scorecardresearch

ഡിറ്റക്റ്റീവ് അമ്മു – നോവൽ ആരംഭിക്കുന്നു

“എല്ലാവരും ഉറങ്ങുമ്പോഴാണ് അവന്‍ പുറത്തു വരിക. അമ്മാമ്മ ചാത്തനോട് വര്‍ത്തമാനം പറയും. തമാശ പറയും. രണ്ടുപേരുംചേര്‍ന്ന് പാട്ടുപാടും. മുറിയില്‍ ചെവിയോര്‍ത്താല്‍ സംഭാഷണം കേള്‍ക്കാം. പക്ഷേ ഒന്നും മനസ്സിലാവില്ല. മറ്റേതോ ഭാഷയിലാണ് അമ്മാമ്മയും ചാത്തനും സംസാരിക്കുക. അമ്മാമ്മയ്‌ക്കൊഴികേ മറ്റാര്‍ക്കും അവനെ കാണാനും പറ്റില്ല.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” ആരംഭിക്കുന്നു

ഡിറ്റക്റ്റീവ് അമ്മു – നോവൽ ആരംഭിക്കുന്നു

മന്ത്രവാദിനി

അമ്മുവിന്റെ വീട്ടില്‍ മന്ത്രവാദിനിയുണ്ട്. അമ്മുവിന്റെ അമ്മാമ്മയാണ് ആ മന്ത്രവാദിനി. അമ്മാമ്മ കറുത്തിട്ടാണ്. അമ്മാമ്മയുടെ മുടി വെളുത്തിട്ടാണ്. രാവിലെയെത്തുന്ന പത്രമൊക്കെ അമ്മാമ്മ അരിച്ചുപെറുക്കി വായിക്കും. പിന്നെ അമ്മയെ ജോലിയില്‍ സഹായിക്കും.

വൈകിട്ടായാല്‍ ടി.വി. കാണും. അമ്മാമ്മയ്ക്ക് രാത്രി ഉറക്കംകുറവാണ്. അതുകൊണ്ട് രാവിലെ വായിച്ച പത്രം വീണ്ടും വായിക്കും. അമ്മുവും പത്രം വായിക്കാറുണ്ട്. സ്‌പോര്‍ട്‌സ് പേജ് വായിക്കാനാണ് അവള്‍ക്കിഷ്ടം.

അമ്മാമ്മയുടെ മുറി എപ്പോഴും നല്ല വൃത്തിയില്‍ കിടക്കും. പൊട്ടോ പൊടിയോ ഉണ്ടാവില്ല. അമ്മാമ്മയുടെ വെളുംചാത്തനാണ് മുറിവൃത്തിയാക്കി വയ്ക്കുന്നത്. അമ്മാമ്മയുടെ അടിമയാണ് വെളുംചാത്തന്‍. പകല്‍ അവനെ കാണാന്‍ പറ്റില്ല. പല്ലിയായോ പാറ്റയായോ വണ്ടായോ മുറിയില്‍ പതുങ്ങിയിരിക്കും.

എല്ലാവരും ഉറങ്ങുമ്പോഴാണ് അവന്‍ പുറത്തു വരിക. അമ്മാമ്മ ചാത്തനോട് വര്‍ത്തമാനം പറയും. തമാശ പറയും. രണ്ടുപേരുംചേര്‍ന്ന് പാട്ടുപാടും. മുറിയില്‍ ചെവിയോര്‍ത്താല്‍ സംഭാഷണം കേള്‍ക്കാം. പക്ഷേ ഒന്നും മനസ്സിലാവില്ല. മറ്റേതോ ഭാഷയിലാണ് അമ്മാമ്മയും ചാത്തനും സംസാരിക്കുക. രാത്രിയിലും അമ്മാമ്മയ്‌ക്കൊഴികേ മറ്റാര്‍ക്കുമുന്നിലും അവന്‍ വെളിപ്പെടില്ല.

