/indian-express-malayalam/media/media_files/uploads/2020/07/sheeba-ek-fi-1.jpg)
കളിവീടും കുളിർ മലയും
രാവിലെ ചായ കഴിഞ്ഞയുടന്‍ പുറത്തേക്കിറങ്ങി. കളിവീട് ഉണ്ടാക്കാനുള്ള പുറപ്പാടാണ്. അതിനു പറ്റിയ മണ്ണ് തൊടിയിലുണ്ടാവും.
ഉറുമ്പുകള്‍ കൂടുണ്ടാക്കിയ ഇടത്ത് ഒട്ടും തരിയില്ലാത്ത പൊടിമണ്ണ് കൂടിക്കിടപ്പുണ്ട്. വെള്ളം ചേര്‍ത്ത് കുഴച്ചാല്‍ അതിന് നല്ല ഉറപ്പാണ്. ചുവരുണ്ടാക്കാന്‍ അതുമതിയാകും.
മേല്‍ക്കൂരയില്‍ പുല്ലാണു മേയുന്നത്. പിന്നെ മുറ്റവും പൂന്തോട്ടവും കിണറുമെല്ലാമുണ്ടാക്കണം...
മതിലില്‍ കടുംപച്ച പരവതാനിപോലെ പായലിന്‍റെ ചെറിയ കഷ്ണങ്ങളുണ്ട്. അത് മുറിച്ചെടുത്താല്‍ നല്ലൊരു പുല്‍ത്തകിടിയായി.
വീട്ടുകാരായി ചെറിയ പാവകളാണ്. മിഠായിക്കടലാസു കൊണ്ടുണ്ടാക്കിയ പാവക്കുട്ടികളുമുണ്ട്... വീട്ടുകാര്‍ക്കിടയില്‍ സ്നേഹവും കലഹവും അടിപിടിയും ഒക്കെ ഉണ്ടാവും. അതൊക്കെ ഞങ്ങള്‍ തന്നെ കളിക്കും.
Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
മിക്കവാറും അടുത്തു കണ്ട ഏതെങ്കിലും സിനിമയിലെ കഥയാവും... വീടുണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ പാലു കാച്ചലാണ്. ബിസ്ക്കറ്റ്, പഞ്ചസാര, പുളി, മിഠായി ഇതൊക്കെയാണ് കഴിക്കാന്‍ കൊടുക്കുക...
"ആ വീട് പിന്നെയെപ്പോഴാ പൊളിച്ചു കളയുക..." അമന് സംശയം.
മെയ് മാസത്തിന്‍റെ അവസാനം മഴ പെയ്യുവോളം അത് മുറ്റത്തുണ്ടാവും. മഴപെയ്ത് കുതിര്‍ന്ന് അവ വീണുപോകുമ്പോള്‍ വല്ലാത്തൊരു സങ്കടം വരാനുണ്ട്...
വീട് പോയി എന്നതു മാത്രല്ലട്ടോ സങ്കടം. ഞങ്ങളുടെ ഒഴിവുകാലവും തീരുകയാണല്ലോ എന്നോര്‍ത്താല്‍ കരച്ചില്‍ വരും...
"ഉം... എന്നിട്ട്... വീടുണ്ടാക്കുന്ന കാര്യം പറ..."/indian-express-malayalam/media/media_files/uploads/2020/07/sheeba-ek-2.jpg)
"അങ്ങിനെ ഉച്ചവരെ വീട് പണിയ്ക്ക് സ്ഥലം ശരിയാക്കാനുള്ള പരിപാടികളായിരുന്നു. വേനല്‍മഴ പെയ്താല്‍ പെട്ടെന്ന് വീണു പോകാത്ത ഇടമാവണം. വെള്ളം കുത്തിയൊലിച്ചു വരുന്നത് നോക്കണം. മണ്ണ് തൊടിയില്‍ നിന്നു കൊണ്ടു വരണം.
ഇക്ബാലുണ്ടല്ലോ അവന്‍ വീടുപണിയില്‍ വിദഗ്ദനാണ്. ഞങ്ങളുണ്ടാക്കുന്ന വീടുകള്‍ക്ക് അത്ര ബലമൊന്നും ഉണ്ടാവില്ല. ഇക്ബാലിന്‍റെ വീടുകള്‍ നല്ല ഉറപ്പുള്ളതാവും. വീടിനു പുറമേ രണ്ടു നിലയുള്ള ഒരു സിനിമ തിയ്യറ്റര്‍ കൂടി പണിത് അവന്‍ ഞങ്ങളെ ഞെട്ടിച്ചു ഒരിക്കല്‍.
വീടു പണി കഴിഞ്ഞാല്‍ അതിന്‍റെ മുറ്റത്തെ ചെടികള്‍,കിണറിലെ വെള്ളം ഇതൊക്കെ ഇടക്ക് ശ്രദ്ധിക്കണം. ചിരട്ട മണ്ണില്‍ കുഴിച്ചിട്ടാണ് കിണര്‍ ഉണ്ടാക്കുക, ചിരട്ടയിലെ വെള്ളം തീരുമ്പോള്‍ ഇടക്കു നിറച്ചു കൊടുക്കണം.
അപ്പോഴേക്കും ഉമ്മയോ സരോജിനിച്ചേച്ചിയോ ചോറുണ്ണാന്‍ വിളിക്കും.
"വൈകുന്നേരം വരെ വീടുണ്ടാക്കിക്കളിക്കോ," അമന്‍ ഇടക്കു ചോദിച്ചു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ഉച്ച വരെയൊക്കെ. പിന്നെയതു മതിയാക്കും. വെയിലാറിയിട്ടു വേണല്ലോ ഞങ്ങള്‍ക്ക് കുളിര്‍മല കയറാന്‍ പോകാന്‍...
"ഹായ് നമ്മുടെ വീടിന്‍റെ പിന്നില്‍ക്കാണുന്ന ആ മലയല്ലേ... എനിക്കും പോകണം അവിടെ."
ശരിയാണ്... വീടിന്‍റെ പിന്നില്‍ നിന്നാല്‍ കുളിര്‍മല നന്നായി കാണാം. നിറയെ കശുമാവുകളും കത്തി പോലെ മൂര്‍ച്ചയുള്ള അരികുകളുള്ള നീളന്‍ പുല്ലുമാണ്. പുല്‍ത്തൈലത്തിന്‍റെ മണമുള്ള ചങ്ങണപ്പുല്ലുകളുമുണ്ട് കൂട്ടത്തില്‍. കാപ്പിയുണ്ടാക്കുമ്പോള്‍ ആ പുല്ല് ചേര്‍ത്തു തിളപ്പിച്ചാല്‍ എന്തൊരു മണമാണെന്നോ...
ഡിസംബര്‍ മാസത്തില്‍ പുല്‍മേടുകള്‍ മഞ്ഞനിറം പുണ്ട് വെയിലില്‍ തിളങ്ങും. വേനല്‍ കടുക്കുമ്പോള്‍ കാട്ടുതീ പടര്‍ന്ന് മല കത്തും./indian-express-malayalam/media/media_files/uploads/2020/07/sheeba-ek-3.jpg)
രാത്രികളില്‍ മല കത്തുന്നതുകണ്ടാല്‍ അമന് ഉറക്കം വരില്ല. താഴേക്ക് തീ പടര്‍ന്നു വരുമോ എന്ന പേടി.
കുട്ടിക്കാലത്ത് ഞങ്ങള്‍ക്കും മല കത്തുന്നതു കണ്ടാല്‍ ഇതുപോലെ പേടിയായിരുന്നു. അവനെ സമാധാനിപ്പിക്കാന്‍ പറയും, 'തീ താഴോട്ടിറങ്ങി വരില്ലാട്ടോ.'
വെറുതെ പറയുന്നതല്ല, മുണ്ടന്‍ പറഞ്ഞു തന്നിട്ടുള്ളതാണ്.
Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അന്നൊക്കെ തൊടിയിലെ പണികളെല്ലാം മുണ്ടനാണ് ചെയ്യുക.
"പേടിക്ക്വൊന്നും വേണ്ട. ആ തീ മലയില്‍ നിന്നിറങ്ങി വരൂല കുട്ട്യേ," മുണ്ടന്‍ പറയും. അതു കേട്ടാല്‍പ്പിന്നെ സമാധാനമാണ്.
മലയുടെ അടിവാരത്ത് കുറച്ചു ഭാഗത്ത് സ്ഥലം വെട്ടിത്തെളിച്ച് നേരത്തെ തീ കത്തിച്ച് അതിരിട്ടു വെയ്ക്കും. അതിന്‍റെ അപ്പുറത്തേക്ക് കാട്ടുതീ പടരില്ല. അതാണ് തീ താഴേക്ക് പടരാതിരിക്കാനുള്ള സൂത്രം.
അതു കേട്ടപ്പോള്‍ അമനും സമാധാനമായി.
തുടരും...
- H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍' എന്ന കുട്ടികളുടെ നോവലില്‍ നിന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us