scorecardresearch

അമ്മുവിന്റെ സാഹസങ്ങള്‍ ഡിറ്റക്ടീവ് അമ്മു പരമ്പര രണ്ടാം ഭാഗം അവസാന അധ്യായം

''ബുദ്ധിയുള്ളോരെ കേസന്വേഷണത്തിന് കൊണ്ടുപോവില്ലല്ലോ.'' കുളിരന്‍ കളിയാക്കി.'' എസ് ആർ ലാലിന്റെ ഡിറ്റക്ടീവ് അമ്മു" നോവൽ പരമ്പരയിലെ രണ്ടാം ഭാഗം അമ്മുവിന്റെ സാഹസങ്ങള്‍ അവസാന അധ്യായം

''ബുദ്ധിയുള്ളോരെ കേസന്വേഷണത്തിന് കൊണ്ടുപോവില്ലല്ലോ.'' കുളിരന്‍ കളിയാക്കി.'' എസ് ആർ ലാലിന്റെ ഡിറ്റക്ടീവ് അമ്മു" നോവൽ പരമ്പരയിലെ രണ്ടാം ഭാഗം അമ്മുവിന്റെ സാഹസങ്ങള്‍ അവസാന അധ്യായം

author-image
S R Lal
New Update
S R Lal Novel Part 21

അമ്മു ആദ്യം ഡിറ്റക്റ്റീവായി വന്നതോർമ്മ കാണുമല്ലോ അല്ലേ?
ഇത്തവണ അമ്മുവന്നത് കുറേ സാഹസങ്ങളുമായാണ്. 20 ദിവസങ്ങളായി നിങ്ങൾ അവളുടെ സാഹസങ്ങൾക്കൊപ്പമാണ്. അവളെന്തു ചെയ്താലും എപ്പഴും അവൾക്ക് കൂട്ടായി ചേട്ടൻ അപ്പുവും കുളിരൻ പൂച്ചയും മണിച്ചിക്കോഴിയും കാപ്പി മരവുമൊക്കെ ഉണ്ടാവും. ഇനിയും ഇവരെയെല്ലാം കൂട്ടി വികൃതികളും കുസൃതികളുമൊപ്പിച്ച് അമ്മു വരും, വരാതിരിക്കില്ല. അത്ര നാൾകൊണ്ട് അവൾ, അവളെഴുതുന്ന പുതിയകഥ പൂർത്തിയാക്കട്ടെ. അതു വരെയും കുട്ടികളേ നമുക്ക് കാത്തിരിക്കാം.


സൈക്കിളിന് പിന്നാലെ

സ്‌കൂള്‍ തുറന്നു.

അമ്മുവിന് സന്തോഷമേ തോന്നിയില്ല. അപ്പുവിന്റെ സങ്കടവും മാറിയില്ല.

Advertisment

മഞ്ജു പുതിയ സൈക്കിളുമായാണ് വന്നത്. മറ്റുചില കൂട്ടുകാരും പുത്തന്‍ സൈക്കിളിലെത്തി. സ്‌കൂള്‍ തുറക്കുമ്പോള്‍ സൈക്കിളിലേ വരൂ, അമ്മു വീമ്പിളക്കിയതാണ്.

മഞ്ജുവിന്റേത് മഞ്ഞ നിറത്തിലുള്ള സൈക്കിളായിരുന്നു. അതിന് മുന്‍വശത്ത് ചെറിയൊരു കൂട പിടിപ്പിച്ചിരുന്നു. 'നീ ഓടിച്ചുനോക്ക്', മഞ്ജു അവളെ ക്ഷണിച്ചു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ട് റൗണ്ടടിച്ചു. ടര്‍ബോയുടെ ഏഴയലത്ത് എത്തില്ലെന്ന് അമ്മുവിന് തോന്നി.

Advertisment

സ്‌കൂളിലെ മുഴുവന്‍ സൈക്കിളുകളെയും അമ്മു നിരീക്ഷണത്തിലാക്കി. നീല സൈക്കിളുകള്‍ നാലെണ്ണമുണ്ട്. അതില്‍ രണ്ടെണ്ണം ബി.എസ്.എ. കമ്പനിയുടേതാണ്. അതു രണ്ടും ടര്‍ബോ അല്ലെന്ന് ബോധ്യപ്പെട്ടു. ഒരെണ്ണം പഴക്കമുള്ളതാണ്. അടുത്തത് പുതിയതാണ്, പക്ഷേ സ്റ്റിക്കറില്‍ വ്യത്യാസമുണ്ട്.

സ്‌കൂള്‍ വിട്ടാല്‍ കുറേനേരം വഴിയില്‍ നില്‍ക്കും. നിരത്തിലൂടെ പോകുന്ന സൈക്കിളുകളെ നിരീക്ഷിക്കും. പക്ഷേ നിരാശയായിരുന്നു ഫലം.

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ പുതിയൊരു സൈക്കിള്‍ പ്രത്യക്ഷപ്പെട്ടു. ആണ്‍കുട്ടിയാണ് അത് ഓടിച്ചിരുന്നത്. അവന്‍ അമ്മുവിന്റെ സ്‌കൂളിലല്ല പഠിക്കുന്നത്. സമീപത്തായി മറ്റൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിഫോം അവിടുത്തെയാണ്. ബെല്ലൊക്കെ മുഴക്കിയാണ് അവന്റെ സഞ്ചാരം.

''ഇതാണ് ഞാന്‍ പറഞ്ഞ സൈക്കിള്‍'' അവള്‍ അപ്പുവിന് കാണിച്ചുകൊടുത്തു.

തൊട്ടടുത്ത ദിവസം സൈക്കിള്‍ വരാനായി കാത്തുനില്‍പ്പായിരുന്നു അവര്‍.

''ഇതാണോ? നിനക്കെന്താ വട്ടുണ്ടോ അമ്മൂ, ഇതെങ്ങനെ നമ്മുടെ ടര്‍ബോ ആകും?

നീല നിറം അതിന്റെ ഫ്രെയിമില്‍ ഉണ്ടായിരുന്നു. പക്ഷേ ടര്‍ബോയല്ല. ടര്‍ബോയുമായി സാമ്യമുള്ള ഒന്നുമേ അപ്പു കണ്ടില്ല. മാത്രമല്ല അത്ര പുതിയതായി തോന്നുന്നുമില്ല.

''ഉണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഒരു കാര്യം കണ്ടെത്താനിറങ്ങിയതല്ലേ? എന്തിനേയും സംശയിക്കണം അപ്പൂ.''

''ഇതിലെന്താ സംശയിക്കാനുള്ളത്?''

''സ്‌കൂള്‍ തുറന്ന്, കഴിഞ്ഞ ദിവസംവരെയും ഈ സൈക്കിള്‍ കണ്ടിരുന്നില്ല. ഈ കുട്ടി സമീപകാലത്താണ് സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചിരിക്കുന്നത്.''

''അതെങ്ങനെ മനസ്സിലായി അമ്മൂ?''

''തിരക്കുള്ള സ്ഥലത്ത് അവന്‍ സൈക്കിള്‍ നിര്‍ത്തും. എന്നിട്ട് ഉരുട്ടിയാണ് പോവുക.''

S R Lal Novel Part 21

''അതിനെന്താ?''

''അല്ല, ചില നിരീക്ഷണങ്ങള്‍ പറഞ്ഞതാണ്. ഞാനെന്തായാലും നാളെ അവനെ പിന്തുടരും.'' അമ്മു ഉറപ്പിച്ചു.

ആ സൈക്കിളിന് ചുവന്ന സീറ്റാണുള്ളത്. കൈപ്പിടിയും ചുവന്നതാണ്. അതില്‍ ചില ഞാത്തുകള്‍ തൂക്കിയിരുന്നു. ഒരു ബെല്ലായിരുന്നു ടര്‍ബോയ്ക്ക്. ഇതിന് രണ്ട് ബെല്ലുകളുണ്ട്. ചക്രത്തിന്റെ കമ്പികളില്‍ ഇടയ്ക്കിടെ നീല നിറമുണ്ട്.

ബി.എസ്.എ. സൈക്കിളില്‍ കമ്പികളില്‍ ഈ നിറം ഉണ്ടാവില്ല. അമ്മു അത് അമ്മയുടെ മൊബൈലില്‍ ഉറപ്പാക്കിയിരുന്നു. അതായത് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ ടര്‍ബോ എന്ന് ഉറപ്പിക്കാവുന്നതൊന്നും ഒറ്റനോട്ടത്തില്‍ അതിലില്ലതാനും.

പിറ്റേന്ന് അമ്മു സൈക്കിളിന്റെ പിന്നാലെ പോയി. മഞ്ജുവിന്റെ സൈക്കിള്‍ അതിനായി സംഘടിപ്പിച്ചിരുന്നു. രണ്ടു കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. പ്രധാന റോഡില്‍ നിന്നും ഒരു ഇടവഴി തിരിയണം. അതിലേ അല്‍പ്പ ദൂരം വീണ്ടും പോകണം. വഴിക്ക് ഇരുവശത്തും കുറച്ച് വീടുകളുണ്ട്. അതിലൊന്നാണ് അവന്റേത്. അത് ഉറപ്പാക്കി അമ്മു മടങ്ങിപ്പോന്നു.

അത്ഭുതമെന്ന് പറയട്ടെ, പിന്നെ ആ കുട്ടിയെ കാണാതായി. അവനെ അന്വേഷിച്ചുപോകാന്‍ ഒരുങ്ങിയെങ്കിലും അപ്പു സമ്മതിച്ചില്ല. മൂന്നാമത്തെ ആഴ്ച  അവന്‍ നിരത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

അതിന് അടുത്ത ദിവസം രണ്ടുപേരും അവനെ പിന്‍തുടര്‍ന്നു.

ചെറിയൊരു വീടായിരുന്നു അവന്റേത്. കുഞ്ഞൊരു മുറ്റമുണ്ട്. അതിന്റെ അരികില്‍ ധാരാളം ചെടികള്‍ നില്‍പ്പുണ്ട്.

വന്നപാടെ, അവന്‍ സൈക്കിള്‍ തുടച്ച് വൃത്തിയാക്കാന്‍ തുടങ്ങിയിരുന്നു.

''വീട്ടില്‍ മറ്റാരുമില്ല'', അമ്മു മന്ത്രിച്ചു

''എന്തു പറഞ്ഞ് അകത്തുകയറും?'' അപ്പുവിന് സംശയമായി.

''ഇവിടല്ലേ, നമ്മുടെ തുണി തയ്ക്കുന്ന ചേച്ചീടെ വീട്?'' അമ്മു ഉറക്കെ ചോദിച്ചു. കുട്ടി അവരുടെ സമീപത്തേക്ക് വന്നു.

''തങ്കച്ചേച്ചീടേതാണോ?''

''ങാ... അതു തന്നെ.''

''ചേച്ചി ഇവിടുന്ന് താമസം മാറിപ്പോയി.''

''അയ്യോ. അതറിഞ്ഞില്ല.''

അവന്‍ പുതിയ താമസസ്ഥലം പറഞ്ഞുകൊടുത്തു.

''നിനക്ക് തങ്കച്ചേച്ചിയെ അറിയാവോ?'' അപ്പു പതിയെ ചോദിച്ചു.

''എനിക്കറിയില്ല. എടാ, ഏത് സ്ഥലത്തും തയ്യല്‍ ജോലിചെയ്യുന്ന ഒരു സ്ത്രീയുണ്ടാവും. വെറുതെ ഒരു നമ്പരിട്ടതല്ലേ.''

അമ്മു അവനുമായി സൗഹൃദം സ്ഥാപിച്ചു. ചെടികളെപ്പറ്റിയായി സംസാരം. പിന്നെ മുറ്റത്തേക്ക് കയറി. പിന്നാലെ അപ്പുവും. ''ചെടികള്‍ എന്ത് ചന്തത്തിലാ നട്ടിരിക്കുന്നത്. നീയാണോ ഇതൊക്കെ ചെയ്യുന്നത്?''

''അല്ല, എന്റെ അമ്മയാ.''

''അമ്മ എവിടെപ്പോയി?''

''ജോലിക്കുപോയി... ഏഴു മണിക്കേ വരൂ.''

''അച്ഛനോ?''

അവന്റെ മുഖത്ത് സങ്കടം നിറഞ്ഞു. അവന്‍ മുറ്റത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കൈചൂണ്ടി. അവിടെ ചെറിയൊരു മണ്‍കൂനയുണ്ട്. അതിന്മേല്‍ തെങ്ങിന്‍ തയ്യും വാഴയും നില്‍പ്പുണ്ടായിരുന്നു.

അമ്മുവിന് മനസ്സിലായി. അവന്റെ അച്ഛന്‍ മരിച്ചുപോയി. കുറച്ചുദിവസമേ ആയിട്ടുള്ളൂ. അതാണ് അവന്‍ സ്‌കൂളില്‍ വരാതിരുന്നത്.

S R Lal Novel Part 21

അമ്മു അവന്റെ തലയില്‍ തലോടി.

അപ്പു അന്നേരം സൈക്കിളിനെ ചുറ്റിനടന്ന് പരിശോധിച്ചു. സംശയിക്കാന്‍ പാകത്തിലുള്ളത് ഒന്നുമില്ലെന്ന് അവന്‍ കണ്ണുകൊണ്ട് കാട്ടി.

''ഈ സൈക്കിളിന്റെ പേരെന്താ?''

''ഇതില്‍ എഴുതീട്ടുണ്ടല്ലോ.'' അവന്‍ സൈക്കിളില്‍ അത് കാട്ടിക്കൊടുത്തു.

'മണിക്കുട്ടന്‍' എന്ന് ചെറിയ അക്ഷരത്തില്‍ എഴുതിയിരുന്നു. ''അച്ഛന്‍ എന്നെ അങ്ങനെയാണ് വിളിക്കാറ്.'' അവന്‍ ചിരിച്ചു

''ഇത് ആരാ എഴുതിയത്?''

''അച്ഛന്‍. അച്ഛന്‍ ചുമരെഴുതാന്‍ പോകും. നല്ല കയ്യക്ഷരമാണ്. ഭംഗിയായി ചിത്രം വരയ്ക്കും. കുറേ നാളായിട്ട് വയ്യാരുന്നു. ജോലിക്കൊന്നും പോകുന്നില്ലാരുന്നു. സ്‌കൂളില്‍ നല്ല മാര്‍ക്ക് വാങ്ങിച്ചാല്‍ സൈക്കിള്‍ വാങ്ങിത്തരാന്ന് പറഞ്ഞിരുന്നു. അങ്ങനെ കിട്ടിയതാണ്. ചേച്ചി ഓടിച്ചു നോക്ക്. നല്ല രസമാ...''

അമ്മു സൈക്കിളില്‍ കയറി. രണ്ടു വലത് മുറ്റത്ത് ഓടിച്ചു.

''നല്ല സൈക്കിളാ.'' അമ്മുവും സമ്മതിച്ചു.

''അമ്മൂ പോയാലോ?'' അപ്പു ധൃതികൂട്ടി. അവിടെ നിന്ന് സമയംകളയാന്‍ അവന് താല്‍പ്പര്യം തോന്നിയില്ല. നേരവും വൈകുന്നുണ്ട്.

''വീണ്ടും കാണാമേ.'' അമ്മുവും അപ്പുവും റ്റാ റ്റാ പറഞ്ഞു.

''യാത്ര വെറുതേ ആയി അല്ലേ അമ്മൂ?'' അപ്പു നടന്ന് തളര്‍ന്നിരുന്നു.

''വെറുതേ ആയില്ലല്ലോ.''

അപ്പു മിഴിച്ചുനോക്കി. അവര്‍ വീട്ടിലേക്കുള്ള വഴിയില്‍ എത്തിയിരുന്നു.

''അത് നമ്മുടെ സൈക്കിളാ അപ്പൂ.'' അവള്‍ രഹസ്യംപോലെയാണ് അത് ഉച്ചരിച്ചത്.

''ങേ?'' അവന്‍ ഞെട്ടിത്തിരിഞ്ഞു നിന്നു.

''എന്നെ പറ്റിക്കാതെ അമ്മൂ.''

''ഞാനെന്തിനാ പറ്റിക്കുന്നത്. അപ്പൂ, നിന്നോട് പറയാത്തൊരു രഹസ്യമുണ്ടാരുന്നു. ഞാനും കുളിരനും പൂവനും കൂടി സൈക്കിളില്‍ പോയില്ലേ, അന്ന് ഒരു പട്ടി കുറുകേ ചാടി. ടര്‍ബോയും ഞാനുംകൂടി തോട്ടില്‍ വീണു. അതിന്റെ പെയിന്റ്‌പോയി. വീലിന് വളവുമുണ്ടായിരുന്നു. ടര്‍ബോയെ ആലിക്കാക്കാടെ കടയില്‍ കൊണ്ടുപോയി. വീലിന്റെ വളവ് ശരിയാക്കിത്തന്നു.

പെയിന്റ് ഇളകിയേടത്ത്് ഒന്നുംചെയ്യാന്‍ പറ്റില്ല. ഫ്രെയിം മൊത്തത്തില്‍ പെയിന്റ് ചെയ്യാനേ പറ്റൂ. എങ്കിലേ വൃത്തിയാകൂ എന്ന് ആലിക്കാക്ക പറഞ്ഞു. അതിന് നല്ല പൈസയുമാവും. പെയിന്റുപോയത് കണ്ടാല്‍ അമ്മയും നീയും വഴക്കുപറയില്ലേ. എനിക്ക് സങ്കടംവന്നു. അത് കണ്ടിട്ട് ആലിക്കാക്കാ ചെറിയൊരു ഉപായം ചെയ്തു. രണ്ടു സ്ഥലത്തും നീല സ്റ്റിക്കര്‍ ഒട്ടിച്ചു.''

''ഇപ്പറഞ്ഞതും ഈ സൈക്കിളുമായി എന്താ ബന്ധം?'' അപ്പുവിന് ആകാംക്ഷ അടക്കാനായില്ല. '

''ആ സ്റ്റിക്കര്‍ അതേപടി സൈക്കിളിലുണ്ട്. കണ്ടാല്‍ പെട്ടെന്നത് തിരിച്ചറിയില്ല. അത് ഉണ്ടോ എന്ന് നോക്കാനാണ് നമ്മളിന്ന് പോയത്. സൈക്കിള്‍ അടുത്തുകണ്ടാലല്ലേ അത് ഉറപ്പുവരുത്താനാവൂ.''

''പിന്നെന്താടീ നീ അത് പറയാത്തത്. നമുക്ക് ഇപ്പൊത്തന്നെ പോയി സൈക്കിള്‍ മടക്കി വാങ്ങാം. അമ്മേം വിളിക്കാം. തന്നില്ലേല്‍ പൊലീസില്‍ അറിയിക്കാം.'' അപ്പൂന് ദേഷ്യം വന്നു.

''അതുവേണ്ട അപ്പൂ.''

''അതെന്താ?''

''ഞാനത് പറയാം. നീ ശ്രദ്ധിച്ച് വേണം കേള്‍ക്കാന്‍. ശ്യാമിന്റെ അച്ഛന്‍ മരിച്ചിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. അവന് അച്ഛന്‍ സമ്മാനിച്ചതാണ് ആ സൈക്കിള്‍. അയാളൊരു കള്ളനൊന്നുമല്ല. നിവര്‍ത്തിയില്ലാതെ ചെയ്തതാവും. മോനെ സന്തോഷിപ്പിക്കാനായി. സ്ഥിരം കള്ളനായിരുന്നെങ്കില്‍ അയാളെപ്പൊഴേ സൈക്കിള്‍ വിറ്റേനെ.

തെളിവൊക്കെ നമുക്ക് നിരത്താം. ആലിക്കാക്കയെ കൊണ്ടുപോയാല്‍ മതി. കാക്കയല്ലേ സ്റ്റിക്കര്‍ ഒട്ടിച്ചത്. സൈക്കിള്‍ മടക്കിവാങ്ങാന്‍ പോയാല്‍ എന്താവും? അവന്റെ അച്ഛന്‍ ഒരു കള്ളനായിരുന്നു എന്ന് കുട്ടി മനസ്സിലാക്കും. അതെത്ര സങ്കടമാവും? ശ്യാമിന്റെ മനസ്സില്‍ നിന്നും ഒരിക്കലും അത് മാഞ്ഞുപോവില്ല. ശരിയല്ലേ?''

അപ്പു തലകുലുക്കി. ''നീ പക്ഷേ വലിയ രീതിയിലാ ചിന്തിക്കുന്നത് അമ്മൂ. കുട്ടികള്‍ സംസാരിക്കുംപോലെയല്ല ചിലനേരം സംസാരിക്കുന്നതും.''

''ആ സൈക്കിള്‍ അവന്റെ കയ്യില്‍തന്നെ ഇരിക്കട്ടെ....മറ്റാരും ഇതറിയണ്ട.'' അമ്മു അവന്റെ കൈപിടിച്ചു. അന്നേരം അവള്‍ക്ക് സങ്കടംവന്നു.

''നീ എന്തിനാ കരയുന്ന് അമ്മൂ?''

''ഞാന്‍ കരയുന്നില്ലല്ലോ.''അമ്മു കണ്ണുതുടച്ചു.

കണ്ണീര് തുടച്ചിട്ട്, അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

S R Lal Novel Part 21


''പോയിട്ട് എന്തായി?'' കുളിരന്‍ വഴിയില്‍ നില്‍പ്പുണ്ടായിരുന്നു.

''ഒന്നുമായില്ല.''

''ബുദ്ധിയുള്ളോരെ കേസന്വേഷണത്തിന് കൊണ്ടുപോവില്ലല്ലോ?'' കുളിരന്‍ കളിയാക്കി.

''അത് നമ്മുടെ സൈക്കിളല്ല കുളിരാ. ആ കുട്ടിയുടേത് തന്നാ.''

''അപ്പൊ ഡിറ്റക്ടീവുകള്‍ പരാജയപ്പെട്ടു.'' കുളിരന്‍ പരിഹാസം തുടര്‍ന്നു.

''അതെന്താ ഡിറ്റക്ടീവുകള്‍ക്ക് പരാജയപ്പെട്ടുകൂടേ?''

''പരാജയം വിജയത്തിന്റെ മുന്നോടിയാണല്ലോ. അത് അവിടെ നിക്കട്ടെ. തോറ്റ ഡിറ്റക്ടീവുകളോട് സങ്കടകരമായ ഒരു കാര്യംകൂടി പറയാം. അമ്മയ്ക്ക് ചിട്ടി കിട്ടീട്ടില്ല. ചിട്ടികിട്ടാതെ സൈക്കിളെങ്ങനെ വാങ്ങും? അടുക്കളേല് പറയുന്നത് കേട്ടതാ. നിങ്ങള്‍ ചോദിക്കാന്‍ നിക്കണ്ട. പിന്നെ എനിക്കാവും വഴക്ക്. വിവരം ചോര്‍ത്തിത്തന്നൂ എന്ന് പറഞ്ഞിട്ട്.''

അപ്പുവിനും അമ്മുവിനും വല്ലാത്ത നിരാശതോന്നി.

മുറ്റത്ത് ചെല്ലുമ്പോഴുണ്ട് ഇതാ ഇരിക്കുന്നു സൈക്കിള്‍. 'ഹയ്യോ സൈക്കിള്‍!' സ്വപ്നമാണോ യാഥാര്‍ഥ്യമാണോ?

സത്യംതന്നെ.

നീല നിറത്തിലുള്ള സൈക്കിള്‍. ടര്‍ബോയെ പോലുള്ള ഒന്ന്.

''ഹമ്പട കുളിരാ, നീ പറ്റിച്ചതാണല്ലേ?'' അമ്മു കുളിരനെ ആകാശത്തേക്ക് ഉയര്‍ത്തി. എന്നിട്ട് വട്ടം കറക്കി.

''എന്നെ നിലത്താക്ക് പെണ്ണേ, തലകറങ്ങുന്നു.'' കുളിരന്‍ ഒച്ചവച്ചു.

''കുളിരാ, വേഗം റെഡിയായി വാ. നമുക്കൊന്ന് കറങ്ങീട്ട് വരാം.''

''എന്റെമ്മോ എന്നെ വീണ്ടും കൊല്ലാന്‍ കൊണ്ടുപോവാണോ? നിന്നോടൊപ്പം ഞാനില്ലേ.'' കുളിരന്‍ കാപ്പിമരം ലക്ഷ്യമാക്കി ഓടി.

അമ്മുവും അപ്പുവും പൂവനും മണിച്ചിക്കോഴിയും കുഞ്ഞുങ്ങളുമെല്ലാം അവനെ പിടികൂടാനായി പിന്നാലെ പാഞ്ഞു.

-അവസാനിച്ചു

Children Stories Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: