scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം നാല്

"ഭാരങ്കരേശ്വരപ്പിശാചിൻറെ വാഴ്ച അവൾ വലുതാകും മുമ്പേ തന്നെ തീരണേ... എന്നാണ് അവർ ദിവസവും പ്രാർത്ഥിക്കുന്നത്." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം നാല് വായിക്കാം

"ഭാരങ്കരേശ്വരപ്പിശാചിൻറെ വാഴ്ച അവൾ വലുതാകും മുമ്പേ തന്നെ തീരണേ... എന്നാണ് അവർ ദിവസവും പ്രാർത്ഥിക്കുന്നത്." ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം നാല് വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 4 FI

ചിത്രീകരണം: അർച്ചനാ രവി

ഭാരങ്കരപ്പിശാച്  

ഈ ഭാരങ്കരപ്പിശാച് ആരാണെന്നു ചോദിച്ചാൽ, ആർത്തിക്കാരുടെ രാജാവായിരുന്ന ആർത്തിമൂർത്തിപ്പിശാചിൻ്റെ ഒരു കസിൻ ആയിട്ടുവരും.

Advertisment

ഭാരങ്കരൻറെ നഗരത്തിൽ എല്ലാത്തിനും ഭയങ്കരഭാരമാണ്. അതേ... തൂവലിനു പോലും കരിങ്കല്ലിൻറെ ഭാരം. കാറ്റില്ല, വായു പോലും അനങ്ങാതായി. അതുകൊണ്ട് തൂവലുകളും അപ്പൂപ്പൻതാടികളും പറക്കുന്നില്ല. പൂമ്പാറ്റയ്ക്കു പോലും വല്ലാത്ത ഭാരമാണ്, അത് ഭൂമിയിലൊട്ടിപ്പോയിരിക്കുന്നു. 

ഭാരം സഹിക്കാൻ പറ്റാതെ ഒത്തിരിയൊത്തിരി പ്രാണികൾ “ഞങ്ങക്കു മതിയായേ... ഞങ്ങള് വേറേലോകത്തു പോവ്വാണേ!” എന്നു നിലവിളിച്ചുകൊണ്ട് എങ്ങോട്ടോ ഓടിപ്പോയി. വംശനാശം വന്നു എന്നൊക്കെ ചില ജന്തുക്കളെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ലേ... അതെല്ലാം ഈ ഭയങ്കരഭാരം സഹിക്കാതെ ഓടിപ്പോയവരാണ്.

ഭാരങ്കരപ്പിശാചിൻറെ നഗരങ്ങളിൽ പണിയെടുക്കുന്ന മനുഷ്യരുടെ കാര്യവും കഷ്ടം തന്നെ. ശരീരത്തിന് അൻപതു കിലോ ഭാരമാണുള്ളതെങ്കിൽ അത് നൂറു കിലോ ആയിത്തോന്നും.  

Advertisment

മനുഷ്യർക്ക് വളരെ പതുക്കെ മാത്രമേ നടക്കാൻ പറ്റൂ. ഓടുന്നതും ചാടുന്നതും ആലോചിക്കാൻ പോലും വയ്യ. പടി കയറുന്നത് വലിയ ഒരു ചാക്കു നിറയെ എന്തോ ചുമന്നുകൊണ്ടു വലിഞ്ഞു കയറുംപോലെയാണ്. വഴിയിലാകെ കിതച്ചും വലഞ്ഞും നിലത്തിരുന്നുപോകും! 

ഭാരങ്കരപ്പിശാചിൻറെ പാറാവുകാർ അങ്ങനെ ഇരുന്നു പോകുന്നവരെ അടിച്ചോടിക്കും. പേടിച്ചോടുമ്പോൾ അവർക്കു ഭാരം വീണ്ടും കൂടിയപോലെതോന്നും. വല്ലാതെ അണച്ചുകൊണ്ട് അവർ വഴിയിൽ വീണ്ടും വീണുപോകും. അനങ്ങാൻ പറ്റാതെ കിടന്നുപോകും.

J Devika Kadalkutty Chapter 4
ചിത്രീകരണം: അർച്ചനാ രവി

കടലിനെ അനക്കമില്ലാതാക്കാൻ ഭാരങ്കരപ്പിശാച് കുറച്ചുനാളായി ശ്രമിക്കുന്നുണ്ട്. കടലിൽ കല്ലിട്ടും ആർത്തിക്കാരുടെ അഴുക്കു മുഴുവനും അതിൽ കെട്ടിത്താഴ്ത്തിയും ഒക്കെ...

പക്ഷേ കടൽത്തിരകൾ ആ കല്ലിന്മേൽ തലയിടിച്ച് തലയിടിച്ച് അവയെ ഉരുട്ടിക്കളയും. മനുഷ്യരുടെ അഴുക്കു മുഴുവൻ അടിച്ച് ആർത്തിക്കാരുടെ കടപ്പുറക്കൊട്ടാരങ്ങളുടെ നടയിലേക്കുതന്നെ തള്ളും. ചുമ്മാതല്ല, ഭാരങ്കരപ്പിശാചിന് കടലിനോട് വലിയ കലി!

മാഗിയുടെ അച്ഛനും അമ്മയും ദിവസവും ജോലിക്കു പോകുന്നത് ഇങ്ങനെ കഷ്ടപ്പെട്ടാണ്. അതുകൊണ്ടാണ് അച്ഛനും അമ്മയും ആരുമറിയാതെ മാഗിക്ക് താമസിക്കാൻ ഭൂമിക്കടിയിൽ ഒരു നിലവറ പണിഞ്ഞത്. കാരണം, ഭാരങ്കരേശ്വരപ്പിശാചിൻറെ ഉണ്ടക്കണ്ണുകൾ എത്താത്ത സ്ഥലങ്ങളിൽ ജീവികൾക്കൊന്നും ഭാരം കൂടിയതായി തോന്നില്ല.

തങ്ങളുടെ ഒഴിവുദിവസങ്ങളിൽ അച്ഛനും അമ്മയും മാഗിയെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിക്കും. വായിക്കാൻ പുസ്തകങ്ങൾ കൊടുക്കും, ലോകത്തെ ടിവിയിലൂടെയും ഫോണിലൂടെയും എല്ലാം കാണിച്ചുകൊടുക്കും.

പക്ഷേ, മണ്ണിനു മുകളിലെ ലോകത്തു പോകാൻ അവൾക്ക് ഇപ്പോൾ വലിയ കൊതിയാണ്. അച്ഛനും അമ്മയ്ക്കും അറിയാം, ഇനിയധികകാലം അവളെ നിലവറയിൽ താമസിപ്പിക്കാൻ കഴിയില്ലെന്ന്. അതോർക്കുമ്പോൾ വലിയ സങ്കടമാണ് അവർക്ക്.

ഭാരങ്കരേശ്വരപ്പിശാചിൻറെ വാഴ്ച അവൾ വലുതാകും മുമ്പേ തന്നെ തീരണേ... എന്നാണ് അവർ ദിവസവും പ്രാർത്ഥിക്കുന്നത്.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: