/indian-express-malayalam/media/media_files/uploads/2021/11/sunil-5.jpg)
ബംഗാളിലെ ബാലസാഹിത്യരംഗത്ത് ഇതിഹാസതുല്യ സ്ഥാനമലങ്കരിക്കുന്ന എഴുത്തുകാരനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധരി (1863-1915). ചിത്രകാരൻ, സംഗീതജ്ഞൻ, പ്രസാധകൻ, പത്രാധിപർ എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. റായ് ചൗധരിയുടെ ബാലസാഹിത്യ രചനകള്‍ക്ക് പല തലമുറകളിൽ വായനക്കാരുണ്ടായി. ഇന്നും അത് തുടരുന്നു. ടുൺ ടുണി, ഗൂപി ബാഘ, മാജന്താലി സർക്കാർ എന്നിവയാണ് അദ്ദേഹത്തിന്‍റെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങളിൽ ചിലത്. 'സന്ദേശ്' എന്ന ഏറെ പ്രശസ്തമായ ബാലപ്രസിദ്ധീകരണം ആരംഭിക്കുകയും കുട്ടികൾക്കായി രാമായണവും മഹാഭാരതവും പുനരാഖ്യാനം ചെയ്യുകയും ചെയ്തു. സത്യജിത്ത് റായിയുടെ മുത്തച്ഛനാണ് ഉപേന്ദ്ര കിഷോർ റായ് ചൗധുരി.
മാജന്താലി സർക്കാർ
പണ്ടൊരിക്കൽ ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ട് പൂച്ചകൾ പാർത്തിരുന്നു. അതിലൊരാൾ ഒരു പാൽക്കാരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെ പാലും തൈരും പാൽക്കട്ടിയും വെണ്ണയും ക്രീമുമായിരുന്നു പൂച്ചയുടെ ആഹാരം.
മറ്റൊരാൾ ഒരു മുക്കുവന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അയാൾ പൂച്ചയ്ക്ക് ഒന്നും കഴിക്കാൻ കൊടുത്തിരുന്നില്ല. പകരം പൂച്ചയ്ക്ക് പതിവായി തല്ലും തൊഴിയും കിട്ടിയിരുന്നു.
പാൽക്കാരന്റെ പൂച്ച നല്ല തടിയനായിരുന്നു. നെഞ്ചുവിരിച്ച്, തലയുയർത്തിയാണ് അത് നടന്നിരുന്നത്.
മുക്കുവന്റെ പൂച്ച തീരെ മെലിഞ്ഞതായിരുന്നു. നടക്കാൻ ശ്രമിച്ചപ്പോഴൊക്കെ അത് വേച്ചുപോവുകയും വീഴുകയും ചെയ്തു. പാൽക്കാരന്റെ തടിയൻ പൂച്ചയെപ്പോലെ വണ്ണം വയ്ക്കുക എന്നതായിരുന്നു മെലിഞ്ഞ പൂച്ചയുടെ ഏക ആഗ്രഹം.
ഒരു ദിവസം കൃശഗാത്രനായ പൂച്ച തടിയൻ പൂച്ചയോട് ചോദിച്ചു, “സഹോദരാ, നിന്നെ ഞാൻ അത്താഴത്തിന് വീട്ടിലേക്ക് ക്ഷണിക്കുകയാണ്!”
മുക്കുവന്റെ പൂച്ചയുടെ കൗശലമായിരുന്നു അത്. കാരണം വീട്ടിലൊന്നും കഴിക്കാൻ കിട്ടാതിരുന്ന പൂച്ചയ്ക്ക് പിന്നെങ്ങനെയാണ് മറ്റൊരാളെ അത്താഴത്തിനായി ക്ഷണിക്കാൻ കഴിയുക? പാൽക്കാരന്റെ പൂച്ച തന്റെ വീട്ടിൽ വരുമ്പോൾ മുക്കുവന്റെ വീട്ടുകാരുടെ തല്ലുകൊണ്ട് ചാവുമെന്നും അതിനുശേഷം പകരക്കാരനായി പാൽക്കാരന്റെ വീട്ടിൽ സുഖമായി പാർക്കാമെന്നും മെലിഞ്ഞ പൂച്ച കരുതി.
എന്തായാലും മെലിഞ്ഞ പൂച്ചയുടെ ഗൂഢപദ്ധതി ലക്ഷ്യം കണ്ടു. തടിയൻ പൂച്ച മുക്കുവന്റെ വീട്ടിൽ പ്രവേശിച്ചതും അവിടെയുള്ളവർ തൊള്ളയിട്ടു.
"ഇത് ആ പാൽക്കാരന്റെ പൂച്ചയാണല്ലോ! പാലും വെണ്ണയുമെല്ലാം പതിവായി കട്ടുതിന്നലാണ് അവന്റെ പണി. മീൻ കട്ടുതിന്നാൻ വേണ്ടിയാണിവൻ ഇവിടെ വന്നിരിക്കുന്നത്. ഈ തെമ്മാടിയെ വെറുതെ വിടരുത്. നല്ല തല്ല് കൊടുക്കണം!"
തുടർന്ന് മുക്കുവന്റെ വീട്ടുകാർ പാൽക്കാരന്റെ പൂച്ചയെ പൊതിരെ തല്ലുകയും പ്രഹരമേറ്റ് അത് ചത്തു പോവുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2021/11/sunil-1.jpg)
പദ്ധതി പ്രകാരം അതിനോടകം പാൽക്കാരന്റെ വീട്ടിൽ എത്തിച്ചേർന്ന മുക്കുവന്റെ പൂച്ച പാലും വെണ്ണയുമൊക്കെ കഴിച്ച് അവിടെ കഴിയാൻ തുടങ്ങി. വളരെ കുറഞ്ഞ ദിവസങ്ങൾക്കകം മെലിഞ്ഞ പൂച്ച വണ്ണം വച്ചു. തുടർന്ന് ചുറ്റുപാടുമുള്ള മറ്റ് പൂച്ചകളോട് സംസാരിക്കുന്നത് നിർത്തിയ മുക്കുവന്റെ പൂച്ച സ്വന്തമായി ഒരു പുതിയ പേരും കണ്ടുപിടിച്ചു. ആരെങ്കിലും പേര് ചോദിച്ചാൽ അവൻ പറയും, “മാജന്താലി സർക്കാർ എന്നാണ് എന്റെ പേര്...”
ഒരു ദിവസം ഒരു പേനയും കടലാസുമെടുത്ത് മാജന്താലി സർക്കാർ നടക്കാനിറങ്ങി. നടന്നുനടന്ന് ഒരു വനപ്രദേശത്തെത്തിയ മാജന്താലി സർക്കാർ അവിടെ കളിക്കുകയായിരുന്ന മൂന്ന് കടുവക്കുട്ടികളെ കണ്ടതും അവരെ ഓടിക്കുകയും പേടിപ്പിക്കുകയും ചെയ്തശേഷം പറഞ്ഞു, “നിങ്ങളിനി നികുതി തരേണ്ടി വരും!”
പൂച്ചയുടെ ശാസന കേൾക്കുകയും കൈയ്യിൽ പേനയും കടലാസും കാണുകയും ചെയ്തതോടെ പേടിച്ചരണ്ട കടുവക്കുട്ടികൾ അവരുടെ അമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി.
വീട്ടിലെത്തിയതും കുട്ടിക്കടുവകൾ അമ്മക്കടുവയുടെ അടുക്കൽ ചെന്ന് പറഞ്ഞു, “അമ്മേ, ദേ ആരാ വന്നെന്ന് നോക്കിക്കേ!”
കുട്ടികളുടെ വിളികേട്ട് എത്തിയ അമ്മക്കടുവ പൂച്ചയെ കണ്ടതും ചോദിച്ചു, “നീയാരാ? എവിടെന്നാ വരുന്നേ? എന്താ കാര്യം?”
“ഞാൻ രാജാവിന്റെ മന്ത്രിയാണ്! പേര് മാജന്താലി സർക്കാർ! നിങ്ങൾ രാജാവിന്റെ സ്ഥലത്താണ് താമസിക്കുന്നത്. അതുകാരണം നികുതി നൽകേണ്ടതുണ്ട്!”
“എനിക്ക് ഈ നികുതി എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ലല്ലോ! ഞങ്ങൾ ഈ കാട്ടിൽ താമസിക്കുന്നു. ഇവിടെ വരുന്ന ആരാണെങ്കിലും വിശന്നിരിക്കുകയാണെങ്കിൽ ഞങ്ങൾ കൊന്നു തി ന്നുന്നു. എന്തായാലും കടുവ വരുന്നത് വരെ ഒന്ന് കാത്തിരിക്കണം!” അമ്മക്കടുവ പറഞ്ഞു.
ഒരു കൂറ്റൻ മരത്തിന് കീഴെ ഇരിപ്പിടം കണ്ടെത്തി മാജന്താലി സർക്കാർ ചുറ്റുപാടും വീക്ഷിച്ചു. അൽപ്പനേരം കഴിഞ്ഞതും കടുവ അവരുടെ താവളത്തിലേക്ക് മടങ്ങിവരുന്നത് കണ്ട പൂച്ച തൽക്ഷണം കടലാസും പേനയും വലിച്ചെറിഞ്ഞ് മരത്തിന്റെ ഉച്ചിയിൽ കയറിപ്പറ്റി.
/indian-express-malayalam/media/media_files/uploads/2021/11/sunil-2.jpg)
കടുവ വന്നതും അമ്മക്കടുവ മാജന്താലി സർക്കാർ പറഞ്ഞ കാര്യം സൂച്ചിപ്പിച്ചു. അതുകേട്ടതും കോപാകുലനായി ആരും ഭയപ്പെട്ടു പോകുന്നത്ര ഉച്ചത്തിൽ കടുവ ഗർജ്ജിച്ചു. ശേഷം അലറിക്കൊണ്ട് പറഞ്ഞു, “എവിടെ ആ പോക്കിരി? എന്റെ കൈയ്യിൽ കിട്ടിയാൽ ഞാനവന്റെ കഴുത്ത് ഞെരിക്കും!”
“എന്താണീ പറയുന്നത് കടുവേ? നിങ്ങൾ നികുതി തരില്ലെന്നോ,”, മരമുകളിൽ ഇരുന്നു കൊണ്ട് പൂച്ച ചോദിച്ചു.
അതുകേട്ട് കടുവ പല്ലിറുമ്മുകയും മുറുമുറുക്കുകയും ചെയ്ത്, ഒരൊറ്റ കുതിപ്പിന് മരമുകളിലെത്തിയെങ്കിലും മാജന്താലി സർക്കാരിനെ പിടികൂടാനായില്ല.
പൂച്ചയ്ക്ക് നല്ല ചുറുചുറുക്ക് മാത്രമല്ല അതിസാമർത്ഥ്യവും ഉണ്ടായിരുന്നു. വളരെ നേർത്ത ഒരു കമ്പിലാണ് പൂച്ച ഇരുന്നിരുന്നത്. ആ കമ്പിന് കടുവയുടെ ഭാരം താങ്ങാൻ കഴിയുമായിരുന്നില്ല. അതി നാൽ ആ കമ്പിൽ കടുവയ്ക്ക് പിടികിട്ടിയതുമില്ല.
രോഷാകുലനായ കടുവ ഒരിക്കൽ കൂടി ചാടിയെങ്കിലും ഉന്നം പിഴച്ച് തെന്നിവീണ് മരത്തിന്റെ രണ്ട് കവരകങ്ങൾക്കിടയിൽ കുരുങ്ങി കഴുത്തൊടിഞ്ഞു താഴെ വീണ് മരിച്ചു.
അതുകണ്ടയുടൻ മാജന്താലി സർക്കാർ താഴെയിറങ്ങിവന്ന് തന്റെ കൈനഖം കൊണ്ട് ആൺകടുവയുടെ മുഖത്ത് മാന്തിനോക്കി മരണം ഉറപ്പാക്കി. ശേഷം പെൺക്കടുവയെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു, “എനിക്കിത് ചെയ്യേണ്ടി വന്നു! അനുസരണക്കേട് എനിക്കൊട്ടും സഹിക്കാനാവില്ല!”
കണ്മുന്നിൽ ആൺ കടുവ മരിച്ചുകിടക്കുന്നത് കണ്ട പെൺ കടുവ ഭയചകിതയായി പൂച്ചയോട് കേണു പറഞ്ഞു, “എന്നെ കൊല്ലരുത്. എന്നും ഞാൻ നിങ്ങളുടെ ദാസിയായി കഴിഞ്ഞോളാം.”
“ശരി. ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ പോകുന്നില്ല. മര്യാദയ്ക്ക് പണിയെടുത്ത് ജീവിക്കണം. ഞാൻ ആവശ്യപ്പെടുന്നത് എനിക്ക് കഴിക്കാൻ തരുകയും വേണം.”
അങ്ങനെ പെൺ കടുവയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങിയ മാജന്താലി സർക്കാർ കഴുത്തുമുട്ടോളം ഭക്ഷണം കഴിക്കുകയും എവിടെയെങ്കിലും പോകണമെങ്കിൽ കടുവക്കുട്ടികളുടെ മുതുകിൽ കയറി സഞ്ചരിക്കുകയും ചെയ്തു. കടുവക്കുട്ടികൾക്കും മാജന്താലിയെ പേടിയായിരുന്നു. വലിയതോതിൽ അധികാരമുള്ള ഒരാളാണ് മാജന്താ ലിയെന്ന് അവർ കരുതിപ്പോന്നു.
ഒരു ദിവസം പെൺ കടുവ മാജന്താലി സർക്കാരിനോട് പറഞ്ഞു, “അല്ലയോ യജമാനാ, ഈ കാട്ടിൽ ചെറിയ മൃഗങ്ങളാണ് ഇപ്പോളധികവും. അവയ്ക്ക് അങ്ങയുടെ വിശപ്പിനെ ശമിപ്പിക്കാനും കഴിയുന്നില്ല. ഈ കാണുന്ന പുഴയുടെ അക്കരെ നിബിഡവനമാണ്. വലിയ മൃഗങ്ങൾ അവിടെ ധാരാളമായുണ്ട്. നമുക്ക് എല്ലാവർക്കും അവിടേക്ക് മാറിത്താമസിച്ചാലോ?”
“അത് വളരെ നല്ല കാര്യമാണ്. നമുക്ക് അങ്ങോട്ടേക്ക് പോകാം.”
/indian-express-malayalam/media/media_files/uploads/2021/11/sunil-3.jpg)
പെൺ കടുവയും കുട്ടികളും പുഴനീന്തി പെട്ടെന്നുതന്നെ മറുകരയിലെത്തി. പക്ഷേ, അപ്പോഴും പുഴ നീന്തിക്കടക്കാൻ ബദ്ധപ്പെടുകയായിരുന്നു മാജന്താലി സർക്കാർ. പൂച്ചകൾക്ക് നീന്തൽ വശമില്ലല്ലോ. പുഴയുടെ ഒഴുക്കിൽപ്പെട്ടും ഓളങ്ങളുടെ പ്രഹരമേറ്റും പൂച്ച ആകെ തളർന്നു. ഒഴുക്കിൽപ്പെട്ട് താൻ മരിച്ചുപോകുമെന്ന് തന്നെ മാജന്താലി സർക്കാർ ഉറപ്പിച്ചു. പക്ഷേ, അപ്രതീക്ഷിതമായി കടുവക്കുട്ടികളിലൊരാൾ പൂച്ചയുടെ രക്ഷക്കെത്തി. പുഴനീന്തി വന്ന ഒരു കടുവക്കുട്ടി പൂച്ചയെ രക്ഷിച്ച് കരയിലെത്തിച്ചു.
മറുകരയെത്തിയതും മാജന്താലി സർക്കാർ കടുവക്കുട്ടിയെ ചീത്ത പറയാൻ തുടങ്ങി.
“മരമണ്ടാ, നീയെന്തു പണിയാണീ ചെയ്തത്? നീന്തിക്കൊണ്ട് പുഴയിലെ ഓളങ്ങളെയും മീനുകളെയും എണ്ണുകയാ യിരുന്നു ഞാൻ. നീ എന്റെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു. രാജാവിന് കണക്ക് കൊടുക്കാനുള്ളതാണ്. അതെങ്ങാനും പിഴച്ചു പോയാൽ നിന്നെ ഞാൻ ശരിയാക്കും.”
പൂച്ചയുടെ വാക്കുകൾ കേൾക്കാൻ ഇടയായ അമ്മക്കടുവ ഓടിവന്ന് ക്ഷമാപണത്തോടെ പറഞ്ഞു, “മാജന്താലീ, എന്റെ മോനോട് പൊറുക്കണം. അവൻ വരുത്തിയ തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു. അവൻ നിരക്ഷരനും മണ്ടനുമാണ്. അവൻ ചെയ്ത തെറ്റിന്റെ ഗൗരവം അവനറിയില്ല.”
“ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഇനിയൊരു അവസരം കൂടി ഞാനവന് നൽകില്ല,” അത്രയും പറഞ്ഞ് കൗശലക്കാരനായ പൂച്ച നനഞ്ഞൊട്ടിയ ദേഹം ഉണങ്ങാൻ വെയിലുള്ള ഒരു ഇടം തിരഞ്ഞു.
എന്നാൽ നിബിഡവനമായതുകൊണ്ട് അവിടെ തീരെ വെയിൽ ഉണ്ടായിരുന്നില്ല. അതുകാരണം മാജന്താലിക്ക് വെയിലുകായാൻ ഒരു മരത്തിൽ കയറേണ്ടി വന്നു. അവിടെയിരുന്ന് നോക്കവെ കുറച്ചകലെയായി ഒരു പോത്ത് ചത്തുകിടക്കുന്നത് പൂച്ച കണ്ടു. മരത്തിൽ നിന്നും താഴെയിറങ്ങി പോത്ത് ചത്തതാണെന്ന് ഉറപ്പുവരുത്തിയശേഷം പെൺ കടുവയോട് വിളിച്ചു പറഞ്ഞു, “വേഗം വന്നേ. നമുക്കെല്ലാവർക്കും വേണ്ടി ഞാനൊരു പോത്തിനെ കൊന്നു.”
പൂച്ചയുടെ പറച്ചിൽ കേട്ട് ഓടിവന്ന അമ്മക്കടുവയും കുട്ടിക്കടുവകളും ഏറെ കഷ്ടപ്പെട്ട് പോത്തിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി. “ഭയങ്കരം തന്നെ! എത്ര ശക്തിയുണ്ടെങ്കിലാണ് ഇതുപോലൊരു പോത്തിനെ മാജന്താലിക്ക് വകവരുത്താനാവുക,” പെൺക്കടുവ അതിശയം പൂണ്ടു.
ഒരു നാൾ പെൺ കടുവ മാജന്താലിയോട് ചോദിച്ചു “ഈ കാട്ടിൽ ആനകളും കണ്ടാമൃഗങ്ങളും ധാരാളമായുണ്ട്. നമുക്ക് ചിലതിനെ തട്ടിയാലോ?”
“ശരി, എന്നാൽ ഇന്നുതന്നെ പോയേക്കാം,” പൂച്ച പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2021/11/sunil-4.jpg)
Read More: സുനിൽ ഞാളിയത്തിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
വൈകാതെ അമ്മക്കടുവയും കുട്ടിക്കടുവകളുമായി പൂച്ച നായാട്ടിന് പുറപ്പെട്ടു. വഴിമധ്യേ പെൺ കടുവ മാജന്താലിയോട് ചോദിച്ചു, “നിങ്ങൾ എങ്ങനെയാണ് മൃഗങ്ങളെ കൊല്ലുക? തക്കം പാർത്തിരുന്നു ഇരകൾക്ക് മേൽ ചാടി വീണ് കീഴ്പ്പെടുത്തുകയാണോ അതോ അവരെ പേടിപ്പിച്ചും ആക്രമിച്ചും കൊല്ലുകയാണോ ചെയ്യുന്നത്?”
താൻ പേടിപ്പിച്ചാലോ ഓടിച്ചാലോ ഒരു കുഞ്ഞും വഴങ്ങില്ലെന്ന് തീർത്തും ബോധ്യമുണ്ടായിരുന്ന പൂച്ച പറഞ്ഞു, “നിങ്ങൾ ഏവരും മൃഗങ്ങളെ പായിച്ചാൽ മതി. ഞാൻ ഒളിച്ചിരിക്കാം.”
“അത് നല്ല ആശയമാണ്. ഞങ്ങൾക്ക് മാത്രമായി മൃഗങ്ങളെ വകവരുത്താൻ ആവില്ലല്ലോ,” പെൺ കടുവ പറഞ്ഞു.
ശേഷം അമ്മക്കടുവയും കുട്ടിക്കടുവകളും വനത്തിന്റെ ഒരു ഭാഗത്തേയ്ക്ക് നീങ്ങി അത്യുഗ്ര ശബ്ദത്തിൽ ഗർജ്ജിച്ച് കാട്ടിലെ മൃഗങ്ങളെ ഭയപ്പെടുത്തി. കാട്ടിലെ മൃഗങ്ങളുടെ കൂട്ടയലർച്ച കേട്ട് പേടിച്ചുവിറച്ച പൂച്ച ഒരു മരച്ചുവട്ടിൽ ചെന്നിരുന്നു.
അൽപ്പനേരം കഴിഞ്ഞതും ഒരു മുള്ളൻ പന്നി തന്റെ നേർക്ക് വരുന്നത് കണ്ട് പൂച്ച പതുങ്ങി. പേടിച്ചരണ്ട അവസ്ഥയിൽ ഒരു മുള്ളൻ പന്നി പോലും പൂച്ചയ്ക്ക് വലിയ ഭീഷണിയായി മാറി. അതിൽ നിന്നും ഒളിക്കാൻ ശ്രമിക്കവെ, കാട് കുലുങ്ങുന്നത് പൂച്ച ശ്രദ്ധിച്ചില്ല. ആനയുടെ വരവായിരുന്നു അത്. രക്ഷപ്പെടാൻ സാധിക്കാതെ ആനയുടെ കാലടിയിൽ ഞെരിഞ്ഞമർന്ന പൂച്ച മൃതപ്രായനായി മരച്ചുവട്ടിൽ കിടന്നു.
ഏറെനേരം കറങ്ങിനടന്നശേഷം മടങ്ങാനൊരുങ്ങവെ പെൺ കടുവ ഓർത്തു ‘ഇതിനോടകം മാജന്താലി കുറെ മൃഗങ്ങളെ വകവരുത്തിക്കാണാൻ ഇടയുണ്ട്. ഒന്ന് പോയി നോക്കിയേക്കാം.' പക്ഷേ, മരണാ സന്നനായ പൂച്ചയെ കണ്ടതും ഞെട്ടലോടെ പെൺ കടുവ ചോദിച്ചു, “ഇതെന്ത് പറ്റി?”
“നിങ്ങൾ ഒച്ചവച്ച് ഒരുപാട് ചെറിയ മൃഗങ്ങളെയല്ലേ വകവരുത്താൻ കളമൊരുക്കിയത് ! അവറ്റയെ കണ്ട് ചിരിച്ചുചിരിച്ചാണ് എന്റെ വയറു പൊട്ടിയത്.”
അതായിരുന്നു മാജന്താലി സർക്കാരിന്റെ അവസാന വാക്കുകൾ.
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us