scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം അഞ്ച്

"നേരം പുലർന്നു കഴിഞ്ഞിരുന്നു. പുറത്തെ ബൾബുകളുടെ വെട്ടത്തെ കടത്തിവെട്ടി സൂര്യവെളിച്ചം ചെറിയ ജന്നൽ വിടവിലൂടെ മുറിയ്ക്കുള്ളിലേക്കു പതഞ്ഞൊഴുകി." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം അഞ്ച് വായിക്കാം

"നേരം പുലർന്നു കഴിഞ്ഞിരുന്നു. പുറത്തെ ബൾബുകളുടെ വെട്ടത്തെ കടത്തിവെട്ടി സൂര്യവെളിച്ചം ചെറിയ ജന്നൽ വിടവിലൂടെ മുറിയ്ക്കുള്ളിലേക്കു പതഞ്ഞൊഴുകി." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം അഞ്ച് വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 5 FI

ചിത്രീകരണം: അർച്ചനാ രവി

കാളിയപ്പൂപ്പൻ

‘അയ്യൻ കാളി 1863-1941’ എന്ന അടിക്കുറിപ്പുള്ള ആ ചിത്രം മാഗിയുടെ കട്ടിലിൻറെ അരികിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അതിൽ പൊടികയറിത്തുടങ്ങി. തുടയ്ക്കണമെന്ന് എന്നും മാഗി കരുതും, പക്ഷേ മറന്നുപോകും.

Advertisment

ആയിടയ്ക്ക്  ഒരു രാത്രി, പതിവു പോലെ അവർ അതിരില്ലാസ്ഥലത്ത് ഓടിക്കളിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ചക്കര നിന്നു, ചെവി കൂർപ്പിച്ചു.

“നിന്നെ കാണാൻ ഒരാളു വന്നിരിക്കുന്നു”ചക്കര അവളോടു പറഞ്ഞു. “നമുക്ക് നിലവറയിലേക്കു മടങ്ങാം.”

ചക്കര കാണിച്ചുകൊടുക്കുന്നവരെ മാഗിക്ക് വിശ്വാസമാണ്. അതുകൊണ്ട് അവൾ സ്വപ്നത്തിൽ നിന്ന് പുറത്തേയ്ക്കു വീണു. വീണുരുണ്ടെഴുന്നേറ്റപ്പോൾ അതാ... മുന്നിൽ... അന്നു കണ്ട അപ്പൂപ്പൻ. കാട്ടുതേൻ പോലെ മധുരമായ ചിരി, തിളങ്ങുന്ന കണ്ണുകൾ.

Advertisment

“നീ എന്നെ എന്തിനാണ് വിളിച്ചത്?” അപ്പൂപ്പൻ ചോദിച്ചു. “എൻറെ പടം ഇവിടെ കൊണ്ടുവച്ചത് എന്തിന്?”

മാഗിയുടെ വാ പിളർന്നു പോയി, ചമ്മൽ കൊണ്ട്. എന്തിനാണ് ആ ഫോട്ടോ അവിടെക്കൊണ്ടുവച്ചതെന്ന് അവൾക്ക് ഓർമ്മയില്ലായിരുന്നു.

“എനിക്ക് ഓർമ്മയില്ല” അവൾ സത്യം പറഞ്ഞു.

സത്യം പറയാൻ പേടിയില്ലാത്ത കുട്ടിയെ കണ്ടപ്പോൾ അപ്പൂപ്പന് ഇഷ്ടം തോന്നി. “എൻറെ പേര് കാളി” അപ്പൂപ്പൻ പറഞ്ഞു.

മാഗിക്ക് ആ ശബ്ദം കേട്ടപ്പോൾ ഭാരങ്കരേശ്വരപ്പിശാചിൻറെ കരിങ്കൽമതിലുകളെ തകർത്തുകളയുന്ന കടലിൻറെ മുഴക്കം ഓർമ്മ വന്നു. കടൽ പോലെ ഒരു കാളിയപ്പൂപ്പൻ!

മാഗിയുടെ ഹൃദയത്തിലിരുന്നുകൊണ്ട് ചക്കര കാളിയപ്പൂപ്പന് സ്നേഹ 'ബൌ-ബൌ'കൾ പറഞ്ഞു.

കാളിയപ്പൂപ്പൻ ചുറ്റുംനോക്കി. ഇരുട്ടുപിടിച്ച നിലവറ. ചുമരിനു മുകളിലെ ചെറിയ ജന്നലിലൂടെ അകത്തുകടക്കുന്ന വെളിച്ചം മാത്രം. അതു കണ്ടാൽ ഇരുട്ടിലൂടെ നീണ്ടു വരുന്ന പിച്ചാത്തി പോലെ...

J Devika Kadalkutty Chapter 5
ചിത്രീകരണം: അർച്ചനാ രവി

“നീ എന്തിനാണ് ഇവിടെ താമസിക്കുന്നത്?" കാളിയപ്പൂപ്പൻ ചോദിച്ചു. “ഇതൊരു വല്ലാത്ത സ്ഥലമാണല്ലോ.”

മണ്ണിനു മുകളിലെ ലോകത്തെ കാര്യങ്ങൾ കാളിയപ്പൂപ്പന് അറിയില്ലെന്ന് മാഗിക്ക് മനസ്സിലായി. കുറേക്കാലം മുമ്പേ വേറേലോകത്തു പോയ ആളല്ലേ, ഇപ്പഴത്തെ ഒന്നും അറിയാനിടയില്ലല്ലോ.

“അതേ... ഞാൻ വേറെലോകത്തേയ്ക്ക് ശരീരത്തെ മാത്രമേ വിട്ടുള്ളു. ദേ... ഈ ചക്കരയെ പോലെ... പക്ഷേ നിലവറയിൽ അകപ്പെട്ടു പോയതുകൊണ്ട് പുറത്തു നടന്നതൊന്നും അറിഞ്ഞില്ല.”

മാഗി ഭാരങ്കരേശ്വരപ്പിശാചിൻറെ ഭരണത്തെപ്പറ്റി, ജീവിതം ഭാരമായതിനെപ്പറ്റി, ഭരിക്കുന്ന പിശാചിനെപ്പറ്റി, തങ്ങളെ കടപ്പുറത്തുനിന്നു പുറത്താക്കിയതിനെപ്പറ്റി, താനിങ്ങനെ നിലവറമുറിയിൽ ഒതുങ്ങേണ്ടിവന്നതിനെപ്പറ്റി, ഒക്കെ വിസ്തരിച്ചു പറഞ്ഞു. അപ്പൂപ്പൻ കുറച്ചുനേരം മിണ്ടാതിരുന്നു.

“എൻറെ കുട്ടിക്കാലത്തും ഞങ്ങളുടെ മുതുകത്ത് വല്ലാത്ത ഭാരമായിരുന്നു... വഴിയിലൂടെ നടക്കാൻ പോലും പറ്റാത്തത്രയധികം... തലയുയർത്തിനോക്കാൻ പോലും കഴിയാത്തത്ര..." അത് മാഗിക്ക് പുതിയ അറിവായിരുന്നു.

“ഭാരം കൂട്ടിയാൽ വേഗം നടക്കാൻ പറ്റൂല്ല... അപ്പോ വേഗം നടക്കാൻ നോക്കുമ്പോ നമ്മള് തളർന്നു പോകും... ഇവര് നമ്മളെ ഇട്ടോടിക്കും... അപ്പം ഭാരം കൂടീന്ന് നമ്മക്ക് തോന്നും.”

“ഭാരം കുടഞ്ഞു കളയണം, മോളെ... കടൽക്കുട്ടീ!”

നേരം പുലർന്നു കഴിഞ്ഞിരുന്നു. പുറത്തെ ബൾബുകളുടെ വെട്ടത്തെ കടത്തിവെട്ടി സൂര്യവെളിച്ചം ചെറിയ ജന്നൽ വിടവിലൂടെ മുറിയ്ക്കുള്ളിലേക്കു പതഞ്ഞൊഴുകി.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

J Devika Stories Sea Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: