊപ്പം തങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്ന വാക്കുകൾ പറഞ്ഞ് വേണം രക്ഷിതാക്കൾ കുട്ടിയെ പരീക്ഷയ്ക്ക് അയക്കുവാൻ. കുട്ടിയെ വിഷമിപ്പിക്കുന്നതൊന്നും പറയരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും സ്നേഹത്തോടെ സംസാരിക്കുക. പരീക്ഷ എളുപ്പമായിരുന്നോ, എല്ലാ ചോദ്യത്തിനും ഉത്തരം എഴുതിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കുക. പരീക്ഷയെക്കുറിച്ച് കൂടുതൽ ചോദിച്ച് കുട്ടിയെ വിഷമിപ്പിക്കരുത്. അടുത്ത പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ കുട്ടിക്ക് സഹായിക്കുക.

  1. കുട്ടിക്ക് ആത്മവിശ്വാസം കൊടുക്കുക

ഈ സമയം കുട്ടിയെ വഴക്ക് പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് ആത്മവിശ്വാസമാണ് കൊടുക്കേണ്ടത്. മാർക്കിൽ അല്ല കാര്യം, പരീക്ഷ നല്ലവണ്ണം എഴുതുകയാണ് വേണ്ടതെന്നാണ് കുട്ടികളോട് പറയേണ്ടത്.

Read More: SSLC, Plus Two Exam 2022: പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

  1. ഓഫീസിലെ സംസാരം നിങ്ങളുടെ കുട്ടി ആകരുത്

ഓഫീസിൽ എത്തുമ്പോൾ സംസാര വിഷയം നിങ്ങളുടെ കുട്ടി ആകാതിരിക്കാൻ ശ്രദ്ധിക്കുക. സഹപ്രവർത്തകരുടെ മക്കളുമായി സ്വന്തം കുട്ടിയെ താരതമ്യം ചെയ്യരുത്. ചിലപ്പോൾ അവരുടെ കുട്ടികൾക്ക് പരീക്ഷ എളുപ്പമായിരുന്നിരിക്കാം. നിങ്ങളുടെ കുട്ടിക്ക് അങ്ങനെയായിരിക്കണമെന്നില്ല. ആ വിഷയമോ കുട്ടിയോ അവിടെ ചർച്ചാ വിഷയമാക്കാതിരിക്കുക.

  1. പരീക്ഷയ്ക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക

മാതാപിതാക്കളാണ് കുട്ടികളെക്കാൾ പരീക്ഷയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നത്. ഇതിലും വലിയ പരീക്ഷകൾ ജീവിതത്തിൽ നേരിടേണ്ടിവരും. അതിലേക്കാണ് അവരെ തയ്യാറാക്കേണ്ടത്. മറിച്ച്, ഇപ്പോഴേ പരീക്ഷയെക്കുറിച്ച് പറഞ്ഞ് അവരെ പേടിപ്പിക്കുകയല്ല വേണ്ടത്. പരീക്ഷയ്ക്ക് തോറ്റാൽ അല്ലെങ്കിൽ മാർക്ക് കുറഞ്ഞാൽ അമ്മയും അച്ഛനും വഴക്കു പറയും എന്ന ചിന്തയാണ് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്. ഈ പരീക്ഷയുടെ പേരിൽ കുട്ടിക്ക് മേൽ പരാജയഭീതി സൃഷ്ടിക്കരുത്. ജീവിതത്തിൽ വളരെ കാലം വളരെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ളവരാണ് കുട്ടികൾ അവരെ അതിനായി തയ്യാറെടുപ്പിക്കുകയാണ് ചെയ്യേണ്ടത്. അത് ഓർമ്മയിൽ വച്ച് വേണം രക്ഷിതാക്കൾ പ്രവർത്തിക്കേണ്ടത്.

  1. കുട്ടിയെ എപ്പോഴും പഠിക്കാൻ നിർബന്ധിക്കരുത്

പഠിക്ക്, പഠിക്ക് എന്ന് കുട്ടികളോട് എപ്പോഴും പറയാതിരിക്കുക. പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. കുറച്ചുനേരം പഠിച്ചു കഴിഞ്ഞാൽ അവരുമായി സംസാരിക്കുക. അവർക്ക് കുടിക്കാൻ വെള്ളമോ കഴിക്കാൻ ലഘുഭക്ഷണമോ നൽകുക. ഇതൊക്കെ കുട്ടിക്ക് പഠിക്കാനുള്ള ഊർജം പകരും. പഠന സമയം അവർക്കൊപ്പം ചെലവഴിക്കാൻ ശ്രമിക്കുക. ഇതവർക്ക് പഠിക്കാൻ പ്രചോദനവും കൂടുതൽ ആത്മവിശ്വാസം നൽകും. കുട്ടിക്ക് ഇഷ്ടമുള്ള സമയത്ത് പഠിക്കാൻ അനുവദിക്കണം. ചില കുട്ടികൾക്ക് രാത്രിയായിരിക്കും, മറ്റു ചിലർക്ക് പകൽ ആയിരിക്കും പഠിക്കാൻ ഇഷ്ടം. കുട്ടിയുടെ ഇഷ്ടം മനസ്സിലാക്കി പഠിക്കാൻ അനുവദിക്കുക.

  1. പഠന സമയത്ത് ടെലിവിഷനും മറ്റും വച്ച് കുട്ടികളുടെ ശ്രദ്ധ തടസ്സപ്പെടുത്തരുത്

കുട്ടികൾ പഠിക്കുന്ന സമയത്ത് ടെലിവിഷനും മറ്റും വച്ച് അവർക്ക് ശല്യമുണ്ടാക്കരുത്. പരീക്ഷാ സമയത്ത് കുട്ടിക്കു വേണ്ടി സമയം മാറ്റിവയ്ക്കുക. ഫോണിൽ സംസാരിക്കുന്നതും ഫോണിൽ നോക്കിയിരിക്കുന്നതും പരീക്ഷാ സമയങ്ങളിൽ കഴിവതും ഒഴിവാക്കുക. കുട്ടിയോട് പഠിക്കാൻ പറഞ്ഞിട്ട്, മാതാപിതാക്കൾ ടെലിവിഷനോ അല്ലെങ്കിൽ ഫോണിലോ നോക്കിയിരിക്കുന്നത് ശരിയായ കാര്യമല്ല. കുട്ടിക്ക് ആവശ്യമായ പിന്തുണ കൊടുക്കണം.

Read More: SSLC, Plus Two Exam 2022: പരീക്ഷ ഹാളിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Sslc Exam Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: