/indian-express-malayalam/media/media_files/uploads/2020/06/PART-13-VH-nishad-fi.jpg)
ഗ്രാമത്തിന്റെ മനസ് ചിലത് തീരുമാനിക്കുന്നു
ഒരു ചെറിയ ട്രക്ക് സുലൈമാന്‍ കുടുംബത്തിന്റെ വീട്ടിനു മുന്നില്‍ വന്നു നിന്നു. അത്തരം ട്രക്കുകള്‍ ഒരു വര്‍ഷത്തില്‍ വല്ലപ്പോഴുമെല്ലാം ആ മുറ്റത്ത് വന്നു ചേരാറുണ്ട്.
ധാന്യങ്ങള്‍ കൊണ്ടു പോകാനോ, പട്ടണത്തില്‍ നിന്നു വാങ്ങിയ വളച്ചാക്കുകള്‍ ഇറക്കാനോ ഒക്കെയാവും മിക്കവാറും വരിക.
ചില വാരാന്ത്യങ്ങളില്‍, പാബ്ലോ പപ്പ, യെനാന്റെ ഈ വീട്ടിലേക്കു വരുന്നതും ഇതുപോലുള്ള ട്രക്കില്‍ കയറിയാണ്.
എല്ലാ മാസത്തുടക്കത്തിലും സുലൈമാന്‍ അപ്പൂപ്പനും പട്ടണത്തില്‍ നിന്ന് ട്രക്കു പിടിച്ച് വീട്ടിലേക്കെത്തും. ആ കുടുംബത്തിന് ആ മാസം ഉപയോഗിക്കാനുള്ള സാധനങ്ങള്‍ മുഴുവന്‍ ആ ട്രക്കിനകത്തുണ്ടാകും.
ഒരു ചാക്ക് അരി, കൊച്ചു കൊച്ചു പാക്കറ്റുകളിലായി കറിപ്പൊടികളും കടലയും മറ്റും, കുഞ്ഞു ബോക്‌സുകളില്‍ പഞ്ചസാരയും ഉപ്പും, പിന്നെ കുഞ്ഞന്‍ ബക്കറ്റുകളില്‍ മല്‍സ്യമോ ഇറച്ചിയോ, രണ്ടു മൂന്ന് കുട്ടകളില്‍ അപൂര്‍വ പഴ വര്‍ഗങ്ങള്‍, ഒപ്പം ജമീല അമ്മായിയുടെ കോഴി ഫാമിലേക്കുള്ള കോഴിക്കുഞ്ഞുങ്ങള്‍, ചിലപ്പോള്‍ മറ്റേതെങ്കിലും അയല്‍ക്കാര്‍ക്ക് ആവശ്യമുള്ള സാമാനങ്ങള്‍... ഇങ്ങനെ പലതുമുണ്ടാകും. ഇവയെല്ലാം കൂടി രണ്ടോ മൂന്നോ ബോക്‌സുകളിലായി നിറച്ച് ട്രക്കിന്റെ പിറകില്‍ കയറ്റി വെക്കാറാണ് പതിവ്.
വല്ലപ്പോഴും യെനാനേയും അപ്പൂപ്പന്‍, കൂടെ പട്ടണത്തില്‍ കൊണ്ടു പോകും.
സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതും വാങ്ങുന്നതും തിരഞ്ഞെടുക്കുന്നതുമെല്ലാം അവനും കൂടി കണ്ടു പഠിക്കട്ടേ എന്നു കരുതിയിട്ടാണ്.
മടങ്ങി വരുന്ന വഴി, കാട്ടിലെ ആരോഗ്യ കേന്ദ്രത്തില്‍ കയറി മാഷ ഡോക്ടറേയും അവര്‍ കൂടെ കൂട്ടും.
ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്നു വാങ്ങി മരങ്ങള്‍ക്കിടയിലൂടെ നടന്നു പോകുന്ന ഗ്രാമവാസികളെ നോക്കി അഭിമാനത്തോടെ ഇങ്ങനെ പറയണമെന്ന് യെനാന്‍ അപ്പോഴൊക്കെ ആഗ്രഹിക്കും - 'നിങ്ങളെ പരിശോധിക്കുന്ന, നിങ്ങള്‍ക്ക് മരുന്നു തരുന്ന, നിങ്ങളുടെ മാഷ ഡോക്ടര്‍ എന്റെ അമ്മയാണ്! മാഷയുടെ കുഞ്ഞു ചെറുക്കനാണു ഞാന്‍...'
എന്നാല്‍ ഇപ്പോള്‍, വീട്ടില്‍ ട്രക്കു വന്നിരിക്കുന്നത് മറ്റെന്തിനോ ആണെന്ന് യെനാന് മനസ്സിലായി.
സലിം കാക്കായുടെ ട്രക്കാണ്. കൂടെ സക്കരിയ വല്യച്ഛനും ഡ്രൈവിംഗ് സീറ്റിനടുത്തായി മുന്നിലിരിപ്പുണ്ട്. അവര്‍ ട്രക്ക് നിര്‍ത്തി പുറത്തിറങ്ങി. അതാ ട്രക്കിന്റെ പിറകില്‍, തെല്ലുയരത്തില്‍ പാബ്ലോ പപ്പ നില്‍ക്കുന്നു.
'പാവു...' കുഞ്ഞു യെനാന്‍ വിളിച്ചു.
പപ്പാ അവനെ നോക്കി, ചെറുതായി ഒന്നു പുഞ്ചിരിച്ചു എന്നു തോന്നി.
അപ്പോഴേക്കും, സുലൈമാന്‍ അപ്പൂപ്പന്‍ അവര്‍ക്കരികില്‍ എത്തിക്കഴിഞ്ഞു.
ഇരുമ്പു കൊളുത്ത് വിടുവിച്ച്, പാബ്ലോ പപ്പ ട്രക്കിന്റെ പിന്‍മൂടി തുറന്നു.
ഓരുപാട് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അവിടെ, ഉയരത്തില്‍ അട്ടിയട്ടിയായി നിരന്നിരിക്കുകയാണ്.
അവ ഓരോന്നായി അപ്പൂപ്പനും വല്യച്ഛനും, പപ്പ എടുത്തു കൊടുത്തു.
സലിം കാക്കായും കൈ സഹായം നല്‍കിക്കൊണ്ട് കൂടെയുണ്ട്.
ഉള്ളു കാലിയായ കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളാണ് അവ.
ഏറെ താമസിയാതെ, പല തട്ടുകളായി പൊങ്ങിക്കൊണ്ട് ആ ബോക്‌സുകള്‍ സുലൈമാന്‍ കുടുംബത്തിന്റെ വരാന്തയില്‍ നിരന്നു.
അപ്പോള്‍, ടൈലര്‍ സാവിയോ ചേട്ടന്റെ ബുള്ളറ്റിന്റെ ഒച്ച അടുത്തടുത്തു വരുന്നത് യെനാന്‍ കേട്ടു.
വീട്ടിലേക്കുള്ള മണ്‍പാത കയറി വന്ന്, ഒരു ശാന്ത സ്വഭാവക്കാരന്‍ കുതിരയെപ്പോലെ അത് മുറ്റത്തു നിന്നു.
സാവിയോ ചേട്ടന്റെ ബുള്ളറ്റിന്റെ പിറകില്‍, സുന്ദരിയായ അന്നയുമുണ്ട്. ദൂരെയുള്ള മലയിലെ ഒരു ഗ്രാമത്തില്‍ നിന്ന്, ഈ അടുത്ത കാലത്താണ് സാവിയോ ചേട്ടന്‍, അന്ന എന്നു പേരുള്ള ആ യുവതിയെ വിവാഹം ചെയ്തു കൊണ്ടു വന്നത്.
'ശുഭ സായാഹ്നം, അമ്മാവാ...'
സുലൈമാനെ ആദരവോടെ കുനിഞ്ഞു വന്ദിച്ചിട്ട്, കയ്യില്‍ ഒരു കുട്ടയുമായി അന്ന അകത്തേക്ക് കയറിപ്പോയി.
അവര്‍ക്കു പിന്നാലെ ഒരു ചെറിയ ട്രക്കു കൂടി പാത കയറി വന്നു.
ആഹാ, അയല്‍ക്കാര്‍ എല്ലാവരുമുണ്ട്. മുന്നില്‍ സക്കരിയാ വല്യച്ഛനും ആന്ത്രയോസ് അപ്പൂപ്പനും. ഇബ്രൂസ് കാക്കയാണ് ആ വണ്ടി ഓടിച്ചിരുന്നത്.
പിറകില്‍ ഫിലോമിനാന്റിയും ജമീല അമ്മായിയും അമ്മായിയുടെ മകള്‍ സീനത്തുമുണ്ട്. പിന്നെ ജെറിയമ്മാവന്‍, യാക്കോബ് ചേട്ടന്‍, അലോഷി ചേട്ടന്‍...
ആഹാ, എല്ലാം കൂടി ഒരു വലിയ സംഘമുണ്ടല്ലോ! യെനാന് സന്തോഷം തോന്നി.
പക്ഷെ, ഒരു ഉല്‍സവ പ്രതീതിയല്ല അവരുടെ മുഖത്തെന്ന് അവനിപ്പോള്‍ മനസ്സിലാകുന്നുണ്ട്. സാധാരണയായി അവരെല്ലാം ഒത്തു ചേരുന്നത് ക്രിസ്തുമസ് ആഘോഷത്തിനോ പെരുന്നാളിനോ പുതുവര്‍ഷത്തിനോ ഒക്കെയാണ്.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
പ്രളയം ഏവരേയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അവന് മനസ്സിലായി.
മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലായതു കൊണ്ട് അവരുടേതു പോലുള്ള ചുരുക്കം ചില ഗ്രാമങ്ങള്‍ മാത്രമാണ് വെള്ളത്തിനടിയിലാകാതെ രക്ഷപ്പെട്ടത്.
പ്രളയബാധിതരെയെല്ലാം, പലയിടത്തും, പൊക്കത്തിലുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളിലും ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളൊരുക്കി പാര്‍പ്പിച്ചിരിക്കുകയാണ്.
ഒരു ക്യാപ്റ്റനെപ്പോലെ അവര്‍ക്കു മുന്നിലായി നിന്നു കൊണ്ട് വേദനയോടെ സുലൈമാന്‍ പറഞ്ഞു-
'നമുക്ക്, ഈ കൊച്ചു ഗ്രാമത്തിന്, നമ്മളാല്‍ ആവും വിധം ഈ നാടിന്റെ കൈത്താങ്ങാവണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍വ്വതും നഷ്ടപ്പെട്ടു കഴിയുന്ന ജനങ്ങള്‍ക്കായി മിച്ചമുള്ളതെന്തും ശേഖരിച്ച് നമുക്ക് എത്തിച്ചു കൊടുക്കാം.'
ഇടറിയ ശബ്ദത്തില്‍ അപ്പൂപ്പന്‍ ഏവരേയും അഭിസംബോധന ചെയ്തു. 'അതെ, ധാന്യങ്ങള്‍, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍... ഇങ്ങനെ എന്തും നമുക്ക് ആ ഹതഭാഗ്യക്കാര്‍ക്കായി സംഭാവന നല്‍കാം.'
'ദുരിതത്തിലകപ്പെട്ടവര്‍ക്ക് കണ്ണീരൊപ്പാന്‍ ഇങ്ങനെ നല്‍കുന്ന ഓരോ തുള്ളി സമ്മാനവും ഉപകരിക്കും,'
സക്കരിയാ വല്യച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
സലിം കാക്ക, വരാന്തയില്‍ കൂട്ടിയിട്ടിരുന്ന കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ ഓരോന്നായി പുറത്തേക്കിറക്കി വെക്കാന്‍ തുടങ്ങി.
സാവിയോ ചേട്ടനും ഭാര്യയും കുട്ടയില്‍ കൊണ്ടു വന്ന താറാ മുട്ടകള്‍, വൈക്കോലില്‍ അപ്പൂപ്പന്‍ സുരക്ഷിതമായി പൊതിഞ്ഞു. ഒരു പെട്ടികകത്ത് പിന്നെയത് ഭദ്രമായി വെച്ചു.
ആന്ത്രയോസ് അപ്പൂപ്പന്‍, മറ്റൊരു ബോക്‌സില്‍ നേന്ത്രക്കായകള്‍ നിറച്ചു. ചിലതില്‍ അമ്മമാര്‍ കൂട്ടുസംഘങ്ങളായുണ്ടാക്കിയ സോപ്പു കഷണങ്ങളും പാളപ്പാത്രങ്ങളും തവികളും അടുക്കി വെച്ചു. ഏറ്റവും കൂടുതല്‍ പെട്ടികളിലാക്കി സംഭരിച്ചു വെച്ചത് പലതരം വസ്ത്രങ്ങളായിരുന്നു.
'പലരും ദിവസങ്ങളായി ഉടുതുണി മാറാന്‍ പോലും പറ്റാതെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അതു കൊണ്ട് എത്ര വസ്ത്രങ്ങള്‍ കൊടുത്തു വിട്ടാലും മതിയാകില്ല,' ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇടയ്ക്ക് രോഗികളെ പരിശോധിക്കാന്‍ പോയിട്ടു വന്ന മാഷയമ്മ ചൂണ്ടിക്കാട്ടി.
അവിടത്തെ ദയനീയാവസ്ഥ, മാഷ ചുറ്റും കൂടി നിന്നവരോട് വിവരിക്കുകയായിരുന്നു. 'മൂത്രമൊഴിക്കാനോ വെളിക്കിരിക്കാനോ, എന്തിന് കുടിക്കാന്‍ പോലുമോ വെള്ളമില്ല! പലയിടത്തും സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി.'
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ആണുങ്ങളെല്ലാം കൂടി, പാക്കു ചെയ്ത ബോക്‌സുകളെല്ലാം എടുത്ത് ട്രക്കുകളില്‍ നിറച്ചു കൊണ്ടിരുന്നു. ട്രക്ക് സ്റ്റാര്‍ട്ടു ചെയ്തപ്പോഴാണ്, കുഞ്ഞു യെനാന്‍ ഓടി വന്നത്.
'ഇതു കൂടി അതിനകത്ത്...' അവന്റെ കൊച്ചു ശബ്ദം ഉയര്‍ന്നു കേട്ടു.
സുലൈമാന്‍ അപ്പൂപ്പനും ചാരു അമ്മൂമ്മയും മാഷയും അയല്‍ക്കാരുമെല്ലാം അല്‍ഭുതത്തോടെ നോക്കി നില്‍ക്കേ യെനാന്‍, തന്റെ പുതിയ കമ്പിളി ഉടുപ്പും ഒരു ജോഡി ഷൂസും ട്രക്കില്‍ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സലിം കാക്കാക്ക് നേരെ നീട്ടി.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.