/indian-express-malayalam/media/media_files/uploads/2021/11/vivek-fi.jpg)
ഞാന്‍ താര അനൂപ്, സെയിന്റ് പിക്ക്നിക്ക് എവരിഡേ ബര്‍ത്ത്ഡേ ചോക്ക്ലേറ്റ് കോണ്‍വെന്റിലാണ് പഠിക്കുന്നത്! ഹ ഹ ഹാ പറ്റിച്ചേ, വെറുതെ പറഞ്ഞതാട്ടൊ. ആ ബസ് സ്റ്റോപ്പിനടുത്തുള്ള ഐസ്-ക്രീം ഷോപ്പില്ലേ? അതിന്റെ തൊട്ടുള്ള കിഡ്സീ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ സീനിയര്‍ കെ ജി യിലാണ് ശരിക്കും താരമോള് പഠിക്കുന്നത്. പക്ഷെ ഇപ്പൊ ഹൻഡ്രഡ് ഡെയ്സ് ആയി മോള് സ്ക്കൂളില്‍ പോയിട്ട്, കൊറോണയല്ലേ? മോള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാത്തോണ്ട് ആന്‍സി ടീച്ചര്‍ എന്നും രാവിലെ മമ്മയുടെ ടാബ്ലറ്റില്‍ വരും, എന്നിട്ട് പഠിപ്പിക്കും. അതത്ര കുഴപ്പമില്ല. ചില ദിവസം ചോദ്യം ചോദിക്കും, അത് മോള്‍ക്ക് അത്രയ്ക്ക് ഇഷ്ടല്ല.
പിന്നെയുണ്ടല്ലോ, ഈ പപ്പയും മമ്മയും ഹൻഡ്രഡ് ഡെയ്സ് ആയി ഓഫീസില്‍ പോയിട്ട്. ആദ്യം കുറച്ചുദിവസം ഫ്ലാറ്റില്‍ തന്നെയിരുന്ന് ലാപ്‌ടോപ്പിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. അന്നേരമൊക്കെ മോള്‍ക്ക് ബോറടിക്കും. മോള്‍ടെ ബോറടി മാറ്റാനാണ് പപ്പയും മമ്മയും മോളെ ഈ റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ, ഇവിടെ വന്നിട്ടും പപ്പയും മമ്മയും എപ്പോഴും ലാപ്ടോപ്പില്‍ നോക്കി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.
ശ്ശ്... ഒരു സീക്രറ്റ് പറയട്ടെ? മോള്‍ക്കീ റിസോര്‍ട്ട് ഒട്ടും ഇഷ്ടായില്ല, ഫ്ലാറ്റ് തന്നെയിരുന്നു നല്ലത്. ഇവിടെ മുറിയുടെ പുറത്ത് തനിച്ച് പോകാന്‍ പറ്റില്ല, ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ പോലും മാസ്ക് ഇടണം. ഇടയ്ക്ക് എപ്പോഴെങ്കിലും ആണ് പപ്പ പ്ലേസോണില്‍ കൊണ്ടുപോകുക. ഇവിടെ വന്ന് ആദ്യത്തെ രണ്ട് ദിവസം പപ്പയും മമ്മയും കൂടി മോളെ കളിക്കാനായി സ്വിമ്മിംഗ് പൂളിലൊക്കെ കൊണ്ടുപോയിരുന്നു, പിന്നെ മമ്മ ബിസി ആയി. അന്നേരം പപ്പയ്ക്കും മീറ്റിങ്ങുകള്‍ തുടങ്ങി. പിന്നെ മോള് പൂള്‍ കണ്ടിട്ടില്ല. ഇതൊക്കെ പോട്ടെ, ഏറ്റവും പ്രശ്നം എന്താന്നറിയ്യോ? ഇവിടത്തെ ടിവിയില്‍ റോമ ആന്‍ഡ് ഡയാനയുടെ വീഡിയോസ് ഇല്ല, ആകെ ലിറ്റില്‍-സിംഗം മാത്രേയുള്ളൂ. മോള്‍ക്ക് മടുത്തു !
പിന്നെയുണ്ടല്ലോ, ഒരു വലിയ കാടിന്റെ തൊട്ടരികിലാണ് ഈ റിസോര്‍ട്ട്. കാട്ടിലേക്ക് തുറക്കുന്ന ജനലുള്ള മുറിയിലാണ് താരമോളും പപ്പയും മമ്മയും താമസിക്കുന്നത്. ഇവിടെ നിന്നും കാട്ടിലേക്ക് കുറച്ച് നടന്നാല്‍ ഒരു അരുവിയുണ്ടത്രേ. മോള് കണ്ടിട്ടില്ല, റിസോര്‍ട്ടിലെ പ്ലേസോണില്‍ സെക്യുരിറ്റിയായി നില്‍ക്കുന്ന കുഞ്ഞുണ്ണിയപ്പൂപ്പന്‍ പപ്പയോട് പറയുന്നത് കേട്ടതാണ്.
ഉം നേരാവും, മോള് രാത്രിയില്‍ കണ്ണടച്ച് ഉറക്കം വരാതെ കിടക്കുമ്പൊ അരുവിയിലെ വെള്ളം ഇളകുന്നത് കേള്‍ക്കാറുണ്ട്. കലമാനോ ചെന്നായയോ ദാഹിച്ച് വന്നു വെള്ളം കുടിക്കുന്നതാവും. ഇനി ചിലപ്പോ കടുവയായിരിക്കുമോ? അതോര്‍ക്കുമ്പൊ തന്നെ മോള്‍ക്ക് പേടിയാവും, കരച്ചില്‍ വരും. മമ്മത്തലയിണയും കെട്ടിപ്പിടിച്ച് പിന്നെ വേഗം ഉറങ്ങിപ്പോകും. മമ്മ അപ്പോഴൊക്കെ ലാപ്ടോപ്പില്‍ കോളില്‍ ആയിരിക്കും. ഗുഡ്നൈറ്റ് കിസ്സ് തന്നാല്‍ പപ്പ പോയി രാത്രിയൊക്കെ ടിവിയില്‍ ഫുട്ബോള്‍ കണ്ടിരിക്കും. എന്നും ഒറ്റയ്ക്കാണ് മോള് ഉറങ്ങാറ്.
/indian-express-malayalam/media/media_files/uploads/2021/11/vivek-1.jpg)
വേറൊരു സീക്രറ്റ് പറയട്ടെ? ഇത് ആരോടും പറയരുത് ട്ടോ, പ്രോമിസ് ? ഇന്നലെയുണ്ടല്ലോ താരമോള് ബെഡ്ഡില്‍ കിടന്ന് ആക്ടിവിറ്റി ബുക്കിലെ ജംബോ ആനയുടെ ചിത്രത്തിന് പിങ്ക് കളര്‍ കൊടുക്കുകയായിരുന്നു. അപ്പൊ അതാ പുറത്ത് നിന്ന് നല്ല ഉറക്കെ ‘പ്ദും’ ന്നൊരു ശബ്ദം. മോള് ഞെട്ടി കരഞ്ഞുകൊണ്ട് മമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.
പേടിച്ച് വിളറിയ മോള്‍ടെ മുഖം കണ്ടതും മമ്മ വേഗം ലാപ്ടോപ്പ് അടച്ച് മോളെ എടുത്ത് മടിയിലിരുത്തി ചേര്‍ത്ത് പിടിച്ചു, പിന്നെ ടീപ്പോയില്‍ ഇരിക്കുന്ന ഫോണ്‍ കൈയ്യെത്തിയെടുത്തിട്ട് റിസപ്ഷനിലേക്ക് വിളിച്ചു, “ഹലോ, കിടപ്പുമുറിയുടെ അരികിലെ വളപ്പില്‍ നിന്നും ഏതാണ്ട് ശബ്ദം കേള്‍ക്കുന്നുണ്ട്, കുഞ്ഞാകെ പേടിച്ചുപോയി. ഒന്ന് വന്നു നോക്കാമോ?”
അപ്പോഴേക്കും ആ ശബ്ദം ഇഴഞ്ഞിഴഞ്ഞിങ്ങ് അടുത്തേത്തി. മോള് മമ്മയെ ഇറുക്കിപ്പിടിച്ചു.
"അയ്യോ അത് പേടിക്കാനൊന്നുമില്ല, ആ വളപ്പിലൂടെ ഒരു ‘ആനത്താര’ പോകുന്നുണ്ട് മാഡം. അതിലൂടെ ആനക്കൂട്ടം വെള്ളം കുടിക്കാന്‍ പോകുന്നതിന്റെയാ.”
അത് കേട്ടപ്പോള്‍ മമ്മ പുഞ്ചിരിച്ചുകൊണ്ട് ഗുഡ്നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചു. അങ്ങനെ ചിരിക്കാനായി റിസപ്ഷനിലെ മാമന്‍ എന്താ പറഞ്ഞത് എന്നറിയാന്‍ മോള് മമ്മയുടെ കണ്ണിലേക്ക് അത്ഭുതത്തോടെ നോക്കി. മമ്മ മോളെയന്നേരം കോരിയെടുത്ത് ബെഡ്റൂമിലേക്ക് നടന്നു. അവിടെ അഴിയില്ലാത്ത വലിയ ജനല്‍ തുറന്ന് ഇരുട്ടിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“ആണ്ടവിടെ കണ്ടോ? മരങ്ങളുടെ പിന്നിലൂടെ നിലാവെളിച്ചത്തില്‍ കാണുന്ന ഒരു നടവഴി. അതിലെയാണ് കാട്ടിലുള്ള ആനകള്‍ വെള്ളം കുടിക്കാനായി മലയിറങ്ങി വരുന്നത്. ആനക്കൂട്ടം കരിയില ചവിട്ടിമെതിച്ച് നടന്നുപോകുന്നതിന്റെ ശബ്ദമാ നമ്മളീ കേട്ടത്.”
മോള്‍ക്ക് സത്യത്തില്‍ അത് കേട്ടപ്പോള്‍ കൂടുതല്‍ പേടിയായി, മമ്മയോട് പരമാവധി ചേര്‍ന്നുനിന്നുകൊണ്ട് ഇരുട്ടിലേക്ക് നോക്കി, ശരിയാണ് ഇപ്പോഴും ആ വഴിയിലൂടെ കരിയിലകള്‍ പറത്തിക്കൊണ്ട് എന്തോ അനങ്ങിയനങ്ങി പോകുന്നുണ്ട്.
"ഒന്നൂല്ലെടാ, ആനകള്‍ എപ്പോഴും നടക്കുന്ന വഴിയാണേയ്. അതതിലേ നടന്നു പൊയ്ക്കോളും, ഇങ്ങോട്ടൊന്നും വരില്ല ട്ടൊ.”
“പ്രോമിസ്?”
“പിങ്കി പ്രോമിസ്! പിന്നേയ്, ഈ ആനക്കൂട്ടം ഇങ്ങനെ എപ്പോഴും നടക്കുന്ന വഴിക്കൊരു പേരുണ്ട്, എന്താന്നറിയ്യോ?”
“ഫോറസ്റ്റ് !”
മമ്മ ചിരിച്ചുകൊണ്ട് എന്നെ ഇക്കിളിപ്പെടുത്തി, "ആനത്താര!”
/indian-express-malayalam/media/media_files/uploads/2021/11/vivek-2.jpg)
മോള്‍ക്കത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ഇന്ന് രാത്രി ഇമക്കുട്ടി വീഡിയോ കോളില്‍ വരുമ്പോ പറയണം, താരമോള്‍ടെ പേരില്‍ ഇവിടെ ഒരു വഴി തന്നെ ഉണ്ടെന്ന്, ഞെട്ടട്ടെ. ആ അത് പറഞ്ഞില്ലല്ലോ, ഇമക്കുട്ടി മോള്‍ടെ ബെസ്റ്റ്ഫ്രണ്ടാണ്. ഇമക്കുട്ടിയുടെ അമ്മ അശ്വതിയാന്റി മമ്മയുടെയും ബെസ്റ്റ്ഫ്രണ്ടാണ്.
മോള്‍ക്കന്നേരം മമ്മയോട് ഭയങ്കര സ്നേഹം തോന്നി, ജനലിന്റെ തിണ്ടില്‍ നിന്നുകൊണ്ട് മമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു, കവിളില്‍ ഉമ്മ കൊടുത്തു. പെട്ടന്ന് ലാപ്ടോപ്പില്‍ മമ്മയുടെ പേര് വിളിക്കുന്നത് കേട്ടു. മമ്മയെന്നെ തിടുക്കത്തില്‍ നിലത്തിറക്കി നിര്‍ത്തിയിട്ട് പരിഭ്രമത്തില്‍ ലാപ്ടോപ്പിന്റെ അടുത്തേക്ക് ഓടിപ്പോയി. മോള് തിണ്ടിലിരുന്ന് അകലെ നടന്നുപോകുന്ന ആനകളെ നോക്കി. അതില്‍ വയസ്സായ മുത്തശ്ശന്‍ ആനകള്‍ ഉണ്ടാവും, മമ്മ ആനയും പപ്പ ആനയും ഉണ്ടാവും, താരമോളെയും ഇമക്കുട്ടിയെയും പോലത്തെ ബേബി ആനകളും ഉണ്ടാവും. എല്ലാരും ഒരുമിച്ചാണ് നടക്കുന്നത്, എന്ത് രസാല്ലേ?
