/indian-express-malayalam/media/media_files/2025/07/23/j-devika-kadalkutty-chapter-3-fi-2025-07-23-18-07-07.jpg)
ചിത്രീകരണം: അർച്ചനാ രവി
നിലവറയിലെ ഫോട്ടോ
മാഗി അച്ഛനമ്മമാരുടെ പത്താംനിലയിലെ കുഞ്ഞുപെട്ടിവീട്ടിലല്ല ദിവസവും കഴിച്ചുകൂട്ടുന്നത്. അവർ തങ്ങളുടെ കെട്ടിടത്തിനു താഴെ, മണ്ണിനടിയിൽ ഒരു നിലവറയുണ്ടാക്കിയിട്ടുണ്ട്. മുകളിൽ വയ്ക്കാൻ പറ്റാത്ത സാധനങ്ങളെല്ലാം അവിടെയാണ് വയ്ക്കുന്നത്.
മാഗി ഉണരുന്നതും ഉറങ്ങുന്നതും ഉണ്ണുന്നതും കുളിക്കുന്നതും കളിക്കുന്നതും പഠിക്കുന്നതും എല്ലാം അവിടെയുള്ള ഒരു മുറിയിലാണ്. അച്ഛനും അമ്മയും അവൾക്കു വേണ്ടിയുണ്ടാക്കിയ ആ നിലവറയാണ് മാഗിയുടെ ലോകം. അവൾ പുറത്തു പോയിട്ടില്ല. കടൽ നേരിട്ടു കണ്ടിട്ടില്ല. ആകാശം പോലും അപൂർവമായി മാത്രമേ അവൾ നേരിട്ടു കണ്ടിട്ടുള്ളൂ.
പക്ഷേ ഒരുപാടു വായിക്കാനും ദിവാസ്വപ്നം കാണാനും സമയം കിട്ടിയതുകൊണ്ട് ഒൻപതു വയസ്സേ ഉള്ളുവെങ്കിലും ഒത്തിരി കാര്യങ്ങളറിയാം അവൾക്ക്.
ജനിച്ചപ്പോൾ മുതൽ അവളെ സ്നേഹിക്കാൻ മറ്റൊരാളും കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു, ചക്കര. ചക്കരയുടെ നിറമുള്ള നായപ്പെണ്ണ്. ചക്കര പോലെ മധുരമായ സ്വഭാവമുള്ളവൾ. ചക്കര ഉണ്ടായിരുന്നതുകൊണ്ട് നിലവറജീവിതം അത്രയൊന്നും ബോറായിരുന്നില്ല.
ചക്കരയ്ക്കു പ്രായമായി വേറേലോകത്തേക്ക് ശരീരത്തെ അയയ്ക്കേണ്ടിവന്നതിനു (നിങ്ങളു പറയാറില്ലേ, മരിച്ചുപോയി, ചത്തുപോയി എന്നൊക്കെ, അതുപോലെ) ശേഷമുള്ള കുറച്ചുദിവസം മാഗിയുടെ അച്ഛനും അമ്മയ്ക്കും വല്ലാത്ത സങ്കടമായിരുന്നു. പിന്നെ മാഗിക്ക് മനസ്സിലായി, ചക്കര ഇപ്പഴും അവിടെത്തന്നെയുണ്ടെന്ന്, അവളുടെ മനസ്സിൽ, ഹൃദയത്തിൽ. കണ്ണടച്ചാൽ മതി, അവളെ കാണാമെന്ന്.
ആ ദിവസം മുഴുവൻ സ്വപ്നത്തിൽ വന്ന ആ അപ്പൂപ്പൻറെ മുഖം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. അപ്പോൾ അവളുടെ കണ്ണുകൾ കട്ടിലിൻറെ തൊട്ടടുത്തുള്ള ചെറിയ മേശപ്പുറത്തിരുന്ന ഒരു പഴയചിത്രത്തിനു മേൽ വീണു. അതാ, താൻ സ്വപ്നത്തിൽ കണ്ട ആൾ!
മാഗി ആ ചിത്രം കൈയിലെടുത്തു. അവളുടെ മുറി കുഞ്ഞുപെട്ടിലോകത്ത് വയ്ക്കാനാവാത്ത സാധനങ്ങൾ കുത്തിനിറച്ച ഒരു നിലവറയുടെ തൊട്ടടുത്താണെന്ന് പറഞ്ഞല്ലോ. അച്ഛനും അമ്മയ്ക്കും പകൽ മുഴുവനും പുറത്തുപോയി ജോലിചെയ്തേ പറ്റൂ. ആ സമയത്ത് മാഗി വീട്ടിലിരിക്കും.
പഠിത്തവും കളിയും വീട്ടുജോലിയും ടിവി കാണലും ഫോണിൽക്കളിയും ദിവാസ്വപ്നവും എല്ലാം കഴിഞ്ഞാലും പിന്നെയും ഉണ്ടാവും സമയം. അങ്ങനെയൊരു ദിവസം മാഗി ആ നിലവറയിൽ കയറി അവിടെയുള്ള പഴയ സാമാനങ്ങളുടെ ഇടയിൽ ചുമ്മാ പരതിനോക്കി. അവിടുന്നു കിട്ടിയതാണ് ആ ഫോട്ടോ.
/filters:format(webp)/indian-express-malayalam/media/media_files/2025/07/23/j-devika-kadalkutty-chapter-3-2025-07-23-18-07-46.jpg)
കണ്ടയുടൻ തന്നെ അതു കൈയിലെടുക്കണമെന്ന് മാഗിക്ക് എന്തുകൊണ്ടോ തോന്നി. ഈ അപ്പൂപ്പൻ സാധാരണക്കാരനല്ല. അവൾ ഫോട്ടോയുടെ താഴെ എഴുതിയിരുന്ന പേര് വായിച്ചു "അയ്യൻ കാളി 1863-1941." വളരെവളരെക്കാലം മുമ്പേ വേറേലോകത്തു പോയ ആൾ!
എന്തുകൊണ്ടോ ആ ഫോട്ടോ തനിക്കു വേണമെന്ന് മാഗിക്ക് തോന്നി. അവളതിനെ തൻറെ കട്ടിലിനടുത്തുള്ള ചെറിയമേശമേൽ വച്ചു. ഇതാരാണെന്ന് അച്ഛനോടും അമ്മയോടും ചോദിക്കണം.
പക്ഷേ, അവരോട് സംസാരിക്കാനൊന്നും അധികം സമയം അവൾക്കു കിട്ടാറില്ല. കാരണം, ഇപ്പോ ആർത്തിമൂർത്തിപ്പിശാചല്ല, ഭാരങ്കരപ്പിശാചാണ് നാടു ഭരിക്കുന്നത്. ആ ദുഷ്ടന് മനുഷ്യർ എത്ര സമയം, എത്രമാത്രം, വേലയെടുത്താലും പോര. അവർ ദിവസം മുഴുവൻ പണിയെടുക്കണം, ഒരു നിമിഷംപോലും കളയാതെ. പാതിരാത്രിയെ അവർ തങ്ങളുടെ കുഞ്ഞുപെട്ടികളിലേക്കു മടങ്ങൂ.
തളർന്നും കുഴഞ്ഞും വീട്ടിലെത്തുന്ന അച്ഛനേം അമ്മേം കാണുമ്പോ മാഗിക്ക് പാവം തോന്നും. പിറ്റേന്ന് സമയത്തിനു ചെന്നില്ലെങ്കിൽ ഭാരങ്കരപ്പിശാചിൻ്റെ കിങ്കരന്മാർ അവരുടെ മേൽ കൂടുതൽ ഭാരം കേറ്റിവയ്ക്കും. അതുകൊണ്ട് അവൾക്ക് അവരോട് ഒന്നും ചോദിക്കാൻ തോന്നില്ല.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.