/indian-express-malayalam/media/media_files/uploads/2020/06/part-19-vh-nishad-fi.jpg)
യെനാന്റെ പുന്നാര അലമാര!
ഒരു ദിവസം മുഴുവന്‍ അലമാരയ്ക്കു നല്‍കാന്‍, യെനാന്‍ തീരുമാനിച്ചതു പോലായിരുന്നു.
പിറ്റേ ദിവസം, പ്രഭാത ഭക്ഷണവും കഴിച്ച്, തന്റെ പ്രിയപ്പെട്ട ചുവന്ന ഷൂസുകളും അണിഞ്ഞ് അവന്‍ അലമാരയ്ക്കു സമീപമെത്തി.
പിന്നെ, കുറേ നേരത്തേക്ക് എന്തൊക്കെയാണ് അവിടെ കാട്ടിക്കൂട്ടിയതെന്ന് യെനാനു തന്നെ നല്ല ഓര്‍മ്മയില്ല. ഒരു കൊച്ചു കുട്ടി അവനു കിട്ടിയ സ്വാതന്ത്ര്യം സ്വന്തമായി ആഘോഷിക്കുന്നതു പോലായിരുന്നു അത്.
രാവിലെ മുതലുള്ള അവന്റെ ഓരോരോ ചെയ്തികളും ജോലിത്തിരക്കും കണ്ട് ചാരു അമ്മൂമ്മയ്ക്കും സുലൈമാന്‍ അപ്പൂപ്പനും പല വട്ടം ചിരി വന്നു.
പക്ഷേ, അവര്‍ അതൊന്നും പുറത്തു കാട്ടിയതേയില്ല. കുഞ്ഞു യെനാന്‍ വളരെ ഗൗരവത്തില്‍ ഓരോന്നു ചെയ്യുമ്പോള്‍ അതിനേക്കാള്‍ ഗൗരവത്തില്‍ ഇതൊന്നും കാണാത്ത മട്ടില്‍ ഇരിക്കുകയേ അവര്‍ക്കു തരമുള്ളൂ.
എങ്കിലും, ഇടയ്ക്ക് വീടിന്റെ പിന്നാമ്പുറത്ത് ചീര പറിക്കാനെന്ന മട്ടില്‍ അമ്മൂമ്മ വന്നു നോക്കുന്നതെന്തിനാണ്? അവയ്ക്ക് വെള്ളം തേവാനെന്ന വ്യാജേന അപ്പൂപ്പനും വന്നല്ലോ. യെനാന് സംശയമായി.
ഓ, അതെന്തെങ്കിലുമാകട്ടെ. ഇന്ന് യെനാന് അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.
അവന്‍ പൈപ്പില്‍ നിന്ന് തന്റെ കുഞ്ഞു ബക്കറ്റു നിറയെ വെള്ളം നിറച്ചു. ആയാസപ്പെട്ട്, അതു രണ്ടു കൈകളിലുമായി മാറ്റി മാറ്റിപ്പിടിച്ച് അവന്‍ അലമാരയ്ക്കു സമീപമെത്തി.
'അമ്മൂമ്മേ, ഇത് യെനാന്‍ കൊണ്ടു പോയീട്ടോ...'അടുക്കളപ്പുറത്ത് ജനല്‍ കമ്പിയില്‍ തൂക്കിയിട്ടിരുന്ന പഴയ കീറത്തുണി ഇടയ്ക്ക് വന്ന് എടുത്തു കൊണ്ടു പോകുമ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ബക്കറ്റിലെ വെള്ളത്തില്‍ തുണി മുക്കി, അവന്‍ ഭൂമിയുടെ അലമാരയുടെ പുറം ഭാഗം തുടച്ചു. അലമാരയില്‍ അവിടവിടായി മണ്ണു പറ്റിക്കിടക്കുന്നത് അവന്‍ ഇന്നലെ കണ്ടതാണ്. കുഞ്ഞു യെനാന്‍ എന്നും കുളിച്ചു വൃത്തിയാകാറുള്ളതു പോലെ ഈ അലമാരയേയും ഞാന്‍ കുട്ടപ്പനാക്കും...യെനാന്‍ മനസ്സില്‍ കരുതി.
പുറം ഭാഗത്തെ മരച്ചട്ടകള്‍ വൃത്തിയായപ്പോള്‍ അലമാരയുടെ തട്ടുകള്‍ ഓരോന്നായും അവന്‍ തുടച്ചു. മുകളിലത്തെ തട്ടില്‍ കയ്യെത്താന്‍ യെനാന് കുറച്ച് ആയാസപ്പെടേണ്ടി വന്നു.
'ചെക്കന്‍ ഇപ്പോ ഭയങ്കര ജോലിക്കാരനായി മാറിയിട്ടുണ്ട്...'
അടുത്ത വരവില്‍ ചാരു അമ്മൂമ്മ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞിട്ടു പോകുമെന്ന് യെനാന്‍ കരുതി.
എന്നാല്‍ അവര്‍ പിന്നീട് ആ വഴി വന്നതേയില്ല.
അലമാര വൃത്തിയായപ്പോള്‍, ക്ഷീണത്തോടെ യെനാന്‍, അടുത്തുള്ള മണ്‍കൂനയില്‍ കുറച്ചു നേരമിരുന്നു.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
ആകാശത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. മയങ്ങിയ മട്ടില്‍ മാറി നില്‍ക്കുന്ന വെയിലിന് ഏതു നിമിഷവും താഴേക്ക് ഒരു വെളളച്ചാട്ടം പോലെ ചാടി വീഴാം.
ഹോ, സുലൈമാന്‍ അപ്പൂപ്പനും സക്കരിയാ വല്യച്ഛനും കൃഷിക്കളത്തില്‍ ചെയ്യുന്നതു പോലുള്ള വലിയൊരു പണി തന്നെയാണ് താനിന്ന് ചെയ്തു തീര്‍ത്തത്!
ഓര്‍ത്തപ്പോള്‍ യെനാന് അഭിമാനം തോന്നി.
കൂടുതല്‍ കൂടുതല്‍ വലുതാകുമ്പോള്‍ ഇതു പോലുള്ള എത്രയോ ജോലികള്‍ താന്‍ ചെയ്യും- അവന്‍ ഉറപ്പിച്ചു.
കുഞ്ഞു യെനാന്റെ അന്നത്തെ ജോലി തീര്‍ന്നിട്ടില്ലായിരുന്നു.
ബക്കറ്റിനുള്ളില്‍, നനഞ്ഞ തുണി നീക്കിയിട്ടിട്ട്, ചാരു അമ്മൂമ്മയുടെ പച്ചക്കറി കുട്ടയുമായി അവന്‍ സമീപത്തെ ഒരു മണ്‍തട്ടിലേക്കു കയറി. അപ്പൂപ്പനും മാഷ അമ്മയും കൂടി നട്ട ചില ചെടികളാണ് അവിടെ നിറയെ. പലതിലും പൂക്കള്‍ സ്‌നേഹത്തോടെ വിരിഞ്ഞ് ചിരിച്ചു നില്‍ക്കുന്നുണ്ട്.
ആ പൂക്കളുടെയൊന്നും പേരറിയില്ലെങ്കിലും അവയുടെ നിറവും മണവുമെല്ലാം അവനിഷ്ടമാണ്. അവയില്‍ ചിലതെല്ലാം യെനാന്‍ തന്റെ കൈകളാല്‍ നുള്ളിയെടുത്ത് കുട്ടയിലിട്ടു.
കുട്ടയില്‍ പല തരം പൂക്കള്‍ നിറഞ്ഞപ്പോള്‍ അതുമായി അവന്‍ പയ്യെ താഴേക്കിറങ്ങി. അയ്യോ... പെട്ടെന്ന് തെന്നി വീഴാന്‍ പോയതാണ്... കാല്‍ ഇടറിയതാണ്. എവിടെയോ പിടി കിട്ടിയതു കൊണ്ട് ഭാഗ്യത്തിന് വീണില്ല!
വീഴാതിരിക്കാന്‍ താന്‍ കഷ്ടപ്പെടുന്നത് ആരും കണ്ടില്ലല്ലോ എന്ന് യെനാന്‍ പാളി നോക്കി. അപ്പൂപ്പനും അമ്മൂമ്മയും കണ്ടാല്‍ ഉറപ്പാണ്, ആളില്ലാത്ത നേരത്ത് ഒറ്റയ്ക്കു മുകളിലേക്ക് കയറിയതിന് ചീത്ത കേള്‍ക്കേണ്ടി വരും.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
താന്‍ ശേഖരിച്ച പല നിറങ്ങളുള്ള ആ പൂവുകള്‍ അലമാരയുടെ വശങ്ങളിലും തട്ടുകളിലുമായി യെനാന്‍ ഒരു കൊച്ചുകുട്ടിക്ക് സാധ്യമാകുന്ന ഭംഗിയോടെ നിരത്തി.
എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ മാറി നിന്ന് തന്റെ ഭൂമിയുടെ അലമാരയുടെ സൗന്ദര്യം ആസ്വദിച്ചു.
'പ്രിയപ്പെട്ട അലമാരേ, ഇത്രയും കാലം നിന്നെ മറന്നു പോയതിന് എന്നോട് ക്ഷമിക്കണേ...'ഒരു പ്രായശ്ചിത്തം ചെയ്യുന്ന മാതിരി ഇതെല്ലാം ചെയ്തിട്ട് അലമാരയുടെ മുന്നില്‍ നിന്ന് യെനാന്‍ പതുക്കെ മന്ത്രിച്ചു.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.