/indian-express-malayalam/media/media_files/2025/07/22/j-devika-kadalkutty-prologue-fi-1-2025-07-22-11-52-11.jpg)
ചിത്രീകരണം: അർച്ചനാ രവി
'കടൽക്കുട്ടി'യിൽ ശാസ്ത്രം ധാരാളമുണ്ട്. കഥ തീർന്നാലും നമുക്ക് നൊട്ടിനുണഞ്ഞിരിക്കാനുള്ള ശാസ്ത്രത്തിൻറെ ചെറിയ തരികൾ! കഥയായതുകൊണ്ട് ശാസ്ത്രം ഉണ്ടാകാൻ പാടില്ലെന്നൊന്നും ഇല്ല. കാരണം ശാസ്ത്രത്തിലും ഒരുപാട് അത്ഭുതങ്ങൾ ഇല്ലേ? ശാസ്ത്രജ്ഞർ കണ്ടുപിടിച്ച ഒത്തിരി കാര്യങ്ങൾ ഈ കഥയിലുണ്ട്.
ഉദാഹരണത്തിന്-സത്യമാണ്, നമ്മുടെ ഇന്നത്തെ കാലത്ത് കടലിന് ഭയങ്കരമായി ചൂടെടുക്കുന്നുണ്ട്. കടലിനടയിൽ മനുഷ്യർ തള്ളിയ പാഴ്വസ്തുക്കളും ഉപേക്ഷിച്ചു കളഞ്ഞ വലകളും കടൽജീവികളെ വലയ്ക്കുന്നുണ്ട്. കടലിൻറെ ചൂടു കൂടും തോറും അതിൽ ജീവിക്കുന്ന പ്രാണികളും വലയുന്നുണ്ട്.
ജെല്ലിഫിഷുകൾ വല്ലാതെ പെറ്റുപെരുകി തീരങ്ങളിൽ അടിയുന്നുണ്ട്, ആണവനിലയങ്ങൾ വരെ അതുമൂലം അടഞ്ഞുപോകുന്നുണ്ട്. ലോകരാഷ്ട്രങ്ങളുടെ നേതാക്കന്മാരുടെ കൊള്ളരുതായ്മ കൊണ്ടാണ് ഭൂമി മുഴുവനും, കടലും, ഇങ്ങനെ ചൂടാവുന്നത്. അൻറാർട്ടിക്കയിലെ മഞ്ഞുമലകൾ ഉരുകിപ്പോകുന്നത്.
ഇതെല്ലാം ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങളാണ്. കാലാവസ്ഥാവ്യതിയാനം എന്നാണ് ഇതിനെല്ലാം കൂടിയുള്ള പേര്. അതെല്ലാം വായിച്ചപ്പോൾ തോന്നിയ കഥയാണ് കടൽക്കുട്ടി. ശാസ്ത്രമായിട്ടങ്ങ് പറഞ്ഞാൽ പോരെ, നിങ്ങൾ ചോദിക്കും. ഇക്കാര്യങ്ങളെ ശാസ്ത്രത്തിൻറെ രീതിയിൽ പറയുന്ന ഒത്തിരി പുസ്തകങ്ങളുണ്ട്, അതൊക്കെ നമ്മൾ വലുതാകുമ്പോൾ വായിക്കാം. പക്ഷേ ഇതൊരു കഥയാണ്. കഥയിൽ ചോദ്യമില്ല എന്നു കേട്ടിട്ടില്ലേ... ശാസ്ത്രത്തിലാണെങ്കിൽ ചോദ്യങ്ങളേ ഉള്ളൂ. ശാസ്ത്രത്തിലെ ചോദ്യങ്ങളെ കഥയായി പറയുമ്പോൾ അവ നമ്മെ പേടിപ്പിക്കില്ല.
ഇതിലെ കഥാപാത്രങ്ങളായ പല ജീവികളും ശരിക്കുള്ളവരാണ്. ഈ കഥയിൽ അവർ നേരിടുന്ന പല പ്രയാസങ്ങളും ശരിക്കുള്ളതാണ്. ഇതിലെ തിമിംഗലങ്ങളും ഓർക്കകളും മറ്റു കടൽജീവികളും ശരിക്കുള്ളവയാണ്.
വെള്ളച്ചി ഗ്ളാഡിസ് (Whitey Gladys) എന്ന പേരിൽ അറിയപ്പെടുന്ന ശരിക്കുള്ള കടൽജീവിയാണ്. ഡിപ്ളുമാരി ശരിക്കുള്ള ഒരു ജെല്ലിഫിഷ് വർഗമാണ് (Diplumaris Antartica). നീലത്തിമിംഗലങ്ങളുടെ സഞ്ചാരത്തിന് വലിയ പ്രയാസമുണ്ടാക്കുന്ന കപ്പലുകൾ സത്യമാണ്. തിമിംഗലങ്ങളുടെ അൻറാർട്ടിക്കാ യാത്രയും സത്യമാണ്. തിമിംഗലങ്ങളും ഓർക്കകളും എല്ലാം സത്യമാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/07/21/kadalkutty-j-devika-prologue-1-2025-07-21-12-45-03.png)
പക്ഷേ അവരെയെല്ലാം ഈ കഥയിൽ കഥാപാത്രങ്ങളാക്കിയിരിക്കുകയാണ്. അവർ എങ്ങനെയായിരിക്കും ശരിക്കും സംസാരിക്കുക എന്നൊന്നും നമുക്കറിയില്ല. ഈ പുസ്തകത്തിലെ അവരുടെ വർത്തമാനമെല്ലാം കഥ പറയുന്ന ആളിൻറെ ഭാവനയുടെ സൃഷ്ടിയാണ്. ഇതിൽ പറയുന്ന കടൽസ്ഥലങ്ങളും ശരിക്കുള്ളവയാണ്.
മിരിസ്സയിലേക്കും പലാവു ദ്വീപിലേക്കും ഓസ്ട്രേലിയൻ കടൽക്കാടുകളിലേക്കും ഗ്രേറ്റ് ബാരിയർ റീഫിലേക്കും, ലതാക്കിയയിലേക്കും, എന്തിന്, ഹൈഫയിലേക്കു പോലും നിങ്ങൾക്ക് സഞ്ചരിക്കാം. കുഞ്ഞുദേവതയായ അൽബേഡോ (Albedo) അത് ദേവതയല്ലെങ്കിലും, ശരിക്കുള്ളതു തന്നെ.
സത്യത്തിലുള്ള കടൽജീവികളും അവരുടെ കടൽസ്ഥലങ്ങളും, ശരിക്കും അവർക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടങ്ങളും, ഭൂമിയെ ആകെ കഷ്ടത്തിലാക്കുന്ന കാലാവസ്ഥാവ്യതിയാനവും ഈ കഥയുടെ പശ്ചാത്തലമാണ്. മാഗിയുടെ യാത്രയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ. അത് കഥ മാത്രമാണ്, ഭാവനയിൽ ഉണ്ടായത്.
ആ കഥയിലെ ചില കഥാപാത്രങ്ങൾ മലയാളികളായ നമ്മുടെ ചരിത്രത്തിലെ വലിയ ആളുകളാണ്. പണ്ടുപണ്ട് നമ്മുടെ നാട്ടിൽ ജാതി പറഞ്ഞ് എല്ലാവരേയും ദ്രോഹിച്ചിരുന്നവരെ തോൽപ്പിക്കാൻ മുന്നിലിറങ്ങിയ വീരനാണ് ഈ കഥയിലെ കാളിയപ്പൂപ്പൻ എന്ന അയ്യൻകാളി. അദ്ദേഹത്തിൻറെ ശരിക്കുമുള്ള പോരാട്ടകഥകൾ ഒത്തിരിയുണ്ട്. പക്ഷേ ആ കഥകളല്ല, ഞാൻ തന്നെ കെട്ടിയുണ്ടാക്കിയ കഥകളാണ് ഇതിൽ. ചരിത്രകഥ നിങ്ങൾ വേറെ വായിക്കണം.
അതുപോലെ തന്നെയാണ് ഇതിലെ കെ കെ അമ്മൂമ്മ അഥവാ കൊച്ചാട്ടിൽ കല്ല്യാണിക്കുട്ടിയമ്മ. ഈ അമ്മൂമ്മ നമ്മുടെ നാട്ടിലെ വലിയ ഒരു ബുദ്ധിമതി ആയിരുന്നു. സ്കൂൾക്കുട്ടികളെ സയൻസും ചരിത്രവും ഇംഗ്ളിഷും എല്ലാം പഠിപ്പിച്ചിരുന്ന വലിയൊരു ബുദ്ധിമതി. അവർ വലിയ യാത്രക്കാരിയും ആയിരുന്നു, വളരെ ദൂരെ സ്ഥലങ്ങളില്ലെല്ലാം കറങ്ങിവന്നയാൾ. പക്ഷേ നമ്മുടെ നാട്ടുകാർ അവരെ വല്ലാതെ കഷ്ടപ്പെടുത്തി. ആ അമ്മൂമ്മയുടെ ഓർമ്മ പക്ഷേ നാം കളഞ്ഞുകൂട. അതുകൊണ്ട് അവരും ഈ കഥയിൽ ഉണ്ട്.
ഈ രണ്ടുപേരെയും ഈ കഥയിലെ കഥാപാത്രങ്ങളായി സങ്കല്പിച്ചിരിക്കുകയാണ്. അവരുടെ യഥാർത്ഥത്തിലുള്ള ജീവിതകഥകൾ നിങ്ങൾ വലുതാകുമ്പോൾ വായിക്കണം.
ഈ കഥയെ ചിത്രങ്ങളാക്കി മാറ്റിയത് അർച്ചനാ രവി എന്ന ചിത്രകാരിയാണ്. ഇതിലെ ഓരോ കടൽജീവിയെയും ആദ്യം അവയുടെ ഫോട്ടോ നോക്കി, പിന്നെ സ്വന്തം ഭാവനയിലൂടെ കണ്ട്, വരച്ച ചിത്രങ്ങൾ ആണ് അവ ഓരോന്നും. എന്നാൽ താൻ കണ്ടിട്ടില്ലാത്തവയെയും അർച്ചന വരച്ചു. ഉദാഹരണത്തിന്, ഒരു ആകാശ ഓന്തിൻ്റെ പടം. ആകാശ ഓന്ത് മാനത്തിന് മുകളിൽ അങ്ങ് ദൂരെ കിടക്കുന്ന ഒരു നക്ഷത്രക്കൂട്ടമാണ്, ഓന്തിൻ്റെ ആകൃതി ഉള്ളത്. അതിനെ അർച്ചന വരച്ചത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ? കാത്തിരുന്നു കാണുക!
ശാസ്ത്രവും ചരിത്രവും കൂടാതെ നമ്മൾ സന്തോഷവും സത്യവും ഉളളവരായി വളരുന്നതിനെ പറ്റിയുള്ള കഥ കൂടിയാണിത്. കഥ വലിയ പള്ള ഉള്ള ജീവി തന്നെ! അതിൽ ശാസ്ത്രവും കൊള്ളും, ചരിത്രവും കൊള്ളും, നന്മയെ പറ്റിയുള്ള വിചാരങ്ങളും കൊള്ളും. കഥ കടൽ പോലെയല്ലേ, അപ്പോൾ? അതേ, കടൽ പോലെ തന്നെ.
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.