scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം എട്ട്

"കടലിനും കരയ്ക്കും ഇടയിലുള്ള ആ അതിരില്ലാസ്ഥലത്ത്, കാളിയപ്പൂപ്പൻ മാഗിയെ യാത്രയാക്കാൻ നിന്ന അതേ സ്ഥലത്ത്, ഒരു പടുക്കൂറ്റൻ വിളക്കുമാടം തലപൊക്കി നിൽക്കുന്നു...!! " ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം എട്ട് വായിക്കാം

"കടലിനും കരയ്ക്കും ഇടയിലുള്ള ആ അതിരില്ലാസ്ഥലത്ത്, കാളിയപ്പൂപ്പൻ മാഗിയെ യാത്രയാക്കാൻ നിന്ന അതേ സ്ഥലത്ത്, ഒരു പടുക്കൂറ്റൻ വിളക്കുമാടം തലപൊക്കി നിൽക്കുന്നു...!! " ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം എട്ട് വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 8 FI

ചിത്രീകരണം: അർച്ചനാ രവി

ജെല്ലിപ്പിള്ളേരുടെ മിന്നലാക്രമണം

അങ്ങനെ പലപല പ്രതിബന്ധങ്ങളും കടന്ന് മാഗി കാളിയപ്പൂപ്പൻ്റെ കൂടെ കടപ്പുറത്തെത്തി. അവിടേയ്ക്കു കടക്കാനുള്ള വഴിയെല്ലാം ഭാരങ്കരപ്പിശാചിൻ്റെ കൂട്ടുകാർ കെട്ടിയടച്ചുകളഞ്ഞിരുന്നു. പക്ഷേ വില്ലുവണ്ടി വലിച്ച ആകാശഓന്ത് ആ ഗേറ്റുകളും മതിലുകളും എല്ലാം നിമിഷനേരം കൊണ്ട് തള്ളിത്താഴെയിട്ടു.

Advertisment

എതിർക്കാൻ വന്ന പാറാവുകാർക്കു നേരെ ആകാശഓന്ത് തന്‍റെ അതിവേഗനാക്ക് പ്രയോഗിച്ചു. കണ്ടിട്ടില്ലേ... ഭൂമീലെ ഓന്തുകൾ തങ്ങളുടെ നാക്ക് ശ്ശടേന്ന് നീട്ടി ചെറിയ പ്രാണികളെ ഒക്കെ പിടിച്ചുതിന്നുന്നത്?

അതുപോലെ, കണ്ണുചിമ്മിത്തുറന്ന നേരത്തിനകം ഓന്തിൻറെ നാക്കിനുള്ളിലായി അവർ. പക്ഷേ ആകാശഓന്തിന് മനുഷ്യരെ തിന്നാൻ ഇഷ്ടമില്ല. കണ്ട മരുന്നും മദ്യോം ഒക്കെ അവരുടെ ഉള്ളിൽ ഉള്ളതുകൊണ്ട് മനുഷ്യർക്ക് ആകെ ഒരു പുളിയാണെന്നേ. ഭാഗ്യം! ഓന്ത് അവരെ ദൂരേക്കു തുപ്പിക്കളഞ്ഞു.

വില്ലുവണ്ടി കടലിൻ്റെ തൊട്ടരികിൽ പോയി നിന്നു. തിരകൾ തലകുത്തിമറിഞ്ഞ് വണ്ടിയുടെ അടിയിലൂടെ കയറിയിറങ്ങി. കടപ്പുറത്തിൻ്റെ കുറേ ഭാഗത്തും കടലിലും ഭാരങ്കരൻറെ കൂട്ടുകാർ കല്ലൊക്കെ വച്ച് എന്തെല്ലാമോ പണിഞ്ഞുവച്ചിട്ടുണ്ട്. കടലാണെങ്കിൽ സർവശക്തിയുമെടുത്ത് അതിനെ തല്ലിത്തകർക്കാൻ നോക്കുന്നു.

Advertisment

"വാ, ഇറങ്ങാം" കാളിയപ്പൂപ്പൻ അവളെ വണ്ടിയിൽ നിന്നു താഴെ ഇറങ്ങാൻ സഹായിച്ചു.

കടപ്പുറത്തെ മണ്ണ് അവൾക്ക് പണ്ടേ പരിചയമുള്ളതുപോലെ തോന്നി. മാഗിയുടെ ഉള്ളിലിരുന്ന ചക്കര സന്തോഷത്തോടെ ഉറക്കെയുറക്കെ കുരച്ചു... നോക്കൂ മാഗീ... നമ്മൾ ഓടിക്കളിക്കുന്ന അതിരില്ലാസ്ഥലം പോലെ...

മാഗിയും അപ്പൂപ്പനും മാഗിയുടെ ഉള്ളിലിരുന്ന് ചക്കരയും കുഞ്ഞിത്തിരകളും കടപ്പുറത്തൂടെ ഓടി. പെട്ടെന്ന് ഒരു കുഞ്ഞിത്തിര കാളിയപ്പൂപ്പൻറെ കാലിൽ ചുറ്റിപ്പിടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു "കാളിയപ്പൂപ്പാ, ഇനിയങ്ങോട്ട് പോണ്ട, അവിടെ ജെല്ലിഫിഷുപിള്ളേർ സമരം ചെയ്യുവാ..."

"ജെല്ലിഫിഷോ, എവിടെ?" മാഗിക്ക് ഉത്സാഹമായി. അവൾ കടലിനെപ്പറ്റിയുള്ള പുസ്തകങ്ങളിൽ കണ്ടിട്ടുണ്ട്, കടലിലൂടെ ഒഴുകിനടക്കുന്ന ജെല്ലിഫിഷുകളെ. പല നിറങ്ങളിൽ തിളങ്ങുന്ന കുടകൾ പോലെ. ചിറകില്ലാത്ത മാലാഖമാരെ പോലെ! വളരെ കൂളായ ജീവികൾ.

തലച്ചോറില്ല, നട്ടെല്ലില്ല, ഒന്നുമില്ല. പക്ഷേ അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ജീവിതം സുഖമാണ്. എങ്കിലും ചില ജെല്ലിഫിഷുകളെ തൊടാൻ ചെന്നാൽ നല്ല കടി കിട്ടും. മിക്കവാറും ചൊറിച്ചിലേ അതുകൊണ്ടുണ്ടാകൂ. പക്ഷേ ചിലതിൻ്റെ കടി നല്ല വിഷമാണ്. 

അതായത്, മിക്ക ജെല്ലിഫിഷും പാവമാ... പക്ഷേ അവരിൽ കുറച്ചുപേര് അത്ര പാവമൊന്നുമല്ല. പൊതുവെ വെള്ളത്തിലിങ്ങനെ ഒഴുകി നടക്കും, ഇരയെ കിട്ടുമ്പോ വിഴുങ്ങും. കപ്പലിൻ്റെ അടിഭാരത്തിലൊക്കെ അള്ളിപ്പിടിച്ചിരുന്നു ലോകത്ത് എവിടേം പോകും. വലിയ സഞ്ചാരികളാണ്.

അവളുടെ കൂട്ടരിൽ മുതിർന്നവർ പറഞ്ഞുകേട്ടിട്ടുണ്ട്, അവ കൂട്ടത്തോടെ നമ്മുടെ അടുക്കലുള്ള കടലിലും ഇടയ്ക്കു വന്നുപോകാറുണ്ടെന്ന്...

"ജെല്ലിഫിഷുകൾ സമരം ചെയ്യുന്നെന്നോ... എന്തിന്?" മാഗി കുഞ്ഞിത്തിരയോടു ചോദിച്ചു.

"ങാ! അതൊക്കെ നിങ്ങൾ മനുഷ്യരെ കാരണമല്ലേ?" കുഞ്ഞിത്തിരയുടെ ശബ്ദം പരിഭവം കൊണ്ട് കലമ്പി.

“കടലിന് പനിയാണ്, ഭയങ്കരചൂട്. ജെല്ലിഫിഷ് പിള്ളേർ കൂട്ടത്തോടെ വന്ന് മനുഷ്യരോട് പറയാൻ നോക്കുവാണ്.... മനുഷ്യര് കേക്കൂല്ല, അതുകൊണ്ട് കടപ്പുറത്തു കയറീം മനുഷ്യരു തിന്നുന്ന മീനിനെ മുഴുവൻ പിടിച്ചുതിന്നും ഒക്കെ ബഹളം വയ്ക്കുവാണ്...” കാലാവസ്ഥ മാറുന്നു, കടലിനു പനിക്കുന്നു... ഇതൊക്കെ മാഗി വലിയവർ പറഞ്ഞുകേട്ട കാര്യങ്ങളാണ്.

"പിന്നെ, കടൽക്കുട്ടികളായ മനുഷ്യരെ ഇവിടുന്ന് കൊണ്ടുപോയല്ലോ..."

അപ്പോഴേക്കും അവർ സമരം നടക്കുന്ന സ്ഥലത്തെത്തി. കടപ്പുറത്തോടു തൊട്ടുള്ള കടൽ മുഴുവൻ ജെല്ലിഫിഷ് പിള്ളേരുടെ പട കയ്യേറിയിരിക്കുന്നു. ആയിരക്കണക്കിനു തിളങ്ങുന്ന കുട പോലുള്ള ജെല്ലിഫിഷു പിള്ളേർ. കണ്ണെത്താദൂരത്തോളം, മനുഷ്യർക്ക് ഒരു ഇഞ്ചു പോലും സ്ഥലം കൊടുക്കാതെ!

"കടലിൽ മനുഷ്യർ ഇറങ്ങിയാൽ അവരെ ഞങ്ങൾ കടിക്കും!" ജെല്ലിപ്പിളേളരിൽ ചിലർ വാശിയോടെ വിളിച്ചു പറഞ്ഞു. 

J Devika Kadalkutty Chapter 8 (2)
ചിത്രീകരണം: അർച്ചനാ രവി

"വേണ്ട, അതിൻറെ ആവശ്യമില്ല" മറ്റു ചിലർ അവരെ തണുപ്പിക്കാൻ നോക്കി.

"കടൽജീവികളെല്ലാം മനുഷ്യരെക്കാരണം വേറേലോകത്തു പോയ്‌ക്കൊണ്ടിരിക്കുന്നു. ഞങ്ങളെ മാത്രം അതൊന്നും അത്ര ബാധിച്ചിട്ടില്ല... അതാണ് ഞങ്ങൾ തന്നെ കടൽജീവികൾക്കു വേണ്ടി സമരത്തിനു വരുന്നത്" ജെല്ലിപ്പിള്ളേരുടെ നേതാവ് മാഗിയോട് വിശദീകരിച്ചു.

"നിങ്ങടെ കടപ്പുറക്കോട്ടകളെല്ലാം
ജെല്ലിപ്പിള്ളേർ അടപ്പിക്കും!
അവയുടെ മുറ്റം മുഴുവൻ ഞങ്ങ
കുത്തിയിരുന്നു പൂട്ടിക്കും!
കടപ്പുറത്തേറ്റിയ ആണവനിലയം
പൂട്ടിക്കും, ഞങ്ങ പൂട്ടിക്കും!
നിങ്ങ തിന്നും മീനെല്ലാം
ഞങ്ങ വിഴുങ്ങും, കട്ടായം!"

അങ്ങനെ പോയി ജെല്ലിപ്പിള്ളാരുടെ മുദ്രാവാക്യംവിളി. പക്ഷേ അവരുടെ ഭാഷ അറിയുന്ന കടൽക്കുട്ടികൾക്കല്ലേ അതു മനസ്സിലാകൂ...

"കടൽക്കുട്ടികളുടെ വലകളും ഞങ്ങൾ നിറയ്ക്കും... ക്ഷമിക്കുമല്ലോ..."

"ങും..." മാഗി തലതാഴ്ത്തിക്കൊണ്ട് പതുക്കെ മൂളി. എന്തു ചെയ്യാൻ... മനുഷ്യരിലെ ദുഷ്ടന്മാർ ചെയ്തുകൂട്ടുന്നതിന് നല്ല മനുഷ്യരും കഷ്ടപ്പെടുന്നു, കഷ്ടം!

"ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം...!!!" ജെല്ലിഫിഷു പിള്ളേർ ഒരേ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു.

ഇതേ സമയത്ത് വില്ലുവണ്ടി തെളിച്ച വഴിയിലും വലിയൊരു സമരം നടക്കുകയായിരുന്നു. ആ വഴികളിലേക്ക് ഭാരം കൊണ്ടു വലഞ്ഞ ദരിദ്രരായ നഗരവാസികൾ മുഴുവൻ ഓടിക്കയറി. അവിടെ അവർ ഭാരമില്ലാത്തവരായി... ഈ വഴികൾ ഭാരങ്കരനു വിട്ടുകൊടുക്കില്ല, അവർ ഉറക്കെപ്രഖ്യാപിച്ചു. ഭാരങ്ങളെല്ലാം അഴിഞ്ഞുപോയതുകൊണ്ട് ഭാരങ്കരസൈന്യത്തെപ്പോലും അവർ പേടിച്ചില്ല.

"ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം!!!" ജനങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.

കാളിയപ്പൂപ്പൻ ഇതെല്ലാം കണ്ടുകൊണ്ട് അവിടെത്തന്നെ നിൽക്കുകയായിരുന്നു. മാഗിയും തിരകളും തമ്മിലുള്ള സംസാരത്തിൽ അപ്പൂപ്പൻ തലയിട്ടില്ല. കടലിനും കടൽക്കുട്ടികൾക്കും സംസാരിക്കാൻ ആരുടെയും സഹായം വേണ്ട.

പിന്നിൽ ആകാശഓന്ത് മനുഷ്യന്മാരുടെ ശരീരത്തിൽ നിന്ന് നാക്കിലിറങ്ങിയ പുളിയെ തുപ്പിക്കളയാൻ നോക്കുകയായിരുന്നു.

"കടൽക്കുട്ടീ... നീ കടലിലേക്കു വരൂ...!!” തിരകൾ വിളിച്ചുപറഞ്ഞു. "കടലിനെ അറിയൂ!!" മാഗി കാളിയപ്പൂപ്പനെ നോക്കി. പോകാം... പോകാം... ഉള്ളിൽ ചക്കര ചാടിത്തുള്ളി.

കാളിയപ്പൂപ്പൻ തിരകളെ അടുത്തുവിളിച്ചു. "ഇവൾ നിങ്ങളുടെ കൂടെ വരും. എല്ലാം പഠിക്കട്ടെ അവൾ." മാഗി കാളിയപ്പൂപ്പനെ കെട്ടിപ്പിടിച്ചു.

“മറക്കരുത്” അപ്പൂപ്പൻ അവളെ ഓർമ്മിപ്പിച്ചു. “ഞാൻ കെട്ടിയ ചരട് കൈയിൽ ഉള്ളിടത്തോളം നിനക്ക് ഒരു പ്രയാസവും ഉണ്ടാവില്ല.”

“പോയ് വരൂ മാഗ്ളിൻ ഫിലോമെനാ! നീ മടങ്ങിവരുന്നതു വരെ ഞാനിവിടെ നിൽക്കും.”

J Devika Kadalkutty Chapter 8 (1)
ചിത്രീകരണം: അർച്ചനാ രവി

മാഗ്ലിനെ (ചക്കരയെയും) കോരിയെടുത്തുകൊണ്ട് തിരകൾ കടലിൻ്റെ ആഴങ്ങളിലേക്ക് ഓടാൻ തുടങ്ങി. കിക്കിളിയായതുകൊണ്ട് അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു, ചക്കര അവളുടെ ഹൃദയത്തിലിരുന്ന് കളി 'ബൌ-ബൌ' വച്ചു.

കടലിനും കരയ്ക്കും ഇടയിലുള്ള കടപ്പുറത്ത് കാളിയപ്പൂപ്പൻ നീണ്ടുനിവർന്നു നിന്നു. കരയിൽ സമരം പൊടിപൊടിക്കുന്നുണ്ടായിരുന്നു അപ്പോൾ. സമരക്കാരും ഭാരങ്കരസൈന്യവും തമ്മിൽ പൊരിഞ്ഞ അടി!

സമരക്കാരുടെ നേതാവ് അതാ കടപ്പുറത്ത് നിൽക്കുന്നു, ആരോ ഭാരങ്കരകിങ്കരന്മാരോടു പറഞ്ഞു. അവർ വടിയും വാളും തോക്കും എല്ലാമെടുത്ത് അങ്ങോട്ടോടി, കാളിയപ്പൂപ്പനെ പിടിക്കാൻ. 

ഉറങ്ങുകയായിരുന്ന ആകാശഓന്ത് പെട്ടെന്നു കണ്ണുതുറന്നു. പാതി അടഞ്ഞ പോളകളിലൂടെയുള്ള ആ തുറിച്ചനോട്ടം കണ്ട് സൈന്യക്കാർ കിടുങ്ങിപ്പോയി. ഇതുങ്ങളെ നാക്കു നീട്ടി ചുരുട്ടിയെടുത്ത് ദൂരെക്കളഞ്ഞാലോ? അത് ഒരു നിമിഷം ചിന്തിച്ചു. ഓ... എന്തിന്? വായിൽ അതുങ്ങളുടെ പുളിയും നാറ്റവും കളയാനുള്ള പാട്...!

ആകാശഓന്ത് മുകളിലേക്കുയർന്നുപൊങ്ങി. തൻറെ വീടിരിക്കുന്ന തെക്കേ ആകാശം ലക്ഷ്യമാക്കി അതു പറന്നുയർന്നു. സൈന്യക്കാർ അതുയർത്തിയ പൊടിയിൽ നിന്ന് രക്ഷപ്പെടാൻ പണിപ്പെട്ടു.

പക്ഷേ ആ വയസ്സനെവിടെ? വില്ലുവണ്ടി ഓടിച്ചയാൾ...? സൈന്യക്കാർ തെരച്ചിൽ തുടർന്നു. പക്ഷേ  അവിടെ ആരെയും കണ്ടില്ല. അവർ കണ്ടത് മറ്റൊന്നാണ്.

കടലിനും കരയ്ക്കും ഇടയിലുള്ള ആ അതിരില്ലാസ്ഥലത്ത്, കാളിയപ്പൂപ്പൻ മാഗിയെ യാത്രയാക്കാൻ നിന്ന അതേ സ്ഥലത്ത്, ഒരു പടുക്കൂറ്റൻ വിളക്കുമാടം തലപൊക്കി നിൽക്കുന്നു...!!

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

J Devika Stories Sea Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: