/indian-express-malayalam/media/media_files/2025/07/23/j-devika-kadalkutty-chapter-6-fi-2025-07-23-18-56-41.jpg)
ചിത്രീകരണം: അർച്ചനാ രവി
ആകാശ ഓന്ത്
'കടൽക്കുട്ടി' എന്ന ആ വിളി മാഗിക്ക് സന്തോഷമുണ്ടാക്കി, സങ്കടവും.
“കടൽ നേരിട്ടു കണ്ടിട്ടേ... ഇല്ലാത്ത കടൽക്കുട്ടി” അവൾ സങ്കടത്തോടെ പറഞ്ഞു.
കടലിനെപ്പറ്റിയുള്ള എത്രയോ കഥകൾ അപ്പൂപ്പനും അമ്മൂമ്മയും അവരുടെ കൂട്ടുകാരും പറഞ്ഞ് മാഗി കേട്ടിട്ടുണ്ട്. ടിവിയിലും സിനിമയിലും മറ്റും കടൽ കണ്ട് തുള്ളിച്ചാടിയിട്ടുണ്ട്. കടൽ കാണാൻ കൊണ്ടുപോകാമോ എന്ന് അച്ഛനോടും അമ്മയോടും ചോദിക്കുമ്പോൾ പക്ഷേ, അവർ അവളെ സങ്കടത്തോടെ വിലക്കും.
കടപ്പുറത്ത് പിശാചുക്കൾ പെരുംകോട്ട പണിയുകയാണ്. അവിടെ പോകുന്നവരെ അപ്പത്തന്നെ പിശാചിൻറെ പാറാവുകാർ പിടിച്ച് തുറുങ്കലിൽ അടയ്ക്കും. സങ്കടം അവളുടെ മുഖഭാവത്തെ കനപ്പിച്ചു. അവളുടെ കൺപോളകൾ താണുപോയി.
കാളിയപ്പൂപ്പൻറെ ശ്രദ്ധയും സ്നേഹവും കലർന്ന നോട്ടം അവയെ മെല്ലെ തലോടി. “കടൽക്കുട്ടിയെ ഞാൻ കടലിലേക്കു കൊണ്ടുപോകാം. എന്താ... പോരുന്നോ?”
മാഗിയുടെ ശ്വാസത്തിന് വേഗം കൂടുന്നതുപോലെ തോന്നി. ചക്കര അവളുടെ ചെവിയിലേക്ക് ഓടിക്കയറി പൂവ്വാം... നമ്മക്ക് പൂവ്വാം... എന്ന് 'ബൌ-ബൌ' വച്ചു.
"അച്ഛനും അമ്മയും എന്തായാലും സമ്മതിക്കില്ല. ചക്കര ഉണ്ടല്ലോ കൂടെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല."
"നീ അവരോട് പറഞ്ഞുനോക്കൂ. അവർക്ക് എന്നെ അറിയാം" കാളിയപ്പൂപ്പൻ അവളെ ആശ്വസിപ്പിച്ചു.
അന്ന് രാത്രി അച്ഛനും അമ്മയും ജോലി കഴിഞ്ഞ് മടങ്ങിയെത്തും വരെ മാഗിക്ക് ആകെ ഒരു വെപ്രാളമായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/23/j-devika-kadalkutty-chapter-62-2025-07-23-18-53-55.jpg)
അവർ വന്നപ്പോൾ മാഗി അവരോടു ചോദിച്ചു “സത്യമാണോ, ഞാൻ ശരിക്കും കടൽക്കുട്ടിയാണോ?”
‘കടൽക്കുട്ടി’ എന്നു കേട്ടപ്പോൾത്തന്നെ അവരുടെ കണ്ണ് നിറഞ്ഞുപോയി.
"അതേ..." അവർ പറഞ്ഞു.
“ഞങ്ങൾ കടൽക്കുട്ടികളായി വളർന്നവരാണ്. പക്ഷേ അവിടുന്ന് നമ്മളെ പറിച്ചുമാറ്റിയില്ലേ, ആർത്തിക്കാർ...”
കാളിയപ്പൂപ്പനെ പരിചയപ്പെട്ടതും, 'കടൽക്കുട്ടി' എന്ന് അപ്പൂപ്പൻ തന്നെ വിളിച്ചതും എല്ലാം മാഗി അവരോടു വിസ്തരിച്ചു പറഞ്ഞു.
“കാളിയപ്പൂപ്പനോ!” അച്ഛനും അമ്മയും വിശ്വസിക്കാൻ കഴിയാത്തതുപോലെ, എന്നാൽ വലിയ സന്തോഷത്തോടെ ചോദിച്ചു.
പിന്നെ കുറ്റബോധത്തോടെ പറഞ്ഞു “കാളിയപ്പൂപ്പൻറെ പടം നമ്മൾ നിലവറിയിലേക്കു മാറ്റി. അത് മണ്ണിനു മുകളിൽ വേണമായിരുന്നു.”
“എന്നെ കടൽ കാണിക്കാൻ കൊണ്ടുപോകും, കാളിയപ്പൂപ്പൻ…” മാഗി ഒടുവിൽ കാര്യം പറഞ്ഞു. “ഞാൻ പോകുമേ.” അച്ഛനും അമ്മയും തമ്മിൽത്തമ്മിൽ നോക്കി.
“കാളിയപ്പൂപ്പൻ വില്ലുവണ്ടിയുമായി വരും, ഞാൻ പോകും!” മാഗി വീണ്ടും പറഞ്ഞു.
“വില്ലുവണ്ടിയോ? അതെങ്ങനെ? കാളകളെയൊന്നും... ഭാരക്കൂടുതൽകൊണ്ട് അവർ എങ്ങനെ ഓടും?”
അപ്പോഴേക്കും പുറത്ത് എന്തോ അനങ്ങുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ അതാ, കാളിയപ്പൂപ്പൻ ഒരു വില്ലുവണ്ടിപ്പുറത്ത്. അച്ഛൻറെയും അമ്മയുടെയും കണ്ണുതള്ളിപ്പോയി. വില്ലുവണ്ടി കണ്ടിട്ടല്ല. ആ വണ്ടി വലിക്കുന്ന ഭീമാകാരനായ ഓന്തിനെ കണ്ടിട്ട്.
“ഞാൻ വിളിച്ചുവരുത്തിയതാണ്” കാളിയപ്പൂപ്പൻ പറഞ്ഞു. “അങ്ങ് ആകാശത്തു നിന്ന്.”
“കേട്ടിട്ടില്ലേ?” അപ്പൂപ്പൻ മാഗിയെ നോക്കി ചോദിച്ചു. “ആകാശ-ഓന്തിനെപ്പറ്റി? ആകാശത്തോട്ട് നോക്കിയാൽ കാണാം. നക്ഷത്രക്കൂട്ടമായിട്ടാണ് കിടപ്പ്, തെക്കേ ആകാശത്ത്. ഇയാളുടെ പേര് കമെലീയൻ എന്നാണ്, മലയാളത്തിൽ ഓന്ത്.”
“ആകാശത്തു നിന്നോ?” അച്ഛനും അമ്മയും അന്തംവിട്ടു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/23/j-devika-kadalkutty-chapter-6-1-2025-07-23-18-53-55.jpg)
“അതേ... ഭൂമിയിലെ ഓന്തുകളെല്ലാം ഭാരം കൊണ്ടു വലഞ്ഞല്ലേ കിടക്കുന്നത്? അതുകൊണ്ട് ആകാശത്തെ ഓന്തിനെ ഞാൻ വിളിച്ചുവരുത്തി!”
“എന്തിനാ ഓന്ത്?” മാഗിക്ക് സംശയം.
അവൾ ഭൂമിയിലെ ഓന്തിനെ നേരിട്ടു കണ്ടിട്ടില്ല. 'കമെലീയൻ' എന്ന നക്ഷത്രക്കൂട്ടത്തിൻറെ പടം വാനനിരീക്ഷണപുസ്തകത്തിൽ കണ്ടിട്ടുണ്ട്.
“അതോ, നിനക്കറിയില്ലേ? ഓന്തിൻറെ കണ്ണു പോലെ കാഴ്ച പിടിച്ചെടുക്കാൻ പറ്റുന്ന വേറൊന്നില്ല. നമ്മൾ പോകുന്ന വഴിയിലെ അപകടമെല്ലാം അതു നമുക്ക് അപ്പപ്പോ, നല്ല വല്യ പടമാക്കി കാട്ടിത്തരും. പിന്നെ ആകാശത്തുകാരനായതുകൊണ്ട് ഈ ഓന്തിന് ഭാരങ്കരൻറെ ഭാരഭരണമൊന്നും ഒരു പ്രശ്നമേ അല്ല!”
എന്താ ഇനിയും വല്ല സംശയവുമുണ്ടോ എന്നു ചോദിക്കുന്ന ഭാവത്തിൽ ആ കൂറ്റൻ ആകാശഓന്ത് ഭൂമിയിലെ അശുക്കളെ തൻറെ ഉണ്ടക്കണ്ണു കൊണ്ട് കട്ടിക്കൊന്നു നോക്കി.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.