/indian-express-malayalam/media/media_files/uploads/2021/05/sslc.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയം ഈ മാസം അവസാനത്തോടെ തുടങ്ങിയേക്കും. ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനത്തിന് അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിർണയം ആരംഭിക്കുക. ആദ്യം തീരുമാനിച്ച ദിവസത്തിൽ നിന്നും ഏകദേശം പത്ത് ദിവസം വൈകിയായിരിക്കും ഉത്തരക്കടലാസ് മൂല്യനിർണയം ആരംഭിക്കുകയെന്നാണ് അനൗദ്യോഗിക വിവരം.
മൂല്യ നിർണയം സംബന്ധിച്ച തീരുമാനം 21 നോ 23 നോ ഉണ്ടാകുമെന്നാണ് കരുതുന്നത്. രോഗ വ്യാപന തോത് അനുസരിച്ചായിരിക്കും ഈ തീരുമാനം സ്വീകരിക്കുകയെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അനൗദ്യോഗികമായ സൂചന.
നേരത്തെ ഈ മാസം 14 ഓടു കൂടി ആരംഭിക്കാമെന്ന് ആലോചന ഉണ്ടായിരുന്നുവങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ അതി തീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. പത്താംക്ലാസിലെ ഐടി പരീക്ഷ കൂടി ഇനി പൂർത്തിയാകാനുണ്ട്. അതിനിടയിലാണ് എട്ടാം തീയതി മുതൽ ലോക്ക്ഡൗൺ ആരംഭിച്ചത്. ആ ലോക്ക്ഡൗൺ 16 വരെ ഉള്ളതിനാൽ അതിന് ശേഷം മൂല്യനിർണയം ആരംഭിക്കാമെന്നാണ് ആലോചിച്ചിരുന്നത്.
Read More: കോവിഡ്: ജൂണിലെ എല്ലാ പരീക്ഷകളും മാറ്റിയെന്ന് പിഎസ്‌സി
എന്നാൽ, രോഗവ്യാപനത്തിൽ ശമനമുണ്ടാകാത്ത സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ വീണ്ടും ഒരാഴ്ച കൂടെ നീട്ടി. ഈ സാഹചര്യത്തിൽ ഉത്തരക്കടലാസ് മൂല്യനിർണയവും നീട്ടി വയ്ക്കേണ്ടി വന്നു. നിലവിൽ ഈ മാസം 23 വരെയാണ് സംസ്ഥാനത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാപനത്തിലെ തോത് അനുസരിച്ച് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകർക്ക് അത് സംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്. മൂല്യ നിർണയം ആരംഭിക്കുന്ന തീയതി പിന്നാലെ അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി അധ്യാപകർക്ക് ഇത്തവണ ഒട്ടേറെ മറ്റ് ജോലികൾ കൂടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ വിനിയോഗിക്കുന്നുണ്ട്. ഇതിന് പുറമെ രണ്ട് തിരഞ്ഞെടുപ്പ് ജോലിക്കും അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിരുന്നു. എല്ലാ ക്ലാസകളിലേക്കും വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അധ്യാപകർ അവർക്ക് ചുമതലയുള്ള ക്ലാസുകളിലെ കുട്ടികളുമായി അവരുടെ വിഷയവുമായും ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കാനും മാർഗ നിർദേശം നൽകാനുമുള്ള ഉത്തരവാദിത്തവും നൽകിയിരുന്നു.
ഇത്തരം ചുമതലകൾ കൂടുതലായതിനാലും കോവിഡ് രോഗ വ്യാപന സാഹചര്യത്തിലും കേന്ദ്രീകൃത മൂല്യനിർണയം സംബന്ധിച്ച് ചില ആശങ്കകൾ ആദ്യം ഉയർന്നുവെങ്കിലും കഴിഞ്ഞ തവണ ചെയ്തതതുപോലെ മൂല്യനിർണയം നടപ്പാക്കാമെന്നാണ് അധികൃതർ കരുതുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.