/indian-express-malayalam/media/media_files/uploads/2020/06/vh-nishad-fi.jpg)
യെനാന്റെ ഒരു ദിവസം
കാപ്പി കുടിച്ചു കഴിഞ്ഞതോടെ യെനാന്‍ ഊര്‍ജ്ജസ്വലനായി.
ഉല്‍സാഹം, ഒരു പതിനൊന്നുമണിക്കാറ്റു പോലെ ശാന്തമായി, എന്നാല്‍ ചൂടോടെ, അവന്റെ ശരീരത്ത് കടന്നു കയറിയിരിക്കുകയാണ്.
കോണിപ്പടിക്കടിയില്‍ നിന്ന്, തന്റെ ചെറിയ ചുവന്ന ഷൂസുകള്‍ എടുക്കാനായി അവന്‍ കൈകള്‍ നീട്ടി.
'ചാരൂ... എനിക്ക് ശൂശ് വേണം...' എന്ന്, പുറത്തേക്ക് ഉമിനീരു ചീറ്റിക്കുന്ന ശബ്ദത്തില്‍, വലിയ ഒച്ചയുണ്ടാക്കാതെ അവന്‍ വിളിച്ചു.
കൊച്ചായതു കൊണ്ട് അവന്‍ 'ഷ' എന്ന അക്ഷരത്തെ ഇപ്പോഴും 'ശ' എന്നാണ് പറയാറുള്ളത്.
'ചാരു' എന്നു വിളിക്കുന്നത് അവന്റെ അമ്മൂമ്മയെ തന്നെയാണ്. സ്‌നേഹം കൂടുമ്പോള്‍ അവന്‍ അവന്റെ മുത്തശിയെ പേരു തെന്നയാണ് വിളിക്കുക. നേരത്തെ അപ്പൂപ്പനെ 'സുലൈമാന്‍' എന്നു വിളിച്ചതു പോലെ.
'സുലൈമാന്‍' എന്നു അപ്പൂപ്പനെ വിളിക്കുന്നത് അദ്ദേഹത്തിനും ഇഷ്ടമാണ്. 'ചെറുക്കന്‍ വിളിക്കട്ടെ...' എന്ന് അദ്ദേഹം ആ വിളിയെ പ്രോല്‍സാഹിപ്പിച്ചു.
'അവനു തുല്യരായി തോന്നുന്നതു കൊണ്ടാണ് അവനങ്ങനെ വിളിക്കുന്നത്. അവന്റെ കൂട്ടുകാരാണ് നമ്മളെല്ലാവരും,' അപ്പൂപ്പന്റെ ഫിലോസഫി അതാണ്.
സ്‌നേഹം കൂടുമ്പോള്‍, ഇങ്ങനെ, യെനാന്‍ പലരേയും പേരു തന്നെ വിളിച്ചു.
'മാഷേ...സുലൈമാനേ...ചാരൂ...'
ഉച്ചത്തില്‍ ഒരു തമാശപ്പാട്ടു പോലെ വിളിച്ചു കൊണ്ട്, കുഞ്ഞു ഷൂസുകള്‍ കാലിലണിഞ്ഞ്, നാലു വയസ്സുകാരന്‍ യെനാന്‍ മുറ്റത്തേക്കിറങ്ങി.
ബക്കറ്റില്‍ പച്ചക്കറികള്‍ക്കിടാനുള്ള വളവുമായി, സുലൈമാന്‍ അപ്പൂപ്പന്‍ കൃഷിയിടത്തിലേക്ക് പോവുകയാണ്.
വെയില്‍ കൊള്ളാതിരിക്കാനായി അദ്ദേഹം, തലയില്‍ വലിയൊരു വട്ടത്തൊപ്പി വെച്ചിട്ടുണ്ട്.
യെനാന് ഓര്‍മ്മ വെച്ച കാലം മുതല്‍, അപ്പൂപ്പന്‍ എന്നും ഇങ്ങനെയാണ്. എപ്പോഴും തിരക്കോടു തിരക്ക്. സദാ സമയവും പ്രവര്‍ത്തന നിരതനായ ഒരു വലിയ കൃഷിക്കാരനാണ് തന്റെ അപ്പൂപ്പന്‍ എന്നതില്‍ കുഞ്ഞു യെനാന്‍ ഏറെ അഭിമാനിക്കുന്നു!
അപ്പൂപ്പന്‍ യെനാനെപ്പോലെയല്ല. ഉറക്കം വളരെ കുറവാണ്.
വെളുപ്പിന് സൂര്യന്‍ തന്റെ ഗുഹ വിട്ട് പുറത്തിറങ്ങണോ എന്നു ശങ്കിച്ചു നില്‍ക്കുമ്പോള്‍ തന്നെ അപ്പൂപ്പന്‍ എണീറ്റിരിക്കും.
പല്ലു വൃത്തിയാക്കി, മുഖം കഴുകി, ചുമച്ചു കൊണ്ട് അദ്ദേഹം അതി കാലത്ത് വീട്ടില്‍ നിന്ന് വെളിയിലേക്കിറങ്ങുന്നത്, പാതിയുറക്കത്തിനിടയില്‍ ചിലപ്പോള്‍ അവന്‍ അറിയാറുണ്ട്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അപ്പോള്‍ കൃഷിക്കളത്തിലിറങ്ങിയാല്‍, പിന്നെ ചന്തിയില്‍ ചൂടടിച്ചിട്ടോ വല്ല സ്വപ്‌നവും കണ്ടിട്ടോ യെനാന്‍ ഉണരുന്ന നേരത്തു മാത്രമേ, അദ്ദേഹം തന്റെ കൃഷിഭൂമി വിട്ടു പുറത്തേു വരൂ.
കാപ്പി കുടിക്കാനായി ഇടവേള എടുക്കുന്നതാണ്. അപ്പോഴാണ് യെനാന്‍ ഉണരുന്നതും അവന്റെ കാപ്പിക്കായി കൈ നീട്ടുന്നതും.
യെനാന്‍ ഷൂസുമണിഞ്ഞ് പുറത്തിറങ്ങിയതു കണ്ട്, മത്തന്‍ വള്ളിക്ക് വളമിടുന്ന അപ്പൂപ്പന്‍, തടത്തില്‍ നിന്ന് വിളിച്ചു പറഞ്ഞു- 'എടാ കുഞ്ഞാ... നീ ഇതിലൂടൊക്കെ നടന്ന് കുറച്ചു നേരം വെയില്‍കൊള്ള്... അപ്പോഴേക്കും അപ്പൂപ്പന്‍ വളമൊക്കെ എല്ലായിടത്തുമിട്ട് തിരിച്ചെത്താം.'
യെനാന്‍ മുറ്റത്തൂടെ നടന്ന് പരിസരം വീക്ഷിച്ചു.
പുറത്തെ സപ്പോട്ടാ മരത്തില്‍ ചെറിയ പൂവുകളും കായ്കളും വിരിഞ്ഞിട്ടുണ്ട്. കുറേ കഴിയുമ്പോള്‍ അണ്ണാറക്കണ്ണന്മാര്‍ 'ക്വില്‍..ക്വില്‍...' എന്നു ചിലച്ചു കൊണ്ടു വരും.
തൊട്ടടുത്തുള്ള പേര മരത്തിനിടയിലൂടെ, ആ ദിവസത്തെ ഏറ്റവും പ്രസാദാത്മകമായ പ്രകാശ നൂലുകളാണ് ചിലന്തി വല പോലെ നിലത്തേക്ക് പാളി വീഴുന്നത്.
ചൂടു പിടിക്കുന്ന മുറ്റത്തെ മണ്ണില്‍, ഇലകളും നിഴലുകളും പരന്നു കിടക്കുകയാണ്.
ചില ഇലകള്‍ പെറുക്കിയെടുത്ത് യെനാന്‍ കയ്യില്‍ സൂക്ഷിച്ചു.
അവയില്‍ നല്ലതു കണ്ടു പിടിച്ച് പിന്നീടവന് പമ്പരമുണ്ടാക്കാനുള്ളതാണ്!
വീടിനു ചുറ്റും മൂന്നു-നാലു തവണ നടന്നു കഴിഞ്ഞപ്പോള്‍ ചില കാര്യങ്ങള്‍ യെനാന്‍ കണ്ടെത്തി.
ഒന്ന് - മുറ്റത്തെ തുളസിച്ചെടിക്ക് കൂടുതല്‍ ഇലകള്‍ വന്നിരിക്കുന്നു.
രണ്ട് - വലതു വശത്തെ ഉണ്ടച്ചി പ്ലാവില്‍ മൂന്നു ചക്ക മുളകള്‍ കൂടി ഉണ്ടായിരിക്കുന്നു. വലിയ രണ്ടു ചക്കകള്‍ മൂപ്പെത്തിയ മട്ടിലുമുണ്ട്.
മൂന്ന് - അപ്പൂപ്പന്റെ കൃഷിക്കളത്തില്‍ നിന്ന് പുതിയൊരു മണം വരുന്നുണ്ട്. എന്തോ അവിടെ സംഭവിച്ചിട്ടുണ്ട്.
നാല് - മുറ്റത്തെ തേനീച്ചക്കൂട്ടില്‍ തേനീച്ചകള്‍ എന്തോ രഹസ്യ ചര്‍ച്ചയിലാണ്. ആരേയും പുറത്തു കാണുന്നില്ല.
അഞ്ച് - വീട്ടിലെ തക്കുടു പൂച്ച പുറത്തെവിടെയോ സര്‍ക്കീട്ടിലാണ്. കഴിഞ്ഞ ദിവസം വീട്ടില്‍ ചോറിനൊപ്പം മത്സ്യമില്ലെന്ന് കണ്ടറിഞ്ഞ്, പിണങ്ങി അടുത്ത വീട്ടില്‍ പോയതാവണം.
'വാടാ യെനാനെ...' എന്നു വിളിച്ചു കൊണ്ട് ഇതിനിടയില്‍ സുലൈമാന്‍ അപ്പൂപ്പന്‍ കൃഷിക്കളത്തില്‍ നിന്ന് കയറി വന്നു. ഒരു മണ്ണുകുപ്പായം ധരിച്ച മാതിരി അദ്ദേഹത്തിന്റെ മേലാകെ ചെളി പുരണ്ടിട്ടുണ്ട്.
മുറ്റത്തിന്റെ ഓരത്തായി ഉറപ്പിച്ചു നിര്‍ത്തിയ പൈപ്പില്‍ നിന്ന് വെള്ളം ചീറ്റിച്ച് അപ്പൂപ്പന്‍ ശരീരം വൃത്തിയാക്കി.
വൈകുേന്നര സമയമായിരിനെങ്കില്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് യെനാനും കൂടെ കൂടിയേനെ. പക്ഷേ ഇതിപ്പോള്‍ സര്‍ക്കീട്ടിനുള്ള തയ്യാറെടുപ്പാണ്. യെനാന് അറിയാം.
ശരീരം വൃത്തിയാക്കി, സുലൈമാന്‍ അപ്പൂപ്പന്‍ വൃത്തിയുള്ള കാലുറകളും ഷര്‍ട്ടും ധരിച്ചു.
പിന്നെ യെനാന്റെ കൈ പിടിച്ചു.
'അയ്യോ... അപ്പൂപ്പാ... ശൂശു മാറ്റാന്‍ മറന്നു പോയി...'-യെനാന്‍ തന്റെ കാലുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
Read More : പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ചുവന്ന ഷൂസു ധരിച്ച്, യെനാന്‍ പുറത്തു പോവുകയേ ഇല്ല. അതവന് വീട്ടിനകത്തും മുറ്റത്തും കളിക്കാനുള്ളതാണ്.
കറുത്ത ഷൂസുകളാണ്, പുറത്തു പോകുമ്പോഴെല്ലാം യെനാന്‍ തന്റെ കാലിലണിയുക.
കറുപ്പിനാണ് ചുവപ്പിനേക്കാള്‍ സൗന്ദര്യം എന്ന് യെനാന്‍ കുഞ്ഞന്‍ വിശ്വസിച്ചു.
അതു കൊണ്ട് അവനിപ്പോള്‍ കറുത്ത ഷൂസുകള്‍ വേണം. മരക്കോവണിക്കടിയില്‍ നിന്ന് തുടച്ചു വെച്ചിരുന്ന, യെനാന്റെ കുഞ്ഞു ഷൂസുകള്‍ അപ്പൂപ്പന്‍ എടുത്തു.
പുതിയ ഷൂസില്‍, യെനാന്‍ ഒരു കുട്ടി സഞ്ചാരിയായി.
'പൂയ്... സുലൈമാന്‍... നമുക്കോടിയാലോ...' എന്നു ചോദിച്ചു കൊണ്ട്, അവനിതാ പുറത്തെ ചെമ്മണ്‍ പാതയിലേക്ക് ഓടിക്കഴിഞ്ഞു.
ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട്, സുലൈമാനും അവനു പിറകേ ഓടി.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.