പെട്ടന്ന് അകലെ ആകാശത്ത് ഇടിമിന്നി, വലിയ ശബ്ദത്തോടെ കരിയിലകളില്‍ മഴത്തുള്ളികള്‍ വീണ് കിലുങ്ങിത്തുടങ്ങി. മഴയുടെ ശക്തി പെട്ടന്ന് കൂടി. ആനകള്‍ ഓടുകയാണോ? കാലടിശബ്ദം അകന്നകന്ന് പോയി. അന്നേരമുണ്ട് മുകളിലെ മരങ്ങള്‍ക്കിടയില്‍ നിന്നും എന്തോ തെന്നി കെട്ടിമറിഞ്ഞ് വീണ പോലൊരു ശബ്ദം. മോള് പേടിച്ച് തിടുക്കത്തില്‍ ജനല്‍ ചാരാന്‍ തുടങ്ങിയതാണ്. പൊടുന്നതെയൊരു വെള്ളിടിമിന്നി, ഒരുനിമിഷം ചുറ്റും പകല്‍വെളിച്ചം നിറഞ്ഞു. അപ്പോഴാണ് കാണുന്നത് മുകളില്‍ നിന്നും കരിയിലകളിലൂടെ തെന്നി ഉരുണ്ടുരുണ്ടിറങ്ങിവരുന്ന കറുത്ത പന്ത് പോലുള്ള എന്തോ ഒന്ന്. അത് ജനലിന്റെ ചുവരില്‍ വന്നിടിച്ച് വീണു. മോള് ഒത്തിരി പേടിച്ച് പതിയെ ജനലിലൂടെ കണ്ണെത്തിച്ച് നോക്കി. അന്നേരമാണ് അതിശയം, എന്താന്നറിയ്യോ ? ജംബോ ആനയെ പോലെയൊരു ക്യൂട്ട് ബേബി ആന!
/indian-express-malayalam/media/media_files/uploads/2021/11/vivek-3.jpg)
മോള് പുറത്തേക്ക് കൈ നീട്ടി, ബേബി ആന അതില്‍ തുമ്പിക്കൈ കൊണ്ട് ഇറുക്കിപ്പിടിച്ച് അകത്തേക്ക് കയറിവന്നു. അകത്തെത്തിയതും ഫാനിന്റെ തണുപ്പില്‍ അത് നിന്ന് വിറക്കാന്‍ തുടങ്ങി. മോള് വേഗം ഓടിച്ചെന്ന് ഫാന്‍ ഓഫ് ചെയ്തു. അന്നേരമുണ്ടല്ലോ പാവം അത് കണ്ണ് നിറഞ്ഞുകൊണ്ട് മോളുടെ മുഖത്തേക്ക് തന്നെ കൗതുകത്തോടെ നോക്കി നില്‍ക്കുവാ.
“താര അനൂപ്. സീനിയര്‍ കെ ജി കിഡ്സീ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ്.”
മോള് ഷേക്ക്ഹാന്‍ഡ് കൊടുക്കാനായി കൈ നീട്ടി, അങ്ങനെ ചെയ്യണം എന്ന് ലാലി ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ബേബി ആന മോളെ പേടിയോടെ നോക്കിനിന്നതെയുള്ളൂ. പിന്നെ പതിയെ അത് വിങ്ങി കരഞ്ഞുതുടങ്ങി.
“അയ്യോ കരയണ്ടാ.”
അവന്‍ കാലിന്റെ മുട്ടില്‍ പൊടിഞ്ഞ ചോര കാണിച്ചു തന്നു. ശോ, നീറുന്നുണ്ടാവും പാവത്തിന്. മോള് പതിയെ ബേബി ആനേനെ വാഷ്‌റൂമിലേക്ക് നടത്തിച്ച് കൊണ്ടുപോയി കാല്‍മുട്ട് കഴുകി കൊടുത്തു. അന്നേരം അവിടെ ഇരുന്ന ഡക്കിന്റെ ഷേയ്പിലുള്ള മോളുടെ ബേബി സോപ്പ് കണ്ട് അത് കൗതുകത്തോടെ അതിന്റെ അടുത്ത് ചെന്ന് നോക്കി. പിന്നെ അത് കുസൃതിയോടെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.
"താര” മോള് വീണ്ടും കൈ നീട്ടിക്കാണിച്ചു.
“അപ്പു” അവന്‍ കുഞ്ഞുത്തുമ്പിക്കൈ നീട്ടി മോള്‍ടെ കൈയ്യില്‍ തൊട്ടു. മോള്‍ക്കാ പേര് ഇഷ്ടായി.
“അപ്പു രാത്രി എന്തെങ്കിലും കഴിച്ചായിരുന്നോ ?”
“ല്ല”
“നിനക്ക് വിശക്കുന്നുണ്ടോ ?”
“ഉം”
“അതിന് പക്ഷെ ഈ രാത്രി തെങ്ങിന്റെ പട്ട എവിടുന്നാ കിട്ടുക ? എലിഫന്റ്സ് ഒക്കെ പട്ടയല്ലേ തിന്നുക?”
“അത് വലിയ ആനകള്‍. ബേബീസ് ഒക്കെ ഐസ്ക്രീമാ കഴിക്കുക,” അപ്പു കുസൃതിയോടെ ചിരിച്ചു.
എനിക്കും ചിരി വന്നു. ഇവിടെ ഫ്രിഡ്ജില്‍ ഐസ്ക്രീം വെക്കാറില്ല. മോള് കുറച്ച് നോട്ടി ആയതോണ്ട് എപ്പോഴും ഐസ് ക്രീം വേണം എന്ന് വാശിപിടിക്കും, അതുകൊണ്ടാ. പക്ഷേ, ചിലപ്പോഴൊക്കെ മമ്മയോട് ചോദിച്ചാല്‍ നല്ല മൂഡില്‍ ആണെങ്കില്‍ റിസപ്ഷനില്‍ വിളിച്ച് വരുത്തിച്ച് തരും.
/indian-express-malayalam/media/media_files/uploads/2021/11/vivek-4.jpg)
“നോക്കട്ടെ ട്ടോ, മമ്മ സമ്മതിക്കുമോന്നറിയില്ല. നീ ഇവിടെ ഒളിച്ച് നിന്നോ.”
മോള് അപ്പു ആനയെ ഉരുട്ടി കട്ടിലിന്റെ അടിയിലേക്ക് കയറ്റി. ഇവനെ മമ്മയോ പപ്പയോ കണ്ടാല്‍ അതോടെ തീര്‍ന്നില്ലേ?
മോള് പതിയെ മമ്മയുടെ അടുത്തേക്ക് ചെന്നു.
“മമ്മാ, നേരത്തെ ഇടി വെട്ടിയപ്പോ മോള് ഒറ്റയ്ക്കല്ലേ ഉണ്ടായിരുന്നുള്ളൂ. അപ്പൊ നല്ലോണം പേടിയായി.” മുഖം കുറച്ച് ക്രൈ-ഫെയ്സ് ആക്കി മമ്മയെ നോക്കി നിന്നു.
“അതിന്?”
“ചിലപ്പോ ഒരു ഐസ്ക്രീം കഴിച്ചാല്‍ പേടി മാറും.”
മമ്മയ്ക്ക് ചിരി പൊട്ടി. മമ്മ അടുത്തേക്ക് ചേര്‍ത്ത് പിടിച്ച് മുടി വിരലുകൊണ്ട് വകഞ്ഞു.
“സ്ട്രോബറി മതിയോ?” മമ്മ ഓര്‍ഡര്‍ കൊടുക്കാന്‍ ഫോണ്‍ കൈയ്യിലെടുത്തു.
അയ്യോ, അപ്പു ആനയോട് ഇഷ്ടമുള്ള ഫ്ലേവര്‍ ചോദിക്കാന്‍ വിട്ടുപോയി. സാരല്ല, വാനില പറയാം. വാനില ഒരുവിധം എല്ലാര്‍ക്കും ഇഷ്ടാവും.
“ഐസ്ക്രീം വന്നാല്‍ ഉടുപ്പിലോന്നും ആക്കാതെ അത് കഴിക്കുന്നു, ബ്രഷ് ചെയ്യുന്നു, ഉറങ്ങാന്‍ കിടക്കുന്നു. ഓക്കെ ആണോ?”
“ഡണ്‍,” മോള് തംസപ്പ് കാണിച്ചു. മമ്മ മോള്‍ടെ വിരലുകളില്‍ ഉമ്മവെച്ചു.
കുറച്ചധികം നേരം കാത്തിരുന്നിട്ടാണ് കോളിങ് ബെല്‍ കേട്ടത്. ട്രേയില്‍ ഒരു വലിയ സ്കൂപ്പ് ഐസ്ക്രീമുമായി എന്നും ഡിന്നര്‍ കൊണ്ട് തരുന്ന മാമന്‍ അകത്തേക്ക് കയറി. മമ്മയെ നോക്കി തലയാട്ടി അയാള്‍ ബെഡ്റൂമിലേക്ക് വന്ന് ബെഡ്ഡിനരികിലെ ടീപ്പോയില്‍ ട്രേ വെച്ചു. എന്നിട്ട് മോളോട് ‘ഹായ്’ പറഞ്ഞിട്ട് തിടുക്കത്തില്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയതും കൈതട്ടി അടുത്തിരുന്ന ഫ്ലവര്‍ വേസ് നിലത്ത് വീണ് ചിന്നി.
മാമന്‍ തിടുക്കത്തില്‍ കുനിഞ്ഞിരുന്ന് കട്ടിലിന്റെ അരികില്‍ വീണ ചില്ല് കഷ്ണങ്ങള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി. കട്ടിലിന്റെ അടിയിലേക്കും ഒന്നുരണ്ട് ചീളുകള്‍ തെറിച്ച് പോയിരുന്നു. അത് തപ്പിയെടുക്കാന്‍ മാമന്‍ കട്ടിലിനടിയിലേക്ക് നൂണ് കയറിയതും മോളുടെ നെഞ്ച് പടപടാ മിടിക്കാന്‍ തുടങ്ങി. പിന്നെ പേടിയാവില്ലേ, അപ്പു ആന അവിടെയല്ലേ ഒളിച്ചിരിക്കുന്നത്? അവനെയീ മാമനെങ്ങാനും കണ്ടാല്‍ അടുത്ത നിമിഷം മമ്മ അറിയും, പപ്പ അറിയും, ആകെ പ്രശ്നാവും.
പക്ഷെ, മാമന്‍ പെറുക്കി കൂട്ടിയ ചീലുകളുമായി പുറത്തേക്ക് വന്ന് ഒന്നും മിണ്ടാതെ നടന്നുപോയി. മോള്‍ക്കത് കണ്ടിട്ട് വിശ്വാസം വന്നില്ല, ഏ? മാമന്‍ അപ്പുവിനെ കണ്ടില്ലേ? മോള് തിടുക്കത്തില്‍ കട്ടിലിന്റെ അടിയിലേക്ക് കുനിഞ്ഞുകയറി. അയ്യോ അപ്പു ആന എവിടെ? ഇവിടെ കാണാനില്ലല്ലോ!
മോള്‍ക്ക് പൊടുന്നനെ കരച്ചില്‍ വന്നു. അവനുവേണ്ടിയല്ലേ ഈ ഐസ് ക്രീം ഒക്കെ വരുത്തിച്ചത്, ഒന്ന് കളിച്ചത് കൂടിയില്ല, അപ്പോഴേക്കും തിരിച്ചുപോയോ? ഇനി പോകുന്നെങ്കില്‍ അവനൊന്ന് പറഞ്ഞിട്ട് പോകായിരുന്നില്ലേ? ഇനി ഇതൊക്കെ മോള്‍ക്ക് തോന്നിയതാണോ? മോള് കട്ടിലില്‍ കമിഴ്ന്നു കിടന്നു കരഞ്ഞു. അന്നേരം ക്ലോത്ത് ബാസ്ക്കറ്റ് വെച്ച ഇടത്ത് നിന്നും ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോ അതാ ബാസ്ക്കറ്റിലെ കഴുകാനിട്ട തുണികള്‍ക്ക് ഇടയില്‍ നിന്നും അപ്പുവിന്റെ തല ഉയര്‍ന്നുവരുന്നു. എടാ മിടുക്കാ!
/indian-express-malayalam/media/media_files/uploads/2021/11/vivek-5.jpg)
Read More: വിവേക് ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
"കട്ടിലിന്റെ അടിയില്‍ ശ്വാസം കിട്ടിയില്ല,” കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു. മോള് സന്തോഷത്തോടെ ഓടിച്ചെന്ന് അപ്പുവിനെ കെട്ടിപ്പിടിച്ചു, കൈപിടിച്ച് അവനെ പുറത്തേക്കിറക്കി. പിന്നെ ഐസ്ക്രീം ട്രേ അവന്റെ അടുത്തേക്ക് നീക്കി വെച്ചുകൊടുത്തു. അവന്‍ കൊതിയോടെ തുമ്പിക്കൈയില്‍ സ്പൂണ്‍ പിടിച്ച് അത് മുഴുവന്‍ കഴിച്ചുതീര്‍ത്തു. മോള്‍ക്കത് കണ്ടപ്പോ വലിയ സന്തോഷം തോന്നി.
"താരാ, നേരായി ട്ടൊ. കിടക്കാന്‍ നോക്ക്...” അന്നേരം പപ്പ ടീവിയില്‍ നിന്നും തലയുയര്‍ത്തി വിളിച്ചുപറഞ്ഞു.
"കിടന്നു പപ്പാ...”
മമ്മ മൊബൈലില്‍ ലുല്ലബി പ്ലേ-ലിസ്റ്റ് സെലക്ട് ചെയ്തു, പിന്നെ മുറിയിലെ വെളിച്ചം ഡിം ചെയ്തു. കഴുത്ത് വരെ പുതച്ചാണ് മോള് ഉറങ്ങാറ്. അപ്പുവിന് തണുക്കുന്നുണ്ട് എന്ന് തോന്നിയപ്പോള്‍ മോള് പുതപ്പ് ഷെയര്‍ ചെയ്തു. ഷെയറിങ് ഈസ് കെയറിങ്!
“അപ്പു, നിനക്കറിയ്യോ? ഇന്ന് പപ്പയും മമ്മയും ഗുഡ്നൈറ്റ് കിസ്സ് തരാന്‍ മറന്നുപോയി.”
മോള്‍ടെ കണ്ണ് നിറഞ്ഞുവന്നു. അപ്പു തുമ്പിക്കൈ കൊണ്ട് മോള്‍ടെ നെറ്റിയില്‍ തൊട്ടു.
“അപ്പു, നിന്റെ പപ്പ നിന്റെ കൂടെ കളിക്കുമോ?”
“അറിയില്ല, ഞാനുണ്ടായപ്പോഴേക്കും പപ്പ കുഴിയില്‍ വീണു.”
“കുഴിയിലോ?”
“ആ, എന്റെ മമ്മ അങ്ങനെയാ പറയുക. ഈ കാട്ടിലൊക്കെ നെറയെ കുഴികള്‍ ഉണ്ടാവും. അറിയാതെ അതില്‍ വീണാല്‍ തൂക്കിയെടുത്ത് വണ്ടിയില്‍ സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നിട്ട് സര്‍ക്കസ്സില്‍ ചേര്‍ക്കും, പിന്നെ കാട്ടിലേക്ക് വരാനോ അപ്പൂനെ കാണാനോ ഒന്നും പറ്റില്ല.”
“അയ്യോ,” മോള്‍ക്ക് കരച്ചില്‍ വന്നു.
“അത് സാരല്ല, എനിക്ക് മമ്മയുണ്ടല്ലോ. മമ്മയാണ് കാട്ടിലെ ആനക്കൂട്ടത്തിന്റെ ഏറ്റവും മുന്നില്‍ വടിയും പിടിച്ച് നടക്കുക. അങ്ങനെ നടക്കുമ്പോള്‍ മുന്നില്‍ കുഴിയുണ്ടെങ്കില്‍ മമ്മയ്ക്കത് പെട്ടന്ന് മനസ്സിലാവും. അന്നേരംതന്നെ തിരിഞ്ഞുനിന്ന് ആ വഴി മാറി നടക്കാന്‍ പിന്നില്‍വരുന്ന എല്ലാ ആനകളോടും പറയും.”
“എന്നിട്ട് നീ ഉരുണ്ടുവീണത് മമ്മ അറിഞ്ഞിട്ടുണ്ടാവുമോ?”
“ഉണ്ടാവില്ല, അറിഞ്ഞിരുന്നെങ്കില്‍ തപ്പി വന്നുകഴിഞ്ഞിട്ടുണ്ടാവും.”
അപ്പുവിന്റെയും കണ്ണ് നിറഞ്ഞു, അവന് മമ്മയെ ഓര്‍മ്മ വന്നിരിക്കണം. മോള് അപ്പുവിന്റെ നെറ്റിയില്‍ ഉമ്മവെച്ചു. പിന്നെ മമ്മ മുടിചീകാറുള്ള കോമ്പ് എടുത്ത്കൊണ്ടുവന്ന് അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി ചീകിക്കൊടുത്തു.
പെട്ടന്ന് വാതിലില്‍ ഒരു ഞരക്കം കേട്ടു. പ്ലേസോണില്‍ സെക്യുരിറ്റിയായി നില്‍ക്കുന്ന കുഞ്ഞുണ്ണിയപ്പൂപ്പന്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കാനുള്ള വാട്ടറിംഗ് കാനുമായി ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറിവന്നു. ബെഡ്റൂമിന്റെ ബാല്‍ക്കണിയിലെ ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ വന്നതാവും. എന്നാല്‍ അപ്പുപ്പന്‍ അകത്തേക്ക് കയറിയ നേരംകൊണ്ട് അപ്പു ആനയെ കട്ടിലിനടിയില്‍ ഒളിപ്പിക്കാന്‍ മോള്‍ക്ക് സമയം കിട്ടിയില്ലെന്നെ. അനക്കം കേട്ടപ്പോള്‍ മാമന്‍ സ്നേഹത്തോടെ മോള് കിടക്കുന്നതിന്റെ അടുത്ത് വന്നു നോക്കി. മോള്‍ടെ തൊട്ട് കിടക്കുന്ന തടിയന്‍ അപ്പു ആനയെ കണ്ട് അപ്പൂപ്പന്‍ ഞെട്ടി
“കുഞ്ഞേ ഇതാരാ?” അപ്പൂപ്പന്‍ ലൈറ്റ് ഇടാന്‍ തുടങ്ങി.
“ശ്ശ്! അത് മോള്‍ടെ ന്യൂ സോഫ്റ്റ് ടോയ് ആണ്, എലിഫന്റ് അപ്പു.”
അപ്പു അന്നേരം ജീവനില്ലാത്ത ഒരു കളിപ്പാട്ടം പോലെ അനങ്ങാതെ കിടന്നു. കുഞ്ഞുണ്ണിയപ്പൂപ്പന്‍ ഒന്നുകൂടി അവനെ സൂക്ഷിച്ച് നോക്കി. എന്നിട്ട് ചിരിച്ചു.
“അപ്പൊ കുഞ്ഞിന് ഉറങ്ങാറായില്ലേ?”
“ഫൈവ് മിനുട്ട്സ്," മോളും ചിരിച്ചു.
കുഞ്ഞുണ്ണിയപ്പൂപ്പന്‍ സാവധാനം വെള്ളം നനച്ച് ബാല്‍ക്കണി ഡോര്‍ അടച്ച് തിരിഞ്ഞുനടന്നു. വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഒരു നിമിഷം നിന്നു, എന്നിട്ട് മോള്‍ടെ അരികിലേക്ക് വന്നു.
“കുഞ്ഞേ?”
“അതിന് താരമോളുറങ്ങി” മോള് കുസൃതിയോടെ കണ്ണടച്ച് ചിരിച്ചു.
“ഉറങ്ങുന്ന കുട്ടികള്‍ കാല് പൊക്കുമല്ലോ”
മോള് ചിരിച്ചുകൊണ്ട് കാല് രണ്ടും പൊക്കി. അന്നേരം അപ്പൂപ്പനും ചിരിച്ചു,
“ഒരു കാര്യം ചോദിക്കട്ടെ കുഞ്ഞേ ?”
“ഉം”
“മമ്മയെ വിട്ട് ദൂരെദൂരെ എവിടെയെങ്കിലും ഒറ്റയ്ക്ക് പോയി നില്‍ക്കേണ്ടിവന്നാല്‍ കുഞ്ഞിന് സഹിക്കുമോ?”
“ദൂരെ...ദൂരെ... എന്ന് പറഞ്ഞാല്‍ ?”
“ഒത്തിരി ദൂരെ, ഈ കാടിനുള്ളില്‍ ഒരു മലയുണ്ട്, അതിനപ്പുറം. പിന്നെ മമ്മയെയും പപ്പയും ഒന്നും കാണാനൊക്കില്ല, അത്ര ദൂരെ.”
“അയ്യോ, വേണ്ട,” അത് പറയുമ്പോഴേക്കും മോള്‍ടെ കണ്ണ് നിറഞ്ഞു കവിളിലൂടെ ഒഴുകിത്തുടങ്ങി.
“ആനക്കുഞ്ഞുങ്ങള്‍ക്കും അതുപോലാ, മമ്മയെ കാണാഞ്ഞാ സഹിക്കില്ല കുഞ്ഞേ...”
മോള് അപ്പു ആനയുടെ മുഖത്തേക്ക് നോക്കി. പാവം, അവന്‍ ജനലിലെ ഇരുട്ടിലേക്ക് നോക്കി അനങ്ങാതെ കിടക്കുകയാണ്.
“രാത്രി ഇച്ചിരികൂടി കഴിഞ്ഞാല്‍ ആനക്കൂട്ടം വെള്ളംകുടിച്ച് കാടുകയറാന്‍ മടങ്ങിവരും.”
അപ്പൂപ്പന്‍ തിടുക്കത്തില്‍ വാതില്‍ തുറന്ന് പുറത്തേക്ക് നടന്നുപോയി. അപ്പു ആന എഴുന്നേറ്റിരുന്നു.
“എനിക്ക് മമ്മയെ കാണണം.”
“പോകാം ട്ടോ...”
അന്നേരം ടീപ്പോയില്‍ വെച്ച ഒഴിഞ്ഞ ഐസ് ക്രീം ടംബ്ലര്‍ കിടുങ്ങിത്തുടങ്ങി, പതിയെ കട്ടില്‍ വിറച്ചു. അകലെ നിന്നും നേരത്തെ കേട്ട “പ്ദും” എന്ന ശബ്ദം വീണ്ടും കേട്ട് തുടങ്ങി. അപ്പു ആന തുമ്പിക്കൈ ഉയര്‍ത്തി മണം പിടിച്ചു.
“മമ്മ വരുന്നുണ്ട്”
“മഴയില്ല, നിനക്ക് തനിച്ച് പോകാന്‍ കഴിയുമോ?”
“ഉം”
മോള് അപ്പുവിനെ സാവധാനം ജനലിലൂടെ ഊര്‍ന്നിറങ്ങാന്‍ സഹായിച്ചു. താഴെ എത്തിയതും അവന്‍ തുമ്പിക്കൈ ഉയര്‍ത്തി. മോളതില്‍ ഉമ്മവെച്ചു, പിന്നെ ഡക്കിന്റെ ഷേയ്പ്പിലുള്ള മഞ്ഞ നിറമുള്ള മോളുടെ ബേബി സോപ്പ് അതില്‍ വെച്ച് കൊടുത്തു. അവന്‍ കണ്ണ് നിറഞ്ഞു ചിരിച്ചു.
“ചെല്ല്...”
അവന്‍ മുകളിലേക്ക് വലിഞ്ഞുകയറി. അപ്പോഴേക്കും ആനക്കൂട്ടം അടുത്ത് എത്തിയിരുന്നു. അവന്‍ അതിലേക്ക് ഊര്‍ന്നുകയറി. പിന്നെ പൊങ്ങുന്ന കരിയിലകളുടെ അനക്കമായി മാറി. മോള് തിരിച്ചുവന്ന് കട്ടിലില്‍ കയറി കണ്ണടച്ച് കിടന്നു.
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us