/indian-express-malayalam/media/media_files/uploads/2020/06/vh-nishad-fi-part-10.jpg)
കൊച്ചു പയ്യന് വരം വേണം!
'സമ്മാനം,' യെനാന്‍ ഉച്ചത്തില്‍ വിളിച്ചു.
'സമ്മാനമോ,' സുലൈമാന്‍ ചോദിച്ചു.
'എനിക്ക് വരം വേണം. സമ്മാനം വേണം. സമ്മാനം പോലത്തെ വരം വേണം...' അവന്‍ വിളിച്ചു കൊണ്ടിരുന്നു.
'എടാ ചെറുക്കാ. നീയെന്താ പിച്ചും പേയും പറയുന്നത്? യെനാന്‍, എഴുന്നേല്‍ക്ക്. എണീറ്റ് വേഗം കണ്ണു തുറക്ക്.' സുലൈമാന്‍ വിളിച്ചു കൊണ്ടിരുന്നു.
യെനാന്‍ കണ്ണു തിരുമ്മി നോക്കി. മുന്നില്‍ രോമക്കുപ്പായവും തൊപ്പിയും ധരിച്ച് നില്‍ക്കുന്നത് സുലൈമാന്‍ അപ്പൂപ്പന്‍ തന്നെയാണ്.
'അലമാരേടെ കഥയിലെ പോലെ എനിക്കും മന്ത്രവാദീടെ സമ്മാനം വേണം. ഒരു വരം വേണം...'
യെനാന്‍, ചുണ്ടുകള്‍ ചലിപ്പിച്ചു കൊണ്ടിരുന്നു.
'മന്ത്രവാദിയുടെ കഥ' എന്ന് യെനാന്‍ പറഞ്ഞതും 'വരം' എന്നു പറഞ്ഞതുമെല്ലാം സുലൈമാന് മനസ്സിലായില്ല.
'അവനെന്തോ സ്വപ്‌നം കണ്ടിട്ടുണ്ടാകും.' ഒരു കപ്പില്‍ കാപ്പിയുമായി വന്ന മാഷ അമ്മ പറഞ്ഞു.
ഞായറാഴ്ച ദിവസമായതു കൊണ്ട്, മാഷയ്ക്ക് ഇന്ന് അവധിയാണ്. കാട്ടിലെ ആശുപത്രി, ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കാറില്ലല്ലോ.
'അമ്മാ... ഭൂമിയുടെ അലമാര എന്നോട് പറഞ്ഞല്ലോ, മന്ത്രവാദിയപ്പൂപ്പന്‍ വരം കൊടുക്കുമെന്ന്. എനിക്കാ വരമാ വേണ്ടത്,' യെനാന്‍ പറഞ്ഞു കൊണ്ടിരുന്നു.
പല്ലു തേച്ചു കൊടുക്കുമ്പോള്‍, മാഷ സാവധാനത്തില്‍ അവന് പറഞ്ഞു കൊടുത്തു, 'മോനെ, നീ കരുതുന്നതു പോലെ ഭൂമിയുടെ അലമാര സംസാരിക്കുകയൊന്നുമില്ല. യെനാന്‍ കുഞ്ഞന്‍ കണ്ടത് നല്ലൊരു സ്വപ്‌നം മാത്രമായിരുന്നു.'
എന്നിട്ടും അവനത് വിശ്വാസം വന്നില്ല.
സുലൈമാന് അപ്പൂപ്പന്‍, ഒരു ചെറിയ അരിച്ചാക്ക് ഉയര്‍ത്തും മാതിരി, ആ കൊച്ചു ചെറുക്കനെ പൊക്കിയെടുത്തു.
താന്‍ കണ്ടത് ഒരു സ്വപ്‌നമാണെന്ന് അമ്മ പറഞ്ഞത്, യെനാന് ശരിക്കും ഇഷ്ടെപ്പെട്ടിട്ടില്ല. പിണങ്ങിയ മട്ടില്‍, മുഖം വീര്‍പ്പിച്ചാണ് യെനാന്‍ നില്‍ക്കുന്നത്. അത് സുലൈമാന്‍ കണ്ടിരുന്നു.
കുഞ്ഞു യെനാനെ സുലൈമാന്‍, വീടിനു പിറകിലുള്ള, ഭൂമിയുടെ അലമാരയ്ക്കു മുന്നില്‍ കൊണ്ടു ചെന്നു നിറുത്തി.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
'ഇപ്പോള്‍ ഒരു കഥ പറയാന്‍ നീ നിന്റെ അലമാരയോട് പറഞ്ഞു നോക്ക്. ഈ അലമാര സംസാരിക്കുമോ എന്നറിയാമല്ലോ, ' സുലൈമാന്‍ പ്രോല്‍സാഹിപ്പിച്ചു.
അവന്‍ കണ്ണു മിഴിച്ചു നോക്കി.
ഭൂമിയുടെ പോക്കറ്റു പോലെ, ആ മര അലമാര, നിശ്ചലമായി അങ്ങനെ മണ്ണില്‍ പതിഞ്ഞിരിക്കുകയാണ്.
യെനാന്‍, അതിന്റെ മരത്തട്ടില്‍ തൊട്ടു നോക്കി.
തലേന്നത്തെ മഞ്ഞു വീഴ്ചയില്‍, തണുത്ത തടിക്കഷണം നന്നായി നനഞ്ഞിട്ടുമുണ്ട്.
'അലമാരേ...' യെനാന്‍ കുലുക്കി വിളിച്ചു.
അലമാര അനങ്ങുന്നേയില്ല. മിണ്ടുന്നേയില്ല. അവനെ വാല്‍സല്യത്തോടെ നോക്കിക്കൊണ്ടു നിന്നിരുന്ന സുലൈമാന്‍ 'സാരമില്ല' എന്ന് അവന്റെ ചുമലില്‍ തട്ടി.
എല്ലാം ഒരു സ്വപ്‌നമായിരുന്നെന്ന്, കൊച്ചു യെനാന് ഇപ്പോള്‍ ബോധ്യമായി
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
പിന്തിരിഞ്ഞു നടക്കുമ്പോള്‍ യെനാന്‍ കണ്ടു. അലമാരയുടെ തട്ടില്‍, സുലൈമാന്‍ അപ്പൂപ്പന്റെ ഒരു വലിയ തൊപ്പിയിരിക്കുന്നുണ്ട്.
മറ്റൊരു തട്ടില്‍, അപ്പൂപ്പന്‍ വളമിടാനായി കൊണ്ടു പോകാറുള്ള, യെനാനെ പോലുള്ള ഒരു കുഞ്ഞന്‍ ബക്കറ്റ്!
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.