അമ്മുവിനും വീട്ടിലൊരു കുഞ്ഞു മുറിയുണ്ട്. ഏണിമുറി എന്നാണ് അതിന്റെ പേര്. അവിടൊരു ഏണിയുണ്ട്. ഏണി, തട്ടിന്‍ പുറത്തേക്ക് കയറിപ്പോകാനുള്ളതാണ്. തടികൊണ്ടുള്ളതാണ് തട്ടിന്‍പുറം. ഏണിയും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

തട്ടിന്‍പുറത്ത് കലങ്ങളും കുട്ടകളും വട്ടികളും അത്യാവശ്യമില്ലാത്ത പാത്രങ്ങളും ഭരണികളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. തട്ടിന്‍പുറത്ത് ചവിട്ടുമ്പോള്‍ ശബ്ദംകേള്‍ക്കും. ചില രാത്രികളില്‍ അവിടെ ആരോ നടക്കുംപോലെ തോന്നും. വെളുംചാത്തനാണ്.

അമ്മാമ്മയ്ക്ക് ഭസ്മക്കൊട്ടികളുണ്ട്. കമുകിന്റെ ഉണങ്ങിയ പാളകൊണ്ടാണ് ഭസ്മക്കൊട്ടി ഉണ്ടാക്കിയിരിക്കുന്നത്. ഉമ്മറത്തെ കഴുക്കോലില്‍ അവ തൂക്കി ഇട്ടിട്ടുണ്ട്. കുറച്ചെണ്ണം തട്ടിന്‍പുറത്തും ശേഖരിച്ച് വച്ചിട്ടുണ്ട്. അതിലെ ഭസ്മം എടുക്കാന്‍ വെളുംചാത്തന്‍ വരുന്നതാണ്. അമ്മാമ്മ പറഞ്ഞയയ്ക്കുന്നതാണ് ചാത്തനെ.

അമ്മാമ്മയുടേതുപോലെ വൃത്തിയുള്ളതല്ല അമ്മുവിന്റെ മുറി. അത് എപ്പോഴും അലങ്കോലമായിക്കിടക്കും. അമ്മാമ്മയ്ക്ക് ചാത്തന്‍ സഹായിക്കാനുണ്ട്. അമ്മുവിന് അതില്ലല്ലോ. അമ്മു പറഞ്ഞാല്‍ ചാത്തന്‍ അനുസരിക്കത്തുമില്ല. എങ്കില്‍ എന്തു നന്നായേനെ!

സ്‌കൂളില്‍ പോകാന്‍ നേരം വീട്ടില്‍ കോലാഹലമാണ്. അമ്മുവിന്റെ പുസ്തകവും പേനയും ബാഗുമെല്ലാം അപ്രത്യക്ഷമാകും. അതും തേടി വീടുമുഴുവന്‍ നടക്കും. കാണാതായവ കണ്ടെടുക്കുമ്പോഴേക്കും വാട്ടര്‍ബോട്ടില്‍ പോയി ഒളിച്ചിരിക്കും. അതു കിട്ടുമ്പോഴാവും റിബണിന്റെ കാര്യം ഓര്‍ക്കുക. ബാഗുമെടുത്ത് ഓടാന്‍തുടങ്ങുമ്പോഴാണ് യൂണിഫോമിട്ടില്ലെന്ന് ഓര്‍മവരിക. ഹോ അതെവിടെ കിടക്കുകയാവും?

അപ്പു സ്‌കൂളില്‍ പോകാന്‍ റെഡിയായി നില്‍പ്പുണ്ട്. അമ്മൂന്റെ ചേട്ടനാണ് അപ്പു. എങ്കിലും അമ്മു അവനെ പോടാ…വാടാ…എന്നൊക്കയേ വിളിക്കൂ.

അപ്പു മുറ്റത്തുനിന്ന് അലറി വിളിക്കുന്നുണ്ട്. ”ടീ നീ വരുന്നുണ്ടോ?” അവന് ഈ തൊള്ളതുറക്കലേയുള്ളൂ. ഒറ്റയ്ക്ക് സ്‌കൂളീ പോകാനുള്ള ധൈര്യമൊന്നുമില്ല. അമ്മു കൂടെയില്ലാതെ അവന്‍ ചലിക്കില്ല. അമ്മു പറയുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങും.

ക്ലാസില്‍ താമസിച്ചെത്തിയാലും കള്ളക്കഥ പറഞ്ഞ് രക്ഷപ്പെടാന്‍ അമ്മുവിനറിയാം. പാവത്താന് അതൊന്നും അറിയില്ല. അതിന്റെ ദേഷ്യം മുഴുവന്‍ അപ്പുവിനുണ്ടാവും. അമ്മു അതൊന്നും ഗൗനിക്കാറില്ല.

”സ്‌കൂളില്‍ ബെല്ലടിക്കാറായെടീ.” അപ്പു വിളിച്ചുകൂവി.

”ദേ വരുന്നെടാ. നീ എന്റെ ഐഡന്റിറ്റി കാര്‍ഡ് കണ്ടാരുന്നോ?”

മുറിക്കുള്ളില്‍ നിന്ന് അമ്മു വിളിച്ചുചോദിച്ചു. അമ്മുവിന്റെ ഐഡന്റിറ്റികാര്‍ഡ് തപ്പിയെടുക്കാനായി അപ്പുവും അകത്തേക്കോടി. ഈ പെണ്ണിനെക്കൊണ്ട് തോറ്റു. അവന് ദേഷ്യംവന്നു. പോകാന്‍ നേരം അവളുടെ എന്തേലുമൊക്കെ കാണാതാകും. അത് പതിവാണ്.

പിള്ളാരുടെ ബഹളംകേട്ട് കുളിരന്‍ തല ഉയര്‍ത്തി. ചാമ്പല്‍ക്കൂട്ടില്‍ ഉറക്കത്തിലായിരുന്നു അവന്‍. കുളിരന്‍ അമ്മുവിന്റെ വീട്ടിലെ പൂച്ചയാണ്. സൂര്യന്‍ വന്നുദിച്ചതും തേനീച്ചകള്‍ ജോലിക്കുപോയതും അമ്മ അടുക്കളയില്‍ ഭക്ഷണം പാകംചെയ്തതുമൊന്നും അവന്‍ അറിഞ്ഞിട്ടില്ല.

അവന് അത് അറിയേണ്ട കാര്യമില്ല. അമ്മാമ്മ ഭക്ഷണം കഴിക്കാന്‍ നേരം കുളിരന്‍ എണീക്കും. പതിയെ മൂരി നിവര്‍ത്തും. കോട്ടുവായിട്ട്, വാലും ഉയര്‍ത്തിപ്പിടിച്ച് അടുക്കളയിലേക്കു ചെല്ലും. അമ്മാമ്മ കുളിരന് ഭക്ഷണം മാറ്റിവയ്ക്കും. അവന് പ്രത്യേകിച്ചൊരു വെള്ളിക്കിണ്ണമുണ്ട്.

ഭക്ഷണം കഴിക്കാന്‍നേരം കൃതാര്‍ഥനായി അവന്‍ അമ്മാമ്മയെ നോക്കും. ”കഴിച്ചോടാ, പ്രിന്‍സ് കുട്ടാ…” അമ്മാമ്മ പറയുംവരെ അവന്‍ കാത്തിരിക്കും. പിന്നെ പാത്രത്തിലേക്ക് തലതാഴ്ത്തും.

”പ്രിന്‍സ് കുട്ടാ” എന്ന വിളികേള്‍ക്കുമ്പഴേ അമ്മൂന് ദേഷ്യം വരും. ‘പ്രിന്‍സല്ല ക്രുന്‍സ്…’ അവള്‍ പിറുപിറുക്കും.

‘നിനക്കെന്താടീ കുഴപ്പമെന്ന്?’ പ്രിന്‍സ് അവളെ നോക്കി മീശവിറപ്പിക്കും. അമ്മാമ്മ അടുത്തുള്ള ധൈര്യമാണ് പ്രിന്‍സിന് പോകുന്ന പോക്കില്‍ അമ്മു അവനിട്ടൊരു ചവിട്ടുകൊടുത്തു. കുളിരന്‍ മോങ്ങി വിളിച്ചു.

”ആ പൂച്ചേ ചവിട്ടുന്നോ നശിച്ചോളേ…” അമ്മാമ്മ കയ്യോങ്ങി.

”ഞാന്‍ ചവിട്ടീട്ടൊന്നൂല്ല.”

”ഞാന്‍ കണ്ടതല്ലേടീ കാന്താരീ.”

”കാര്യായിപ്പോയി. ചവിട്ടുകിട്ടിയെങ്കീ വച്ചോണ്ടിരിക്കട്ടേ. അവന്റെ കയ്യീരിപ്പുകൊണ്ടാ…”

”എന്തോര് അനുസരണയുള്ള പൂച്ചയാണീ പ്രിന്‍സ്. ഇവിടത്തെ പെങ്കൊച്ചിനു മാത്രം അനുസരണയില്ല,” അമ്മാമ്മ പറഞ്ഞു.

അനുസരണയുള്ള പൂച്ചയാണ് താനെന്ന് കേട്ടതോടെ കുളിരന്‍ അഭിമാനത്തോടെ മുതുകുപൊന്തിച്ചു. വാല് കുറച്ചുകൂടി ഉയര്‍ത്തിപ്പിടിച്ചു. അമ്മാമ്മയുടെ ചുളിഞ്ഞ കാലുകളില്‍ അവന്‍ ഉമ്മവച്ചു.

അമ്മു പതിവുപോലെ ഒച്ചവച്ച് ഉറക്കംകളഞ്ഞതില്‍ കുളിരന് ദേഷ്യം തോന്നി. ‘കുളിരന്‍’ എന്ന്വിളിക്കുന്നത് പ്രിന്‍സിന് ഇഷ്ടമല്ല. അതൊരു വട്ടപ്പേരാണ്. അമ്മുവാണ് ആ പേര് ചാര്‍ത്തിയിരിക്കുന്നത്. വട്ടപ്പേരിടാന്‍ അവള്‍ മിടുക്കിയാണ്. സ്‌കൂളില്‍ കൂട്ടുകാര്‍ക്കും അവള്‍ ഇരട്ടപ്പേരിടും.

പ്രിന്‍സ് എന്തു നല്ല പേരാണ്. അവള്‍ക്ക് അങ്ങനെ വിളിച്ചാലെന്താ? കൊച്ചടുക്കളയിലെ ചാമ്പല്‍ക്കൂട്ടില്‍ കിടന്ന് അവന്‍ ആലോചനയിലാണ്ടു.

അമ്മുവിന്റെ വീട്ടില്‍ രണ്ട് അടുക്കളയുണ്ട്. ഒന്നിന്റെപേര് കൊച്ചടുക്കള എന്നാണ്. അവിടെ വിറകുകൊണ്ടുള്ള അടുപ്പാണുള്ളത്. അടുത്തായി ഒരു ചാമ്പല്‍ക്കൂടും. അവിടെയാണ് അവന്റെ വാസസ്ഥാനം.

തണുപ്പുള്ള മാസങ്ങളില്‍ പ്രിന്‍സിനെ കുളിരുവന്നുമൂടും. രോമങ്ങള്‍ എഴുന്നുനില്‍ക്കും. അമ്മാമ്മ തീക്കനലുകള്‍ ചാമ്പക്കൂടിന്റെ അറ്റത്ത് ഇട്ടുകൊടുക്കും. ഇളം ചൂടേറ്റ് കുളിരനങ്ങനെ സുഖിച്ചുകിടക്കും. ഉറങ്ങി മദിക്കും. തണുപ്പുകൂടുമ്പോള്‍ കനലിനോട് ചേര്‍ന്ന് കിടക്കും.

ഒരുപ്രാവശ്യം കുളിരന്റെ വാലിന്റെ രോമങ്ങള്‍ കരിഞ്ഞുപോയി. തീക്കട്ടയോട് ചേര്‍ന്ന് കിടന്നതാണ്. രോമങ്ങള്‍ കരിഞ്ഞ് തൊലിയില്‍ തട്ടിയപ്പോഴാണ് അറിഞ്ഞത്. നിലവിളിച്ചുകൊണ്ട് അവന്‍ ചാമ്പക്കൂടിന് പുറത്തുചാടി. അമ്മാമ്മ തീക്കനലേറ്റ് പൊള്ളിയ വാലില്‍ മരുന്ന് പുരട്ടിക്കൊടുത്തു.

കുളിരനായാല്‍ മതിയായിരുന്നെന്ന് അമ്മുവിന് തോന്നാറുണ്ട്. എന്തൊരു രസമായിരിക്കും. ഒരു ജോലിയുമില്ല. കോഴികളോടും കാക്കകളോടും കിളികളോടും തല്ലുംകൂടി തൊഴിത്തിലെ പശുവിന്റെ വാലിലും ഞോണ്ടി അങ്ങനെ നടക്കാം. അമ്മാമ്മയുടെ മടിയില്‍ കിടന്ന് ലാളനയേല്‍ക്കാം.

ഈ കൊച്ചിന് അവനോന്റെ സാധനങ്ങള്‍ സൂക്ഷിച്ചാലെന്താ? കുളിരന്‍ ചാമ്പല്‍ക്കൂട്ടില്‍ കിടന്ന് മുരണ്ടു.

”അമ്മാ എന്റെ ഐഡി കാര്‍ഡ് കണ്ടോ?”

അടുക്കളയില്‍ ദോശചുടുകയായിരുന്നു അമ്മൂന്റമ്മ. കയ്യിലിരുന്ന ചട്ടുകവുമായി അമ്മ അവളുടെ പിന്നാലെ ചെന്നു. അമ്മയുടെ കണ്ണുകള്‍ ഞെരിപ്പോടുപോലെ ജ്വലിക്കുന്നുണ്ട്. അമ്മു അപകടം മണത്തു. അകലം പാലിച്ചില്ലേ ചട്ടുകംകൊണ്ടുള്ള തല്ല് കിട്ടും. അമ്മയ്ക്ക് ദേഷ്യം വന്നാപ്പിന്നെ കണ്ണുകാണില്ല.

”നിന്റെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നെനക്കറീല്ലേ അമ്മൂ?”

”ഞാനത് ഇന്നലെ മേശപ്പുറത്ത് വച്ചതാരുന്നെന്നേ…”

”പിന്നെ അതെവിടെപ്പോയി?”

”ആ… അമ്മയെടുത്താരുന്നോ?”

”നിന്റെ ഐഡികാര്‍ഡുമിട്ടല്ലേ ഞാന്‍ നടക്കുന്നത്?” അമ്മ ചട്ടുകം ഓങ്ങി.

കുളരന്‍ അവിടേക്ക് ആഗതനായി. അമ്മുവിന് രണ്ടുകിട്ടാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് അവന്റെ വരവ്. അങ്ങനെയെങ്കില്‍ കാണാല്ലോ.

”ദേ ഈ കുളിരന്‍ ഇന്നലെ എന്റെ മുറീ കയറി. അവന്‍ കടിച്ചെടുത്തോണ്ട് പോയിക്കാണും!”

കുളിരന്‍ ദേഷ്യംകൊണ്ട് മീശവിറപ്പിച്ചു.

”പോടീ…. എനിക്കെന്തിനാ നിന്റെ കൂറ ഐഡി കാര്‍ഡ്.”

‘കൂറ’ എന്ന പദം കുളിരന്‍ മനപൂര്‍വം പറഞ്ഞതാണ്. സ്‌കൂളില്‍ ചേര്‍ന്ന് ഒരു മാസം ആകും മുമ്പേ അത് ചീത്തയായി. ഐഡി കാര്‍ഡിലെ ഫോട്ടോയൊക്കെ തേഞ്ഞുമാഞ്ഞു. അഴുക്കുപിടിച്ച് അതപ്പടി കറുത്തു. അപ്പൂന്റെ ഐഡി കാര്‍ഡ് ഇപ്പോഴും പുത്തനായിരിപ്പുണ്ട്.

അമ്മു മേശപ്പുറത്തിരുന്ന കല്ലെടുത്ത് കുളിരനു നേരേ ഓങ്ങി. കുളിരന്‍ ഒഴിഞ്ഞുമാറി. അമ്മൂന് നല്ല ഉന്നമാണെന്ന് അവന് അറിയാം.

”നിനക്ക് നിന്റെ കാര്യങ്ങള് സൂക്ഷിക്കാനറീല്ലേ?”അമ്മയും അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. അപ്പു കട്ടിലിനടിയില്‍ പരതാന്‍ തുടങ്ങി.

അടുക്കുംചിട്ടയുമില്ലാതെ കിടക്കുന്ന മേശപ്പുറവും മുറിയും കണ്ട് അമ്മൂന്റെമ്മയ്ക്ക് ദേഷ്യം ഇരട്ടിച്ചു.

”ഞാനീ മേശേല് വച്ചിരുന്നതാന്നേ.” അവള്‍ മുറിയില്‍ ചുറ്റിനടന്നു.

”പിന്നത് പറന്നുപോയോ?”

”മുറീല് തന്നതുണ്ടാവും.” അമ്മു ചിണുങ്ങി.

സ്‌കൂളില്‍ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

”ഈ മുറീന്നത് കിട്ടിയതുതന്നെ. ചന്തപ്പറമ്പ് ഇതിലും ഭേദാണ്… എന്റെ അമ്മൂ നിനക്കിതൊന്ന് വൃത്തിയാക്കി ഇട്ടാലെന്താ. നിനക്കെന്താ ഇവിടെ പണി?” അമ്മാമ്മയും അന്വേഷണത്തിനെത്തി.

അമ്മുവിന്റെ മുറിയില്‍ പലവിധ സാധനങ്ങളാണ്. വഴിയില്‍ കാണുന്ന പൊട്ടും പൊടിയുമൊക്കെ പെറുക്കികൊണ്ടുവരും. അതെല്ലാം മുറിയില്‍ ശേഖരിച്ചുവയ്ക്കും. വന്നുവന്ന് മേശപ്പുറത്ത് പുസ്തകങ്ങള്‍ വയ്ക്കാന്‍ കൂടി സ്ഥലമില്ല.

”ഇതെല്ലാംകൂടി ഞാനെടുത്ത് ചുടും. നോക്കിക്കോ.” അമ്മ മേശമേലിരുന്ന ഓരോ സാധനങ്ങളും നിലത്തേക്ക് വലിച്ചെറിഞ്ഞു.

കുളിരന് സന്തോഷമായി. ഇവള്‍ക്ക് രണ്ട് വഴക്കിന്റെ കുറവുണ്ട്.

”ഇവള്‍ക്കിവടെ ഒരു പണീമില്ല. മുറിയൊന്ന് വൃത്തിയാക്കി വച്ചാലെന്താ. അവനോന്റെ കാര്യങ്ങള്‍ സൂക്ഷിച്ചാലെന്താ?” അമ്മാമ്മയുടെ പുറകില്‍ സുരക്ഷിതമായി നിന്ന് കുളിരന്‍ ഉച്ചത്തില്‍ പറഞ്ഞു.

“നിനക്ക് വച്ചിട്ടുണ്ടെടാ കുളിരാ. ഞാന്‍ സ്‌കൂളീന്ന് വന്നോട്ടെ,” അമ്മു അവനുനേരേ കണ്ണുരുട്ടി.

”ഇതുപിന്നെന്താടീ?”

പുതപ്പിനടിയില്‍ നിന്നും ഐഡി കാര്‍ഡ് അമ്മ പുറത്തെടുത്തു. ഒപ്പം അമ്മൂന്റെ കയ്യിലൊരു പിച്ചും. അവളുടെ ജീവന്‍ പോയി.

കുളിരന്‍ വിശേഷിപ്പിച്ചപോലെ ‘കൂറ’യായ ഒന്നായിരുന്നു അത്. അതിന്റെ ചരടെല്ലാം തേഞ്ഞുതീരാറായിരുന്നു.

അമ്മയുടെ കയ്യിലിരുന്ന ഐഡി കാര്‍ഡ് അമ്മു തട്ടിപ്പറിച്ചു. പിന്നെ പുറത്തേക്കോടി. ഇടവഴിയും തടിപ്പാലവും കടന്ന് പ്രധാനവഴിയിലൂടെ അമ്മു ശൂന്ന്…..

അപ്പു മിന്നായംപോലെ അവളെ കണ്ടു. അവന്‍ അമ്മുവിനൊപ്പം എത്താന്‍ പിന്നാലെ ഓടി. ഈ പെണ്ണിന് എന്തൊരു വേഗതയാണ്.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 1