scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം ഒമ്പത്

"മാഗി കടൽജീവികളുടെ വൈദ്യത്തിയാണെന്ന സംസാരം ആ കടലിടത്തിൽ പടർന്നു. പല തരം കടൽജീവികൾ മനുഷ്യർ കടലിൽ തള്ളുന്ന സാധനങ്ങൾ തങ്ങളുടെ ശരീരത്തു നിന്നു പുറത്തെടുക്കണേന്നും പറഞ്ഞ് അവളുടെ അടുക്കൽ വന്നു. അവൾ ഒരാളെപോലും നിരാശപ്പെടുത്തിയില്ല." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം ഒമ്പത് വായിക്കാം

"മാഗി കടൽജീവികളുടെ വൈദ്യത്തിയാണെന്ന സംസാരം ആ കടലിടത്തിൽ പടർന്നു. പല തരം കടൽജീവികൾ മനുഷ്യർ കടലിൽ തള്ളുന്ന സാധനങ്ങൾ തങ്ങളുടെ ശരീരത്തു നിന്നു പുറത്തെടുക്കണേന്നും പറഞ്ഞ് അവളുടെ അടുക്കൽ വന്നു. അവൾ ഒരാളെപോലും നിരാശപ്പെടുത്തിയില്ല." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം ഒമ്പത് വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 9 FI

ചിത്രീകരണം: അർച്ചനാ രവി

കടലിൻറെ പള്ളയിൽ 

കരയിൽ നിന്ന് കുറച്ചു ഉള്ളിലെത്തിയപ്പോൾ തിരമാലകൾ മാഗിയോട് പറഞ്ഞു "ഇനി കടലിൻറെ പള്ളയിലേക്ക് ഇറങ്ങാം... എല്ലാമൊന്ന് പരിചയപ്പെടാം."

Advertisment

മാഗിക്ക് കുറച്ചു പേടിയായെങ്കിലും ചക്കര അവളുടെ ഹൃദയത്തെ കെട്ടിപ്പിടിച്ചു. "കാളിയപ്പൂപ്പൻ പറഞ്ഞതല്ലേ? ഞാനില്ലേ കൂടെ?"

മാഗി കടലിൻറെ ഉള്ളിലേക്ക് മെല്ലെമെല്ലെ ഇറങ്ങി. അവൾ വിചാരിച്ചതുപോലെയായിരുന്നില്ല അവിടം. കടലിൽ മുട്ടൻ തിരക്കാണ്. പലതരം ജീവികൾ, പല നിറക്കാർ, നീണ്ടതും മെലിഞ്ഞതും കുറിയതും തടിച്ചതും വളഞ്ഞതും നേർത്തതും ഉരുണ്ടതും കോലുപോലുള്ളതും. 

ചിലർ ഇപ്പോൾ നീണ്ടാണിരിക്കുന്നതെങ്കിൽ കുറച്ചുകഴിഞ്ഞ് ചുരുളും... മെലിഞ്ഞിരുന്നവർ നിമിഷനേരം കൊണ്ടു തടിക്കും. ചുവപ്പുനിറക്കാർ കുറച്ചുകഴിഞ്ഞു നോക്കുമ്പോൾ കറുപ്പുനിറക്കാർ!!

Advertisment

താഴെക്കു ചെല്ലുന്തോറും നീലവെളിച്ചം. എന്തെല്ലാം നീലകൾ!! ആഴങ്ങളിൽ കടൽജീവികളുടെ ശരീരങ്ങൾ ഇരുട്ടിൽ തിളങ്ങുന്നു. മാഗിയുടെ അടുത്തൂടെ തെന്നിനീങ്ങുകയായിരുന്ന രണ്ടു ജെല്ലികൊച്ചുങ്ങൾ തമ്മിൽത്തമ്മിൽ പറഞ്ഞു "ഡേയ്, ഇതു കണ്ടാ, നമ്മടെ കൂട്ടത്തിലെ ഏതോ ആണെന്നു തോന്നുന്നു!"

ങേ... മാഗിയുടെ നീണ്ടമുടി വെള്ളത്തിൽ വിടർന്നുപടർന്നുകിടക്കുന്നതു കണ്ടിട്ടാണ് ആ ജെല്ലിക്കൊച്ചിന് മാഗിയും ഏതോ ജെല്ലിഫിഷായിരിക്കും എന്നു തോന്നിയത്.

