Kerala SSLC, Plus Two Exam 2022: എത്ര പഠിച്ചാലും പരീക്ഷാ ഹാളിൽ കയറി കഴിയുമ്പോൾ മറന്നുപോയി എന്നു പറയുന്ന കുട്ടികളുണ്ട്. പരീക്ഷയെക്കുറിച്ചുള്ള അനാവശ്യമായ പേടിയാണ് ഇതിനു കാരണം. ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക് കടക്കുകയാണ് ഇതിനുള്ള പോംവഴി. നന്നായി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല, പരീക്ഷാ ഹാളിൽ എത്തിയാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് കാര്യങ്ങൾ.
- പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തുക
പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തുക. പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുൻപ് ഹാളിലേക്ക് ഓടിയെത്തുന്ന ശീലം ഒഴിവാക്കുക. നേരത്തെ എത്തിയാൽ സമയം വൈകിയല്ലോ എന്ന ടെൻഷൻ ഒഴിവാക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനും കഴിയും.
- ചോദ്യപേപ്പർ കിട്ടിയ ഉടൻ എല്ലാം ഒന്ന് ഓടിച്ചു നോക്കുക
ചോദ്യപേപ്പർ കിട്ടിയ ഉടനെ ഉത്തരം എഴുതാതെ, എല്ലാം ഒന്ന് ഓടിച്ച് നോക്കുക. പിന്നീട്, അതിലെ നിർദേശങ്ങൾ ശരിക്ക് വായിച്ച് മനസ്സിലാക്കുക. ചിലപ്പോൾ ഒന്നിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകും. അതിൽ നിശ്ചിത എണ്ണം ചോദ്യങ്ങൾ മാത്രം എഴുതിയാൽ മതിയാകും. അങ്ങനെ ചോയ്സ് ഉള്ള ചോദ്യങ്ങളിൽ എഴുതേണ്ട എണ്ണം ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാൽ മതിയാകും.
- അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതുക
നന്നായി അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതുക. ഉത്തരം എഴുതുമ്പോൾ ചോദ്യത്തിലെ നമ്പറും ഉത്തരവും ശരിയാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനൊപ്പം സമയവും നോക്കണം. ഓരോ ചോദ്യവും സമയം അനുസരിച്ച് എഴുതി തീർക്കുക. ഇല്ലെങ്കിൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സമയം തികഞ്ഞെന്നു വരില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ഒരേ പോലെ സമയം ആവശ്യമായി വരില്ല. ഒരുവാക്കിൽ ഉത്തരം എഴുതുക, വിട്ടഭാഗം പൂരിപ്പിക്കുക എന്നിവയ്ക്കൊക്കെ അതെഴുതുന്ന സമയം ആയിരിക്കില്ല ഒരു ഖണ്ഡികയിലോ ഒരു പുറത്തിൽ കവിയാതെയോ ഉത്തരം എഴുതേണ്ടി വന്നാൽ വേണ്ടി വരുന്ന സമയം. അതനുസരിച്ച് ഓരോ ചോദ്യത്തിനും ഉത്തരമെഴുതാനുള്ള സമയം അഡ്ജസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. അറിയാവുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം എഴുതി എന്ന് ഉറപ്പുവരുത്തണം. ഓരോ ഉത്തത്തരവും എഴുതിയശേഷം അൽപ്പം സ്ഥലം വിടുന്നത് നല്ലതാണ്. പിന്നീട് ഒരു പ്രധാന പോയിന്റ് വല്ലതും ഓർമ വന്നാൽ എഴുതാൻ ഇതിലൂടെ കഴിയും.
- പരീക്ഷയ്ക്കു വേണ്ടുന്ന വസ്തുക്കൾ തലേദിവസം എടുത്തു വയ്ക്കുക
പരീക്ഷയ്ക്കു വേണ്ട പേന, പെൻസിൽ, ഹാൾ ടിക്കറ്റ് എന്നിവയൊക്കെ എന്നിവയൊക്കെ തലേ ദിവസം എടുത്തുവയ്ക്കുക. യൂണിഫോം, മാസ്ക്, സാനിറ്റൈസർ എന്നിവയും എടുത്തു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പരീക്ഷാ ദിവസം സമയം ലാഭിക്കാം. മാത്രമല്ല, എന്തെങ്കിലും മറന്നുപോയോ എന്ന ടെൻഷനും ഒഴിവാക്കാം. പരീക്ഷയ്ക്കു ഇറങ്ങുന്നതിനു മുൻപ് പരീക്ഷാ സാമഗ്രികൾ കൈവശം എടുത്തുവെന്ന് ഉറപ്പു വരുത്തുകയും വേണം.
- അനാവശ്യ ടെൻഷൻ ഒഴിവാക്കുക
പരീക്ഷ എളുപ്പമായിരിക്കുമോ, പഠിച്ചതൊക്കെ വരുമോ എന്നൊക്കെ ചിന്തിച്ച് അനാവശ്യമായി ടെൻഷൻ അടിക്കാതിരിക്കുക. ഒന്നു രണ്ടു പ്രാവശ്യം ദീർഘനിശ്വാസം എടുക്കുന്നത് ടെൻഷൻ ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും.
Read More: SSLC, Plus Two Exam 2022: പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