/indian-express-malayalam/media/media_files/uploads/2020/02/jk-1-1.jpg)
കുരങ്ങൻ സൂത്രക്കാരനായതെങ്ങനെ?
ഒരിക്കൽ ഒരിടത്ത് വലിയൊരു പഴത്തോട്ടമുണ്ടായിരുന്നു. എല്ലാവിധ ഫല വൃക്ഷങ്ങളും അവിടെ തഴച്ചു വളർന്നു. അവിടെ കഴിഞ്ഞിരുന്ന മൃഗങ്ങൾക്കെല്ലാം ഇഷ്ടം പോലെ പഴങ്ങൾ തിന്നാൻ അനുവാദമുണ്ടായിരുന്നു - ഒരേയൊരു വ്യവസ്ഥയിൽ. അതായത് പഴം തിന്നാനാഗ്രഹിക്കുന്ന മൃഗം ആദ്യം ഫലവൃക്ഷത്തിന്റെ പേര് വിളിക്കണം; പേര് ഒരിക്കലും തെറ്റാൻ പാടില്ല. എന്നിട്ട് ദയവായി കുറച്ച് പഴങ്ങൾ തിന്നാനുവദിക്കാമോ എന്നു ചോദിക്കണം.
എന്നുവെച്ചാൽ, അത്തിപ്പഴമാണ് തിന്നാനാഗ്രഹമെങ്കിൽ ഇങ്ങനെ പറയണം
''അത്തിമരമേ, അത്തിമരമേ, എന്നെ നീ നിന്റെ പഴങ്ങൾ തിന്നാനനുവദിക്കുമോ?"
അതല്ല മധുരനാരങ്ങയാണ് വേണ്ടതെങ്കിൽ ഇങ്ങനെ ചോദിക്കണം
"മധുരനാരകമേ, മധുരനാരകമേ, എന്നെ നീ നിന്റെ പഴങ്ങൾ തിന്നാനനുവദിക്കുമോ?" എന്നിട്ടു മാത്രമേ പഴങ്ങൾ പറിക്കാവൂ.
കൂടാതെ മൃഗങ്ങൾ അത്യാഗ്രഹികളാവുകയുമരുത്. മറ്റു മൃഗങ്ങൾക്ക് കഴിക്കാനുള്ളതും വിത്തിനുള്ളതുമായ പഴങ്ങൾ എപ്പോഴും മരത്തിൽ ബാക്കിവെച്ചിരിക്കണം.
പഴത്തോട്ടത്തിന്റെ അങ്ങേയറ്റത്ത് ഉയരം കൂടിയ പടർന്നുപന്തലിച്ച വലിയൊരു മരമുണ്ടായിരുന്നു. അതിന്റെ ഇളംചുവപ്പ് നിറമുള്ള പഴങ്ങൾ കണ്ടാൽത്തന്നെ നാവിൽ വെള്ളമൂറും. പക്ഷേ ഒരു മൃഗവും ഇന്നോളം അതിന്റെ രുചിയറിഞ്ഞിട്ടില്ല. കാരണം ഒരു മൃഗത്തിനും ആ മരത്തിന്റെ പേരറിയില്ല.
തോട്ടത്തിനടുത്ത് ഒരു കുടിലിൽ ഒരമ്മൂമ്മ താമസിച്ചിരുന്നു. തോട്ടത്തിലെ എല്ലാ മരത്തിന്റെയും പേരുകൾ അമ്മൂമ്മക്കറിയാം ആ വലിയ മരത്തിന്റെയും.
എന്നിട്ടെന്തു കാര്യം? കുടിലിൽ നിന്നും ഏറെയകലെയായിരുന്നു ആ മരം. അമ്മൂമ്മയുടെയടുത്തുനിന്ന് പേരും പഠിച്ച് മരത്തിന്റെയടുത്തെത്തുമ്പോഴേക്കും അവരാ പേര് മറന്നു പോകും. കാരണം മരത്തിന്റെ പേര് നീളമേറിയതും കടുപ്പമുള്ളതുമായിരുന്നു.
അങ്ങനെയിരിക്കെ കുരങ്ങന് ഒരു സുത്രം തോന്നി. നിങ്ങൾക്കറിയാമോ എന്നറിയില്ല; കുരങ്ങൻ ഒരൊന്നാന്തരം ഗിത്താർ വായനക്കാരനാണ്. മൃഗങ്ങൾ പഴത്തോട്ടത്തിൽ ഒത്തുകൂടി ന്യത്തം ചെയ്യുമ്പോഴൊക്കെ അവന്റെ ഗിത്താർ വായനയുമുണ്ടാകും.
ഏതായാലും കുരങ്ങൻ നേരെ അമ്മൂമ്മയുടെയടുത്തു ചെന്ന് മരത്തിന്റെ പേര് പഠിച്ചു. നീളമേറിയ ആ പേരിനെ അവനൊരു പാട്ടാക്കി മാറ്റി. ഗിത്താർമീട്ടി ഈണത്തിൽ ആ പേര് ചൊല്ലിക്കൊണ്ട് അവൻ മരത്തിനു നേരെ നടന്നു. വഴിക്കുവെച്ച് മറ്റു മൃഗങ്ങൾ അവനോട് പലതും ചോദിച്ചു. കുരങ്ങൻ കമാന്ന് മിണ്ടിയില്ല.
അങ്ങനെ കുരങ്ങൻമരത്തിനടുത്തെത്തി. കൊതിയൂറുന്ന ഇളംചുവപ്പു പഴങ്ങൾ നിറഞ്ഞ്, പടർന്നുപന്തലിച്ചു നിൽക്കുകയാണ് മരം. കുരങ്ങൻ മരത്തിന്‌റെ പേര് വിളിച്ചിട്ട് ദയവായി പഴങ്ങൾ തിന്നാനനുവദിക്കാമോ എന്നു ചോദിച്ചു.
എന്നിട്ട് വേഗം ഒരു പഴം പറിച്ച് ആർത്തിയോടെ ആഞ്ഞുകടിച്ചു. എന്തൊരു കഷ്ടം! നല്ല മണമുള്ള, കാണാൻ ഭംഗിയുള്ള ആ പഴത്തിന് കയ്പും ചവർപ്പും കലർന്ന വൃത്തികെട്ട രുചിയായിരുന്നു.
അന്നുമുതൽ അത് കുരങ്ങന്റെ പ്രധാനപ്പെട്ട സൂത്രപ്പണിയായിത്തീർന്നു. അവൻ മറ്റു മൃഗങ്ങളെയും പക്ഷികളെയും മരത്തിന്റെ പേരു പഠിപ്പിക്കും. പഴം തിന്നുമ്പോൾ അവർ കാണിക്കുന്ന ഗോഷ്ഠികൾ കണ്ട് അവൻ ചിരിച്ചുമറിയും.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ' എന്ന പുസ്തകത്തിൽ നിന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.