scorecardresearch

ഭൂമിയുടെ അലമാര: കുട്ടികളുടെ നോവല്‍-ഭാഗം 9

ലോകത്തിലെ ഏറ്റവും വലിയ സമ്പത്തും ഭാഗ്യവും എന്താണെന്ന് സുലൈമാനപ്പൂപ്പൻ യെനാനോട് പറഞ്ഞു കൊടുക്കുന്നു. കിളികളും നക്ഷത്രങ്ങളും കേട്ടു നിൽക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സമ്പത്തും ഭാഗ്യവും എന്താണെന്ന് സുലൈമാനപ്പൂപ്പൻ യെനാനോട് പറഞ്ഞു കൊടുക്കുന്നു. കിളികളും നക്ഷത്രങ്ങളും കേട്ടു നിൽക്കുന്നു

author-image
V H Nishad
New Update
VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

വലിയ ചിറകുള്ള കഥ

'എന്നിട്ട് ?'

യെനാന്റെ ആകാംക്ഷ തുളുമ്പി.

അലമാര പറഞ്ഞ കഥ അവന് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

'പിന്നീടെന്താ ഉണ്ടായേ?'

തന്റെ കൊച്ചു നാവ് പുറത്തേക്കിട്ട് അവന്‍ ചോദിച്ചു.

'അതേ മോനെ... ഭൂമിയിലെ അലമാരകള്‍ മുഴുവന്‍ അന്നു മുതല്‍ നിശ്ചലമായി. എവിടെ വീണോ, അവിടെ തന്നെ എഴുന്നേല്‍ക്കാനാവാതെ, ഒട്ടും ചലിക്കാനാകാതെ അവര്‍ കിടന്നു.'

'കഷ്ടമായിപ്പോയി.'

യെനാന് സങ്കടം തോന്നി.

Advertisment

അതെ. അഹങ്കാരിയായ ഒരു അലമാരയുടെ പ്രവൃത്തി കൊണ്ട് ഭൂമിയിലെ മുഴുവന്‍ അലമാരകള്‍ക്കും ഇങ്ങനൊരു ദുര്‍ഗതി വന്നു ചേരുകയായിരുന്നു.

പലയിടങ്ങളിലായി ചിതറിക്കിടന്ന അലമാരകളെ, പിന്നീട് ഗ്രാമങ്ങളിലുള്ള മനുഷ്യര്‍ വന്ന് എടുത്തു കൊണ്ടു പോയി. തങ്ങളുടെ വീടുകളുടെ ചുമരുകളില്‍, നിശ്ചലരായ ഈ അലമാരകളെ വലിയ കണ്ണാടികള്‍ പോലെ അവര്‍ പതിച്ചു വെച്ചു. ചിലര്‍, ഇങ്ങനെയുണ്ടാക്കിയ തങ്ങളുടെ അലമാരകള്‍ക്ക്, ഭംഗിയുള്ള നല്ല വാതിലുകള്‍ കൂടി പണിതു.

അടുക്കളപ്പാത്രങ്ങള്‍ സൂക്ഷിച്ചു വെക്കാനായി ചിലര്‍ അലമാര ഉപയോഗിച്ചു. ചിലര്‍ അതില്‍ പുസ്തകങ്ങള്‍ നിറച്ചു. മറ്റു ചിലര്‍ക്ക് വസ്ത്രങ്ങളും ആഭരണങ്ങളും പണവുമെല്ലാം സൂക്ഷിച്ചു വെക്കാനുളള രഹസ്യ അറകളായി മാറി അലമാരകള്‍.

'നിങ്ങള്‍ ഇന്നു കാണുന്ന കോലത്തില്‍ ഞങ്ങളെത്തിയത് അങ്ങനെയാണ്.'

ഭൂമിയുടെ അലമാര തന്റെ കഥ അവസാനിപ്പിച്ചു.

Advertisment

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

'നല്ല രസികന്‍ കഥ'

യെനാന്‍ കയ്യടിച്ചു.

അപ്പൂപ്പനും അമ്മൂമ്മയും മാഷയുമെല്ലാം, പലതരം കഥകള്‍ യെനാന് പറഞ്ഞു കൊടുത്തിട്ടുണ്ട്.

എന്നാല്‍ അവരൊന്നും ഇതുവരെ കേള്‍പ്പിച്ചിട്ടില്ലാത്ത, ഒരു ഭയങ്കര കഥയാണ് അലമാര ഇപ്പോള്‍ അവനോട് പറഞ്ഞിരിക്കുന്നത്.

Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

'പക്ഷെ ആ മന്ത്രവാദിയപ്പൂപ്പന്‍ പിന്നീട് മനസ്സലിഞ്ഞ് ഞങ്ങള്‍ക്ക്  ഒരു ചെറിയ വരം തന്നു കേട്ടോ...'

അലമാര തുടര്‍ന്നു.

'എന്തു വരം?' യെനാന്‍ ചെവി കൂര്‍പ്പിച്ചു.

'അതൊരു നല്ല വരമായിരുന്നു. വലിയ മനസ്സുള്ള, നന്മകള്‍ പ്രവര്‍ത്തിക്കുന്ന,  സ്‌നേഹമുള്ള മനുഷ്യരുടെ കൂട്ടത്തില്‍ പെട്ടാല്‍, ചില പ്രത്യേക ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് സംസാരിക്കാനാവും. അതു കൊണ്ടാണ് നിങ്ങളോട് എനിക്കിപ്പോള്‍ ഇങ്ങനെ സംസാരിക്കാനാവുന്നത്. ദേ, ഇതു പോലെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസു നിറച്ചും സംസാരിക്കാം,'  പുറത്തെ പൊന്‍ വെയിലിലേക്ക് ശബ്ദം ചൂണ്ടിക്കൊണ്ട് അലമാര പറഞ്ഞു.

അലമാരയുടെ കഥ കേട്ടപ്പോള്‍ യെനാന് എന്തായാലും ഒരു കാര്യം വ്യക്തമായി. നല്ല മനുഷ്യരാണ് തനിക്ക് ചുറ്റുമുള്ളത്.

സുലൈമാന്‍ അപ്പൂപ്പന്‍ പറയുന്നതു പോലെ, മനുഷ്യരെ പരസ്പരം വിശ്വസിക്കുന്ന, പരസ്പരം സ്‌നേഹിക്കുന്ന, ഏതു സഹായങ്ങള്‍ക്കും ഏതു സമയത്തും ഓടിയെത്തുന്ന അയല്‍ക്കാരും നാട്ടുകാരുമാണ് അവര്‍ക്കുള്ളത്.

നിലാവുള്ള രാത്രികളില്‍ അവനും സുലൈമാന്‍ അപ്പൂപ്പനോടൊപ്പം ആകാശം നോക്കി മുറ്റത്തിരിക്കാറുള്ളത് യെനാന്‍ ഓര്‍ത്തു.

വലിയ ചാരു കസേരയില്‍ കാലുകളുയര്‍ത്തി വെച്ച് അപ്പൂപ്പനിരിക്കും. തൊട്ടടുത്ത് തന്റെ കൊച്ചു കസേരയിട്ട്, കാലുകളുയര്‍ത്തി വെച്ച്, ഒരു കൊച്ചു കാരണവരെപ്പോലെ അവനും ഇരിക്കും.

VH Nishad Novel, Bhoomiyude Alamara, Malayalam Novel, Novel, VH Nishad, Childrens's Literature, ഭൂമിയുടെ അലമാര, വിഎച്ച് നിഷാദ്, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ദൂരെയുള്ള കുന്നിന്‍ മുകളില്‍, ആകാശം നിലാവിന്റെ ചേല അഴിച്ചിട്ടിട്ടുണ്ടാകും. ആകാശത്തേക്ക് കൊമ്പു കൂര്‍പ്പിച്ചിരിക്കുന്ന കാറ്റാടി മരങ്ങളും ചില പേരറിയാ മരങ്ങളും, നിലാവിന്റെ ഭംഗി കണ്ട്, അതിനെ തൊടാനായി ആയത്തില്‍ വേരുകളുയര്‍ത്തി നിന്ന് നോക്കും.

എവിടെ നിന്നോ, കൂടു ചെക്കേറാനായി പറന്നു വന്ന്, ദിശമാറിപ്പോയ ചില  കിളികള്‍ മാത്രം അവയുടെ തുഞ്ചത്ത് കയറിപ്പറ്റി, നിലാവിന്റെ ആ സൗന്ദര്യം ആസ്വദിക്കും.

വീടു തെറ്റിപ്പോയെങ്കിലെന്ത്, മനോഹരമായ ആ കാഴ്ച കാണാനായല്ലോ ഞങ്ങള്‍ക്ക്, എന്ന് ആ പക്ഷികള്‍ ആശ്വസിക്കും.

വയറു നിറയെ അത്താഴവും കഴിച്ച്, ആകാശത്തിന്റെ മേലാപ്പ് കണ്ടു കിടക്കുന്ന തങ്ങള്‍ ഭാഗ്യവാന്മാരാണെന്ന്, ആ നേരങ്ങളില്‍ സുലൈമാന്‍ തന്റെ ചെറുമകനെ എളിമയോടെ ഓര്‍മിപ്പിക്കും.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

'കുഞ്ഞാ... മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യാന്‍ കഴിയുക. അതു തിരിച്ചറിഞ്ഞ് ഭൂമി, പകരമായി പുഷ്ടിയോടെ ഫലം നല്‍കുക. സ്വന്തം വിയര്‍പ്പു കൊണ്ട് അധ്വാനിച്ച ഫലങ്ങള്‍ പാകം ചെയ്തു കഴിക്കുക. ഇതിനൊക്കെ പറ്റുന്നവരാണ് ലോകത്തെ വലിയ ഭാഗ്യവാന്മാര്‍.'

'വയറു നിറച്ചും ഭക്ഷണം കഴിച്ച് സംതൃപ്തിയോടെയും ആരോഗ്യത്തോടെയും ഇങ്ങനെ ഇരിക്കാന്‍ കഴിയുന്നതു തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്,' സുലൈമാന്‍ വാചാലനാകും.

അലമാരയുടെ കഥ കേട്ടപ്പോള്‍, പണ്ട് അപ്പൂപ്പന്‍ തന്നോട് പറഞ്ഞതെല്ലാം, വലിയ വലിയ ശരികളായിരുന്നുവെന്ന്, യെനാന് കൂടുതല്‍ വ്യക്തമായി.

ആ സമ്പത്തും നന്മയുമുളളതു കൊണ്ടാണ്, ഭൂമിയുടെ അലമാര അവരെ തേടി വന്നത്. ഇങ്ങനെയെല്ലാം സംസാരിച്ചത്.

വലുതാകണം. വളര്‍ന്നു വലുതാകണം. പൊക്കം വെച്ച് വലുതാകുമ്പോള്‍, നല്ല കൃഷിക്കാരനും മനുഷ്യനുമാകണം. യെനാന്‍ മനസ്സിലുറപ്പിച്ചു.

തുടരും...

ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.

Children Literature Stories Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: