/indian-express-malayalam/media/media_files/uploads/2020/06/part-18-vh-nishad-fi.jpg)
നന്മകള്‍ മടങ്ങി വരും..
യെനാന്‍ വീണ്ടും കണ്ണു തിരുമ്മി നോക്കി. സത്യമാണ്! താന്‍ കാണുന്നത് സത്യമാണ്!
അവന് ലോകത്തോട് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. ഭൂമിയുടെ അലമാരയിതാ തിരിച്ചു വന്നിരിക്കുന്നു!
അത് യെനാന്റെ സ്വപ്‌നമായിരുന്നില്ല. യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. ഭൂമിയുടെ മാറില്‍ അതിന്റെ പോക്കറ്റു പോലെ ആ പഴയ അലമാര ഇരിക്കുന്നു.
മണ്ണു പുരണ്ട കൈകള്‍ വൃത്തിയാക്കിക്കൊണ്ട് സുലൈമാന്‍ നടന്നു വരുന്നുണ്ടായിരുന്നു.
'അപ്പൂപ്പാ...' അവന്‍ സന്തോഷത്തോടെ വിളിച്ചു.
താഴെ വീണു കിടന്നിരുന്ന അലമാര വീണ്ടും ഭൂമിയുടെ മാറിലേക്ക് എടുത്തു വെച്ച് പ്രതിഷ്ഠിച്ചത് അപ്പൂപ്പന്‍ തന്നെയാണെന്ന് അവന് മനസ്സിലായി.
അയ്യോ, അതാ പിറകില്‍ സക്കരിയാ വല്യച്ഛനുമുണ്ടല്ലോ!
അപ്പോള്‍ അവര്‍ രണ്ടു പേരും കൂടി ചെയ്ത പണിയാണിത്. അവന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
'സന്തോഷമായോ കൊച്ചു കൃഷിക്കാരാ?' അവന്റെ മൂര്‍ധാവില്‍ തടവിക്കൊണ്ട് സക്കരിയ ചോദിച്ചു. കൃഷിയിടത്തിലേക്ക് മടങ്ങുകയായിരുന്നു അവര്‍.
'ഉവ്വ്,' അവന് ഒരുപാട് സന്തോഷമായിരുന്നു.
അന്ന് കൃഷി സ്ഥലത്ത് വിത്തുകള്‍ നടുന്നവരോടൊപ്പം യെനാനും കൂടി. അപ്പൂപ്പനെ സഹായിക്കാനായി സക്കരിയാ വല്യച്ഛനുണ്ട്.
പണി കുറച്ചു കൂടുതലുള്ള ദിവസങ്ങളില്‍ അയല്‍പക്കത്തു നിന്ന് ജമീല അമ്മായിയും മറിയം അമ്മായിയുമെല്ലാം അവര്‍ക്കൊപ്പം ചേരും. ഇന്നും കൃഷിക്കളത്തില്‍ അവരെല്ലാമുണ്ട്.
ഇടവേള നേരത്ത് കൃഷിസ്ഥലത്തെ പുല്‍മേട്ടില്‍ കാപ്പി കുടിക്കാനായി അവര്‍ ഇരുന്നു. ഒരു കെറ്റിലില്‍ അവര്‍ക്കുള്ള ചൂടു കാപ്പിയുമായി ചാരു അമ്മൂമ്മ വരുന്നുണ്ടായിരുന്നു.
കോപ്പകളില്‍ അമ്മൂമ്മ എല്ലാവര്‍ക്കും കാപ്പി ഒഴിച്ചു കൊടുത്തു. ഒരു വലിയ തട്ടില്‍ കേക്കുകള്‍ കഷണങ്ങളായി മുറിച്ചിട്ടിരുന്നു. അതും പൊക്കിപ്പിടിച്ച് ജമീല അമ്മായിയും അവര്‍ക്കിടയിലൂടെ നടന്നു.
ഭൂമിയുടെ അലമാരയെപ്പറ്റിയായിരുന്നു അവരുടെ സംസാരം.
'യെനാന്‍... നിനക്കു വേണ്ടിയാണ് അപ്പൂപ്പന്‍ ആ അലമാര തിരിച്ചു കൊണ്ടു വന്നത്,' സക്കരിയാ വല്യച്ഛന്‍ പറഞ്ഞു കൊടുത്തു.
അവന്‍ നന്ദിയോടെ സൂലൈമാന്‍ അപ്പൂപ്പനെ നോക്കി.
'നന്മയും അതിന്മേലുള്ള വിശ്വാസവും ഒരിക്കലും നഷ്ടപ്പെടുകയില്ല,' അദ്ദേഹം പതിവില്‍ കൂടുതല്‍ വാചാലനായി.
ഒരു നാടോടിക്കഥയാണ് വല്യച്ഛന്‍ പിന്നീട് അവന് പറഞ്ഞു കൊടുത്തത്. യെനാനു മാത്രമായിട്ടല്ല, അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും വേണ്ടിയായിരുന്നു ആ കഥ. കൊച്ചു കുട്ടികളെപ്പോലെ ചുറ്റും നിരന്നിരുന്ന് ഏവരും അദ്ദേഹത്തെ സാകൂതം കേട്ടു.
സക്കരിയാ വല്യച്ഛന്‍ കഥ തുടങ്ങി.
പണ്ട് തനിക്ക് വിശ്വാസമുള്ള ഒന്നും നഷ്ടപ്പെടുകയില്ല എന്ന് ഉറച്ചു കരുതിയിരുന്ന ഒരു സ്ത്രീ ജീവിച്ചിരുന്നു.
അമ്മയുടെ അചഞ്ചലമായ ഈ വിശ്വാസം കണ്ട് എന്നാല്‍ അവരെ ശരിയാക്കിക്കളയാം എന്ന് അവരുടെ യുവാവായ മകന്‍ കരുതി.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
ആ സ്ത്രീയാകട്ടെ എപ്പോഴും അവരുടെ കൈ വിരലില്‍ പ്രിയപ്പെട്ട ഒരു കുടുംബ മോതിരം ധരിക്കുമായിരുന്നു. തന്റെ വിശ്വാസം തന്നെയാണ് ആ കുടുംബ മോതിരമെന്നും അത് ഒരിക്കലും നഷ്ടമാകില്ലെന്നും ആയമ്മ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.
കുളിക്കാനായി കുളിമുറിയിലേക്ക് അമ്മ കയറുന്ന നേരത്തെല്ലാം അടുക്കളയിലെ അലമാരയില്‍ മോതിരം സൂക്ഷിക്കുന്ന പതിവ് യുവാവായ മകനറിയാം.
ഒരു ദിവസം അമ്മ കുളിക്കുന്ന നേരത്ത് അവരെ കബളിപ്പിക്കാനായി ആ മോതിരമെടുത്ത് അടുത്തുള്ള പുഴയിലേക്ക് ആ യുവാവ് എറിഞ്ഞു.
ഒന്നുമറിയാത്തവനെപ്പോലെ പിന്നീട് അഭിനയിക്കുകയും ചെയ്തു.
അമ്മയും മക്കളും പിന്നീട് വീടു മുഴുവന്‍ തെരഞ്ഞിട്ടും ആ മോതിരം കിട്ടിയില്ല.
'ഇപ്പോള്‍ അമ്മയുടെ വിശ്വാസം നഷ്ടപ്പെട്ടില്ലേ? എന്തൊക്കെ വീമ്പുകളാണ് പറഞ്ഞത്,' മകന്‍ പരിഹാസത്തോടെ ചോദിച്ചു.
'എനിക്കിപ്പോഴും ആ മോതിരത്തില്‍ വിശ്വാസമുണ്ട്.' ആ മാതാവ് ശാന്തതയോടെ മറുപടി കൊടുത്തു.
