/indian-express-malayalam/media/media_files/uploads/2022/03/sslc-exam1.jpg)
Kerala SSLC, Plus Two Exam 2022: എല്ലാക്ലാസുകളിലേക്കും എല്ലാ സിലബസിലും ഉള്ള പരീക്ഷ കാലമാണിത്. കോവിഡ് മൂന്നാം തരംഗവും കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെ ആണ് പരീക്ഷ എത്തുന്നത്. 2020 പരീക്ഷാക്കാലത്ത് സ്കൂളടച്ചതാണ്. പിന്നീട് കൂട്ടുകാരെയും അധ്യാപകരെയും ഒക്കെ കണ്ടത് ഇപ്പോഴാണ്. അതിനിടയിൽ പരീക്ഷയും ഇങ്ങെത്തി. പാഠഭാഗങ്ങൾ കൂടുതലും പഠിച്ചത് ഓൺലൈനിലാണ്. എസ്എസ്എൽസിക്കും പ്ലസ്ടുവിനും പൊതുപരീക്ഷയും ആണ്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് മറ്റ് കുട്ടികലെ കൂടുതൽ ഗൗരവമായി പരീക്ഷയെ കാണണെന്നും വിദ്യാർത്ഥികൾ മാത്രമല്ല, അവരുടെ രക്ഷിതാക്കളും അധ്യാപകരും ഒക്കെ കരുതുന്നുമുണ്ട്. എന്നാൽ, പരീക്ഷയെ കുറിച്ച് ആലോചിച്ച് ടെൻഷനും വേണ്ട, പേടിയും വേണ്ട. സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികളുണ്ട്.
പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളെല്ലാം പഠന തിരക്കിലാണ്. പരീക്ഷാ സമയത്ത് പഠിക്കുമ്പോൾ വിദ്യാർത്ഥികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ പാഠഭാഗങ്ങളാണ് പ്രധാനമായും പഠിക്കേണ്ടത് ഓരോ വിഷയത്തിനും പഠിക്കാൻ എത്ര സമയം നീക്കി വയ്ക്കണം, എത്ര ദിവസം കൊണ്ടാണ് പഠിച്ചു തീർക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് ഒരു ടൈംടേബിൾ ഉണ്ടാക്കണം. . പരീക്ഷയെ പേടിയോടെ ഒരിക്കലും സമീപിക്കുകയോ അമിതമായി പ്രാധാന്യം കൊടുക്കുകയോ ചെയ്യരുത്. ഇത്തരത്തിൽ വിദ്യാർത്ഥികൾ പരീക്ഷാ സമയത്ത് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് വിശദീകരിക്കുകയാണ് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. എ. നിർമ്മല.
Read More:SSLC, Plus Two Exam 2022: പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
- പരീക്ഷാ ടൈംടേബിൾ കലണ്ടറിൽ മാർക്ക് ചെയ്യുക
പരീക്ഷയുടെ ടൈംടേബിൾ കലണ്ടറിൽ മാർക്ക് ചെയ്യുകയാണ് വിദ്യാർത്ഥികൾ ആദ്യം ചെയ്യേണ്ടത്. ഓരോ വിഷയത്തിനും എത്ര ദിവസമാണ് കിട്ടുക എന്നത് കണക്കുകൂട്ടി വേണം ടൈംടേബിൾ മാർക്ക് ചെയ്യേണ്ടത്. ഇനി വളരെ കുറച്ച് ദിവസങ്ങളേ ഉള്ളൂ. ഇങ്ങനെ മാർക്ക് ചെയ്യുന്നതിലൂടെ ഒരു വിഷയത്തിന് ഇത്ര ദിവസമേ കിട്ടൂവെന്നത് സംബന്ധിച്ച ഏകദേശ ധാരണ കിട്ടും. അത് കണക്കാക്കി പാഠഭാഗങ്ങൾ പഠിച്ചു തീർക്കാൻ സാധിക്കും.
- ഒറ്റയിരുപ്പിന് മണിക്കൂറുകളോളം ഇരുന്ന് പഠിക്കരുത്
പഠിക്കാൻ ഒരുപാട് ഉണ്ടല്ലോ എന്നു ചിന്തിച്ച് മണിക്കൂറുകളോളം ഒറ്റയിരുപ്പിന് ഇരുന്ന് പഠിക്കരുത്. ഇങ്ങനെ ചെയ്യുന്നത് പഠിച്ചത് കൂടി മറക്കാൻ ഇടവരുത്തും. അരമണിക്കൂറോ ഒരു മണിക്കൂറോ പഠിച്ചശേഷം 10 മിനിറ്റ് നേരം വിശ്രമിക്കുക. ഈ സമയം മനസിന് ശാന്തതയേകുന്ന കാര്യങ്ങൾ വേണമെങ്കിൽ ചെയ്യാം. അല്ലെങ്കിൽ വീടിനകത്തോ പുറത്തുകൂടിയോ ഒന്നു നടക്കാം. അതിനുശേഷം വീണ്ടും പഠിക്കാനിരിക്കുക. അപ്പോൾ ശരീരത്തിന് ഒരു ഉണർവ്വ് തോന്നും. ഇതിലൂടെ പഠിക്കുന്നത് പെട്ടെന്ന് ഓർമ്മയിൽ പതിയും.
- പഴയ ചോദ്യപേപ്പറുകൾ നോക്കുക
പഴയ ചോദ്യപേപ്പറുകൾ നോക്കുന്നത് ചോദ്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ കിട്ടുന്നതിന് സഹായിക്കും. ഇതിലൂടെ ഏതൊക്കെ ചാപ്റ്ററിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുകയെന്നത് സംബന്ധിച്ച ധാരണ കിട്ടും. മാത്രമല്ല, ചോദ്യങ്ങൾ വരുമെന്ന് കുട്ടികൾ പ്രതീക്ഷിക്കാത്ത പാഠഭാഗങ്ങളും ഇതിലൂടെ കണ്ടെത്തി പഠിക്കാനാകും.
- പരീക്ഷാ പേടി വേണ്ട
പരീക്ഷയെ ഒരിക്കലും പേടിയോടെ സമീപിക്കരുത്. പരീക്ഷയെ പേടിക്കേണ്ട കാര്യമില്ല. പേടി തോന്നിയാൽ പഠിച്ചതെല്ലാം മറന്നുപോകും. ഓരോ പാഠഭാഗങ്ങളും മനസിരുത്തി പഠിക്കുക. പഠിച്ച ഭാഗങ്ങൾ പിറ്റേ ദിവസവും വീണ്ടും പഠിക്കുക. ഇങ്ങനെ ആവർത്തിച്ച് പഠിക്കുന്നത് ഓർമ്മയിൽ തങ്ങിനിൽക്കാൻ സഹായിക്കും. പരീക്ഷയ്ക്ക് ഞാൻ തയ്യാറെടുത്തുവെന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഇത് പരീക്ഷാ പേടി മറികടക്കാൻ സഹായിക്കും. ശുഭാപ്തി വിശ്വാസം വേണം. ഞാനൊന്നും പഠിച്ചില്ലല്ലോ എന്ന ചിന്ത വേണ്ട. ആ ചിന്ത ഒഴിവാക്കി, ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷ എഴുതുക.
- സമയബന്ധിതമായി പരീക്ഷ എഴുതണം
പരീക്ഷ എഴുതി കഴിയുമ്പോൾ മിക്ക കുട്ടികളും പരാതിപ്പെടുന്ന ഒരു കാര്യമുണ്ട്. എനിക്ക് ഉത്തരമെല്ലാം അറിയാമായിരുന്നു, പക്ഷേ എഴുതാൻ സമയം കിട്ടിയില്ല. ഈ പരാതി പറയാൻ ഇടവരുത്താതിരിക്കുക. അതിനു ചെയ്യേണ്ടത് ഓരോ ചോദ്യത്തിനും ഉത്തരം എഴുതാൻ എത്ര സമയമാണ് വേണ്ടതെന്ന മുൻധാരണ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് മൂന്നു മണിക്കൂർ പരീക്ഷയാണെങ്കിൽ അര മണിക്കൂറിനുള്ളിൽ ഇത്ര ചോദ്യത്തിന് ഉത്തരം എഴുതി തീർക്കണം എന്നത് നേരത്തെ തീരുമാനിക്കണം. ചോദ്യങ്ങളുടെ മാർക്കിന് അനുസരിച്ചായിരിക്കണം സമയം കണക്കുകൂട്ടേണ്ടത്. ഒരു മാർക്കിന്റെ ചോദ്യമാണെങ്കിൽ ഉത്തരമെഴുതാൻ ഇത്ര സമയം അഞ്ചു മാർക്കിന്റേതാണെങ്കിൽ ഇത്ര സമയം എന്ന രീതിയിലാവണം കണക്കു കൂട്ടേണ്ടത്. ചില ചോദ്യങ്ങൾ അറിയാവുന്നതായിരിക്കും, അതിന് വളരെ കുറച്ച് സമയം മതിയാകും. മറ്റു ചില ചോദ്യങ്ങൾക്ക് കുറച്ചുനേരം ചിന്തിക്കേണ്ടതായി വരും. അതിന് കുറച്ചു കൂടുതൽ സമയമെടുക്കും. ഇതും കൂടി ആലോചിച്ചുവേണം സമയം കണക്കുകൂട്ടാൻ. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം സമയബന്ധിതമായി എഴുതി തീർക്കാൻ കഴിയും.
Read More: SSLC, Plus Two Exam 2022: പരീക്ഷ ഹാളിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.