/indian-express-malayalam/media/media_files/uploads/2020/06/PART-21-VH-nishad-fi.jpg)
വലിയ ചിറകുള്ള സ്വപ്‌നങ്ങള്‍
ആരോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് യെനാന്‍ കണ്ണു തുറന്നത്. ഈയിടെയായി പുലര്‍കാലങ്ങളില്‍ അവന്‍ കാണാറുള്ള ഒരു സ്വപ്‌നത്തിന്റെ ഭാഗമാണ് ആ സംസാരവും എന്നാണ്, ആദ്യം കരുതിയത്. എന്നാല്‍ കുറച്ചു സമയം കണ്ണടച്ചു കിടന്നപ്പോള്‍ അവന് പരിചയമുള്ള ചില ശബ്ദങ്ങളും ആ ബഹളത്തില്‍ കലര്‍ന്നിട്ടുണ്ട് എന്ന് യെനാന് തോന്നി.
അവന്‍ പതുക്കെ പുതപ്പു മാറ്റി കട്ടിലില്‍ നിന്ന് താഴേക്കിറങ്ങി.
'അമ്മൂമ്മേ... യെനാന്‍ കുഞ്ഞന് കാപ്പി...' കണ്ണുകള്‍ കഷ്ടപ്പെട്ട് തിരുമ്മിത്തുറന്നു കൊണ്ട് അവന്‍ വരാന്തയിലേക്കു വന്നു.
'ആഹാ, നമ്മുടെ കുഞ്ഞു നേതാവ് എണീറ്റു കഴിഞ്ഞോ...' ആരോ അവനെ കണ്ടു പിടിച്ചിരിക്കുന്നു.
ചാരു അമ്മൂമ്മ വരാന്തയുടെ പടികളില്‍ നിന്ന് എണീറ്റു വന്നു.
ശരിക്കും അപ്പോഴാണ് തന്റെ മുന്നിലുള്ളവരെ മുഴുവന്‍ യെനാന്‍ കാണുന്നത്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും പപ്പയ്ക്കും മാഷയമ്മയ്ക്കുമൊപ്പം ആരെല്ലാമാണ് മുറ്റത്തുള്ളത്!
ആന്ത്രയോസ് അപ്പൂപ്പനേയും ജെറിയമ്മാവനേയും സക്കരിയാ വല്യച്ഛനേയും ഫിലോമിനാന്റിയേയും ജമീല അമ്മായിയേയും സാവിയോ ചേട്ടനേയും സലിം- ഇബ്രൂസ് കാക്കമാരേയുമെല്ലാം അവനവിടെ കണ്ടു.
പല്ലു കൂടി വൃത്തിയാക്കാതെ കട്ടിലില്‍ നിന്ന് താന്‍ ഉറങ്ങിയെണീറ്റു വരുന്നത് അവര്‍ കണ്ടല്ലോ... എന്നാലോചിച്ചപ്പോള്‍ യെനാനു നാണം വന്നു. അവന്‍ വന്നതു പോലെ തിരിച്ച് അകത്തേക്ക് ഒരോട്ടം വെച്ചു കൊടുത്തു.
'നിക്കെട കള്ളാ...' ചാരു അമ്മൂമ്മ പല്ലു തേപ്പിക്കാനായി അവന്റെ പിന്നാലെ ഓടി.
പല്ലു തേക്കല്‍ ചടങ്ങിനിടയില്‍ അമ്മൂമ്മയുടെ പിടി വിടുവിച്ച് യെനാന്‍ പല തവണ ജനാലക്കല്‍ വന്ന് എത്തി നോക്കി.
പുറത്തുള്ളവരെല്ലാം അപ്പൂപ്പനുമായി അതീവ ഗുരുതരമായ ചര്‍ച്ചയിലാണ്. എങ്കിലും അവരുടെ ചിരികളും തലയാട്ടലുകളും ശ്രദ്ധിച്ചപ്പോള്‍, പേടിക്കേണ്ട സംഗതിയൊന്നുമില്ലെന്ന് അവന് ഉറപ്പായി. പ്രളയം കഴിഞ്ഞതിനു ശേഷം, ആളു കൂടുമ്പോഴെല്ലാം യെനാന് പരിഭ്രമമാണ്.
പല്ലു തേപ്പുകഴിഞ്ഞപ്പോള്‍, ഗ്ലാസില്‍ കാപ്പിയും പിഞ്ഞാണത്തില്‍ പുഴുങ്ങിയ മുട്ടയുമായി ചാരു അമ്മൂമ്മ അവനെ വട്ടം പിടിച്ചു. ഇപ്പോള്‍ തീറ്റിച്ചില്ലെങ്കില്‍ പ്രഭാത ഭക്ഷണം ഒന്നും കഴിക്കാതെ പുറത്തു ചാടും ആ കൊച്ചു കുറുമ്പനെന്ന് അവര്‍ക്കറിയാം.
കുറച്ചു കഴിഞ്ഞപ്പോള്‍, മുറ്റത്ത് ചിതറി നിന്നിരുന്ന എല്ലാവരും സുലൈമാന്‍ അപ്പൂപ്പനോട് സലാം പറഞ്ഞ് പല വഴിക്കു പിരിഞ്ഞു. സുലൈമാന്‍ അപ്പൂപ്പനും ആന്ത്രയോസ് അപ്പൂപ്പനും മാത്രമായി അവിടെ.
തന്റെ അപ്പൂപ്പന്റെ ഏറ്റവും നല്ല ചങ്ങാതിയാണ് ആന്ത്രയോസ് അപ്പൂപ്പനെന്ന് യെനാനറിയാം. അവര്‍ തമ്മില്‍ പങ്കിടാത്ത രഹസ്യങ്ങളില്ല, തമാശകളില്ല. വര്‍ത്തമാനങ്ങളുമില്ല.
'യെനാന്‍ കുഞ്ഞാ... മോന്‍ ഇങ്ങിറങ്ങി വാ...'
സുലൈമാന്‍ അപ്പൂപ്പന്‍ തന്നെ വിളിക്കുന്നത് യെനാന്‍ കേട്ടു.
അതിനായി കാത്തിരുന്നതു പോലെ അവന്‍ ചാരു അമ്മൂമ്മയുടെ കൈ വിടുവിച്ച് പെട്ടെന്ന് പുറത്തേക്ക് ചാടി.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
'കാപ്പി കുടിച്ചിട്ട് അവന്‍ കൈയും മുഖവും കഴുകിയിട്ടില്ല, കേട്ടോ...'
അകത്തു നിന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു.
സൂലൈമാന്‍ അപ്പൂപ്പന്‍ അവനെ വരാന്തയില്‍ നിന്ന് പൊക്കിയെടുത്ത് പുറത്തേക്കുള്ള പടികളിലിരുത്തി. കുഞ്ഞു ഷൂസുകള്‍ കാലുകളില്‍ ധരിക്കുമ്പോള്‍ അവന്റെ കാലുകള്‍ നോവാതിരിക്കാന്‍, അദ്ദേഹം കൊച്ചു മകനെ സഹായിച്ചു.
പൈപ്പിന് ചുവട്ടിലേക്കാണ് പിന്നീട് കൈ പിടിച്ച് അദ്ദേഹം യെനാനെ നടത്തിയത്.
'ആദ്യം കുഞ്ഞന്‍ കൈയും മുഖവും കഴുകണം... ഭക്ഷണം കഴിച്ചു കഴിഞ്ഞാലും എപ്പോഴും നാം വൃത്തിയോടെയിരിക്കണം. നല്ല ശുചിത്വത്തില്‍ വേണം നമ്മുടെ ഓരോ ദിവസവും തുടങ്ങാന്‍, കേട്ടോ... ' അദ്ദേഹം പറഞ്ഞു കൊടുത്തു.
യെനാന്‍ എല്ലാം തലയാട്ടി കേട്ടു.
ഇതിനിടയില്‍ ആന്ത്രയോസ് അപ്പൂപ്പന്‍, വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു കഴിഞ്ഞിരുന്നു. യെനാന്റെ കൈകളില്‍ പിടിച്ച് സുലൈമാനും അങ്ങോട്ട് പതിയെ നടന്നു.
ഭൂമിയുടെ അലമാരയ്ക്കു മുന്നിലാണ് ആ നടത്തം അവസാനിച്ചത്.
തലേന്ന് താന്‍ പൂവുകള്‍ കൊണ്ട് അലങ്കരിച്ച അലമാരയെ ഇന്നിതാ പല നിറങ്ങള്‍ അടിച്ച് കൂടുതല്‍ ഭംഗിയാക്കിയിരിക്കുന്നു!
ആഹാ, യെനാന് കൂടുതല്‍ സന്തോഷം തോന്നി.
അലമാരയുടെ തട്ടുകളിലായി കൊച്ചു കൊച്ചു കിഴികള്‍ വെച്ചിരിക്കുന്നത് അവന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.
'അതെന്താ? ' അപ്പൂപ്പനോട് യെനാന്‍ കൗതുകത്തോടെ ചോദിച്ചു.
' വലിയൊരു സ്വപ്‌നമാണ് മോനേ ഇത്.... അതിനു നീയും നിമിത്തമായി...'
അപ്പൂപ്പന്‍ പറഞ്ഞു തുടങ്ങി:
'കുഞ്ഞാ... നിന്റെ പ്രിയപ്പെട്ട ഭൂമിയുടെ അലമാരയ്ക്ക് ഞങ്ങള്‍ ഗ്രാമവാസികളെല്ലാം ചേര്‍ന്ന് പുതിയൊരു ദൗത്യം നില്‍കിയിരിക്കുകയാണ്. ഈ ഗ്രാമത്തിലുള്ള അപൂര്‍വ വിത്തിനങ്ങളെല്ലാം ഈ ദിവസങ്ങളില്‍ ഞങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇന്നലെയോടെ അതു പൂര്‍ത്തിയായി. ദൂര ഗ്രാമങ്ങളില്‍ നിന്നുള്ള വിത്തുകളാണ് ഇന്നലെ നിന്റെ പാബ്ലോ പപ്പ കൊണ്ടു വന്നവയെല്ലാം. അതെല്ലാം കിഴികളിലാക്കി വെക്കാനും ഭൂമിയുടെ അലമാരയ്ക്കു സമര്‍പ്പിക്കാനുമാണ് ഇന്നിവിടെ എല്ലാവരും വന്നത്...'
സുലൈമാന്‍ പറയുന്നതു കേട്ട് യെനാന്‍ അല്‍ഭുതത്തോടെ അവന്റെ കണ്ണുകള്‍ ചിമ്മിത്തുറന്നു.
'അതേ, മോനേ... നാം കണ്ടതു പോലുള്ള പ്രളയങ്ങള്‍ ഇനിയും വരും. മഹാമാരികള്‍ വരും. നമ്മെ കുഴപ്പിക്കുന്ന സാംക്രമിക രോഗങ്ങളും വന്നേക്കാം. കാരണം ഈ ഭൂമിയെ അത്രയേറെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ് കരുണയില്ലാത്ത മനുഷ്യര്‍. ഒരിടത്തു കൂടെ ഒഴുകുന്ന നദിയെ ഇതിലേ പോ... എന്നു പറഞ്ഞ് അവന്‍ രണ്ടും മൂന്നുമായി പിരിക്കുന്നു. അത്യാഗ്രഹം കൊണ്ട് മരങ്ങള്‍ തുരുതുരാ വെട്ടിയിടുന്നു. മലകള്‍ മാന്തുന്നു. കുന്നുകള്‍ നിരത്തുന്നു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ഇതിനെല്ലാം പ്രകൃതി പറയുന്ന മറുപടിയാണ് ഈ വര്‍ഷം നാം കണ്ടത്. ഹോ, എത്ര ഗ്രാമങ്ങളാണ് വെള്ളത്തിനും മണ്ണിനും അടിയിലായത്... എത്ര പേര്‍ക്കാണ് വീടുകളും കൃഷിക്കളങ്ങളും നഷ്ടപ്പെട്ടത്...' അപ്പൂപ്പന്റെ ശബ്ദം ഇടറി.
'ആവതുള്ള സമയത്ത് ഇതു പോലെ വിത്തുകള്‍ ശേഖരിച്ചു വെച്ചാലേ ആപത്തു കാലം കഴിഞ്ഞാല്‍ എന്തെങ്കിലും ബാക്കിയുണ്ടാകൂ.'
'നമുക്കറിയുന്ന ഗ്രാമങ്ങളിലെല്ലാം ഇതു പോലെ ഭൂമിയുടെ അലമാരകള്‍ ഉണ്ടാക്കാനും ആ അലമാരകള്‍ നിറയെ വിത്തുകള്‍ ശേഖരിക്കാനും ഞങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇന്നിവിടെ വന്നവരെല്ലാം അതിനു തയ്യാറായവരാണ്,' ദൃഢനിശ്ചയമുള്ള ശബ്ദത്തില്‍ ആന്ത്രയോസ് അപ്പൂപ്പന്‍ പറഞ്ഞു.
'പഴയൊരു ആശാരിയാണ് നിന്റെയീ ആന്ത്രയോസ് അപ്പൂപ്പന്‍. പഴയ മരക്കഷണങ്ങളുപയോഗിച്ച് ഇതു പോലുള്ള നിരവധി അലമാരകളുണ്ടാക്കാന്‍ ഞാന്‍ ചെറുപ്പക്കാരെ മുഴുവന്‍ പഠിപ്പിക്കും,' വീറോടെ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
എവിടെയോ സാന്ത്വനം പോലെ കാറ്റു വീശുന്നുണ്ടായിരുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ കുന്നിറങ്ങി അപ്പൂപ്പന്‍ പതുക്കെ നടന്നു മറയുന്നത് യെനാന്‍ കണ്ടു.
ചക്രവാളം വല്ലാതെ ചൂടു പിടിച്ചിരുന്നു. പൊന്നിന്റെ നിറമുള്ള വെയില്‍ ഉടന്‍ അവിടാകെ നിറയുമെന്നും കാറ്റിനേയും മേഘങ്ങളേയും കുന്നുകളേയും മരങ്ങളേയും കൃഷിക്കളത്തേയും പുല്‍മേടുകളേയും സ്‌നേഹത്തോടെ പരിചരിക്കുമെന്നും തോന്നി.
യെനാന്‍ വലിയ ശരീരമുള്ള തന്റെ അപ്പൂപ്പന്റെ കൈകളില്‍ പിടിച്ച് ഭൂമിയുടെ അലമാരയെ നോക്കി. അലമാര അവനെ നോക്കി എന്തോ പറയുന്നുണ്ടായിരുന്നു.
യെനാന്‍ അതു കേട്ടില്ല. എങ്കിലും അത് അവന് മനസ്സിലായിരുന്നു. വേഗം വലുതാവാന്‍, ആശാരിപ്പണി പഠിക്കാന്‍ അവന്‍ കൊതിച്ചു.
അന്നു സന്ധ്യയില്‍ കൃഷിക്കളത്തില്‍ വന്നിരുന്ന ചില കിളികള്‍ അവനറിയാത്ത ഭാഷയില്‍ ചിലത് സംസാരിക്കുമ്പോള്‍ യെനാന്‍ അപ്പൂപ്പനോട് പറഞ്ഞു- 'സുലൈമാന്‍... യെനാന് കിളികളുടെ സംസാരം പഠിക്കണം...'
'എല്ലാം നമുക്ക് പഠിക്കണം മോനേ...' സുലൈമാന്‍ അവനെ ആശ്വസിപ്പിച്ചു.
ചാരു അമ്മൂമ്മയും മാഷയമ്മയും പാബോ പപ്പയുമെല്ലാം സ്‌നേഹത്തോടെ ചിരിക്കുന്നത് കണ്ടപ്പോള്‍ യെനാന്‍ പുറത്തെ ഇരുട്ടിലേക്ക് കൈകള്‍ നീട്ടി.
അപ്പോള്‍ എവിടെ നിന്നോ രണ്ടു മിന്നാമിനുങ്ങുകള്‍ പറന്നു വന്ന് അവന്റെ കൈകളിലിരുന്നു.
താന്‍ പുതിയ പാഠങ്ങള്‍ പഠിച്ചു തുടങ്ങിയെന്ന് കുഞ്ഞു യെനാന് മനസ്സിലായി.
ഭൂമിയുടെ അലമാര നോവലിന്റെ അവസാന ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.