/indian-express-malayalam/media/media_files/uploads/2020/06/vh-nishad-fi-part-12.jpg)
അയല്‍ക്കാര്‍ ഒത്തു ചേരുന്നു
അന്ന് അവര്‍ക്ക് തിരക്കു പിടിച്ച ഒരു ദിവസമായിരുന്നു.
അവരുടെ കൊച്ചു ഭവനത്തില്‍ നിരവധി പേര്‍ സന്ദര്‍ശകരായെത്തി. എല്ലായിപ്പോഴും, ഗ്രാമത്തിലെ തല മുതിര്‍ന്നവര്‍ പോലും, പല ഗൗരവപ്പെട്ട കാര്യങ്ങളും സുലൈമാന്‍ അപ്പൂപ്പനുമായി ചര്‍ച്ച ചെയ്താണ് തീരുമാനിച്ചിരുന്നത്.
വലിയ മഴത്തൊപ്പിയണിഞ്ഞ്, സക്കരിയാ വല്യച്ഛനാണ് ആദ്യമെത്തിയത്.
വീട്ടിനകത്തേക്ക് കടന്ന്, തലയില്‍ നിന്ന് തൊപ്പിയൂരി, വല്യച്ഛന്‍ മുഖത്തും താടിയിലും സ്ഫടിക ഗോളങ്ങളായി കോര്‍ത്തു കിടക്കുന്ന മഴ വെള്ളം തന്റെ വലതു കൈപ്പത്തി ഉപയോഗിച്ച് തൂത്തു കളഞ്ഞു.
നീണ്ട മഴക്കോട്ടിന്റെ ബട്ടനുകള്‍ വിടുവിച്ചപ്പോള്‍, ബാക്കിയുള്ള മഴ വെള്ളം കൂടി അവിടെ നിന്ന് തവളകളെപ്പോലെ ചാടിപ്പോയി.
മേശയ്ക്കു സമീപമുള്ള വീഞ്ഞപ്പെട്ടിയില്‍ സക്കരിയാ വല്യച്ചന്‍ ഇരുന്നു. അദ്ദേഹത്തിന്റെ മുഖം പതിവിന് വിപരീതമായി ദുഖത്തിന്റെ പഞ്ഞിത്തുണ്ടം വെച്ച് ഒപ്പിയതു പോലെ ഇരുണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ആന്ത്രയോസ് അപ്പൂപ്പന്‍ ഒരു മഴക്കുടയും ചൂടിക്കൊണ്ട് വരുന്നതു കണ്ടു. അദ്ദേഹത്തിന്റെ ചെറു മകന്‍, പന്ത്രണ്ടു വയസുകാരന്‍ എല്‍ദോയും അപ്പൂപ്പനെ സഹായിക്കാനായി ആ കനത്ത മഴയില്‍ കൂടെ വന്നു.
ജെറിയമ്മാവന്‍ വന്നത് ഒരു കെട്ട് ഉണക്ക വിറകുമായാണ്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് അത് തലയിലേറ്റിക്കൊണ്ട് അദ്ദേഹം നടന്നു വരികയാണുണ്ടായത്. കനത്ത മഴയില്‍ ചുവടുകള്‍ വെച്ചു കൊണ്ട് അദ്ദേഹം മുറ്റം കയറി വരുമ്പോള്‍, ഒരു വലിയ കരിമ്പടം പോലെ മഴയുടെ ജല വീഴ്ച പിന്നെയും കനത്തു.
മഴയുടെ ഉരുക്കന്‍ ഇടിയേറ്റ്, ആ ഭാരം താങ്ങാനാവാതെ അദ്ദേഹം വീണു പോകുമോ എന്ന് കുഞ്ഞു യെനാന്‍ ഭയപ്പെട്ടു.
സക്കരിയാ വല്യച്ഛന്‍ വീഞ്ഞപ്പെട്ടിയില്‍ നിന്ന് എഴുന്നേറ്റു. വീടിന്റെ പടിയില്‍, തന്റെ ചാക്ക് ഇറക്കി വെക്കാന്‍ ശ്രമിക്കുന്ന ജെറിയമ്മാവനെ അദ്ദേഹം ശരിക്കും സഹായിക്കുക തന്നെ ചെയ്തു.
'സുലൈമാന്‍ കാക്കാ... വേഗം നെരിപ്പോട് കത്തിച്ചോളൂ. തണുപ്പ് കാട്ടു പുലിയുടെ വേഗതയിലാണ് ഇനി രാത്രിയില്‍ കയറി വരിക,' ആരോടെന്നില്ലാതെ, അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട് അദ്ദഹം പറഞ്ഞു കൊണ്ടിരുന്നു.
മാഷയും അമ്മൂമ്മയും കൂടി ആ ചാക്കു കെട്ട് വലിച്ചിഴച്ച് സ്വീകരണമുറിയിലെത്തിച്ചു. അവിടെ മഞ്ഞു കാലത്ത് മുറി ചൂടാക്കാനായി അവര്‍ ഉപയോഗിക്കുന്ന വലിയ നെരിപ്പോടുണ്ട്.
കുറച്ചു കഴിഞ്ഞപ്പോള്‍ ജമീല അമ്മായിയും ഫിലോമിനാന്റിയും മൂന്നാലു ചെറുപ്പക്കാരും ഒരു കുട്ടിസംഘമായി അവരുടെ വീട്ടില്‍ വന്നു കയറി.
ചെറുപ്പക്കാരില്‍ ടെയിലര്‍ സാവിയോ ചേട്ടന്‍, ഡ്രൈവര്‍ സലിം കാക്ക, കല്‍പ്പണി മേസ്ത്രിയായി പണിയെടുക്കുന്ന ഇബ്രൂസ് കാക്ക എന്നിവരെ യെനാന് നേരത്തെ തന്നെ അറിയാം.
Read More: ഭൂമിയുടെ അലമാര: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
സുലൈമാന്‍ അപ്പൂപ്പന്റെ സൗഹൃദ വലയത്തില്‍, ഇത്തരത്തിലുള്ള, നാട്ടിലെ ചില ചെറുപ്പക്കാരുമുണ്ടായിരുന്നു.
ടെയിലര്‍ സാവിയോ ചേട്ടന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ യെനാന് ഒത്തിരി ഇഷ്ടമാണ്. ഒരു കുതിരയെപ്പോലെ മുരണ്ടു കൊണ്ട് അത് ഗ്രാമപാതകളിലൂടെ ചിനച്ചു പായുന്നത് അവന്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്.
വലുതായാല്‍ സാവിയോ ചേട്ടന്റേതു പോലുള്ള ഒരു വലിയ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ വാങ്ങിത്തരണമെന്ന് അവന്‍ സുലൈമാന്‍ അപ്പൂപ്പനോടോ പാബ്ലോ പപ്പയോടോ പറയും.
'ചെറുപ്പക്കാരേ... നിങ്ങള് വന്നതിന് നന്ദി!..'പഴയ വിപ്ലവകാരികളെ താന്‍ വീണ്ടും അഭിസംബോധന ചെയ്യുകയാണ് എന്ന മട്ടില്‍, സുലൈമാന്‍ അവര്‍ക്കു നടുവില്‍ നിന്ന് മുരടനക്കി.
'ഈ വിധത്തില്‍ മഴ ആഭാസനൃത്തം തുടരുകയാണെങ്കില്‍ നാടു മുഴുവന്‍ വെള്ളത്തിനടിയിലാകും. നമ്മെ കാത്തിരിക്കുന്ന കാലത്തിന്റെ നീക്കുപോക്ക് എന്താണെന്ന് ആര്‍ക്കും പറയാനൊക്കുകയില്ല...'
ആ ചെറുസംഘത്തെ ഉള്‍ക്കൊള്ളാവുന്നത്ര വലുപ്പം അവരുടെ കൊച്ചു ഭവനത്തിന് സത്യത്തില്‍ ഇല്ലായിരുന്നു. എങ്കിലും ഭീതിയുടേയും ആശങ്കയുടേയും ചുവടുകള്‍ വെച്ചു കൊണ്ട്, മഴ പുറത്ത് വികൃതമായ അതിന്റെ കോപ്രായങ്ങള്‍ കാണിക്കുന്ന സമയത്ത് അവരെല്ലാം ഒറ്റക്കുടുംബമാണെന്ന് തോന്നുമായിരുന്നു.
മേശപ്പുറത്ത് ദുര്‍ബലമായി പൊരുതുന്ന ഒരു മെഴുകുതിരി ചാരു അമ്മൂമ്മ കത്തിച്ചു വെച്ചിരുന്നു. അതിനു ചുറ്റും ഒരു കുടുംബയോഗത്തിന് ഹാജറായ അംഗങ്ങളെപ്പോലെ വിറങ്ങലിച്ച്, എന്നാല്‍ ഏറെ ഒരുമയോടെ അവര്‍ ഇരുന്നു.
പേടി ഒരു വികാരമായി പൂണ്ടു നില്‍ക്കുമ്പോഴും പ്രത്യാശയുടെ ജ്വാലാവെളിച്ചം അവര്‍ കണ്ണുകളില്‍ സൂക്ഷിച്ചു.
ഒരുവേള, മുറിയില്‍ മുനിഞ്ഞു കത്തുന്ന മെഴുകുതിരി തന്നെ അവരുടെ തളരാത്ത ആത്മവിശ്വാസത്തിന്റെ തീഞരമ്പാണെന്ന് തോന്നിപ്പോയി.
പുറത്ത് മഴ പല രീതിയില്‍ തെമ്മാടിത്തങ്ങള്‍ കാണിച്ചു കൊണ്ടിരുന്നു. ആന്ത്രയോസ് അപ്പൂപ്പന്റെ കൊയ്ത്തു സൂക്ഷിപ്പു ശാലയുടെ മൂന്നാലുനിര ഓടുകള്‍ അത് എറിഞ്ഞു തകര്‍ത്തു. ജെറിയമ്മാവന്റെ മരമില്ലില്‍ കൂട്ടിയിട്ടിരുന്ന ഒരു കൂന കഴുക്കോലുകള്‍ കൂട്ടം തെറ്റിയ മട്ടില്‍ ചിതറിപ്പോയി. മഴയില്‍ പുതിയ വെള്ളച്ചാലുകള്‍ രൂപം കൊണ്ടപ്പോള്‍ അവയില്‍ ദുര്‍ബലമായ ചിലത് ഒഴുകിപ്പോയി.
സക്കരിയാ വല്യച്ഛന്റെ മണ്‍വീടിന്റെ ഭിത്തിക്കാണ് മഴയുടെ വലിയൊരു പ്രഹരം കിട്ടിയത്. അടിയേറ്റ സ്ഥലം നനഞ്ഞു കുതിര്‍ന്ന് കുറച്ച് ഇഷ്ടികകള്‍ അവിടെ നിന്ന് ഇളകിപ്പോയി.
ഫിലോമിനാന്റിയുടെ നഴ്‌സറി സ്‌കൂളില്‍ മഴ മറ്റൊരു വികൃതിയാണ് കാണിച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കിടങ്ങിന് കുറുകെ ഇട്ടിരുന്ന ചെറിയ പാലം കാറ്റിന്റെ കൈപ്പത്തികള്‍ വെച്ച് മഴ വലിച്ചെടുത്തു. അതോടെ അപ്പുറത്തേക്ക് പോകാനാവാത്ത അവസ്ഥ വന്നു. ജമീല അമ്മായിയുടെ കോഴിഫാമിലും വെള്ളം കയറിത്തുടങ്ങി. നിയമം തെറ്റിച്ച് പെയ്യുമ്പോള്‍ മഴയ്ക്ക് യാതൊരു മര്യാദകളുമില്ല.
ഈ അനിഷ്ട വാര്‍ത്തകളും ദുരന്തങ്ങളുമെല്ലാം സുലൈമാന്‍ കുടുംബം അറിഞ്ഞത് പിറ്റേന്ന് വൈകിട്ടാണ്.തലേന്നു കൂടിയതു പോലെ അയല്‍ക്കാരുടെ സംഘം അന്നും അവരുടെ വീട്ടിലെത്തി.
ഒരു നേതാവിനെ കാണാന്‍ പാര്‍ട്ടിയുടെ സഖാക്കളും അണികളും വരുന്നതു പോലായിരുന്നു, ആ മനുഷ്യനെ കാണാന്‍ നാട്ടുകാര്‍ വന്നിരുന്നത്.
പ്രതിസന്ധിയില്‍ സുലൈമാന്‍ അവരുടെ കൂടെയുണ്ടാകുമെന്ന്, മുന്‍ അനുഭവങ്ങള്‍ കൊണ്ട് ആ ഗ്രാമവാസികള്‍ക്കറിയാം.
'സുലൈമാന്‍ കാക്കാ... നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ പറ്റൂ...'-ഇബ്രൂസ് കാക്ക സ്വന്തം കൈപ്പത്തികള്‍ വികാരത്തോടെ പരസ്പരം അടിച്ചു കൊണ്ട് പറഞ്ഞു.
ദൂരേയുള്ള പാബ്ലോ പപ്പാ ജോലി ചെയ്യുന്ന പട്ടണത്തിലും മറ്റു ജില്ലകളിലും നിന്ന് കൂടുതല്‍ ദുരിതമയമായ വാര്‍ത്തകള്‍ റേഡിയോയിലൂടെ വന്നു കൊണ്ടിരുന്നു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
രണ്ടു ദിവസമായി കറന്റില്ലാത്തതിനാല്‍ ടെലിവിഷന്‍ എന്ന യന്ത്രം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.അത് ഒരു കണക്കിന് നന്നായി എന്നു എല്ലാവര്‍ക്കും തോന്നി.
വലിയൊരു പാത്രത്തില്‍ തക്കാളി സൂപ്പുമായി ചാരു അമ്മൂമ്മ പുറത്തു വന്നു.
ആകാശം തെളിയുന്നുണ്ടോ എന്ന് സുലൈമാന്‍ അപ്പൂപ്പന്‍ മുകളിലേക്ക് തലയുയര്‍ത്തി നോക്കി.ഭാഗ്യം, മഴയിപ്പോള്‍ തീരെയില്ല!
മുറ്റത്തും പടിക്കെട്ടിലുമൊക്കെ നിരന്നിരുന്നവര്‍ക്കായി, കൊച്ചു കോപ്പകളില്‍ നിറച്ച് തക്കാളിസൂപ്പ് വിളമ്പാനാരംഭിച്ചു. ചാരു അമ്മൂമ്മയും ജമീല അമ്മായിയുമാണ് ആ ദൗത്യം ഏറ്റെടുത്തിരുന്നത്. മാഷയും ഇടയ്ക്ക് അവരെ സഹായിച്ചു.
ഒരു കൊച്ചു കോപ്പയില്‍ യെനാനും ചൂടുള്ള സൂപ്പു കിട്ടി.
ഇളം ചൂടിന്റെ സ്വാദനുഭവിച്ചു കൊണ്ട് അവന്‍ സൂപ്പു കഴിച്ചു തുടങ്ങി.
തുടരും...
ഭൂമിയുടെ അലമാര നോവലിന്റെ ഈ ഭാഗം കേള്‍ക്കുകയും ആകാം. കൊച്ചി എഫ് എമ്മിലെ അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ദാമോദര്‍ രാധാകൃഷ്ണന്റെ ശബ്ദത്തില്‍ യെനാന്‍റെ കഥ കേള്‍ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.