/indian-express-malayalam/media/media_files/uploads/2020/06/vh-nishad-fi-part-5.jpg)
ഭിത്തിയിലെ അലമാര
സുലൈമാന്‍ അപ്പൂപ്പനും, അമ്മൂമ്മയും അമ്മയും യെനാനുമെല്ലാം താമസിക്കുന്നത്, ഒരു ചെറിയ കുന്നിന്റെ ഓരത്താണ്. കുന്നിന്റെ മടിയില്‍ കെട്ടിയിട്ട ഒരു കളിപ്പാട്ടമാണ് അവരുടെ വീടെന്ന് തോന്നിപ്പോകും.
കുന്നു കയറി വരുമ്പോഴുള്ള സമതലത്തില്‍, ഒരു ചെറിയ ഇഷ്ടിക വീട്!
ചാരു അമ്മൂമ്മ പാകം ചെയ്യുമ്പോള്‍, ആ ഇഷ്ടികപ്പുരയുടെ പുകക്കുഴലില്‍ നിന്ന്, നിലാവിന്റെ നേര്‍ത്ത സംഗീതം പോലെ, മുകളിലേക്ക് ചെറിയ ചെറിയ കുമിളകളായി പുകയുയരും!
ആ വീടിനു പിറകു വശത്ത്, ചെങ്കുത്തായ കുന്നിന്റെ ചെരിവാണ്. ചുറ്റും ചതുരത്തില്‍ മണ്ണെടുത്ത് സമതലമാക്കിയതാണ്. ആ പ്രതലത്തിലാണ് യെനാന്‍ താമസിക്കുന്ന ഈ വീട് പണിയിപ്പിച്ചിരിക്കുന്നത്.
വീടിന്റെ അടുക്കളയില്‍ ചെന്ന് പിന്നാമ്പുറത്തേക്ക് നോക്കിയാല്‍ കാണാം- വലിയൊരു കൂറ്റന്‍ മണ്‍ ഭിത്തി പോലെ, കുന്ന് മുകളിലേക്ക് നീളത്തില്‍ പോകുന്നത്. ആര്‍ത്തിയോടെ വളരുന്ന പച്ചപ്പുല്ലുകളും ആരോഗ്യം കുറഞ്ഞ മരങ്ങളും കാട്ടു പൊന്തകളുമെല്ലാം ഈ കുന്നിലുണ്ട്.
ആ ഭിത്തിയിലാണ് ഇപ്പോള്‍, വലിയ ഒരു മര അലമാര ഇരിക്കുന്നത് യെനാന്‍ കണ്ടത്.
മണ്‍ ഭിത്തിയില്‍ ഇന്നലെ വരെ അങ്ങനെയൊരു അലമാര അവന്‍ കണ്ടിട്ടില്ല!
ഒറ്റ രാത്രി കൊണ്ട് ഭൂമിക്ക്, എവിടെ നിന്നാണ് ഈ അലമാര കിട്ടിയത്? മണ്ണിന്റെ മാറിലേക്ക് ആരാണ് ഇങ്ങനെയൊരു രസികന്‍ അലമാര പണി കഴിപ്പിച്ചു കൊടുത്തത്?
നൂറു ചോദ്യങ്ങള്‍ അവന്റെ മനസ്സിലേക്ക് സംശയത്തോടെ നൂണ്ടു കയറി.
'യെനാന്‍ കുഞ്ഞാ... ഇനി കുഞ്ഞന്‍ പോയി പല്ലു തേച്ചിട്ടു വാ. ഈ അലമാരയുടെ കഥ അപ്പൂപ്പന്‍ പറഞ്ഞു തരാം.'
സുലൈമാന്‍ അവനെ സമാധാനിപ്പിച്ചു.
ആകാംക്ഷയോടെ കുഞ്ഞു യെനാന്‍, തന്റെ പല്ലുകള്‍ ബ്രഷു നനച്ചു വേഗം വൃത്തിയാക്കി. സാധാരണ ഇതൊക്കെ ചെയ്യാന്‍ അവന് എന്തു മടിയാണെന്നോ. ഇന്ന് ആ അലമാര കണ്ടതു മുതല്‍ അവന്റെ അലസതയെല്ലാം മാറിയിരിക്കുകയാണ്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
പല്ലു തേച്ച്, കാപ്പിയും കുടിച്ച്, ചുവന്ന ഷൂസില്‍ നടന്ന് അവന്‍ അപ്പൂപ്പനരികിലെത്തി.
കാലുറയില്‍ പറ്റിയിരിക്കുന്ന മണ്ണ്, തുടച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ് അപ്പൂപ്പന്‍.
'എടാ ചെറുക്കാ.. നീ കണ്ട അലമാരയാണ് ഭൂമിയുടെ അലമാര. ഇന്നലത്തെ രാത്രിയില്‍ ഭൂമി പ്രസവിച്ച അലമാര,' ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് സുലൈമാന്‍ അപ്പൂപ്പന്‍ ഇതു പറഞ്ഞത്.
യെനാന് അത്ഭുതമായി.
'ഭൂമി പ്രസവിക്കുമോ? അതും ഇതു പോലുള്ള ഒരു കൂറ്റന്‍ അലമാരയെ?'
സംശയം തീര്‍ക്കാനായി, തന്റെ കൊച്ചു കാലടികള്‍ വെച്ച് അവന്‍ അടുക്കളപ്പുറത്തേക്ക് ഓടി.
അവിടെ, വലിയ ഒരു മല്‍സ്യം വൃത്തിയാക്കിക്കൊണ്ട്, ചാരു അമ്മൂമ്മ നിലത്ത് കുന്തിച്ചിരിക്കുകയാണ്.
'ഈ പറഞ്ഞത് സത്യമാണോ അമ്മൂമ്മേ...' അവന്‍ അമ്മൂമ്മയെ വിടാതെ പിടുത്തമിട്ടു.
'മാറി നില്ല് ചെറുക്കാ... ദേഹത്ത് മീന്‍ വെള്ളം പറ്റും. ശരീരം വൃത്തികേടാകും.'
അവര്‍ തെന്നി മാറാനുള്ള ശ്രമമാണ്.
യെനാന്‍ വിടുമോ?
കുന്തിച്ചിരുന്ന് മീന്‍ മുറിക്കുന്ന അമ്മൂമ്മയുടെ പിറകില്‍ കൂടി വലിഞ്ഞു കയറി അവന്‍.
'യെനാന്‍, വിട്. നീ കളിക്കാതെ. അടി മേടിക്കുമേ...' എന്നൊക്കെ അവര്‍ പറയുന്നുണ്ട്.
ഒരു രക്ഷയുമില്ല. ഇങ്ങനെയൊക്കെ പറഞ്ഞാലും യെനാനെ ഒന്നു നുള്ളുക പോലും അമ്മൂമ്മ ചെയ്യില്ലെന്ന് അവനറിയാം.
ആ കുസൃതി ചെക്കന്‍ വിടുകയേ ഇല്ല. അമ്മൂമ്മയുടെ കഴുത്തിലുള്ള നീളമുള്ള മഫ്‌ളറിലായി ഇപ്പോള്‍ അവന്റെ പിടുത്തം.
Read More : പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
അവന്റെ ശല്യം കാരണം ഒടുവില്‍ അമ്മൂമ്മ സമ്മതിച്ചു 'ശരി... ശരി... ഞാന്‍ പറഞ്ഞു തരാം. എന്താ ഇനി യെനാന്‍ കുഞ്ഞന് അറിയേണ്ടത്?'
യെനാന് സമാധാനമായി.
'ഭൂമി പ്രസവിക്കുമോ അമ്മൂമ്മേ,' ആകാംക്ഷയോടെ അവന്‍ വീണ്ടും ചോദിച്ചു.
മീന്‍ തല വൃത്തിയാക്കുന്നതിനിടയില്‍ ഒരു കഷണം ചട്ടിക്ക് പുറത്തേക്ക് തെറിച്ചു വീണത്, ഒറ്റച്ചാട്ടത്തിന് ചാരു അമ്മൂമ്മ കൈക്കലാക്കി. തിരിച്ചു പാത്രത്തിലിട്ടു കഴുകി.
തെല്ലു താമസിച്ചിരുന്നെങ്കില്‍ തക്കുടു പൂച്ച അതെപ്പോള്‍ കൈക്കലാക്കുമായിരുന്നെന്ന് നോക്കിയാല്‍ മതി. പിന്നെ ഒരു മാരത്തോണ്‍ ഓട്ടം തുടങ്ങുന്നതേ കാണാനുണ്ടാകൂ. ആ ഗ്രാമത്തിലെ പൂച്ചകള്‍ മുഴുവന്‍ തക്കുടുവിന് പിന്നാലെ മല്‍സരിച്ച് ഓടിയെത്തും.
'ഉം... ഭൂമി പ്രസവിക്കും,' ചാരു അമ്മൂമ്മ പറഞ്ഞു
ആ വിശേഷം കേട്ട യെനാന്റെ കണ്ണുകള്‍, കുഞ്ഞു ഗോട്ടികള്‍ പോലെ പുറത്തേക്കു തള്ളി.
'ഭൂമി പ്രസവിച്ചതാണ് നമ്മളീ മണ്ണില്‍ കാണുന്ന മരങ്ങളും ചെടികളും പൂക്കളും വള്ളികളുമൊക്കെ.'
സ്‌നേഹമുള്ള മൃദു സ്വരത്തില്‍, ചാരു അമ്മൂമ്മ അവന് പറഞ്ഞു കൊടുക്കുകയായിരുന്നു.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.