/indian-express-malayalam/media/media_files/2025/08/19/j-devika-kadalkutty-chapter-30-2025-08-19-17-48-21.jpg)
ചിത്രീകരണം: അർച്ചനാ രവി
വിട
“അമ്മൂമ്മേ... ഇവർക്ക് സ്വന്തം കുട്ടികളോടു മാത്രമേ സ്നേഹമുള്ളോ...?”
“അതേ മോളെ... അത്രയ്ക്ക് ഇടുങ്ങിയപ്പോയി ഇവരുടെ മനസ്സുകൾ... പക്ഷേ തീരാക്കണ്ണീര് ഇവരുടെ കണ്ണുകളിലൂടെ കുറേ ഒഴുകട്ടെ, അപ്പോ അവർ സ്നേഹിക്കാൻ പഠിക്കും...”
“നമ്മളെ പോലെ അല്ലാത്തവരെ സ്നേഹിച്ചാലേ സ്നേഹമാകൂ...!" അമ്മൂമ്മ കൂട്ടിച്ചേർത്തു.
മാഗിയും അമ്മൂമ്മയും കടപ്പുറത്തിരിക്കുന്നു. അവരുടെ കാലുകൾക്കു താഴെ കുഞ്ഞിത്തിരകൾ ഓടിക്കളിക്കുന്നു. എല്ലാവർക്കും അവരവരുടെ വീട്ടിൽ പോകാൻ സമയമായി.
മാഗി യാത്ര തുടങ്ങിയ കടൽത്തീരത്തേയ്ക്കു തന്നെ അവളെ എത്തിക്കാമെന്ന് പിശാചുക്കൾ സമ്മതിച്ചു. അമ്മൂമ്മ തൻ്റെ തിമിംഗലസ്കൂളിലേക്കു മടങ്ങും.
കടലിൻ്റെ പള്ളയിലേക്ക് ഒരിക്കലുമിനി മടങ്ങാൻ കഴിയില്ല എന്നോർത്തപ്പോൾ മാഗിക്ക് സങ്കടംവന്നു.
“അമ്മൂമ്മേ...” അവൾ അവരുടെ മടിയിൽ മുഖം പൂഴ്ത്തി.
“എനിക്ക് നമ്മുടെ കടലിനെ സ്നേഹിച്ചുകൊണ്ടേയിരിക്കണം... കടൽക്കുട്ടിയായിത്തന്നെയിരിക്കണം...”
“മനുഷ്യരുടെ കൂട്ടത്തിൽ വീണ്ടും കൂടുമ്പോൾ ഞാനും അവരെ പോലെ ആവില്ലേ...? കടലിനെ സ്നേഹിക്കുന്നതെങ്ങനെ എന്നു മറന്നുപോവില്ലേ...?”
അമ്മൂമ്മ അവളെ ചേർത്തുപിടിച്ചു. “മാഗീ, ഞാൻ നിനക്ക് ഒരു വരം തരട്ടെ...?”
“അതിന് അമ്മൂമ്മ ദേവതയല്ലല്ലോ...?”
“അല്ല. പക്ഷേ ടീച്ചർമാർ വിചാരിച്ചാലും ചില വരമൊക്കെ തരാൻ പറ്റും.”
“അതേതു വരങ്ങളാ..?”
/filters:format(webp)/indian-express-malayalam/media/media_files/2025/08/19/j-devika-kadalkutty-chapter-30-1-2025-08-19-17-49-41.jpg)
അമ്മൂമ്മ തൻ്റെ കൈകൾ സൂര്യനു നേരെ ഉയർത്തി. രണ്ടു സൂര്യരശ്മികൾ അമ്മൂമ്മയുടെ കൈപ്പത്തികളിലേക്ക് ഓടിവന്നു...
“ഇതാ ഞാൻ നിൻ്റെ ഇടതും വലതും ഭാഗത്ത് എപ്പോഴും തങ്ങിനിൽക്കാൻ ഈ രണ്ടു പ്രകാശരശ്മികളെ നിയോഗിക്കുന്നു...”
“ഇടതുവശത്തു നിൽക്കുന്ന രശ്മിയുടെ പേര് അത്ഭുതം. വലതുവശത്തിത്തു നിൽക്കുന്നതിൻ്റെ പേര് ആദരം.”
“മനുഷ്യരുടെ ലോകത്തു ജീവിച്ചാലും കടലിനെയും പ്രകൃതിയെത്തന്നെയും നോക്കുമ്പോൾ നീ അത്ഭുതത്തിൻ്റെ, ആദരത്തിൻ്റെ, പ്രകാശങ്ങളെ കൂട്ടുവിളിക്കുക.”
“അപ്പോൾ കടലിനെ, പ്രകൃതിയെ എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്ന് നിനക്കോർമ്മവരും...”
“ജീവികളെ സ്നേഹിക്കേണ്ടത് എങ്ങനേന്ന് ഞാനുള്ളിടത്തോളം നീ മറന്നുപോവില്ല, മാഗീ...” ചക്കര പറഞ്ഞു.
അവളെ മാഗി ഹൃദയം കൊണ്ട് കെട്ടിപ്പിടിച്ചു.
“ഞാൻ പോകട്ടെ, മാഗ്ലിൻ ഫിലോമെനാ...”
സങ്കടവും സ്നേഹവും കലർന്ന ചിരിയോടെ അമ്മൂമ്മ യാത്രപറഞ്ഞു. തിരകൾ വന്ന് അമ്മൂമ്മയുടെ കൈപിടിച്ചു. അവയുടെ വെളുവെളുത്ത തൊങ്ങലുകളിൽ അവരുടെ നീണ്ട വെള്ളിമുടി പതുക്കെ അലിഞ്ഞുചേർന്നു.
കരച്ചിൽ വരുന്നു.... മാഗി കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണിനുള്ളിലെ ഇരുട്ടിൽ താൻ കടലിലേക്ക് ഇറങ്ങിയ കടപ്പുറം തെളിഞ്ഞുവരുന്നു.
അവിടെ ഉയർന്നു നിന്ന തലയെടുപ്പുള്ള വിളക്കുമാടം അതിൻറെ പ്രകാശത്താൽ അവളെ മടക്കിവിളിക്കുന്നു.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us