ദൂരെ നാട്ടില്‍ നിന്ന് വൃദ്ധനായ ഒരു അമ്മാവന്‍ ആ ഭവനത്തില്‍ വിരുന്നു വരുന്ന ദിവസം കൂടിയായിരുന്നു അത്. ആതിഥ്യ മര്യാദയില്‍ കേമയായ ആ സ്ത്രീ തന്റെ രണ്ടാമത്തെ മകളെ അന്നത്തെ അത്താഴത്തിന് പാകം ചെയ്യാനുള്ള മീന്‍ വാങ്ങാനായി ചന്തയില്‍ പറഞ്ഞയച്ചു.
വലിയൊരു വാള മല്‍സ്യവുമായാണ് അവള്‍ മടങ്ങി വന്നത്.
കറി വെക്കാനായി ആ മീന്‍ അമ്മ മുറിച്ചു. അപ്പോള്‍ അതാ വാള മീനിന്റെ വയറ്റില്‍ കിടക്കുന്നു കാണാതായ കുടുംബ മോതിരം!
മോതിരം മല്‍സ്യത്തിന്റെ കുടലില്‍ നിന്ന് പുറത്തെടുത്തു കൊണ്ട് ആ സാധു സ്ത്രീ തന്റെ മക്കളോടായി പറയുകയായിരുന്നു: 'നോക്കൂ... ഇപ്പോള്‍ അമ്മ പറഞ്ഞതെന്തായി? എന്റെ വിശ്വാസം തന്നെയാണിത്..അതൊരിക്കലും നഷ്ടമാകില്ലെന്ന് വ്യക്തമായില്ലേ? '
കഥ തീര്‍ന്നപ്പോഴേക്കും ചുറ്റുമിരുന്നവരുടെ കണ്ണുകള്‍ സ്‌നേഹം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.
സക്കരിയാ വല്യച്ഛന്റെ കഥ ഏവര്‍ക്കും ഇഷ്ടമായി. അവര്‍ എല്ലാവരും പ്രത്യേക താളത്തില്‍ രണ്ടു വട്ടം കൈയ്യടിച്ചു. കഥയോടുള്ള തങ്ങളുടെ ഇഷ്ടവും ഒപ്പം വല്യച്ഛനോടുള്ള സ്‌നേഹവും ആദരവുമെല്ലാം ആ പ്രവൃത്തിയില്‍ പ്രകടമായിരുന്നു.
'വിശ്വാസം പ്രധാനമാണ് മകനേ...നിനക്ക് ആ അലമാരയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. അതു കൊണ്ട് അത് ഞങ്ങളിലൂടെയാണെങ്കിലും മടങ്ങി വന്നു...' സുലൈമാന്‍ അപ്പൂപ്പന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
'നല്ല ചില മനസ്സുകള്‍ ഒരുമിച്ച് പരിശ്രമിച്ചാലേ എല്ലാ മടങ്ങി വരവുകളും ഇതുപോലെ പൂര്‍ണമാവൂ...' അപ്പൂപ്പന്‍ പറഞ്ഞു നിര്‍ത്തി.
കാപ്പി കുടി കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും തങ്ങളുടെ കൃഷിപ്പണികളിലേക്ക് മടങ്ങിപ്പോയി.
അന്നു മുഴുവന്‍ യെനാന്‍ അവര്‍ക്കൊപ്പം കൂടി. ചില കുഴികളില്‍ അവനും വിത്തുകള്‍ നട്ടു.
തന്നാലാവും വിധം പണി ചെയ്ത് ക്ഷീണിച്ചപ്പോള്‍ അവന്‍ കൃഷിക്കളത്തില്‍ നിന്നിറങ്ങി പുറത്തേക്കു നീങ്ങി. പതിയെ നടന്ന് അവന്‍ വീടിനടുത്തുള്ള ഭൂമിയുടെ അലമാരയ്ക്കു സമീപമെത്തി.
'ഭൂതമേ, നീ മടങ്ങി വന്നു... അല്ലേ?' കുസൃതിയോടെ ഭൂമിയുടെ അലമാരയുടെ പളളയില്‍ തൊട്ടു കൊണ്ട് യെനാന്‍ ചോദിച്ചു.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.