scorecardresearch

ബുബുവിന്റെ കഥ

"ആയിടക്ക് അവന് ഒരു കൂട്ടുകാരിയെക്കിട്ടിയിരുന്നു. മിമി എന്ന ഒരു പൂച്ചക്കുട്ടി. നഗരത്തിലെ വീടുകളിലെ രഹസ്യങ്ങളെല്ലാം മിമിയാണ് ബുബുവിന് പറഞ്ഞു കൊടുക്കാറ്." ഷീബ ഇ കെ എഴുതിയ കഥ

"ആയിടക്ക് അവന് ഒരു കൂട്ടുകാരിയെക്കിട്ടിയിരുന്നു. മിമി എന്ന ഒരു പൂച്ചക്കുട്ടി. നഗരത്തിലെ വീടുകളിലെ രഹസ്യങ്ങളെല്ലാം മിമിയാണ് ബുബുവിന് പറഞ്ഞു കൊടുക്കാറ്." ഷീബ ഇ കെ എഴുതിയ കഥ

author-image
Sheeba EK
New Update
sheeba e k , story, iemalayalam

ഹിമാലയ നിരകള്‍ക്കരികുപറ്റി നില്‍ക്കുന്ന ഒരു ചെറുവനത്തിലാണ് ബുബുക്കുരങ്ങന്‍ താമസിച്ചിരുന്നത്. ദേവതാരുക്കളും റോഡോഡെന്‍ഡ്രോണും നിറഞ്ഞ കുന്നിന്‍ ചരിവുകളില്‍ വസന്തകാലത്ത് പൂക്കളുടെ ഉത്സവമാണ്. പുല്ലിലും മരങ്ങളിലും നിറയെ പലവര്‍ണ്ണപ്പൂക്കള്‍.

Advertisment

മലമുകളിലെ പഴയ ക്ഷേത്രത്തിലേക്കു വരുന്ന തീര്‍ത്ഥാടകര്‍ ബുബുവിന് കായ് കനികളും ചോറും കടലമണികളുമെല്ലാം കൊടുക്കും. ശാന്തശീലനായിരുന്നതു കൊണ്ട് തീര്‍ത്ഥാടകര്‍ക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ വാലിലും മുതുകിലുമെല്ലാം തലോടുമ്പോള്‍ ബുബു കണ്ണടച്ച് ആസ്വദിക്കും.

മഞ്ഞുകാലത്തിന്റെ തുടക്കത്തില്‍ മലനിരകളില്‍ പഞ്ഞിക്കെട്ടുകള്‍ പോലെ വെളുത്ത മഞ്ഞുപടലങ്ങള്‍ വീഴും. കിളികളും ചെറുമൃഗങ്ങളുമെല്ലാം അവരവരുടെ വാസസ്ഥലത്ത് സുരക്ഷിതരായിരുന്ന് മഞ്ഞുവീഴുന്നതു കാണും. ചില ജീവികള്‍ക്കത് നീണ്ട ഉറക്കത്തിന്റെ കാലമാണ്. കായ്കനികള്‍ കിട്ടാത്ത കാലം.

മഞ്ഞുപാളികള്‍ വീണ് യാത്ര അസാദ്ധ്യമാകുന്നതുവരെയും തീര്‍ത്ഥാടകര്‍ വരും. അതുകൊണ്ട് ബുബുവിന് ഭക്ഷണം മുടങ്ങാറില്ല. വെളുത്ത മഞ്ഞില്‍ പര്‍വ്വതനിരകള്‍ ആണ്ടു മുങ്ങുമ്പോള്‍ മാത്രം ബുബു കുന്നിന്‍ ചരിവിലെ ഗ്രാമത്തിലേക്ക് താമസം മാറും.

Advertisment

അതൊരു വേനല്‍ക്കാലമായിരുന്നു. ആകാശത്ത് സൂര്യന്‍ അത്യുജ്ജലമായി പുഞ്ചിരി പൊഴിച്ചു കൊണ്ടു വിളങ്ങുന്ന നേരം. ഒരു ദേവതാരു മരത്തില്‍ അര്‍ദ്ധമയക്കത്തിലായിരുന്നു ബുബു. പെട്ടെന്ന് മരം കുലുങ്ങുന്നതുപോലെ തോന്നി. കുന്നിന്‍ ചരിവിലാകെ ബഹളമാണ്.

യന്ത്രപ്പക്ഷികളെപ്പോലെ ഭീമാകാരമായ ഒരു വസ്തു മരങ്ങള്‍ മുഴുവന്‍ പിഴുതുകയാണ്. ദേവതാരുക്കളും റോഡോഡെന്‍ഡ്രോണുകളും തലതല്ലിക്കരഞ്ഞു കൊണ്ട് കടപുഴകി വീണു. മലച്ചില്ലകളില്‍ കൂടുകൂട്ടിയിരുന്ന കിളികളുടെ മുട്ടകളെല്ലാം പൊട്ടിച്ചിതറി. തള്ളക്കിളികള്‍ കരഞ്ഞുകൊണ്ട് ആകാശത്തേക്ക് വട്ടമിട്ടു പറന്നു.

ബുബുവിന് ഒന്നും മനസ്സിലായില്ല. അവന്‍ ഒറ്റക്കായിരുന്നു. വാലും നെറുകയില്‍ കുത്തി അവന്‍ താഴ്വരയിലേക്കോടി. ബഹളത്തിനിടയില്‍ ആരും അവനെ കണ്ടതുമില്ല. ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുള്ള ആല്‍മരത്തിലെത്തും വരെ അവന്‍ ശ്വാസം പോലുമെടുത്തില്ല.

sheeba e k , story, iemalayalam

പിന്നെ അവിടെയായിരുന്നു അവന്റെ ഊണും ഉറക്കവുമെല്ലാം. എല്ലായ്‌പ്പോഴും മനുഷ്യരുടെ ശബ്ദം. കടുകും ഗോതമ്പും വിളവെടുക്കുമ്പോള്‍ വയലില്‍ നിന്നും കൃഷിക്കാരുടെ പാട്ടു കേള്‍ക്കാം. മില്ലുകളില്‍ യന്ത്രങ്ങള്‍ ധാന്യം പൊടിക്കുന്ന കോലാഹലവും. ആഹാരത്തിന് ബുദ്ധിമുട്ടില്ലായിരുന്നു. വീട്ടമ്മമാര്‍ അവനെക്കാണുമ്പോള്‍ പഴമോ ഒരു പിടി ചോറോ കൊടുക്കാതിരിക്കില്ല. പക്ഷേ ബുബു ദുഃഖിതനായിരുന്നു.

ഹിമാലയത്തിന്റെ ഉച്ചിയില്‍ തിളങ്ങുന്ന മഞ്ഞു കാണാനും റോഡോഡെന്‍ഡ്രോണിന്റെ കടും ചുവപ്പു പൂക്കള്‍ക്കിടയിലുടെ അലഞ്ഞു നടക്കാനും അവന് കൊതി തോന്നി. അവയെല്ലാം മനുഷ്യര്‍ തകര്‍ത്തു കളഞ്ഞുവെന്ന് അവന് അറിയാഞ്ഞിട്ടല്ല.

മലമുകളിലെ ക്ഷേത്രം പുതുക്കിപ്പണിയുകയും അവിടെ വലിയൊരു തീര്‍ത്ഥാടന കേന്ദ്രമാക്കുകയും ചെയ്തുവെന്ന് ഗ്രാമീണര്‍ സംസാരിക്കുന്നത് ബുബു കേട്ടിരുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള ഹോട്ടലുകളും മറ്റും പണിയാനാണത്രേ മരങ്ങള്‍ മുഴുന്‍ മുറിച്ചു കളഞ്ഞത്. മരങ്ങളില്ലാത്ത ക്ഷേത്രത്തിലേക്ക് പോകണമെന്ന് ബുബുവിന് തോന്നിയില്ല.

ഒരു വേനല്‍ കൂടി കടന്നു വന്നു. പെട്ടെന്ന് അസാധാരണമായ വിധത്തില്‍ മഴ ചെയ്യാന്‍ തുടങ്ങി. ഉച്ചയോടെ തുടങ്ങിയ മഴ രണ്ടു ദിവസമായിട്ടും നില്‍ക്കുന്നില്ല. വയലുകളിലെല്ലാം വെള്ളം നിറഞ്ഞ് വിളവെല്ലാം ചീഞ്ഞു തുടങ്ങി. വെള്ളം പൊങ്ങിവന്ന് വീട്ടുമുറ്റങ്ങളിലെത്തി.

രാത്രി ഗ്രാമീണരെല്ലാം ഉറങ്ങിക്കിടക്കുമ്പോള്‍ ഘോര ശബ്ദത്തോടെ മലമുകളില്‍ ഉരുള്‍ പൊട്ടി. വലിയ പാറക്കല്ലുകള്‍ക്കൊപ്പം പുതുതായിപ്പണിത ക്ഷേത്രവും കെട്ടിടങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞ് ഗ്രാമത്തിലേക്കൊഴുകി. വീടുകളും വയലുകളും ഒഴുകിപ്പോയി.

ബുബു ഉറങ്ങിയിരുന്ന ആല്‍മരത്തിന്റെ ചില്ല പൊട്ടിവീണ് നദിയിലേക്കൊഴുകി. അവനതില്‍ അള്ളിപ്പിടിച്ചു കിടന്നു. സൂര്യോദയത്തില്‍ അവന്‍ കണ്ണു തുറന്നത് ദൂരെ ഒരു നഗരത്തിലായിരുന്നു. നദിയിലൂടെ ദീര്‍ഘദൂരം ഒഴുകി അവന്‍ തണുത്തു മരവിച്ചിരുന്നു. അവിടെ പ്രളയത്തിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ വീടിന്റെ വരാന്തയില്‍ അവന്‍ താമസമാക്കി.

sheeba e k , story, iemalayalam

അവിടെയും ആഹാരത്തിന് പ്രയാസമില്ലായിരുന്നു.ഹോട്ടലുകളില്‍ നിന്നും ബാക്കിവരുന്ന ഭക്ഷണം അവന് ധാരാളമായിരുന്നു. ഉച്ചനേരങ്ങളില്‍ പട്ടണത്തിലെ ഏറ്റവും ഉയരമുള്ള ഭാഗത്തു പോയി നിന്ന് അവന്‍ ദൂരേക്ക് കണ്ണുപായിക്കും. വളരെ ദൂരെ ഹിമാലയത്തിന്റെ വെളുത്ത കിരീടം കാണുന്നുണ്ടോ.

നിരന്തരം ഇരമ്പിക്കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നും ഒരിക്കലും പണിതീരാത്ത കെട്ടിടങ്ങളില്‍ നിന്നും രാപ്പകലില്ലാതെ വരുന്ന പുകയും പൊടിയും നിറഞ്ഞ് അവന് ദൂരക്കാഴ്ച പോയിട്ട് അടുത്തുള്ളതു തന്നെ കാണാന്‍ വയ്യായിരുന്നു. എങ്കിലും അവന്‍ മിക്ക ദിവസവും ഉയരത്തില്‍ക്കയറി നിന്ന് ഗിരിനിരകള്‍ കാണുന്നുണ്ടോ എന്നു നോക്കും. ഒന്നും കാണാതെ ദുഃഖിതനായി തിരിച്ചുവരികയും ചെയ്യും. അങ്ങിനെ വര്‍ഷങ്ങള്‍ ചിലതു കടന്നു പോയി.

മഞ്ഞുകാലം തുടങ്ങി. സമീപ ഗ്രാമങ്ങളിലെ വൈക്കോല്‍ക്കറ്റ കത്തിക്കലും ദീപാവലി ആഘോഷവുമായി മഞ്ഞുകാലത്ത് നഗരത്തില്‍ ജീവവായു ഇല്ലാതാവുന്ന അവസ്ഥയാണ്. ഇവിടെ വന്നെത്തിയ ആദ്യത്തെ മഞ്ഞുകാലത്ത് ബുബു ശ്വാസം മുട്ടിപ്പിടഞ്ഞുപോയി. ക്രമേണ എല്ലാ നഗരവാസികളേയും പോലെ ബുബുവിനും അതു ശീലമായി.

ഇത്തവണ പക്ഷേ നഗരത്തിന് തെളിമ കൂടി വരുന്നപോലെ. പുകയും പൊടിയും കുറഞ്ഞുകുറഞ്ഞ് തീരെ ഇല്ലാതായി. മരങ്ങള്‍ക്കും ഇലകള്‍ക്കുമെല്ലാം ഒരു പുത്തന്‍ തിളക്കം പോലെ. നഗരത്തില്‍ ആള്‍പ്പെരുമാറ്റം ഇല്ലാതായതായി ബുബു അപ്പോഴാണ് തിരിച്ചറിഞ്ഞത്.

കടകളില്ല, സ്‌കൂളിലേക്കു പോകുന്ന കുട്ടികളില്ല, ജോലിസ്ഥലത്തേക്ക് വേഗത്തില്‍പ്പായുന്ന ജനങ്ങളില്ല. കലപില ബഹളമുണ്ടായിരുന്ന പച്ചക്കറിച്ചന്തയില്ല. എല്ലാം വിജനവും ശാന്തവുമായിരിക്കുന്നു. ബുബുവിന് ഒന്നും മനസ്സിലായില്ല.

ആയിടക്ക് അവന് ഒരു കൂട്ടുകാരിയെക്കിട്ടിയിരുന്നു. മിമി എന്ന ഒരു പൂച്ചക്കുട്ടി. നഗരത്തിലെ വീടുകളിലെ രഹസ്യങ്ങളെല്ലാം മിമിയാണ് ബുബുവിന് പറഞ്ഞു കൊടുക്കാറ്. വളരെ ദിവസങ്ങള്‍ക്കു ശേഷം മിമി ബുബുവിനെത്തിരഞ്ഞു വന്നു.

"എവിടെയായിരുന്നു നീ..." ബുബു പരിഭവം പറഞ്ഞു.

"എന്റെ ചങ്ങാതി, എല്ലാവരും ഇപ്പോള്‍ വീടുകളിലാണ്. കണ്ണുവെട്ടിച്ച് ഒന്നു പുറത്തു ചാടാന്‍ കഴിയണ്ടേ," മിമി ആവലാതിപ്പെട്ടു.

"എല്ലാവര്‍ക്കും എന്താ പറ്റിയത്? ആരേയും പുറത്തു കാണുന്നില്ലല്ലോ?"

"അയ്യോ! നീയതൊന്നും അറിഞ്ഞില്ല, അല്ലേ?" മിമി സഹതാപത്തോടെ ബുബുവിന്റെ വാലിലൊന്നു തലോടി.

sheeba e k , story, iemalayalam

Read More: ഷീബ ഇ കെയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

"ഓ, നിനക്ക് ടെലിവിഷന്‍ കാണാനൊന്നും സൗകര്യമില്ലല്ലോ. അതാണ്. നാട്ടിലേതാണ്ട് മഹാവ്യാധി വന്നിരിക്കയാണു പോലും. എല്ലാവരും വീട്ടില്‍ അടച്ചിരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതാണ് ആരെയും പുറത്തൊന്നും കാണാത്തത്," മിമി പറഞ്ഞു.

മിമി കുറച്ചു നേരം കൂടി അവന്റെ കൂടെയിരുന്നു വര്‍ത്തമാനം പറഞ്ഞു. വായില്‍ക്കരുതിയിരുന്ന ബ്രഡ് അവന് കഴിക്കാനും കൊടുത്തു. ഹോട്ടലുകള്‍ ഇല്ലാത്തതിനാല്‍ സമീപപ്രദേശത്തെ വയലില്‍ വിളയുന്ന മത്തങ്ങയും കാരറ്റുമൊക്കെയാണ് ഇപ്പോള്‍ അവന്റെ ഭക്ഷണം.

മിമി പോയിക്കഴിഞ്ഞ് വാഹനങ്ങളുടെ ശല്യമില്ലാതെ അവന്‍ സുഖമായുറങ്ങി.

രാവിലെയുണര്‍ന്നപ്പോള്‍ അവന് നല്ല ഉന്മേഷം തോന്നി. പൊടിയും പുകയുമകന്ന് തെളിഞ്ഞ പ്രഭാതം. അവന്‍ പതിയെ നടന്ന് നഗരത്തിലെ ഉയരമുള്ള പ്രദേശത്തേക്കു നടന്നു. കുറേ ദിവസങ്ങളായി അവന്‍ ഹിമഗിരിനിരകള്‍ കാണാന്‍ പറ്റുമോ എന്നു പോയി നോക്കാറില്ല.നിരാശനായി താമസസ്ഥലത്തു തന്നെ ചടഞ്ഞുകൂടുകായിരുന്നു പതിവ്.

നന്നേ ഉയരത്തിലെത്തും മുമ്പ് ബുബു മുഖമുയര്‍ത്തി നോക്കി. വിശ്വസിക്കാനായില്ല അവന്. മുന്നിലതാ മഞ്ഞുതൊപ്പിയണിഞ്ഞ് ഹിമാലയം. തെളിഞ്ഞ അന്തരീക്ഷത്തില്‍ അതങ്ങനെ പ്രൗഢിയോടെ വിരാജിക്കുകയാണ്.

അവന്‍ ജനിച്ചു വളര്‍ന്ന കുന്നിന്‍ ചരിവുകള്‍, റോഡോഡെന്‍ഡ്രോണ്‍ കാടുകള്‍, ദേവതാരുക്കള്‍. എല്ലാം അവന്റെ ഓര്‍മ്മയില്‍ത്തെളിഞ്ഞു വന്നു. ഇനി ഒരിക്കലും കാണാന്‍ കഴിയുമെന്നു കരുതിയതല്ല. ഇപ്പോഴിതാ വളരെ ദൂരെ നിന്ന് തന്നെ തല നീട്ടിനോക്കുന്നു ഹിമവാന്‍. ആഹ്ലാദത്തോടെ ബുബു ഹിമവാന്റെ മുന്നില്‍ നൃത്തം ചവിട്ടി.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stories Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: