/indian-express-malayalam/media/media_files/uploads/2020/06/part-17-vh-nishad-fi.jpg)
യെനാന് സങ്കടമായി
ഭൂമി പ്രസവിച്ച അലമാര ശ്രദ്ധിക്കാന്‍ ആര്‍ക്കും ആ ദിവസങ്ങളില്‍ കഴിയുമായിരുന്നില്ല. എല്ലാവരും പ്രളയ വര്‍ത്തമാനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പിറകേ ആയിരുന്നുവല്ലോ.
തങ്ങളുടെ ഇഷ്ടികവീടിനു പിറകില്‍ ചെന്നു നോക്കിയ യെനാന്‍, ഞെട്ടിത്തരിച്ചു നിന്നു പോയി.
മണ്‍ഭിത്തിയില്‍ നിന്ന് അടര്‍ന്ന് വീണ്, ഭൂമിയുടെ അലമാര നിലംപതിച്ചിരിക്കുന്നു!
കനത്തമഴയില്‍ നാടു മൊത്തം പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും ഉലഞ്ഞപ്പോള്‍, അവരുടെ കൊച്ചു ഗ്രാമത്തിനു മാത്രം വലിയ പരിക്കുകള്‍ പറ്റിയിരുന്നില്ല എന്നു പറഞ്ഞിരുന്നല്ലോ. ചില്ലറ കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ അവരുടെ ഗ്രാമം പൊതുവേ സുരക്ഷിതമായിരുന്നു.
മറ്റുള്ളവര്‍ക്കുണ്ടായ ദുരന്തങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍, ആ നാട്ടുകാര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ തുലോം തുച്ഛവുമായിരുന്നു. എങ്കിലും ഭൂമിയുടെ പോക്കറ്റു പോലെ, ആ മണ്‍ഭിത്തിയില്‍ പതിഞ്ഞു കിടന്നിരുന്ന ഭൂമിയുടെ അലമാരയുടെ പതനം യെനാനെ തെല്ലു സങ്കടപ്പെടുത്തി.
ഭാരം പിടിച്ച സങ്കട മുഖവുമായി അവന്‍, താഴെ വീണു കിടക്കുന്ന അലമാരയ്ക്കു സമീപം നിന്നു.
ചുറ്റും മണ്ണ് വീണ്, ചെറു കൂനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു നടുവിലായാണ് അലമാര കിടക്കുന്നത്.
പിറകിലൂടെ നടന്നു വന്ന് അപ്പോഴേക്കും സുലൈമാന്‍ യെനാനെ ചുറ്റിപ്പിടിച്ചു.
ഈ ദിവസങ്ങളില്‍ അയാളും, അലമാരയുടെ കാര്യം ശ്രദ്ധിക്കാന്‍ വിട്ടു പോയിരുന്നു.
കനത്ത മഴയിലും കുത്തിയൊലിച്ച വെള്ളത്തിലും, വീടിനു പുറകു വശത്തുള്ള കുന്നിലെ മണ്ണ് വല്ലാതെ ദുര്‍ബലമായിപ്പോയി. അതിന്റെ ശക്തി കുറഞ്ഞ കൈകള്‍ക്ക് അലമാരയെ പിടിച്ചു നിര്‍ത്താനായില്ല. നിലത്തേക്ക് അലമാര ഊര്‍ന്നു പോയത് അങ്ങനെയാവണം!
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
'യെനാന്‍...'
സുലൈമാന്‍ അപ്പൂപ്പന്‍ അവന്റെ വിളറിയ മുഖം പിടിച്ചുയര്‍ത്തി.
'സങ്കടപ്പെടാതെ യെനാന്‍, ഇതൊരു കൊച്ചു കാര്യമാണ്...'
അയാള്‍ സ്‌നേഹമസൃണമായ തന്റെ ചൂടു കൈപ്പത്തികള്‍ കൊണ്ട് അവനെ, തന്റെ വലിയ ദേഹത്തോട് കൂടുതല്‍ ചേര്‍ത്തു പിടിച്ചു.
'നീ കുറച്ചു കൂടി വലുതാകുമ്പോള്‍ ഇതെല്ലാം കുറേക്കൂടി വ്യക്തമായി മനസ്സിലാകും. ഒരു കൊച്ചു കുട്ടിയായതു കൊണ്ടാണ് ഇപ്പോള്‍ ഇതൊക്കെ വലിയ കാര്യങ്ങളായി തോന്നുന്നത്. എന്റെ കൊച്ചുമോന്‍ ഇനി ജീവിതത്തില്‍ എന്തെല്ലാം പഠിക്കാന്‍ കിടക്കുന്നു...'
സുലൈമാന്‍, യെനാനെ വീടിനു മുന്‍വശത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
അന്നു മുഴുവന്‍ സുലൈമാന്‍ അപ്പൂപ്പന്‍ അവന് പറഞ്ഞു കൊടുത്തത് ജീവിതത്തെ കുറച്ചു കൂടി പ്രകാശഭരിതമായും ശുഭാപ്തി വിശ്വാസത്തോടെയും കാണേണ്ടതിന്റെ പ്രാധാന്യത്തെയെക്കുറിച്ചായിരുന്നു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
'നീ വിഷമിക്കാതിരിക്ക്' എന്ന്, ചുരുണ്ടു കറുത്ത തലമുടികളില്‍ തഴുകിക്കൊണ്ട് ചാരു അമ്മൂമ്മയും അവനെ സമാധാനിപ്പിച്ചു.
എന്നാല്‍ പിറ്റേ ദിവസത്തെ യെനാന്റെ പ്രഭാതം അവന്റെ എല്ലാ സങ്കടവും തീര്‍ക്കുന്നതായിരുന്നു!
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.