/indian-express-malayalam/media/media_files/2025/08/18/j-devika-kadalkutty-chapter-29-fi-2025-08-18-17-39-12.jpg)
ചിത്രീകരണം: അർച്ചനാ രവി
ആഹ്ളാദം
ഹൈഫയിലെ ആർത്തിക്കാരല്ലാത്ത മനുഷ്യർ ആർത്തുവിളിച്ചു. അവർ കുട്ടികളെ പാറാവുപുരയുടെ മുറ്റത്തുനിന്ന് പുറത്തേയ്ക്കു കൊണ്ടുവന്നു. അവർ അവരെ തോളിലേന്തി വീടുകളിലെത്തിച്ചു.
കടൽക്കുട്ടിയും അമ്മൂമ്മയും ചക്കരയും മാത്രം കടപ്പുറത്തേയ്ക്കു പോയി. നടന്നതെല്ലാം കടൽജീവികളോടു പറഞ്ഞു. സന്തോഷവാർത്ത കേട്ട് തിമിംഗലപ്പോരാളികൾ തലകുത്തിമറിഞ്ഞ് ആഘോഷിച്ചു. ജെല്ലിപ്പിള്ളേർ ആർത്തുപൂത്തു, പിന്നെ ഹൈഫാക്കടലിൽ നിന്ന് പിന്മാറി.
ഇനി അവർക്കു പെറ്റുപെരുകി കഷ്ടപ്പെടണ്ട. കടലിൻ്റെ പനി മാറും, സുവർണജെല്ലികൾ മടങ്ങിയെത്തും!! അവരുടെ ഡിപ്ളുമാരി അൻ്റാർട്ടിക്കാ കൊട്ടാരത്തിൽ സുഖമായി കഴിയും. കൊട്ടാരത്തിൻറെ മഞ്ഞുമച്ച് വീണ്ടും ഉറഞ്ഞുകൂടും!!
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/j-devika-kadalkutty-chapter-29-1-2025-08-18-17-40-59.jpg)
ഓസ്ട്രേലിയയുടെ സമീപമുള്ള ജീവൻ്റെ നഗരം വീണ്ടും വളരുമെന്നോർത്തായിരുന്നു മാഗിയുടെ സന്തോഷം മുഴുവനും... കുഞ്ഞിക്കടൽച്ചെടികൾ പവിഴപ്പുറ്റുകളിലേക്ക് മടങ്ങിവരും. നിറങ്ങളുടെയും ജീവൻ്റെയും ഉത്സവം എന്നും പൊടിപൊടിക്കും.
ശ്രീലങ്കാതീരത്ത് കപ്പലോടിക്കുന്ന മനുഷ്യക്കപ്പിത്താന്മാർ തിമിംഗലസംഗീതം കേൾക്കും... അവർ അത് പാടുകയും ചെയ്യും. സന്തോഷിക്കാൻ എന്തെന്തു കാരണങ്ങൾ!!
ക്ഷണിക്കാതെ തന്നെ തങ്ങളെ സഹായിക്കാൻ വന്ന വെള്ളച്ചി ഗ്ലാഡിസിനെയും കൂട്ടരേയും അവർ സല്യൂട്ടടിച്ച് ആദരിച്ചു. മാഗിയേം അമ്മൂമ്മയെയും കൂടെത്താമസിപ്പിച്ച സന്യാസി നീർനായോടും അവർ നന്ദി പറഞ്ഞു.
അവരെല്ലാം അമ്മൂമ്മയോടും മാഗിയോടും സ്നേഹത്തോടെ വിട പറഞ്ഞു.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.