അപ്പോ മറ്റേ ജെല്ലിക്കൊച്ച് പറഞ്ഞു "കണ്ടോ... അതിൻറെ അകത്ത് വേറൊരു ജീവീം ഉണ്ട്. ഇതോതോ ജെല്ലികുടുംബത്തിലെത്തന്നെയാ…”

ഹാവൂ, അതിശയം തന്നെ... അതിന് ചക്കരയെ കാണാം. ശരിയാണ് പറഞ്ഞത്. ചില ജെല്ലിഫിഷുകൂട്ടർ അവരുടെ ശരീരത്തിൽ മറ്റു ചില ജീവികളെ പാർപ്പിക്കും. 

താണുതാണു ചെന്നെത്തിയത് പാറയും പാരും നിറഞ്ഞ ഒരിടത്താണ്. മാഗിക്ക് അതിശയം അടക്കാനായില്ല. എന്തൊരു മനോഹരമായ ലോകമാണിത്!!

എന്തെല്ലാം തരം ജീവികൾ, എണ്ണിയാൽതീരാത്തത്ര നിറങ്ങൾ, തരങ്ങൾ, രൂപങ്ങൾ. പവിഴപ്പുറ്റുകളും കടൽവിശറികളും പല പല നിറങ്ങളിൽ നീന്തിത്തുടിക്കുന്ന മീനുകളും കല്ലിന്മേൽക്കായകളും ഫാഷൻതാരങ്ങളെ വെല്ലുന്ന നിറങ്ങളും പുള്ളികളും വരകളും അണിഞ്ഞ പുഴുക്കളും ചിലന്തികളും മാഗിക്ക് പേരറിയാത്ത മറ്റു പലരും...

J Devika Kadalkutty Chapter 9 (1)
ചിത്രീകരണം: അർച്ചനാ രവി

“മാഗീ, അങ്ങോട്ടു നോക്കൂ... നോക്കൂ...!!” ചക്കരയുടെ കുര അവളുടെ വിസ്മയത്തെ കെടുത്തിക്കളഞ്ഞു.

നോക്കുമ്പോൾ വലിയൊരു പ്ളാസ്റ്റിക് വല... അതിനുള്ളിൽ കുടുങ്ങിപ്പോയ എത്രയോ മീനുകൾ. മനുഷ്യരാരോ കടലിൽ തള്ളിയിട്ടുപോയ പൊട്ടിയ വലയാണ്. പ്രേതവല... അതിൽ ജീവികൾ അകപ്പെട്ടുപോയിരിക്കുന്നു.

“നമുക്കവരെ രക്ഷിക്കണ്ടേ?” ചക്കര ചോദിച്ചു.

“വേണം!” മാഗി അവിടേക്ക് ആഞ്ഞുനീന്തി.

പ്ളാസ്റ്റിക് വലക്കണ്ണികൾ പൊട്ടിക്കാൻ എളുപ്പമായിരുന്നില്ല.

"എൻറെ ശരീരമുണ്ടായിരുന്നെങ്കിൽ ഞാനീ വലയൊക്കെ കടിച്ചുകീറിയേനെ" ചക്കരയ്ക്കു കരച്ചിൽ വന്നു.

മാഗി കടലിൻറെ അടിത്തട്ടിൽ കിടന്ന ഒരു കൂർത്ത കല്ലെടുത്തു.  കഷ്ടപ്പെട്ടാണെങ്കിലും വലക്കണ്ണികളെ പൊട്ടിച്ചു. അതിൽ പെട്ടുപോയവരെല്ലാം ആശ്വാസത്തോടെ പുറത്തേയ്ക്കു വന്നു.

അവർ മാഗിക്ക് ചുറ്റും കൂടി. അവരും വിചാരിച്ചത് അവളൊരു ജെല്ലിക്കൊച്ചാണെന്നാണ്. ജെല്ലിഫിഷുകളിൽ രണ്ടായിരമോ മൂവായിരമോ തരമൊക്കെ ഉണ്ടല്ലോ.

“ഉഗ്രൻ പല്ലു തന്നെ, കേട്ടോ... ഈയാള് ഏതു ജെല്ലിത്തരത്തീന്നാ വരുന്നെ?”

“അയ്യോ... ഞാൻ ജെല്ലിക്കൊച്ചല്ല...!” മാഗിക്ക് കള്ളം പറയാൻ കഴിയില്ല.

പക്ഷേ ചക്കര ചാടിക്കയറി പറഞ്ഞു "അവള് മനുഷ്യത്തിയാ... വെറും മനുഷ്യത്തിയല്ല, കടൽക്കുട്ടി..."

“ങാഹാ...!” മീനുകൾ അവളുടെ തൊട്ടടുത്തു നീന്തി. ചുറ്റും പടർന്നുകിടന്ന നീണ്ട മുടിക്കിടയിലൂടെ ഊളിയിട്ടു. അവളുടെ കൺപോളകളിൽ മുത്തമിട്ടു.

“കടൽക്കുട്ടീ... നിങ്ങടെ ആളുകളെ കണ്ടിട്ട് എത്രനാളായി...!!”

“നിങ്ങള് വരാതായതോടെ ആർത്തിക്കാര് ചെയ്യുന്നത് കണ്ടോ... ഇവിടെ മുഴുവൻ പ്രേതവലകളാ... പിന്നെ ദേ... നോക്കിയെ” മീനുകൾ കാണിച്ചുകൊടുത്ത സ്ഥലത്തേക്കു നോക്കിയതും മാഗി ഞെട്ടിപ്പോയി.

പ്ളാസ്റ്റിക് കവറുകളുടെ കൂമ്പാരം... ഒഴിഞ്ഞ ബിസ്ക്കറ്റ്കൂടുകൾ, സിമൻ്റ് ചാക്കുകൾ, ബാഗുകൾ... നാണക്കേടും വിഷമവും കൊണ്ട് മാഗിയുടെ തല താണുപോയി.

ഇതെല്ലാം ഞാൻ കരയിൽ തന്നെ എത്തിക്കും, ഒടുവിൽ മാഗി നിശ്ചയിച്ചു. അതാണ് ഇവിടെ ഞാൻ ചെയ്യാൻ പോകുന്ന പണി.

പിന്നുള്ള ദിവസങ്ങളിൽ മാഗി പലപല പ്രേതവലകളെ മുറിച്ചുകളഞ്ഞ് ജീവികളെ പുറത്തുവിട്ടു. പ്ളാസ്റ്റിക് മുഴുവൻ പെറുക്കിയെടുത്ത് കടലിനു മുകളിലേക്ക് വന്ന് അതെല്ലാം തിരകളെ ഏൽപ്പിച്ചു. തിരകൾ അതു മുഴുവൻ ഉരുട്ടിക്കൊണ്ടുചെന്ന് ആർത്തിക്കാരുടെ കടപ്പുറകോട്ടയ്ക്കുള്ളിലേക്കു ഊക്കിനെറിഞ്ഞു.

J Devika Kadalkutty Chapter 9 (2)
ചിത്രീകരണം: അർച്ചനാ രവി

കടൽജീവികളുടെ അണ്ണാക്കിൽ കുരുങ്ങിക്കിടന്ന പ്ളാസ്റ്റിക് കഷണങ്ങളും ഇരുമ്പും കൊളുത്തുകളും എല്ലാം അവൾ വളരെ സൂക്ഷിച്ച് ഊരിയെടുത്തു. മാഗി കടൽജീവികളുടെ വൈദ്യത്തിയാണെന്ന സംസാരം ആ കടലിടത്തിൽ പടർന്നു. 

പല തരം കടൽജീവികൾ മനുഷ്യർ കടലിൽ തള്ളുന്ന സാധനങ്ങൾ തങ്ങളുടെ ശരീരത്തു നിന്നു പുറത്തെടുക്കണേന്നും പറഞ്ഞ് അവളുടെ അടുക്കൽ വന്നു. അവൾ ഒരാളെപോലും നിരാശപ്പെടുത്തിയില്ല.

അതിനിടയിൽ പലതരക്കാരായ ജെല്ലിക്കൊച്ചുങ്ങളുമായി അവളും ചക്കരയും ചങ്ങാത്തത്തിലായി. ഒഴിവുസമയത്ത് തിമിംഗലപ്പാട്ടുകൾ പാടാനും പഠിച്ചു.
അങ്ങനെയൊരു ദിവസം തെക്കു നിന്നു വന്ന ചില ജെല്ലിമാമിമാർ അവളെ കണ്ടപ്പോൾ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു.

“ഉയ്യോ ഇതുകണ്ടോടീ... ഇതിനെക്കണ്ടിട്ട് നമ്മടെ കെ കെ അമ്മ ചേച്ചീടെ തനിഛായ...!!”

കെ കെ അമ്മാന്ന് പേരുള്ള കടൽജീവിയോ? ങേ...?

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: