scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം ഏഴ്

"നക്ഷത്രത്തീയുടെ ചൂടേറ്റ് കുഞ്ഞിവെള്ളമെല്ലാം ആവിയായി. അത് കുഞ്ഞിക്കാറ്റുകളുടെ കൈ പിടിച്ച് ദൂരേക്കു പറന്നുപോയി. മനുഷ്യരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടേ... ഞാൻ രക്ഷപ്പെട്ടേ... ആവിയായി മാറിയ വെള്ളം പാടിക്കൊണ്ടേയിരുന്നു. " ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം ഏഴ് വായിക്കാം

"നക്ഷത്രത്തീയുടെ ചൂടേറ്റ് കുഞ്ഞിവെള്ളമെല്ലാം ആവിയായി. അത് കുഞ്ഞിക്കാറ്റുകളുടെ കൈ പിടിച്ച് ദൂരേക്കു പറന്നുപോയി. മനുഷ്യരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടേ... ഞാൻ രക്ഷപ്പെട്ടേ... ആവിയായി മാറിയ വെള്ളം പാടിക്കൊണ്ടേയിരുന്നു. " ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം ഏഴ് വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 7 FI

ചിത്രീകരണം: അർച്ചനാ രവി

കടൽക്കുട്ടിയാകാൻ

“ഞാൻ മാഗ്ലിനെ പഠിപ്പിക്കാനാണ് കൊണ്ടുപോകുന്നത്” കാളിയപ്പൂപ്പൻ മാഗിയുടെ അച്ഛനോടും അമ്മയോടും പറഞ്ഞു. അപ്പൂപ്പൻറെ മുഖത്ത് മുമ്പത്തെക്കാളേറെ ഗൗരവമുണ്ട് ഇപ്പോൾ.

Advertisment

അതായത്, അവൾ ഉടനെ മടങ്ങിവരില്ല... കടലിലൂടെ അവൾ സഞ്ചരിക്കണം... കടലിൻറെ പള്ളയിൽ കിടക്കണം... അച്ഛനും അമ്മയും തലയുയർത്തി. അവരുടെ കണ്ണുകൾ അഭിമാനവും ധൈര്യവും കൊണ്ടു തിളങ്ങി.

പണ്ടൊരു നാൾ ഇതുപോലെ ഒരു കൊച്ചു പെൺകുട്ടിയുടെ കൈപിടിച്ച് അവളെ പള്ളിക്കൂടത്തിലാക്കാൻ പോയ വഴിയെ തമ്പുരാക്കന്മാർ ഏറ്റിവച്ച ഭാരങ്ങളെ മുഴുവൻ തട്ടിത്തെറിപ്പിച്ചുകളഞ്ഞ ആളാണ് ഈ കാളിയപ്പൂപ്പൻ എന്നവർക്കറിയാം.

കടലിനെയും കടപ്പുറത്തെയും നോവിക്കാൻ വന്നവർക്കെതിരെ നിർത്താതെ പോരാടിയ തങ്ങളുടെ അപ്പനപ്പൂപ്പന്മാരെയും അമ്മയമ്മൂമ്മമാരെയും അവർ ഓർത്തു. കാളിയപ്പൂപ്പൻ ഭാരങ്ങളെ തകർത്തെറിഞ്ഞ ആ സമരത്തിൽ അവരും ഒപ്പത്തിനൊപ്പം നിന്നു പൊരുതിയ ചരിത്രം ഇപ്പോഴും മായാതെ കിടക്കുന്നു.

Advertisment

കാളിയപ്പൂപ്പൻ തൻറെ തോളിൽ കിടന്ന കസവു നേര്യതിൽ നിന്ന് നാലഞ്ച് നൂലുകൾ ഊരിയെടുത്ത് നല്ല ബലമുള്ള ഒരു ചരടുണ്ടാക്കി. അദ്ദേഹമത് മാഗിയുടെ കൈത്തണ്ടയിൽ കെട്ടി.

“ഈ ചരട് കൈയിൽ നിന്ന് ഒരിക്കലും ഊരിക്കളയരുത്, എനിക്കു വാക്കു തരണം...” അപ്പൂപ്പൻ അവളുടെ കണ്ണിൽ ഗൗരവത്തോടെ നോക്കിക്കൊണ്ടുപറഞ്ഞു.

J Devika Kadalkutty Chapter 7 1
ചിത്രീകരണം: അർച്ചനാ രവി

“ഇത് കൈയിൽ കിടക്കുന്നിടത്തോളം നിനക്ക് വെള്ളത്തെ പേടിക്കണ്ട. നീ കടൽവെള്ളത്തിൽ മുങ്ങിച്ചാവില്ല. നീന്താൻ അറിഞ്ഞുകൂടെങ്കിലും അതിൻറെ അടിയിലൊക്കെ നീ നീന്തും. വിശപ്പോ കാര്യമായ ക്ഷീണമോ നീ അറിയില്ല, നിനക്കു ശ്വാസം മുട്ടില്ല, കടൽപ്പള്ളയിൽ കണ്ണുകാണാതാവില്ല, ചെവി കേൾക്കാതെയാവില്ല. കടലിൽ ജീവിക്കുന്ന കാലം നിനക്ക് പ്രായം ഏറില്ല, അസുഖമൊന്നും വരില്ല. കടലിൽ എവിടെയും അതിവേഗം നിനക്ക് സഞ്ചരിക്കാൻ കഴിയും... കടൽജീവികളുടെ ഭാഷ നിനക്കു മനസ്സിലാകും.”

“ങാ... ഞാൻ മാഗീനെ ഓർമ്മിപ്പിച്ചോളാം, ചരടു പോവാതെ നോക്കാം..." ചക്കര അവളുടെ ഹൃദയത്തിലിരുന്നു പറഞ്ഞു. ഹൃദയങ്ങളിലേക്കു കയറിച്ചെല്ലാനുള്ള ശക്തിയുള്ള കണ്ണുകളാണ് കാളിയപ്പൂപ്പൻറേത്. അപ്പൂപ്പൻ കണ്ണു കൊണ്ട് ചക്കരയെ തലോടി.

ഒടുവിൽ അച്ഛനും അമ്മയും അവളെ (ചക്കരയെയും) ഉമ്മവച്ച് യാത്രയാക്കി.

ഭാരങ്കരപ്പിശാചിൻറെ നഗരത്തിൽ രണ്ടു തരം റോഡാണുള്ളത്. ആദ്യത്തേത് ഭാരങ്കരൻറെ കൂട്ടുകാരായ പണക്കാർക്കും അയാളുടെ സേവകന്മാർക്കും മറ്റും കാറിൽ ചീറിപ്പാഞ്ഞു പോകാനുള്ള വല്യ റോഡുകൾ. അവിടെ ആർക്കും ഭാരമില്ല. 

രണ്ടാമത്തേത്, മാഗിയുടെ കൂട്ടരെ പോലുള്ള പാവപ്പെട്ടവർ പോകേണ്ട വഴികളാണ്. അവയിലൂടെ പോകുന്നവരെല്ലാം ഭയങ്കരഭാരം വഹിച്ചുകൊണ്ട് മെല്ലെ മാത്രമേ നീങ്ങൂ.

എന്നാൽ കാളിയപ്പൂപ്പൻറെ വില്ലുവണ്ടി വലിച്ച ആകാശഓന്ത് ഓടാൻ തുടങ്ങിയതും ഇതുരണ്ടുമല്ലാത്ത വേറൊരു വഴി അവരുടെ മുന്നിൽ തുറന്നുവന്നു. വീതിയുള്ള വഴിയാണ്, അതിലൂടെ വില്ലുവണ്ടി വിമാനം പോലെ പറക്കുകയാണ്. പക്ഷേ വഴിയുടെ രണ്ടു വശത്തും വലിയ മരങ്ങളാണ്, അതുകൊണ്ട് നല്ല തണലും തണുപ്പുമാണ്. 

മാവിലും പ്ലാവിലും പൂമരങ്ങളിലും ധാരാളം കിളികളും അണ്ണാനും... വഴിയിൽ അങ്ങിങ്ങ് ദാഹിക്കുന്ന ജീവികൾക്കെല്ലാം വെള്ളം കൊടുക്കുന്ന തണ്ണീർപന്തലുകളുണ്ട്. പൂത്തുനിൽക്കുന്ന ചെടികൾ പൂമ്പാറ്റകളെ ഊട്ടുന്നുണ്ട്. ജീവൻറെ ഉത്സവം അവിടെ പൊടിപൊടിക്കുന്നുണ്ട്.

കാളിയപ്പൂപ്പൻറെ വില്ലുവണ്ടിയും അതിനു വേണ്ടി താനേ തുറന്നു വന്ന റോഡുമൊക്കെ ഭാരങ്കരനഗരത്തിൽ വലിയ കോളിളക്കമുണ്ടാക്കി. ഭാരങ്കരപ്പിശാച് ഊണു കഴിച്ചോണ്ടിരിക്കുന്ന സമയത്താണ് വില്ലുവണ്ടി അതിലേ പോയത്. ഉണ്ട ചോറ് അണ്ണാക്കിൽ തടഞ്ഞ് ഭാരങ്കരൻ ചുമച്ചു വലഞ്ഞു.

J Devika Kadalkutty Chapter 7 (2)
ചിത്രീകരണം: അർച്ചനാ രവി

“ആരവിടെ!" പിശാച് പാറാവുകാരെ വിളിച്ചു. “പോയി ആ വണ്ടിയെ പിടിച്ചുകെട്ട്!”

ഭാരങ്കരൻറെ പാറാവുകാർ വാളും വടിയും തോക്കും തീയും ഒക്കെയെടുത്തു പുറപ്പെട്ടു. വില്ലുവണ്ടിയെ തടയാനായി അവർ അതിൻറെ മുന്നിലേക്ക് എടുത്തുചാടി.

പക്ഷേ കാളിയപ്പൂപ്പൻ്റെ ആകാശഓന്തിനുണ്ടോ, അവരെ പേടി? അതിൻറെ ശരീരമാകെ നക്ഷത്രങ്ങളല്ലേ?  നക്ഷത്രത്തീക്കു മുന്നിൽ ഭാരങ്കരൻറെ തീ ഒക്കെ വെറും ഡാവല്ലേ?

വില്ലുവണ്ടി വീണ്ടും മുന്നോട്ടു കുതിച്ചു. അപ്പോ ഭാരങ്കരകിങ്കരന്മാർ വലിയ കുഴലൊക്കെ കൊണ്ടുവന്ന് അതിലൂടെ വെള്ളം ചീറ്റി വണ്ടിയെ തടയാൻ നോക്കി. പക്ഷേ നക്ഷത്രത്തീയെ കെടുത്താൻ നമ്മുടെ കുഞ്ഞിവെള്ളത്തിനു കഴിയുമോ?

നക്ഷത്രത്തീയുടെ ചൂടേറ്റ് കുഞ്ഞിവെള്ളമെല്ലാം ആവിയായി. അത് കുഞ്ഞിക്കാറ്റുകളുടെ കൈ പിടിച്ച് ദൂരേക്കു പറന്നുപോയി. മനുഷ്യരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടേ... ഞാൻ രക്ഷപ്പെട്ടെ... ആവിയായി മാറിയ വെള്ളം പാടിക്കൊണ്ടേയിരുന്നു.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

J Devika Stories Sea Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: